ബുധനാഴ്‌ച, ജനുവരി 12, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട

(എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ സമാപനപ്രസംഗം വികസനം സംബന്ധിച്ച സുപ്രധാനമായ നിര്‍ദേശങ്ങളടങ്ങിയതും ഭരണപരിഷ്കരണ നടപടികളുടെ ആവശ്യകതയില്‍ ഊന്നുന്നതുമായിരുന്നു. സിവില്‍സര്‍വീസ് പൊളിച്ചെഴുതുക, സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സേവനം കിട്ടുക, നാടിന്റെ വികസനത്തിന് ചുവപ്പ് നാടയുടെ കുരുക്കുകള്‍ ഇല്ലാതാക്കുക, നാടിന് ദോഷമില്ലാത്ത വികസനകാര്യങ്ങളില്‍ എല്ലാവരും യോജിക്കുക, കരാര്‍ പണിക്ക് ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളുടെ കുതന്ത്രങ്ങളില്‍ രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും കുരുങ്ങാതിരിക്കുക- തുടങ്ങിയ അഭിപ്രായങ്ങള്‍ പിണറായി അവതരിപ്പിച്ചു. ഭരണ-രാഷ്ട്രീയ-സര്‍വീസ് ബഹുജനസംഘടനാതലങ്ങളില്‍ യുക്തിഭദ്രമായ ചിന്തയ്ക്കു വഴിതെളിക്കേണ്ട ആ നിര്‍ദേശങ്ങള്‍ ചര്‍ച്ചയ്ക്കും സംവാദത്തിനുമായി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു‍)

കേരള പഠനകോണ്‍ഗ്രസ് സംസ്ഥാനവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറി. ഇന്നത്തെ കേരളം വാര്‍ത്തെടുക്കുന്നതിനിടയാക്കിയ ഒരുപാട് ചരിത്രഘടകങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നായി ഈ കേരള പഠനകോണ്‍ഗ്രസിനെയും ഭാവിചരിത്രം രേഖപ്പെടുത്തും. ഒന്നാമത്തെ പഠനകോണ്‍ഗ്രസ് 1994ല്‍ സ. ഇ എം എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചപ്പോള്‍ പൊതുസമൂഹത്തില്‍ അതിന് വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചത്. അതിന്റെ തീരുമാനങ്ങള്‍, നിര്‍ദേശങ്ങള്‍ പൊതുവെ നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയുംചെയ്തു. ഇപ്പോള്‍ മൂന്നാം പഠനകോണ്‍ഗ്രസ് വിവിധ വിഷയങ്ങള്‍ സമഗ്രമായി വിശകലനംചെയ്തു. അതു മൂര്‍ത്തമായ രൂപത്തില്‍ കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടെ നിലനില്‍ക്കുന്ന സാമൂഹ്യനീതിയാണ്. ആ സാമൂഹ്യനീതിക്ക് പ്രാധാന്യം കൊടുത്ത് കേരളത്തിന്റെ വികസനം ഉറപ്പുവരുത്താന്‍ കഴിഞ്ഞതുകൊണ്ടാണ്, കേരളത്തെ വലിയ പ്രത്യേകതയോടെ മറ്റുള്ളവര്‍ നോക്കിക്കാണുന്നത്.

ഇതില്‍ ഗവണ്‍മെന്റുകളുടെ ചരിത്രമെടുത്താല്‍, കേരളം രൂപംകൊണ്ടതിനുശേഷം അധികാരത്തില്‍ വന്ന ആദ്യത്തെ ഗവണ്‍മെന്റ്, ഇ എം എസ് നേതൃത്വം വഹിച്ച ഗവണ്‍മെന്റാണ് ഇതിനെല്ലാം അടിത്തറയിട്ടത്. ആ അടിത്തറയിലാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നുവന്നത്. ഈ അടിത്തറ ദുര്‍ബലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പല ഘട്ടങ്ങളിലായി നമ്മുടെ കേരളത്തില്‍ നടന്നിട്ടുണ്ട്. അവിടെയാണ് കേരളവികസനത്തിനൊരു തുടര്‍ച്ചയില്ല എന്നു കാണാന്‍ കഴിയുന്നത്. '57ല്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. '59ല്‍ ആ ഗവണ്‍മെന്റ് അട്ടിമറിക്കപ്പെട്ടു. പിന്നീട്, '67ലാണ് ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത്. ഇങ്ങനെയുള്ള ഇടവേളകള്‍, അത് നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ വലിയ ശ്രമം നടന്ന ഇടവേളകളാണ്. ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന ഘട്ടത്തില്‍, സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെങ്കില്‍, കേരളത്തിലെ വലതുപക്ഷത്തിന് മുന്‍കൈ കിട്ടിയ എല്ലാ ഘട്ടങ്ങളിലും സമൂഹത്തെ പിറകോട്ടടിപ്പിക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നു.

പഴയ എല്ലാ കാര്യങ്ങളിലേക്കും വിശദമായി പോകുന്നില്ല. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തില്‍ യുഡിഎഫിന്റെ ഗവണ്‍‌മെന്റുകള്‍ മൂന്നുതവണ അധികാരത്തില്‍ വന്നു. അതായത്, കേരളത്തിലെ വലതുപക്ഷത്തിന് മൂന്നുതവണ അധികാരം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഒന്ന്, 82-87, രണ്ടാമത്തേത് 91-96, മൂന്നാമത്തേത് 2001-06. ഈ ഓരോ ഘട്ടത്തിലും അതിനുമുമ്പു അധികാരത്തിലുണ്ടായിരുന്ന ഇടതുപക്ഷനേതൃഗവമെന്റിന്റെ നേട്ടങ്ങള്‍ തുടരാനല്ല ശ്രമിച്ചത്. അതിനാല്‍, നമ്മുടെ വികസനത്തിന് തുടര്‍ച്ചയുണ്ടായില്ല. വന്‍തോതിലുള്ള തിരിച്ചടി സംഭവിച്ചു. അതുകൊണ്ടാണ് പൊതുവില്‍ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം ഉയര്‍ന്നുവരാതിരുന്നത്. വലതുപക്ഷം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ, അവര്‍ ഉദ്ദേശിച്ചിടത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാഘട്ടത്തിലും ഇത്തരം ഗവണ്‍‌മെന്റുകള്‍ അതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ മര്‍ദനസംവിധാനങ്ങളും ഉപയോഗിച്ചിരുന്നു. പക്ഷേ, ഇഞ്ചിനിഞ്ചിനുള്ള ചെറുത്തുനില്‍പ്പ് കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നിരവധി ആളുകള്‍ കഠിനമായ പീഡനത്തിരയായി. വിദ്യാര്‍ഥികള്‍, യുവാക്കള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍, എല്ലാം കഠിനമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, നമ്മുടെ സമൂഹം പിറകോട്ടുപോയില്ല. എല്ലാ മര്‍ദനസംവിധാനത്തെയും ചെറുത്തുകൊണ്ടുതന്നെ ഇതു സമ്മതിക്കില്ല എന്ന വാശിയോടെ ഉറച്ചുനിന്നു. രക്തം വാര്‍ന്നൊലിക്കുന്ന കുട്ടികളുടെ പടങ്ങള്‍, ഭീകരമായ ലാത്തിച്ചാര്‍ജുകള്‍ നടന്ന സന്ദര്‍ഭങ്ങള്‍, വെടിവയ്പുകള്‍ നടന്ന ഘട്ടങ്ങള്‍, ഇതെല്ലാം കടന്നുവന്നിട്ടുണ്ട്. അനേകായിരങ്ങളുടെ പേരില്‍ കേസും അറസ്റ്റും ജയിലിലടയ്ക്കലും എല്ലാം ഈ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് ആ ഗവണ്‍‌മെന്റുകള്‍ ആഗ്രഹിച്ച തരത്തില്‍ നമ്മുടെ നാടിനെ തകര്‍ക്കാന്‍ കഴിയാതിരുന്നത്. പിന്നീട് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്നിട്ടുള്ള ഗവണ്‍‌മെന്റുകള്‍ ആദ്യസമയം ചെലവഴിക്കുന്നത് കഴിഞ്ഞ ഗവമെന്റ് ഉണ്ടാക്കിയിട്ടുള്ള പരിക്ക് ഇല്ലാതാക്കാനാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും ഇടതുപക്ഷ ഗവണ്‍‌മെന്റുകള്‍ക്ക് പഴയതിന്റെ നേരെ തുടര്‍ച്ചയിലേക്കു പോകാനല്ല, തകര്‍ത്ത സമൂഹത്തെ പുനരുദ്ധരിക്കാന്‍വേണ്ടി നല്ലൊരു സമയം മാറ്റിവയ്ക്കേണ്ടിവന്നു. അതുകൊണ്ട് ഇവിടെ വികസനരംഗത്ത് തുടര്‍ച്ച വേണം എന്നു പൊതുവില്‍ നമ്മുടെ സമൂഹം ചിന്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കിലും കൂടുതല്‍ നേട്ടങ്ങളിലേക്കു പോകാന്‍ കഴിയണമെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടര്‍ഭരണം ഇവിടെ ഉണ്ടാകണം. അല്ലെങ്കില്‍, ഓരോ ഘട്ടത്തിലുമുണ്ടായതുപോലെ ഈ നേട്ടങ്ങള്‍ തകര്‍ക്കുന്ന നടപടികളാണ് വരിക.

നാടിന്റെ നേട്ടം, സമൂഹത്തിന്റെ പുരോഗതി, അതിനെക്കുറിച്ചൊക്കെ ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടാകും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായൊക്കെ താരതമ്യപ്പെടുത്തിയാല്‍ സമാനതകളില്ലാതെ പുരോഗതി പ്രാപിച്ച മേഖലകള്‍ കാണാം. എന്നാല്‍, നമ്മുടെ എല്ലാ മേഖലയിലും അങ്ങനെയാണോ? സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട മേഖലകളില്‍ നല്ല പുരോഗതി ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവില്‍ ഭരണരംഗത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമായി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എന്താണ് നമ്മുടെ ഭരണസംവിധാനം? ഭരണസംവിധാനമെന്നു പറയുന്നത് മന്ത്രിസഭ മാത്രമല്ലല്ലോ. മന്ത്രിസഭമുതല്‍ താഴെയുള്ള വില്ലേജ് ഓഫീസുവരെ ഈ ഭരണസംവിധാനത്തില്‍ പെടുമല്ലോ. നമ്മുടെ സമൂഹം നല്ല രീതിയില്‍ പുരോഗതിയാര്‍ജിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ, ഈ ഭരണസംവിധാനവുമായി ബന്ധപ്പെടുന്നവര്‍ക്ക് ആ പുരോഗതി നേരിട്ട് അനുഭവപ്പെടുന്നുണ്ടോ? അല്ലെങ്കില്‍ അനുഭവവേദ്യമാകുമാറുള്ള ഒരു പുരോഗതി നമ്മുടെ സിവില്‍സര്‍വീസില്‍ ഉണ്ടായിട്ടുണ്ടോ? മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമൂഹം ആഗ്രഹിക്കുന്ന സേവനം ലഭിക്കുന്നുണ്ടോ?

എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ പാടില്ല. പക്ഷേ, ജനങ്ങള്‍ക്ക് തൃപ്തികരമായ സേവനം കിട്ടുന്നില്ല എന്നത് യാഥാര്‍ഥ്യമാണല്ലോ. കേരളത്തിലെ വിവിധ ഓഫീസുകളില്‍ ബന്ധപ്പെടേണ്ടിവരുന്ന പതിനായിരക്കണക്കിനാളുകള്‍; എന്താണവരുടെ അനുഭവം? എത്രമാത്രം നമുക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്? നമ്മള്‍ ഭരണപരിഷ്കാരത്തെക്കുറിച്ച് പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണപരിഷ്കാര കമീഷനുകളുണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രമൊക്കെ നല്ല ആവേശപൂര്‍വം പറയാന്‍ നമുക്ക് സാധിക്കും. പക്ഷേ, മറ്റു രംഗങ്ങളിലുണ്ടായതുപോലുള്ള നേട്ടം ഈ രംഗത്ത് ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള സ്വയംവിമര്‍ശനം അതികഠിനമായി നടത്തേണ്ട കാലമെത്തിക്കഴിഞ്ഞു. ഏതൊരു ഓഫീസിലും ബന്ധപ്പെടുന്ന ഒരു സാധാരണക്കാരന് അല്ലെങ്കില്‍ ഒരു സാധാരണക്കാരിക്ക്, ആ ഓഫീസില്‍നിന്ന് സംതൃപ്തമായി തിരിച്ചുവരാന്‍ കഴിയുമോ? പല ഓഫീസാകാം. സാധാരണ നമ്മുടെ പഞ്ചായത്താണല്ലോ ഏറ്റവും അടിയിലുള്ള ജനകീയസ്ഥാപനം. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് മെമ്പര്‍മാര്‍ എല്ലാം നല്ല ജനകീയബന്ധമുള്ളവരാണ്; ജനകീയ അംഗീകാരമുള്ളവരാണ്. ആര്‍ക്കും അവരെക്കുറിച്ച് പരാതിയില്ല. ഒരുപാടുകാലം ജനങ്ങളോടൊപ്പംനിന്ന് അവരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അടിയും കേസും ജയിലും എല്ലാം അനുഭവിക്കേണ്ടിവന്നവരുമായിരിക്കും. ആ പഞ്ചായത്തോഫീസില്‍ നാട്ടുകാര്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കാര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥ വരുന്നത്?

കോര്‍പറേഷന്‍, മുനിസിപ്പാലിറ്റിയൊക്കെ നഗരപ്രദേശങ്ങളാണ്. പണ്ടുപണ്ടേ ചില അവകാശങ്ങള്‍ ഞങ്ങള്‍ക്കുണ്ട് എന്നു ധരിക്കുന്നവരാണ് അവിടെ. ഈ ഓഫീസുകളില്‍ ചെല്ലുന്ന, ഒരു സാധാരണക്കാരന്‍ എന്തു മനോഭാവത്തോടെയാണ് തിരിച്ചുവരുന്നത്. നല്ല ഉത്തമനായ പൊതുപ്രവര്‍ത്തകനായിരിക്കും അവിടെ മേയറായോ, മുനിസിപ്പല്‍ ചെയര്‍മാനായോ ഒക്കെ ഇരിക്കുന്നത്. പക്ഷെ, എന്തു മനോഭാവത്തോടെയാണ് ഈ ചെന്നയാള്‍ തിരിച്ചുവരുന്നത്. എന്താണ് നമ്മുടെ മറ്റു ഓഫീസുകളുടെ സ്ഥിതി? സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥിതി? നമ്മള്‍ ചിലതിനൊക്കെ പേരിട്ടിട്ടുണ്ട്. ചുവപ്പുനാട! എത്രകാലമാണ് ഈ ചുവപ്പുനാടയുംകൊണ്ട് നടക്കുക? ഏതെങ്കിലും ഒരു പ്രശ്നം, വളരെ നിസ്സാരമായ പ്രശ്നമെടുത്തോളിന്‍. എല്ലാതരത്തിലും അംഗീകരിച്ചുകൊടുക്കേണ്ടുന്ന ഒരു കാര്യം. അതിനായി ഒരു ഗവണ്‍മെന്റ് ഓഫീസിലേക്കു ചെല്ലുന്നു. അതിന്റെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുത്തു കൊടുക്കുമോ? എത്ര നടത്തം നടക്കേണ്ടിവരും? എത്രതവണ ചെല്ലേണ്ടിവരും? എത്രതവണ ചെന്നാലും അതിന്റെ ചില മാമൂലുകള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍, ഈ വളരെ നല്ല കാര്യത്തിനും ശുപാര്‍ശ വേണം. ഇതിനി കണ്ടില്ല എന്നു നടിച്ചു പോകാന്‍ നമുക്കു കഴിയില്ല. ഇതു ജനങ്ങള്‍ അതീവഗൌരവമായി കാണുന്ന പ്രശ്നമാണ്. മറ്റ് ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നുണ്ട്. ആ നേട്ടങ്ങളടക്കം തട്ടിത്തകരുന്ന ഒരു പാറയായി നില്‍ക്കുകയാണ്. ഇത് പൂര്‍ണമായും പൊളിച്ചെഴുതാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.

II

സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?

ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.

നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.

ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.

നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.

ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.

*
പിണറായി വിജയന്‍

ചൊവ്വാഴ്ച, ജനുവരി 11, 2011

sputnicnetwork: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

sputnicnetwork: മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്: സംവാദം ഒറ്റനോട്ടത്തില്‍

സമീപകാലത്ത് കേരളത്തില്‍നടന്ന ഏറ്റവും ബൃഹത്തായ വികസന സംവാദമായ മൂന്നാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സമാപിച്ചു. പത്തു സിമ്പോസിയങ്ങളിലും 78 സമ്മേളനങ്ങളിലുമായി എഴുന്നൂറോളം അവതരണങ്ങള്‍ നടന്നു. അത്രതന്നെ പ്രതിനിധികള്‍ ചര്‍ച്ചയിലും പങ്കെടുത്തു. മൂവായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ രജിസ്റ്റര്‍ചെയ്തും അഞ്ഞൂറോളംപേര്‍ അല്ലാതെയും പങ്കെടുത്തു. നാലു വാല്യങ്ങളിലായി സമീപനരേഖയും അനുബന്ധ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ആകെ 200 മണിക്കൂറിലേറെ വിവിധ വേദികളിലായി സംവാദം നടന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള അക്കാദമിക് പണ്ഡിതന്മാര്‍, രാഷ്ട്രീയ നേതാക്കന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാം മൂന്നുദിവസമായി നടന്ന ഈ സംവാദത്തില്‍ പങ്കാളികളായി.

നീതിപൂര്‍വവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതല്‍ നീതിപൂര്‍വമായ വിതരണം ഉറപ്പുവരുത്താന്‍ നമുക്കു കഴിഞ്ഞു. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാര്‍ദ്ധം വരെ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ച വളരെ മന്ദഗതിയിലായിരുന്നു. അഖിലേന്ത്യാതലത്തിലുളള ശരാശരി വളര്‍ച്ചയെക്കാള്‍ വളരെ താഴെയായിരുന്നു നാം. സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിച്ചു കൊണ്ടുപോകാനാവില്ല എന്നുളള നിഗമനത്തില്‍ പലരും എത്തിച്ചേര്‍ന്നു. ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് 1994ല്‍ ഒന്നാം കേരള പഠന കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്തത്. 1987 മുതല്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിച്ചുവെങ്കിലും കേരളത്തിന്റെ വികസനം ഒരു പുതിയ ഘട്ടത്തിലേയ്ക്കു കടന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ അന്നു കഴിയുമായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനായി ഒരു വികസന അജണ്ട രൂപീകരിക്കാനുളള പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പഠനകോണ്‍ഗ്രസ്.

2005ലെ രണ്ടാം കേരള പഠനകോണ്‍ഗ്രസിന്റെ കാലമായപ്പോഴേക്കും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ന്നു എന്നു വ്യക്തമായിരുന്നു. അഖിലേന്ത്യാ ശരാശരിയെക്കാള്‍ വേഗതയില്‍ നമ്മുടെ സമ്പദ്ഘടന വളര്‍ന്നു. ആഗോളവത്കരണ പരിഷ്കാരങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളും സാമൂഹ്യക്ഷേമ നേട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളും പുതിയ മുന്നേറ്റത്തിനു മുന്നില്‍ ആശങ്കകള്‍ ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു മൂര്‍ത്തമായ ഒരു ജനകീയ വികസന അജണ്ട മുന്നോട്ടു വെയ്ക്കുന്നതിനുളള ചര്‍ച്ചകളാണ് രണ്ടാം പഠനകോണ്‍ഗ്രസില്‍ നടന്നത്.

അങ്ങനെ രൂപം കൊണ്ട കാഴ്ചപ്പാട് വലിയൊരു പരിധിവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങളെ വിമര്‍ശനപരമായി പരിശോധിക്കാനും ദൌര്‍ബല്യങ്ങള്‍ തിരുത്താനുമാണ് മൂന്നാം പഠനകോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ വേഗത ഉയര്‍ന്നെങ്കിലും ഈ അധ്യായത്തിന്റെ അവസാനം വിശദീകരിക്കുന്നതു പോലെ ഗൌരവമായ വൈരുദ്ധ്യങ്ങള്‍ ഈ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. സേവന മേഖലകളിലൂന്നിയാണ് സാമ്പത്തിക കുതിപ്പ്. ഇതിന് അനുസൃതമായി ഉല്‍പാദന മേഖലകളില്‍ മുന്നേറ്റമുണ്ടാകുന്നില്ല. അഭ്യസ്തവിദ്യരായ യുവതലമുറ ആഗ്രഹിക്കുന്ന തോതില്‍ പുതിയ തൊഴില്‍ത്തുറകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. പരമ്പരാഗത മേഖലകളെ സംരക്ഷിച്ചാല്‍ മാത്രം പോര, വളര്‍ച്ചയുടെ വേഗതയും ഉയര്‍ത്തണം. പൊതു സാമൂഹ്യക്ഷേമ സൌകര്യങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണം. ആഗോളവത്കരണം സൃഷ്ടിക്കുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ സാമൂഹിക സുരക്ഷിതത്വ പരിപാടിക്ക് രൂപം നല്‍കാന്‍ കഴിയണം. സര്‍വോപരി ഇപ്പോള്‍ കൈവന്നിരിക്കുന്ന ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ സ്ഥായിയാണ് എന്നു ഉറപ്പാക്കേണ്ടതുണ്ട്. ഇതിനെല്ലാമുളള കരടു പരിപാടിയാണ് മൂന്നാം പഠനകോണ്‍ഗ്രസില്‍ ചര്‍ച്ചയ്ക്ക് അവതരിപ്പിച്ച രേഖ.

ഒന്ന്) പൊതുവില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ശക്തിസ്രോതസ് സേവനത്തുറകളായി തുടരുകയാണ്. ഭൌതിക ഉല്പാദന രംഗങ്ങളില്‍ വളര്‍ച്ചയുണ്ടാകാതെ സേവന മേഖലയിലെ വളര്‍ച്ച നിലനിര്‍ത്താനാകില്ല. സേവന മേഖലയിലെ ഇപ്പോഴത്തെ വളര്‍ച്ച വിദേശത്തുനിന്നുളള വരുമാനത്തെയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. ഈ വരുമാനത്തിലുളള ഇടിവ് പ്രശ്നങ്ങളുണ്ടാക്കും. ഗള്‍ഫിലുളള തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണ്. വിദേശത്തുനിന്നുളള വരുമാനം കുറയുമ്പോള്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുമെന്നത് കഴിഞ്ഞകാലത്തും അനുഭവപ്പെട്ടിട്ടുളളതാണ്. ഉദാഹരണത്തിന്, 1991 ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുളള സ്ഥിതി. അതിനാല്‍ ഉല്‍പ്പാദന മേഖലകളിലെ വളര്‍ച്ചയുടെ അനുപൂരകമായി സേവന മേഖലയിലെ വളര്‍ച്ചയും ഉണ്ടാകുന്ന ഒരു പ്രക്രിയയാണ് സ്ഥായിയാകുക.

രണ്ട്) ഏറ്റവും പ്രധാനപ്പെട്ട കാര്യം കാര്‍ഷിക മേഖലയിലെ മുരടിപ്പാണ്. വാണിജ്യവിളകളുടെ വിലകള്‍ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച ഗണ്യമായി ഉയരും എന്നതിനു സംശയമില്ല. പക്ഷേ, വിലത്തകര്‍ച്ചയുടെ ചക്രം എന്നാണിനി തിരിഞ്ഞെത്തുക എന്നു പ്രവചിക്കാനാവില്ല. ഭക്ഷ്യവിളകളുടെ പിന്നോട്ടടിക്കു വിരാമമിടാന്‍ കഴിഞ്ഞെങ്കിലും ആവശ്യത്തിന്റെ നാലരികിലെത്താന്‍ കഴിഞ്ഞിട്ടില്ല. 1987-88ല്‍ സംസ്ഥാന വരുമാനത്തില്‍ കാര്‍ഷിക മേഖലയുടെ വിഹിതം 5.21 ശതമാനമായിരുന്നത് ഇന്നു 1.53 ശതമാനമായി താണിരിക്കുന്നു. എന്നാല്‍ കാര്‍ഷിക മേഖലയില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നു പറയാനാവില്ല. ഇത് അവരുടെ വരുമാനത്തെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.

മൂന്ന്) വ്യവസായ വളര്‍ച്ചയ്ക്കായി നാം തിരഞ്ഞെടുത്ത പാത വഴിമുട്ടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാം ഊന്നിയത് മുഖ്യമായും രണ്ടുമേഖലകളിലാണ്. ഒന്ന്, തൊഴില്‍പ്രധാനമായ പരമ്പരാഗത വ്യവസായങ്ങള്‍, രണ്ട്, ഊര്‍ജപ്രധാനമായ രാസവ്യവസായങ്ങള്‍. പരമ്പരാഗത വ്യവസായങ്ങളെ നിലനിര്‍ത്തിയിരുന്ന കുറഞ്ഞകൂലി എന്നെന്നേയ്ക്കുമായി ഇല്ലാതായിക്കഴിഞ്ഞു. വളരെയേറെ തൊഴിലാളികള്‍ ഇന്ന് ഉപജീവനത്തിന് ആശ്രയിക്കുന്ന പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ തന്നെ ഈ മേഖലകള്‍ പരമ്പരാഗത രീതിയില്‍ ഇനി തുടരാനാവില്ല എന്ന യാഥാര്‍ത്ഥ്യവും മനസിലാക്കണം. കേരളത്തില്‍ ശക്തിപ്പെടുന്ന പാരിസ്ഥിതിക അവബോധം അനിവാര്യമാക്കുന്ന കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളും സംസ്ഥാനത്തെ ഊര്‍ജദാരിദ്ര്യവും രാസവ്യവസായങ്ങളുടെ അടിസ്ഥാനത്തിലുളള വളര്‍ച്ചയ്ക്കു വളരെയേറെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. അഭ്യസ്തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുളള തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും വരുമാനം ഉറപ്പുവരുത്തുന്നതിനും അനുബന്ധ വ്യവസായങ്ങള്‍ക്കു കൂടുതല്‍ സാധ്യതകള്‍ ഉളളതും പാരിസ്ഥിതികമായി അനുയോജ്യവുമായ വ്യവസായങ്ങളെ ബോധപൂര്‍വം പ്രോത്സാഹിപ്പിക്കണം. രണ്ടാം കേരള പഠനകോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചതുപോലെ ഐടി പോലുളള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ടൂറിസം പോലുളള സേവന പ്രധാനമായ വ്യവസായങ്ങള്‍, ലൈറ്റ് എഞ്ചിനീയറിംഗ് പോലെ വൈദഗ്ധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ തുടങ്ങിയവയാണ് നമ്മള്‍ ഊന്നേണ്ടുന്ന മേഖലകള്‍. ഈ തുറകളിലെ മുന്നേറ്റം എങ്ങനെ ഉറപ്പുവരുത്താം?

നാല്) കേരളത്തില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ ഒരു മുഖ്യദൌര്‍ബല്യം വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നുളളതാണ്. ഉദാഹരണത്തിനു 2007-08ല്‍ നാഷണല്‍ സാമ്പിള്‍ സര്‍വെയുടെ കണക്കുപ്രകാരം സര്‍വെ നടത്തുന്നതിനു മുമ്പുളള ഒരു വര്‍ഷത്തിനിടയില്‍ സാധാരണഗതിയില്‍, അതായത്, വര്‍ഷത്തില്‍ കൂടുതല്‍ ദിവസം തൊഴിലില്ലാതിരുന്നവര്‍ കേരളത്തില്‍ 8.5 ശതമാനവും ഇന്ത്യയില്‍ 2.2 ശതമാനവും ആണ്. സര്‍വെയുടെ തലേ ആഴ്ച തൊഴില്‍ അന്വേഷിച്ചിട്ടും ഒരുദിവസം ഒരു മണിക്കൂര്‍പോലും ലഭിക്കാത്തവര്‍ കേരളത്തില്‍ 11.4 ശതമാനവും ഇന്ത്യയില്‍ 4.3 ശതമാനവുമാണ്. സര്‍വെയുടെ തലേദിവസം തൊഴില്‍ തേടിയിട്ടും ഒരു മണിക്കൂര്‍ പോലും തൊഴില്‍ ലഭിക്കാത്തവരുടെ എണ്ണം കേരളത്തില്‍ തൊഴില്‍സേനയുടെ 23.4 ശതമാനവും ഇന്ത്യയില്‍ 8.9 ശതമാനവുമാണ്.

വിദ്യാഭ്യാസം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നാലേ ഒരു ജോലി ലഭിക്കൂ. ഈ കാത്തിരിപ്പു വേളയില്‍ പുതിയ ഡിഗ്രിയും സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കാനുളള ശ്രമത്തിലാണ് തൊഴിലില്ലാത്തവര്‍. ഏതു പുതിയ കോഴ്സും പഠിക്കാന്‍ ആളുണ്ട്. പഠിത്തത്തിന് അനുസൃതമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും ഉയര്‍ന്ന ഡിഗ്രിയും സര്‍ട്ടിഫിക്കറ്റും ഉളളത് എന്തെങ്കിലും മെച്ചപ്പെട്ട ജോലി കിട്ടുന്നതിനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമാകുമ്പോഴും ഉന്നത വിദ്യാഭ്യാസത്തിനുളള തിക്കും തിരക്കും കൂടാന്‍ കാരണമിതാണ്.

അനുയോജ്യമായ ജോലിക്കു വേണ്ടിയുളള കാത്തിരിപ്പിനിടയില്‍ ഉപജീവനത്തിനായി എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാന്‍ പലരും നിര്‍ബന്ധിതരാവും. അങ്ങനെ അഭ്യസ്തവിദ്യര്‍ക്കുള്ള അനൌപചാരിക തൊഴില്‍മേഖലകള്‍ നിരന്തരം സൃഷ്ടിക്കപ്പെടുന്നു. പാരലല്‍ കോളെജുകള്‍ ഇതിനു നല്ല ഉദാഹരണമാണ്. കൂലിപ്പണിക്കു പോകാന്‍ തയ്യാറല്ലെങ്കിലും കൂലി കുറവായ സെയില്‍സ് ഗേളായി ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ തയ്യാറാണ്.

അതേസമയം തൊഴില്‍ തേടി കേരളത്തിലേയ്ക്കു ഒഴുകുന്ന അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകുകയാണ്. ഇവരുടെ സാന്നിദ്ധ്യം നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറത്തും ഇന്ന് സജീവമാണ്. അഭ്യസ്തവിദ്യരായ പുതിയ തലമുറ കായികാദ്ധ്വാനം ആവശ്യമുളള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ഇതിനു കാരണം.

ഈ സ്ഥിതി വിശേഷത്തിന്റെ മുഖ്യ ഇര സ്ത്രീകളാണ്. സാധാരണഗതിയിലുളള തൊഴിലില്ലാത്തവരുടെ നിര്‍വചന പ്രകാരം കേരളത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ 6.1 ശതമാനമാണ്. സ്ത്രീകളുടേത് 25 ശതമാനവും. രൂക്ഷമായ തൊഴിലില്ലായ്മ മൂലം കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും തൊഴിലന്വേഷണം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകള്‍ തൊഴിലെടുക്കുന്ന സംസ്ഥാനമായിരിക്കുന്നത്. താരതമ്യേനെ വേതനം കുറഞ്ഞ തൊഴിലുകളാണ് സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കപ്പെടുന്നത്.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്നം മാത്രമല്ല സാമൂഹ്യ സാംസ്കാരിക പ്രശ്നം കൂടിയാണ്.

അഞ്ച്) പുതിയ സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്ത് കേരളത്തിലെ അസമത്വം ഭീതിജനകമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൃഷിയും കാര്‍ഷികേതര മേഖലയും തമ്മില്‍, നഗരവും നാട്ടിന്‍പുറവും തമ്മില്‍, വിവിധ ജില്ലകള്‍ തമ്മില്‍ എല്ലാമുളള അന്തരം ഈ പുതിയ കാലഘട്ടത്തില്‍ വളര്‍ന്നു. കുടുംബങ്ങള്‍ തമ്മിലുളള ഉപഭോഗനിലവാരത്തിലെ വ്യത്യാസമെടുത്താല്‍ ഈ പ്രവണത വ്യക്തമായി മനസിലാക്കാനാവും. 1983നും 2004-05നും ഇടയ്ക്കു ഉപഭോഗ നിലവാരത്തിലെ അസമത്വ സൂചികയില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാവരും സമന്മാരാണെങ്കില്‍ സൂചിക പൂജ്യമായിരിക്കും. ഒന്നിനോട് അടുക്കുന്തോറും അസമത്വം കൂടുതല്‍ രൂക്ഷമായി മാറും. 1983നും 1999-2000നും ഇടയ്ക്ക് കേരളത്തിലെ അസമത്വസൂചിക 0.35 ആയി വലിയ മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ 2004-05 ആകുമ്പോഴേയ്ക്കും അസമത്വ സൂചിക 0.39 ആയി ഉയര്‍ന്നു. പുതിയ കാലഘട്ടത്തില്‍ കേരളത്തിലെ ഉയര്‍ന്ന വരുമാനം ലഭിക്കുന്ന 20 ശതമാനത്തോളം കുടുംബങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും താഴെയുളള 30 ശതമാനത്തിലേറെ വരുന്നവരുടെ യഥാര്‍ത്ഥ വരുമാനം ഇടിയുകയാണ് ഉണ്ടായിട്ടുളളത്. ഇത്തരത്തില്‍ വര്‍ദ്ധിക്കുന്ന അസമത്വം കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമാണ്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമകാലിക വെല്ലുവിളികളെ താഴെ പറയുംവിധം സംക്ഷേപിക്കാം.

1. ഭൂരിപക്ഷം ജനങ്ങളും ഇന്നും ഉപജീവനം നടത്തുന്നത് കാര്‍ഷിക മേഖലയിലും പരമ്പരാഗത വ്യവസായങ്ങളിലുമാണ്. എന്നാല്‍ ആഗോളവത്കരണം അവയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിച്ചുകൊണ്ടല്ലാതെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം പിടിച്ചുനിര്‍ത്താനാവില്ല. ഈ മേഖലകളില്‍ ഉല്‍പാദനക്ഷമതയും ഉല്‍പാദനവും എങ്ങനെ ഉയര്‍ത്താം?

2. പരമ്പരാഗത മേഖലകളിലെ ഉല്‍പാദനം താരതമ്യേന പതുക്കെ മാത്രമെ ഉയരുകയുളളൂ. ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കണമെങ്കില്‍ നമുക്ക് അനുയോജ്യമായ, എന്നാല്‍ അതിവേഗം വളരാന്‍ സാധ്യതയുളള ആധുനിക വ്യവസായങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായത്തുറകള്‍ ഏതെല്ലാം? ഇവിടങ്ങളിലേയ്ക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് എന്തുനടപടികള്‍ സ്വീകരിക്കണം? അനിവാര്യമായ പശ്ചാത്തലസൌകര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം?

3. സ്കൂളുകളുടെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖല കേരളത്തിനുണ്ട്. എന്നാല്‍ ഇവയുടെ ഗുണനിലവാരം ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ജനങ്ങളുടെ ആവശ്യത്തിനും പ്രതീക്ഷകള്‍ക്കുമനുസരിച്ച് പൊതുവിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും പൊതുക്ഷേമ സൌകര്യങ്ങളും ഉയരുന്നില്ല. ഈ പരിമിതി മറികടക്കേണ്ടിയിരിക്കുന്നു.

4. പൊതുവില്‍ ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്യത്തിന്റെ തുരുത്തുകള്‍ ഇന്നും അവശേഷിക്കുന്നുണ്ട്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, അഗതികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ നില ഇപ്പോഴും പരിതാപകരം തന്നെയാണ്. ഇവരെ എത്രയും പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനകടമയാണ്. സമ്പൂര്‍ണവും സമഗ്രവുമായ സാമൂഹ്യസുരക്ഷിതത്വ പരിപാടിക്ക് എങ്ങനെ രൂപം നല്‍കാം?

5. പുരുഷന്മാര്‍ക്കൊപ്പം വിദ്യാസമ്പന്നരും ആരോഗ്യമുളളവരുമാണ് കേരളത്തിലെ സ്ത്രീകള്‍. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് അവരുടെ സ്ഥിതി മെച്ചമാണ്. എന്നാല്‍ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തവും സാമൂഹ്യപദവിയും പരിശോധിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സ്ത്രീകളുടെ നില പിന്നോക്കമാണ്. ജാതി അനാചാരങ്ങള്‍ വലിയ അളവു വരെ നിര്‍ത്തലാക്കുകയും പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്ത കേരളം ഏറ്റെടുക്കേണ്ട സുപ്രധാന സാമൂഹ്യചുമതല സ്ത്രീപുരുഷ സമത്വം കൈവരിക്കലാണ്.

6. വീണ്ടുവിചാരമില്ലാത്ത പ്രകൃതിവിഭവ ചൂഷണവും മലിനീകരണവും മൂലം നമ്മുടെ സംസ്ഥാനം പാരിസ്ഥിതിക തകര്‍ച്ച നേരിടുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളര്‍ച്ച കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

എന്നാല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ആഗോളവത്കരണ പ്രക്രിയ കേരളത്തിന്റെ വികസനത്തിന് ഇന്നും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തി നില്‍ക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കു വന്‍ആഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആസിയാന്‍ കരാറില്‍ കേന്ദ്രം ഒപ്പുവെച്ചിരിക്കുന്നു. ഈ കരാറിന്റെ ദോഷഫലങ്ങള്‍ കേരളം അനുഭവിക്കാനിരിക്കുന്നതേയുളളൂ. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തില്‍ കൂട്ടായ ഇടപെടലിന്റെയും സാമൂഹ്യ നിയന്ത്രണങ്ങളുടെയും പ്രസക്തി പതിന്മടങ്ങു വര്‍ദ്ധിച്ചിരിക്കുകയാണ്.

പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച വികസനരേഖ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വേണ്ട ഭേദഗതികളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി സമ്പുഷ്ടമാക്കേണ്ടതുണ്ട്. ഈ രേഖകള്‍ പൂര്‍ണ്ണമായും പഠന കോണ്‍ഗ്രസിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവിടെയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടായിരിക്കും. അവകൂടി പരിഗണിച്ചാണ് വികസനരേഖയ്ക്ക് അവസാനരൂപം നല്‍കുക. ഇത് മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ മാര്‍ച്ച് ലക്കം പ്രത്യേക പതിപ്പായി പ്രസിദ്ധീകരിക്കുന്നതാണ്.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു പുതിയ വിതാനത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. സാമ്പത്തിക വളര്‍ച്ചയുടെ നിരക്ക് അനുക്രമം ഉയരുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച സ്ഥിരവിലയില്‍ 10 ശതമാനമാണ്. ഇത് താമസിയാതെ 12-13 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വളര്‍ച്ചയിലെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിന് ഒരു ജനപക്ഷ വികസന പരിപാടിക്കു രൂപം നല്‍കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഈ വികസന പരിപാടിക്ക് സാമ്രാജ്യത്വ ആഗോളവത്കരണം വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ആഗോള ധന മൂലധനത്തിനുമേലുള്ള ആശ്രിതത്വം വര്‍ദ്ധിക്കുന്നത് കേരളവും ഇന്ത്യയും പോലുള്ള വികസ്വരപ്രദേശങ്ങള്‍ക്ക് സ്വതന്ത്രവികസനപാത തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകള്‍ വെട്ടിച്ചുരുക്കുന്നു. എന്നാല്‍ ആഗോളവത്കരണം എല്ലാ ബദല്‍ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല. നിലനില്‍ക്കുന്ന ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതിസന്ധിനിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളില്‍ കേരളത്തിന്റെ എല്ലാ വികസനപ്രശ്നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹമില്ലാതെതന്നെ അതിന്റെ പരിമിതിക്കുള്ളില്‍നിന്ന് പരമാവധി പുരോഗതി നേടാനാവശ്യമായ ഒരു വികസന അജണ്ടയാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്.

പഠനകോണ്‍ഗ്രസ് വിഭാവനം ചെയ്യുന്ന ഈ ഭാവി പരിപാടിയുടെ വിജയത്തിന്റെ നിര്‍ണായകമായ ഒരു മുന്നുപാധി കേരള സമൂഹത്തിന്റെ മതനിരപേക്ഷതയാണ്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാത്ത തരത്തിലുള്ള മതനിരപേക്ഷത ഉയര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം കേരളീയ സമൂഹത്തില്‍ കൂടുതല്‍ ശക്തമായി നടത്തേണ്ടതുണ്ട്.

ഉപഭോക്തൃ സേവനത്തുറകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച. ഉല്‍പാദനമേഖലകളുടെ അടിത്തറയും വളര്‍ച്ചയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസൃതമായ തൊഴിലവസരങ്ങള്‍ വേണ്ടതോതില്‍ തുറക്കുക എന്നതും ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമാണ്. കൂടുതല്‍ മത്സരശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, സേവന പ്രധാനമായ വ്യവസായങ്ങള്‍, വൈദഗധ്യാധിഷ്ഠിത വ്യവസായങ്ങള്‍, കാര്‍ഷിക-ഖനിജ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന വ്യവസായങ്ങള്‍ എന്നിവയില്‍ ഊന്നണം. ഇതിനുവേണ്ടി മൂര്‍ത്തമായൊരു കര്‍മ്മപരിപാടി കോണ്‍ഗ്രസ് അംഗീകരിച്ചു.

മേല്‍പ്പറഞ്ഞ മേഖലകളിലെല്ലാം ഫലപ്രദമായ സര്‍ക്കാര്‍ പ്രോത്സാഹനവും നേതൃത്വവും അനിവാര്യമാണ്. അതോടൊപ്പം വലിയതോതില്‍ സ്വകാര്യ മൂലധനനിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. കേരളത്തിലെ പൊതുമേഖലകള്‍ മുഴുവന്‍ ലാഭത്തിലാക്കാന്‍ കഴിഞ്ഞതോടെ കേരളത്തില്‍ നിക്ഷേപസൌഹൃദ അന്തരീക്ഷമില്ല എന്ന വാദം പൊളിഞ്ഞു.

പുത്തന്‍ വളര്‍ച്ചാമേഖലകളില്‍ ശ്രദ്ധേയമായ വളര്‍ച്ച സമീപവര്‍ഷങ്ങളില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഇങ്ങനെയുള്ള പുതിയ സമീപനങ്ങളോടും നിര്‍ദ്ദേശങ്ങളോടും ബന്ധപ്പെട്ട് സംവാദങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, ഇവ വിവാദങ്ങളായി പരിണമിച്ച് വികസന സാദ്ധ്യതകളെ കൊട്ടിയടയ്ക്കുന്ന അനുഭവങ്ങള്‍ വൈദ്യുതി, ടൂറിസം, റോഡ്, വിവര - വിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുണ്ടായത് സമ്മേളനത്തില്‍ ചര്‍ച്ചചെയ്തു. വിവാദമല്ല സംവാദമാണ് ആവശ്യം. പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനപഥത്തിലേക്ക് നീങ്ങുകയാണ് വേണ്ടത്. ഇതിനായി കേരളത്തിലെ രാഷ്ട്രീയപാര്‍ടികള്‍, നയരൂപീകരണ വക്താക്കള്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ക്കിടയില്‍ ഒരു സമന്വയം അടിയന്തിരമായി ഉണ്ടാക്കേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്. നിരുത്തരവാദപരമായ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ പരിസ്ഥിതിയുടെയും തൊഴിലവകാശങ്ങളുടെയും പുനരധിവാസത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വികസന പദ്ധതികള്‍ നടപ്പാക്കാനാകും.

മേല്‍പ്പറഞ്ഞ വ്യവസായക്കുതിപ്പ് ഉറപ്പുവരുത്തണമെങ്കില്‍ കേരളത്തിലെ പശ്ചാത്തല സൌകര്യങ്ങള്‍ ദ്രുതഗതിയില്‍ വികസിക്കേണ്ടതുണ്ട്. വല്ലാര്‍പ്പാടം കണ്ടയിനര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, പ്രകൃതിവാതക ശൃംഖല, കൊച്ചി മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, താപ-ജലവൈദ്യുതി നിലയങ്ങള്‍, വിഴിഞ്ഞം ഹാര്‍ബര്‍, ദേശീയപാതകളും സംസ്ഥാന പാതകളും നാലുവരിയാക്കല്‍, തെക്കു-വടക്ക് അതിവേഗ റെയില്‍വെ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞവയില്‍ സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും നമ്മുടെ ഗ്രാമ-ബ്ളോക്ക്-ജില്ലാ സംസ്ഥാനതല റോഡുകളുടെ അതിബൃഹത്തായ ശൃംഖല നവീകരിക്കുന്നതിന് സര്‍ക്കാര്‍തന്നെ മുതല്‍മുടക്കണം. ഇതിനായി അടുത്ത അഞ്ചുവര്‍ഷം 10,000 കോടിയോളം രൂപയുടെ നിക്ഷേപം വേണ്ടിവരും. യാഥാസ്ഥിതിക ധനനയംവെടിഞ്ഞ് വികസനോന്മുഖ ധനനയം സ്വീകരിച്ചാല്‍ മാത്രമേ ഇതിന് ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ഒപ്പം നിര്‍മ്മാണരംഗത്ത് ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍, വിശേഷിച്ചും നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം, പരിഹരിക്കുന്നതിന് ഹ്രസ്വ-ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്.

പുതിയൊരു വികസനോന്മുഖ ധനനയത്തിനു കേരളത്തില്‍ തുടക്കംകുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ യാഥാസ്ഥിതിക ധനനയമാണ് ഇതു നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. കേരളത്തിന്റെ പശ്ചാത്തലസൌകര്യ പാക്കേജിന് 10,000 കോടി രൂപയെങ്കിലും വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം. കേരളം കടക്കെണിയിലാണെന്നും മറ്റുമുള്ള വാദങ്ങള്‍ പഠന കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായതിലും ഏറെ താഴെയാണ് കേരളത്തിന്റെ ഇന്നത്തെ കടബാധ്യത. ഒപ്പം, കടഭാരം സംബന്ധിച്ച സാമ്പത്തികശാസ്ത്രത്തിലെ തീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മൂലധനച്ചെലവിനായി ഇപ്രകാരം വായ്പയെടുക്കുന്നതുകൊണ്ട് ഒരു തകരാറും വരാനുമില്ല. കേരളത്തിന്റെ റവന്യു വരുമാനവും ഗണ്യമായി ഉയരുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.

വളരുന്ന സാമ്പത്തിക അസമത്വമാണ് ഇന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ പ്രമുഖ ദൌര്‍ബല്യം. താഴേക്കിടയിലുള്ള 30 ശതമാനം ജനങ്ങളുടെ ജീവിതനിലവാരം ഭീഷണി നേരിടുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ മുഴുവന്‍ ഉള്‍പ്പെടുത്തുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് പഠന കോണ്‍ഗ്രസ് രൂപം നല്‍കി. ജനനംമുതല്‍ മരണംവരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമസമൂഹമായി കേരളം മാറണം. ഏറ്റവും അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരു കാര്യമാണിത്. ഇതുമായി ബന്ധപ്പെട്ട് ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയ ദുര്‍ബ്ബല വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍, ലിംഗനീതിയുടെ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യപ്പെട്ടു. വ്യത്യസ്ത ശേഷികളുള്ള ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളാണ് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്ത മറ്റൊരു മേഖല. എല്ലാവര്‍ക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നതാവണം കേരളത്തിന്റെ ലക്ഷ്യമെന്ന് പഠന കോണ്‍ഗ്രസ് വിലയിരുത്തി.

പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പോരായ്മയും കേരളത്തിന്റെ വികസനത്തിന് പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിന്റെ പ്രശ്നങ്ങളും പഠനകോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. നയ രൂപീകരണത്തില്‍ ഈ രംഗത്ത് സമീപഭാവിയില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ അനിവാര്യമാണ്.

പാവങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പംതന്നെ അവര്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കേണ്ടതുണ്ട്. 1999-2004ലെ കാര്‍ഷികത്തകര്‍ച്ചയുടെ കെടുതിയില്‍നിന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് കേരളം കരകയറിത്തുടങ്ങിയത്. ഈ അനുകൂല സാഹചര്യത്തില്‍ കേരളത്തിലെ ഭക്ഷ്യസുരക്ഷാ പരിപാടി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുകയും നാണ്യവിളകളുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുകയും കൃഷിക്കാര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്‍കേണ്ടതുണ്ട്. മണ്ണ്-ജല സംരക്ഷണത്തിനും വിള പരിപാലനത്തിനും ജനകീയ സംവിധാനങ്ങള്‍ വ്യാപിപ്പിക്കണം. പരമ്പരാഗത വ്യവസായങ്ങളുടെ സമയബന്ധിതമായ ആധുനികവല്‍ക്കരണം പ്രധാനമാണ്.

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് രംഗത്തെ കോര്‍പ്പറേറ്റ്വത്കരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബശ്രീ വ്യത്യസ്തമായ ഒരു ജനകീയ മാതൃക ഉയര്‍ത്തിപ്പിടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ബന്ധപ്പെടുത്തി സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍നല്‍കി എങ്ങനെ മൈക്രോക്രെഡിറ്റും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളും നടപ്പാക്കാം എന്നതിന് കുടുംബശ്രീ മാതൃകയാവുകയാണ്. ഇതിനകം ബാങ്കേതര ധനകാര്യ ഏജന്‍സിയായി രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജനശ്രീ തികച്ചും പ്രതിലോമകരമാണെന്ന് ആന്ധ്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പഠന കോണ്‍ഗ്രസ് വിലയിരുത്തി.

പരിസ്ഥിതി സൌഹൃദ സമീപനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട് എന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഉയര്‍ന്ന വളര്‍ച്ച സ്ഥായിയാക്കാന്‍ ഇത് കൂടിയേതീരു. എല്ലാ മേഖലകളിലെയും ലിംഗനീതിയുടെ പ്രശ്നങ്ങളും കോണ്‍ഗ്രസ് ചര്‍ച്ചചെയ്തു. കേരളത്തില്‍ അടുത്തതായി നടക്കേണ്ട സാമൂഹ്യമാറ്റത്തിന്റെ ഏറ്റവും പ്രധാനമായ പ്രശ്നം ലിംഗനീതിയുടേതാണ്.

വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ക്ക് കേരളം നല്‍കിക്കൊണ്ടിരുന്ന മുന്‍ഗണന തുടരണം. ഇടക്കാലത്തുവന്ന അവഗണന തിരുത്തുന്നതിന് ഈ മേഖലയിലെ നിക്ഷേപം സമീപകാലത്ത് ഗണ്യമായി ഉയര്‍ത്തുകയുണ്ടായി. ഈ സമീപനം ശക്തിപ്പെടുത്തണം. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയതോതില്‍ മുതല്‍മുടക്ക് കൂടിയേതീരു. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെയും പ്രാഥമിക ആരോഗ്യസൌകര്യങ്ങളുടെയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയര്‍ച്ച ഇനിയും മുന്നോട്ടുകൊണ്ടുപോകണം. ആരോഗ്യകരമായ കായിക സംസ്കാരത്തിനായി ആവിഷ്കരിച്ച സ്കീമുകള്‍ സമയബന്ധിതമായി നടപ്പാക്കപ്പെടണം.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് നിര്‍ണ്ണായക പങ്ക് സര്‍ക്കാരിനുണ്ട്. ഇതിന് സര്‍ക്കാരിന്റെ വിഭവശേഷി ഗണ്യമായിട്ടുയരണം. അതോടൊപ്പം കര്‍മ്മശേഷിയിലും സമൂലമാറ്റം വേണ്ടതുണ്ട്. വിവിധ ഭരണമേഖലകളിലെ പരിഷ്കാരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല. സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയുള്ള ഈ ഗവേണന്‍സാണ് കേരളം ലക്ഷ്യമിടേണ്ടത്. സമഗ്ര നിയമപരിഷ്കാര നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോണ്‍ഗ്രസ് വിലയിരുത്തി. ഭരണപരിഷ്കാരരംഗത്തെ ഏറ്റവും പ്രധാന കാല്‍വയ്പായി അധികാരവികേന്ദ്രീകരണരംഗത്തെ ഇതുവരെയുള്ള നേട്ടങ്ങളെ കണക്കാക്കണം. എന്നാല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഉദ്യോഗസ്ഥ പുനര്‍വിന്യാസം പൂര്‍ത്തിയാക്കിയും വികസനവകുപ്പുകളുടെ വിവിധ തലങ്ങളിലെ ഏകോപനം സാധ്യമാക്കിയും ഈ രംഗത്തെ കടമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഭരണസംവിധാനംപോലെ വികസനത്തില്‍ സുപ്രധാനപങ്ക് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തിരസ്കരിക്കുമ്പോള്‍തന്നെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പുന:സംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.

പുത്തന്‍ വികസന സംസ്കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങള്‍ നിലനില്‍ക്കും. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളോടുള്ള എതിര്‍പ്പും തുടരും. എന്നാല്‍ അതേസമയം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിപുലമായ യോജിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്കാരം അത്യന്താപേക്ഷിതമാണ്. സാംസ്കാരിക മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോണ്‍ഗ്രസ് വിശദമായി ചര്‍ച്ചചെയ്യുകയുണ്ടായി. സമവായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്തതാല്‍പര്യങ്ങളും ഇതിനു തടസ്സം നില്‍ക്കരുത്.

പഠനകോണ്‍ഗ്രസ് മുന്നോട്ടുവെച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടര്‍ച്ചയാണ് ഇനി വേണ്ടത്. ഈ തുടര്‍ച്ച ഉറപ്പുവരുത്തുന്ന രാഷ്ടീയ പൊതുജനാഭിപ്രായം ഉണ്ടാകണം.

*
ഡോ. ടി എം തോമസ് ഐസക്

ചൊവ്വാഴ്ച, ജനുവരി 04, 2011

ആരാണീ വിഐപി ?

 by: Shafi Mji

'2003 ഒക്ടോബര്‍ മൂന്നിന് ലതാനായര്‍, മനോജ്, പ്രവീണ്‍, കൊച്ചുമോന്‍, അമ്മയുടെ ചേച്ചി ഓമന എന്നിവര്‍ ചേര്‍ന്ന് സീരിയലില്‍ അഭിനയിക്കാമെന്നു പറഞ്ഞ് കുമളിയില്‍ കൂട്ടിക്കൊണ്ടുപോയി. കുടിക്കാന്‍ ഡ്രിങ്ക്സ് തന്നു. അതിനുശേഷം ബോധം നശിച്ചു. ബോധം വന്നപ്പോള്‍ വസ്ത്രങ്ങള്‍ മുഴുവന്‍ നീക്കിയ സ്ഥിതിയിലായിരുന്നു'

കോട്ടയം മാതാ ആശുപത്രിയില്‍ മരണത്തോടു മല്ലിടവേ ശാരി നല്‍കിയ മൊഴിയാണിത്. 2004 സെപ്തംബര്‍ 21ന് വനിതാ കമീഷന്‍ അംഗം ലിസി ജേക്കബ്ബാണ് മൊഴിയെടുത്തത്.

ജീവിതം എന്തെന്നറിയും മുമ്പ് ഒരു വര്‍ഷത്തോളം ലൈംഗികപീഡനത്തിനിരയായി, ആരുടെയെന്നറിയാത്ത കുഞ്ഞിനെ പ്രസവിച്ച് പതിനേഴാമത്തെ വയസ്സില്‍ ദാരുണമായി കൊലചെയ്യപ്പെട്ട കിളിരൂരിലെ ശാരി കേരളത്തിന്റെ മനഃസാക്ഷിക്കുമുമ്പില്‍ ദീര്‍ഘനാള്‍ ചോദ്യചിഹ്നമായി നില്‍ക്കും. ശാരിയും അച്ഛനുമമ്മയുമില്ലാത്ത കുഞ്ഞ് ശയനയും ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നത്തിനുനേരെ, പക്ഷേ, കേരളമിന്ന് മുഖം തിരിക്കുകയാണ.് പകരം മലീമസമായ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ശാരിയെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നു.

നൃത്തത്തിലും ഫാഷന്‍ പരിപാടികളിലും മിടുക്ക് കാണിച്ച ശാരിയുടെ സീരിയല്‍ അഭിനയ മോഹം മുതലെടുത്താണ് പെണ്‍വാണിഭ സംഘം അവളെ റാഞ്ചിയത്. റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക് പീഡനയാത്ര. 'കുമളിയില്‍വച്ച് ജ്യൂസ് കൊടുത്ത് മയക്കിയശേഷമാണ് ആദ്യ പീഡനം. അതിനുശേഷം പഴനിയില്‍ കൊണ്ടുപോയി ജ്യൂസ് കുടിക്കാന്‍ മകള്‍ മടി കാണിച്ചു. അപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുടിപ്പിച്ചു. അതുപോലെ ഗുരുവായൂരും കൊണ്ടുപോയി നിര്‍ബന്ധിച്ച് ജ്യൂസ് കുടിപ്പിച്ചു'. ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ഇങ്ങനെ മൊഴി നല്‍കി.

ഗര്‍ഭിണിയായ ശാരിയെ ആഗസ്ത് 13നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അമ്മയുടെ ആരോഗ്യനില വഷളായി. ഗുരുതരാവസ്ഥയില്‍ ആഗസ്ത് 28ന് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 29ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് തെള്ളകം മാതാ ആശുപത്രിയിലേക്കു മാറ്റി. രണ്ടുമാസം അവിടെ ചികിത്സ. ഒക്ടോബര്‍ 31ന് വീണ്ടും മെഡിക്കല്‍ കോളേജിലേക്ക്. നവംബര്‍ 13നു മരണം.

മരണകാരണം അണുബാധയെന്ന് ഔദ്യോഗികഭാഷ്യം. ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ അസ്വാഭാവികമായ അളവില്‍ ചെമ്പ് കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തി. ശരീരത്തിലെ ലോഹാംശം മാരകമായി ഉയര്‍ന്നതു മൂലമാണ് മഞ്ഞപ്പിത്തം വന്ന് ക്രമേണ മരണത്തിലേക്കു നീങ്ങിയതെന്ന് പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ധന്‍ പറഞ്ഞു. എന്നാല്‍ ഒടുവില്‍ കേസന്വേഷിച്ച സിബിഐ ഈ വാദം തള്ളി.

റിസോര്‍ട്ടുകളില്‍നിന്ന് റിസോര്‍ട്ടുകളിലേക്ക്. ആശുപത്രികളില്‍നിന്ന് ആശുപത്രികളിലേക്ക്. ആദ്യം ലൈംഗികപീഡനം, പിന്നെ ചികിത്സാപീഡനം. മരണ കാരണം എന്തെന്ന് ഒരന്വേഷണത്തിലും ഉറപ്പിച്ചു പറയാത്ത മരണം. അതിക്രൂരമായ കൊലപാതകമല്ലാതെ മറ്റെന്താണിത്. ശാരിയുടെ അമ്മ ശ്രീദേവിയുടെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ രണ്ടു ദിവസം ലേബര്‍ റൂമിലായിരുന്നു. മൂന്നാം ദിവസം കുട്ടി കരച്ചിലായിരുന്നു. മയക്കത്തില്‍ പ്രസവിച്ചു. പിറ്റേ ദിവസം മുതല്‍ ഛര്‍ദിയും വേദനയുമായിരുന്നു. ആരും കാര്യമായി ഒന്നും ചെയ്തില്ല. കൊച്ചുഡോക്ടര്‍ ആയിരുന്നു നോക്കിയത്. സീനിയര്‍ ഡോക്ടര്‍ വന്നപ്പോള്‍ കൊച്ചുഡോക്ടര്‍ പറയുന്നത് കേട്ടു മറുപിള്ള പോയിട്ടില്ലെന്ന്'

കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പ്രതികള്‍ നേരത്തെ ലോക്കല്‍ പൊലീസ് പ്രതിചേര്‍ത്ത ഒമ്പതുപേര്‍ മാത്രമാണ്. നാലാം പ്രതി ലത എസ് നായര്‍, ഒന്നാം പ്രതി ശാരിയുടെ അമ്മയുടെ ചേച്ചി ഓമനക്കുട്ടി. പ്രതികളെല്ലാം കൂട്ടിക്കൊടുപ്പുകാര്‍. പ്രമാദമായ പെണ്‍വാണിഭക്കേസിലെ പ്രതികള്‍ കൂട്ടിക്കൊടുപ്പുകാര്‍ മാത്രമാവുമോ?

അല്ലെന്ന് ശാരി മരണക്കിടക്കയില്‍നിന്ന് വനിതാ കമീഷനു നല്‍കിയ മൊഴിയില്‍ പറയുന്നു. 'ആലപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ച് ഏഷ്യാനെറ്റിലെ മോഹന്‍സാറിന്റെ അടുത്ത് ചെന്നു. പിന്നീട് പൂജപ്പുര സെവന്‍ ആര്‍ട്സില്‍ കൊണ്ടുപോയി ചാന്‍സ് ചോദിച്ചു'. അച്ഛന്‍ സുരേന്ദ്രന്റെ മൊഴിയില്‍ ഇങ്ങനെയുണ്ട്: 'പീഡിപ്പിച്ചവരില്‍ ഒരാള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ - സത്യന്‍, സത്യനേശന്‍, സതീശന്‍ എന്നിങ്ങനെ ഒരുപേര് പെണ്‍കുട്ടി പറഞ്ഞിരുന്നു. എറണാകുളത്ത് ഒരു സെയില്‍സ് ടാക്സ് ഓഫീസര്‍ ഉണ്ടെന്ന് കുട്ടി പറഞ്ഞു. ശ്രീകുമാര്‍, ജോസ്, ഡ്രൈവര്‍, ലതയും കൂടെയാണ് ആലപ്പുഴ കുവൈത്ത് ചാണ്ടിയുടെ വീട്ടില്‍ കൊണ്ടുപോയത്. ലതയോടും മനോജിനോടും പ്രവീണിനോടും താന്‍ ഗര്‍ഭിണിയാണെന്ന് കുട്ടി പറഞ്ഞിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ശരിക്ക് ചോദ്യം ചെയ്യുന്നില്ലാ എന്നാണ് ഞങ്ങളുടെ അഭിപ്രായം.'

സിബിഐയുടെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'ആലപ്പുഴയിലെ റിസോര്‍ട്ടില്‍ തോമസ് ചാണ്ടി എംഎല്‍എ, ഏഷ്യാനെറ്റ് മോഹനന്‍ എന്നിവര്‍ക്ക് ലതാനായര്‍ ശാരിയെ പരിചയപ്പെടുത്തിയിരുന്നെങ്കിലും ഇവര്‍ ഉപദ്രവിച്ചില്ല. പോയി ശരീരമൊക്കെ നന്നാക്കി വരൂ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.'

ആരാണ് തോമസ് ചാണ്ടി? മന്ത്രി പി കെ ശ്രീമതിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തിയ പ്രതിപക്ഷ എംഎല്‍എ. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ ഫണ്ട് സംഘാടകസംഘത്തിലെ പ്രമുഖന്‍. ആരാണ് മോഹനന്‍? ഏഷ്യാനെറ്റ് ചാനലിന്റെ തലവന്‍. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങള്‍ അറിയാത്ത കാര്യമാണോ? അറിഞ്ഞിട്ടും അവരെന്തുകാണ്ട് ഈ ചൂടുള്ള വാര്‍ത്ത പൂഴ്ത്തി?

വിഐപിയെ രക്ഷിച്ച വിവിഐപി

Shafi Maji

ശാരി മരണത്തോട് മല്ലിടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം പെണ്‍കുട്ടിയുടെ ജീവന്‍രക്ഷിക്കാനല്ല ശ്രമിച്ചത്. പകരം പെണ്‍കുട്ടിയുടെ മൊഴിയില്‍ പേരുവന്ന വിഐപികളെ രക്ഷിക്കാന്‍ കരുനീക്കുകയായിരുന്നു. ഇതിനായി വിവിഐപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പലതവണ കോട്ടയത്ത് വന്നുപോയി. എന്നാല്‍ ഒരിക്കല്‍പോലും ശാരിയെ ചെന്നുകാണാന്‍ മുഖ്യമന്ത്രി തയാറായില്ല.

2004 സെപ്തംബര്‍ 29ന് തിരുവല്ലയില്‍ മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തു. ഡിജിപി ഹോര്‍മിസ് തരകനും പങ്കെടുത്തു. സിഐ റാങ്കിലുള്ള ഒരുദ്യോഗസ്ഥനുമായി മുഖ്യമന്ത്രി അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം രഹസ്യചര്‍ച നടത്തി. ഒക്ടോബര്‍ ഒന്നിന് തിരുവല്ല ടിബിയില്‍ ഡിജിപി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചുപേര്‍ത്തു.

ഈ യോഗങ്ങള്‍ക്കുശേഷമാണ് കേസ് ഡയറി പൊലീസ് തിരുത്തിയത്. വിഐപികളുടെ പേരുള്‍പ്പെട്ട ഭാഗം കീറിക്കളയുകയായിരുന്നു. ഇത് കണ്ടുപിടിച്ച കേരളാ ഹൈക്കോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായി. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി ലതാനായരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ 2004 ഒക്ടോബര്‍ 6,9 തിയതികളില്‍ ജസ്റ്റിസ് ബസന്ത് പൊലീസിനുനേരെ പൊട്ടിത്തെറിച്ചു. "നഗ്നനേത്രങ്ങള്‍കൊണ്ട് പരിശോധിച്ചാല്‍ പരാതിയുടെ ഒന്നാംപേജ് രണ്ട്, മൂന്ന് പേജുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാം''-കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയെക്കുറിച്ചാണ് പരാമര്‍ശം. ഈ പരാതിയെത്തുടര്‍ന്നാണ് കേസന്വേഷണം ആരംഭിച്ചതെങ്കിലും ആദ്യഘട്ടത്തില്‍ അത് കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കൃത്രിമം വരുത്തി ഉള്‍പ്പെടുത്തിയത്. ഈ പരാതി പ്രഥമവിവര മൊഴിയുടെ ഭാഗമാക്കിയിരുന്നുമില്ല. ഇതില്‍ കോടതി അത്ഭുതം പ്രകടിപ്പിച്ചു. "ഇതില്‍ ഉന്നതരുടെ പേരുള്ളതിനാലാണോ?'' എന്ന് നിറഞ്ഞ ചേംബറില്‍ ജഡ്ജി ചോദ്യമെറിഞ്ഞപ്പോള്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നിന്നുപരുങ്ങി.

ഹൈക്കോടതിയുടെ ചരിത്രത്തില്‍ ഉണ്ടാകാത്ത ഒരു നിര്‍ദേശവുംജസ്റ്റിസ് ബസന്ത് അന്നു നല്‍കി. പേജുകള്‍ ഇനിയും മാറാതിരിക്കാന്‍ എല്ലാ പേജുകളിലും ഹൈക്കോടതിയുടെ മുദ്ര പതിപ്പിക്കാനായിരുന്നു ആ നിര്‍ദേശം. കേസ് ഡയറിയില്‍ പേജ്നമ്പര്‍ പോലും ഇടാതിരുന്നതിനെ കോടതി കളിയാക്കി.

ശാരിക്ക് പ്രായപൂര്‍ത്തിയായെന്ന് സ്ഥാപിക്കാനുള്ള പൊലീസിന്റെ ശ്രമവും കോടതിയുടെ ഇടപെട്ടതിനാലാണ് പൊളിഞ്ഞത്. കേസ് ഡയറിയില്‍ പ്രായം 19 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിനാസ്പദമായ തെളിവ് കോടതിയില്‍ ഹാജരാക്കിയില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പ്രോസിക്യൂട്ടര്‍ ആവര്‍ത്തിച്ച് വാദിച്ചപ്പോള്‍ ഏതു രേഖയുടെ അടിസ്ഥാനത്തിലാണിതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി പറഞ്ഞതു പ്രകാരമാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. നാലുതവണ കോടതിആവശ്യപ്പെട്ടിട്ടും സ്കൂള്‍രേഖ പരിശോധിക്കാനുള്ള പ്രാഥമിക ചുമതല എന്തുകൊണ്ട് പൊലീസ് നിര്‍വഹിച്ചില്ലെന്ന് കോടതി അത്ഭുതപ്പെട്ടു. പിന്നീട് ഡിഐജി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണത്തിന്റെ പരിശോധനയില്‍ പ്രായം 17 ആണെന്ന് കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടി മേജറാണെന്നു കാണിക്കാന്‍ വെപ്രാളപ്പെട്ട് കോടതി സമക്ഷം നാണംകെട്ട കേരളത്തിലെ ഏക ആഭ്യന്തരമന്ത്രി എന്ന റെക്കോഡ് ഉമ്മന്‍ചാണ്ടിക്കു സ്വന്തം.

പ്രതി പ്രവീണുമായി ശാരി സ്നേഹത്തിലായിരുന്നുവെന്നും 2004 സെപ്തംബര്‍ 14ന് വിവാഹക്കരാറുണ്ടാക്കിയെന്നും കേസ് ഡയറിയില്‍ കാണാം. പെണ്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വിവാഹം കഴിക്കാമെന്നും അതില്‍ പറയുന്നു. ഈ കരാറിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. പ്രതിയെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി. ആരാണ് ഭീഷണിപ്പെടുത്തിയതെന്നും എന്തിനാണ് ഭീഷണിയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അഛന്റെ മൊഴിപോലും എന്തുകൊണ്ട് പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് കോടതിചോദിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ നിന്നു വിയര്‍ത്തു.

ഇത്രയും രൂക്ഷമായ ജൂഡീഷ്യറിയുടെ വിമര്‍ശനത്തിനുമുന്നില്‍ ഏതു മുഖ്യമന്ത്രിയും ചൂളും. ഏത് ഡിജിപിയും വിയര്‍ക്കും. പക്ഷേ അവര്‍ ചൂളിയില്ല; വിയര്‍ത്തില്ല. പകരം ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ്ചെയ്ത് 'നിയമത്തെ അതിന്റെ വഴിക്കുവിട്ടു'. പിന്നെയോ..... ഉമ്മന്‍ചാണ്ടിയുടെ വിലയിടിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ രക്ഷക്കെത്തി. കിളിരൂര്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഇടപെട്ട സിപിഐ എം നേതാക്കള്‍ക്കുനേരെ മാധ്യമങ്ങള്‍ ചെളിവാരിയെറിഞ്ഞു. നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന തന്ത്രം അവര്‍ പുറത്തെടുത്തു.

കിളിരൂര്‍കേസില്‍ ഒഴിവാക്കപ്പെട്ട വിഐപിമാര്‍ രണ്ടല്ല, കൂടുതലുണ്ട്. പക്ഷേ ഒരേയൊരു വിവിഐപിയേ ഉള്ളൂ. അത് അന്നത്തെ മുഖ്യമന്ത്രി, ഇന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മാത്രമാണ്. ശാരിയും മാതാപിതാക്കളും മൊഴിനല്‍കിയ ഒരു എംഎല്‍എയെയും മൊഴിയില്‍പെടാത്ത മറ്റൊരു എംഎല്‍എയെയും കൂട്ടി ഈ വിവിഐപി 2007ല്‍ എന്തിനാണ് നിയമസഭയില്‍ ബഹളംവെച്ചത്? ശാരിയെ ആശുപത്രിയില്‍ചെന്നുകണ്ടു എന്ന ഒരേയൊരു കുറ്റത്തിന് പി കെ ശ്രീമതി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇറങ്ങിപ്പോയതിനെ എങ്ങിനെ വിശേഷിപ്പിക്കാം. എ കെ ആന്റണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരവും പൈശാചികവും

വെള്ളിയാഴ്‌ച, ഡിസംബർ 31, 2010

കഷ്ടം !!!

Mary lilly
അഞ്ചു വയസ്സുകാരിക്കെതിരെ മാനഭംഗ ശ്രമം: സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്-കഷ്ടം !!!
 **************************************************

നല്ല ചിന്തയും നല്ല പ്രവര്‍ത്തിയും മനുഷ്യന്റെ മാത്രം ഗുണമാണ്. അത് മറിഞ്ഞു പോവുന്നത് സാമൂഹ്യപരമായ പോരായ്മ മാത്രല്ല അത് ചിലപോഴേല്ലാം മാനസിക വൈകൃതമൂലവുമാവാം. ആ വൈകൃതം സൃഷ്ടിക്കപെടുന്ന സാമൂഹിക ക്രമം നില നിലക്കുന്നത് റൊക്കം പൈസടെ ചിലവിലാണ്. ആ ചീഞ്ഞ സമൂഹം നിലനിര്‍ത്താന്‍ വേണ്ടി എന്തും ചെയ്യാം. എന്തും പറയാം.... അമ്മയെ ചൂണ്ടി വിലപേസിയാല്‍ ഏറ്റവും പ്രൊഫഷ്ണലായി ആ കച്ചോടം  ഉറപ്പിക്കും. അതുകൊണ്ടാണ് ഒരു കുഞ്ഞിന്റെ അണാക്കു കുത്തിപൊളിച്ചവനെ യാതൊരു ഉളുപ്പിമില്ലാതേ വോട്ട് ചെയ്ത് എം പി ആക്കിയത്. അവര്‍ പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയുടെ പ്രായം തിരുത്തിയ ഒരു ഉമ്മന്‍ മുഖ്യ മന്ത്രിയുടെ അണികള്‍ സ: ശ്രീമതി ടീച്ചര്‍ക്ക് ലൈസ്ബിയനിസ്റ്റ് വി ഐ പി -യാക്കാന്‍ കഥകള്‍ മെനഞ്ഞത്.

അവരാണ് 40, 36 പ്രതികളുള്ള കൂര്യന്‍ കേസും കെ.പി മോഹനന്‍(ഇപ്പോള്‍ ഇയാള്‍ ജയ്  ഹിന്ദ് ടി വി-യിലാണ്) കേസും സുപ്രിം കോടതിയും, മുഖ്യ മന്ത്രിയും കൂടി ഐസ് ക്രീം കഴിക്കുന്ന ലാകവത്തോടെ ഉഴുവാക്കികൊടുത്തത്. ആ കാലത്തു വെവസായ മന്ത്രി തന്നെ ഉണ്ടായിരുന്നു പെണ്‍ വാണിഭത്തിനു. ഇവന്മാര്‍ ഒക്കെ അന്നു കേരളമൊത്തം ഒരുപാട് അച്ഛന്മാരുടെ അമ്മമാരുടെ പെണ്‍ മക്കളുടെ സ്വാദിഷ്ടമായ ഇളം ഇറച്ചി നൊട്ടി നുണഞ്ഞു നടന്നിരുന്നു. ഓരോ അച്ഛനും അമ്മയും പേടി കാലമായിരുന്നു ഉമ്മന്‍ ചാണ്ടി ആഭ്യന്ത്രവും കുഞ്ഞാലികുട്ടി വെവസായവും കൈകാര്യം ചെയ്ത് കാലം. അന്നു പേപ്പര്‍ കുടുംബത്തില്‍ വരുത്താന്‍ പേടിയായിരുന്നു. ആ കേരളം ഏറെ മാറി. ആ പെയ് കാലം പോയമറഞ്ഞു.

അതു തിരിച്ചുകൊടുവരാന്‍ മിനകെടുന്നവരാണ് ഇന്നു ഏതോ ഒറ്റപെട്ട ഒന്നുമായി, അതിന്റെ അടിവസ്ത്രം മണപ്പിച്ചു C.P.I.(M)- ആയി ബന്ധം അറിഞ്ഞു വിളിച്ചുകൂവുന്നത്. ആ ക്രൂരമായ ചെയ്തിയേക്കാള്‍ ഇവര്‍ക്കു വിഷയവും പറയാനുള്ളതും അതില്‍ C.P.I.(M)-നു എന്തേങ്കിലും ബന്ധം ഉണ്ടോ എന്നു അറിയാനാണ്.

പെണ് സുന്ദരിയാണ്....പ്രകൃതിയിലേ ഏറ്റവും സുന്ദരവുമാണ്. അലംഗാരത്തിനും താലം പിടിക്കാനും കച്ചവടത്തിനും അവള്‍ വേണം...
സെക്സ് ഏറ്റവും ഉന്നതമായ വികാരമാണ്. റൊക്കം പൈസക്കുവേണ്ടി അതു വിലപ്പനക്കു വെച്ചപ്പോള്‍ ഏറ്റവും സ്വാദിഷ്ടവും, ലാഭകരവുമായി....ആഘോഷമ്മാക്കി... പെയ് കാലമാക്കി...

ആ കാലത്തു തുള്ളിയവരെ മിനുക്കുപണിയാന്‍ ചായവുമായി വരുന്നതു ഏന്തിന്റെ പേരിലാണങ്കിലും ഓര്‍ക്കുക, പെണെന്നത് നിങ്ങളില്‍ പല രൂപത്തില്‍, ഭാവത്തില്‍, ചിറിയിലും കണീരിലും അമ്മയായും, മകളായും കൂടെ ഉണ്ടായിരുന്നു!

ആ അഞ്ചുവയസുകാരി നിങ്ങളുടെ മകളായിരുന്നെങ്കില്‍...................?

വെള്ളിയാഴ്‌ച, ഡിസംബർ 17, 2010

കുമ്മാട്ടികളി

ഇന്ത്യന്‍ ജനത കഴുതകളാണ് എന്നു ഉറക്കെ പ്രഖ്യാപിക്കുകകയണ് കോണ്‍ഗ്രസ്. 176465 കോടി അമുക്കിയതില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ രാഹുല്‍ അമ്മയെ രക്ഷിക്കാന്‍ ഒരു  ഇന്ദ്രജാലം...

"ഹൈന്ദവ തീവ്രവാദം പാക്കിസ്ഥാന്‍ തീവ്രാവാദസംഘടനയായ ലഷ്കറെ തയിബയെക്കാള്‍ ഭീഷണിയാണെന്ന് യുഎസ് അംബാസഡര്‍ തിമോത്തി റോമറോടു എഐസിസി ജനറല്‍ സെക്രട്ടറി രാഹൂല്‍ ഗാന്ധി പറഞ്ഞതായി വിക്കിലീക്സ് രേഖ. ഹൈന്ദവ തീവ്രവാദ സംഘടനകളുടെ വളര്‍ച്ച രാജ്യത്തു മതപരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇവ ലഷ്റകിനെക്കാള്‍ അപകടമാണ്.- രാഹുല്‍ പറഞ്ഞു. രാഷ്ട്രീയപരവും സാമൂഹികവുമായ വിഷയങ്ങളിലെ കാഴ്ചപ്പാട് തിമോത്തി റോമറുമായി പങ്കു വയ്ക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.2009 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്നിനിടെയാണു രാഹുല്‍ ഗാന്ധി റോമറോട് ഹൈന്ദവ തീവ്രവാദത്തിലുളള ആശങ്ക പങ്കുവച്ചതെന്നാണു വിക്കിലീക്സ് വെളിപ്പെടുത്തല്‍. രാജ്യത്തെ ചില ഹിന്ദു സംഘടനകള്‍ മുസ്ലിം തീവ്രവാദികളെക്കാള്‍ അപകടമാണ്. -രാഹുല്‍ പറഞ്ഞു. ലഷ്കറെ തയിബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ചുളള തിമോത്തി റിമോറുടെ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോഴാണ് രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ പ്രതികരിച്ചതെന്നു വിക്കിലീക്സ് രേഖ പറയുന്നു."

തിരിച്ചറിവുള്ളവനു അറിവുള്ള കാര്യമാണ് പറഞ്ഞത്. സ്പെക്ട്രം മറന്നു ഇതു ചര്‍ച്ചചെയ്യാം എന്നു വച്ചല്ല. കോണ്‍ഗ്രസിന്റെ ഒരു പിറപ്പിനു അതിനുള്ള  ധൈര്യം കാണിച്ചപ്പോള്‍ ഒരന്താളിപ്പ്. താമസിയാതെ സക്യ കക്ഷി NDA-സ്പെക്ട്രം മാറ്റി അവരുടെ സ്ഥിരം കലാപരിപാടിലേക്ക് ഇറങ്ങിതിരിച്ചു... അപ്പോള്‍ സത്യത്തില്‍ ആ കുട്ടി മുള്ളിപോയ്.... തിരുത്തുമായ് ഇങ്ങനെ:
"ലക്ഷകര്‍ തയ്ബയെക്കാള്‍ ഇന്ത്യക്ക് ഭീഷണിയാവുന്നത് ഹൈന്ദവ തീവ്രവാദമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിക്കിലീക്ക്സ് പുറത്തു വിട്ട സാഹചര്യത്തില്‍ വിശദീകരണവുമായി രാഹുല്‍ രംഗത്ത്. എല്ലാ തരത്തിലുമുള്ള തീവ്രവാദവും രാജ്യത്തിന് ഭീഷണിയാണെന്ന് രാഹുല്‍. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായികൊണ്ടിരിക്കെയാണ് വിവാദം ലഘുകരിക്കുന്ന പുതിയ പ്രസ്താവന രാഹുല്‍ പുറത്തിറക്കിയത്. രാഹുലിന് വേണ്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദിയാണ് പ്രസ്താവന പുറത്തിറക്കിയത്. തീവ്രവാദത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരായി ഇരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു."

ഇന്ത്യയെ കൊള്ളയടിക്കാന്‍ അര്‍ എസ് എസ് സഹയമുണ്ടെന്നു കുട്ടിക്കറിയില്ലേങ്കിലും അമ്മക്കറിയാം. പണ്ട് അച്ഛന്‍ വി പി സിങ് ഗവണ്‍മെന്റിനെ ഇറക്കിയത് ഇതുപോലുള്ള കുമ്മാട്ടികളിയോടേയാണ്. എന്തേ ഇപ്പോള്‍ 

ഇന്നു മനോരമയില്‍ ഇതു വരാന്‍ കാരണം...?

2009- നടന്നത് ഇപ്പൊള്‍ വരാന്‍ കാരണം....?
 

അതിന്റെ തിരുത്ത് ഇപ്പോളാണ് വന്നത്...!

ഇത് സോണിയ nda- യെ കുപ്പിലാക്കാനല്ലാതേ എന്തിനാണ്.....?‎

176465 -കോടിയുടെ കാര്യമായതുകൊണ്ട് വിക്കിലീക്സ് -നെയും ശംശയിക്കേണ്ടി ഇരിക്കുന്നു......!

ഇപ്പോള്‍ NDA- എന്തിനെകുറിച്ചാണ് പറയുന്നത്......?
 

ശവപെട്ടി അമുക്കിയപ്പോള്‍ പാര്‍ലിമെന്റ് ആക്രമണം......

ഓര്‍ക്കുക ഇന്ത്യയില്‍ മൊത്തം കഴുതകളല്ല.....!!!



ബുധനാഴ്‌ച, ഡിസംബർ 08, 2010

ഞങ്ങള്‍ ക്രിക്കറ്റ് ടീമല്ല...!!!

പാര്‍ട്ടിയില്‍

ഭിന്നത   ഉണ്ടോ

എന്ന   ചോദ്യത്തിന് 

നിങ്ങള്‍  

ഉണ്ടാക്കിയതല്ലേ

എന്നായിരുന്നു  വി.

എസി ന്റെ  പ്രതികരണം.


ഞാന്‍    എന്തെങ്കിലും 

പ്രസ്താവന

ഇറക്കിയാല്‍  അത് 

വിജയനെതിരെയാണെന്ന്   

പറയും.

വിജയന്‍   എന്തെങ്കിലും 

പറഞ്ഞാല്‍ 

എനിക്കെതിരെയെന്ന്

പറയും.


നിങ്ങളുടെ

ഈ  വേല 

കൈയിലിരിക്കട്ടെയെന്നും 

മുഖ്യമന്ത്രി പറഞ്ഞു. 

മാറുന്ന മാധ്യമദൌത്യം

പി രാജീവ്
കുറെനാളുകള്‍ക്കുമുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കറ്റ് എന്ന പ്രയോഗം നടത്തിയത് വലിയ വിവാദമാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഒരു കേന്ദ്രത്തില്‍നിന്നു തയ്യാറാക്കുന്ന കഥകള്‍ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം വരുന്നത്. ഒരേ അടുക്...കളയില്‍നിന്ന് ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി തങ്ങളുടെ മാധ്യമങ്ങളില്‍ വിളമ്പുകയാണ് ഇവര്‍ ചെയ്തിരുന്നത്. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങള്‍ നിര്‍മിത വാര്‍ത്തകളായി കുറെക്കാലം നിറഞ്ഞുനിന്നു.

സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ഭാഗമായി നടന്ന ഈ പ്രവര്‍ത്തനം തുറന്നുകാണിച്ചതിനോട് പലരും യോജിച്ചിരുന്നില്ല. തനിക്കും തന്റെ പാര്‍ടിക്കും നേരെ വരുന്ന വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും നേരിടുന്നതിനാണ് ഇങ്ങനെ വിമര്‍ശം ഉന്നയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ മാസമായി പുറത്തുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള വാര്‍ത്തകള്‍, പിടിച്ചതിനേക്കാളും എത്രയോ വലിയതാണ് അളയിലിരിക്കുന്നതെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്.

'പാര്‍ലമെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പാര്‍ലമെന്റ്ഹൌസില്‍ സംസാരിക്കുമ്പോള്‍ മാധ്യമദൌത്യത്തില്‍ വന്ന മാറ്റത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉല്‍ക്കണ്ഠയോടെ വിമര്‍ശിക്കുകയുണ്ടായി. ഉദാരവല്‍ക്കരണനയം മാധ്യമങ്ങളുടെ ഡിഎന്‍എയെത്തന്നെ മാറ്റിമറിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ അപചയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ജനാധിപത്യത്തിന്റെ നാലുതൂണുകളില്‍ വാണിജ്യസ്വഭാവത്തിലുള്ളതും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും മാധ്യമം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ അപചയം ഗൌരവമായി കാണേണ്ട ഒന്നാണ്. രണ്ടാംതലമുറ സ്പെക്ട്രം വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടെലിഫോ രേഖകളാണ് മാധ്യമങ്ങളുടെ അധഃപതനത്തിന്റെ ഞെട്ടിക്കുന്ന ആഴം പുറത്തുകൊണ്ടുവന്നത്. അച്ചടിമഷി പുരണ്ടതും ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നതും സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ചെറുതല്ലാത്ത വിഭാഗമുള്ള സമൂഹമാണ് നമ്മുടേത്.

ഇവിടെ എങ്ങനെ വാര്‍ത്ത എഴുതണമെന്നും എന്താണ് ക്യാമറ കാണേണ്ടതെന്നും നിശ്ചയിക്കുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസിദ്ധ കോളമിസ്റുമായ വീര്‍ സാങ്വി എന്ത് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് വിവാദനായികയായ നീരാ റാഡിയയാണെന്ന് ടെലിഫോ സംഭാഷണം വെളിപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുമായുള്ള അടുപ്പത്തില്‍നിന്ന് കേവലമായി രൂപംകൊള്ളുന്ന സംഭവമല്ല. റാഡിയയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ വൈഷ്ണവി കോര്‍പറേറ്റ് കസള്‍ട്ടന്‍സിയുടെ വെബ്സൈറ്റില്‍ത്തന്നെ അവരുടെ ദൌത്യം വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകളുടെ ഘടനയിലേക്കും പത്രാധിപനയത്തിലേക്കും നയിക്കുന്ന ചിന്താശക്തിയെ മനസ്സിലാക്കുകയാണ് ആദ്യത്തേത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ തങ്ങളുടെ കക്ഷികളുടെ നയം മാധ്യമങ്ങളില്‍ ശരിയായി അവതരിപ്പിക്കുക. അതുവഴി മാധ്യമനിലപാടുകളെ സ്വാധീനിക്കുക. ഇത്രയും പ്രകടമായി നയം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയോട് സംസാരിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്!

രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംവകുപ്പ് രാജയ്ക്ക്
കിട്ടുന്നതിനായി നടത്തിയ ഇടപെടലാണ് ടെലിഫോ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി ചില പത്രപ്രവര്‍ത്തകര്‍ തരംതാണിരിക്കുന്നു. അതിനായി അവര്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും നാലാംതൂണിന്റെ ദൌത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പലരും ഇത്രയും ഗൌരവമായ വിഷയത്തിന് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കാന്‍പോലും തയ്യാറായില്ല. യഥാര്‍ഥത്തില്‍ ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടിയതുപോലെ 1991നുശേഷം നടപ്പാക്കിയ ഉദാരവല്‍ക്കരണനയത്തിന്റെ ഗൌരവമായ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
പുതിയ കാലത്തിനു പറ്റുന്ന മാധ്യമനയം ആദ്യം നടപ്പാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ എടുത്തുകളഞ്ഞു. പത്രാധിപര്‍ക്ക് പകരം പരസ്യമാനേജര്‍മാര്‍ പത്രത്തിന്റെ നയം നിശ്ചയിക്കാന്‍ തുടങ്ങി. ഇവരുടെ പത്രങ്ങളില്‍ ആരംഭിച്ച മീഡിയാനെറ്റ് പുതിയ പ്രവണതയുടെ രൂപമായിരുന്നു. വിവിധ പേരുകളില്‍ പുറത്തിറക്കുന്ന സപ്ളിമെന്റുകളും പത്രത്തിന്റെ മൂന്നാംപേജുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കച്ചവടകാര്യങ്ങള്‍ വാര്‍ത്ത എന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിനായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടുത്തഘട്ടമായാണ് സ്വകാര്യ ഉടമ്പടികള്‍ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബിസിസിഎല്‍ ഗ്രൂപ്പ് സ്വകാര്യകമ്പനികളുമായാണ് ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പണത്തിനു പകരം ഈ സ്ഥാപനങ്ങളുടെ ഓഹരിയാണ് നല്‍കുന്നത്. ഇങ്ങനെ കരാറുള്ള സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ക്ക് പത്രത്തില്‍ ഇടം ലഭിക്കില്ലെന്ന ഉറപ്പും ഈ ഉടമ്പടിയിലുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഓഹരിയുള്ള സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യയായിരിക്കും. 2008ലെ കണക്കുപ്രകാരം 200 സ്ഥാപനത്തില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വായനക്കാരന്റെ അറിയാനുള്ള അവകാശത്തെ തകര്‍ക്കുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം ടൈംസ് സൃഷ്ടിച്ച വഴി പിന്തുടരുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. ഇതേത്തുടര്‍ന്ന് സ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 2009ലാണ് പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതയായ പെയ്ഡ് ന്യൂസ് ശക്തിപ്പെട്ടത്.
പ്രധാനമായും ഹിന്ദു പത്രത്തിലെ സായ്നാഥാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമീപിച്ച് മാധ്യമപ്രതിനിധികള്‍ റേറ്റ് കാര്‍ഡ് നല്‍കും. അച്ചടി മാധ്യമങ്ങളുടെ റേറ്റ് കാര്‍ഡിനു പകരം ദൃശ്യമാധ്യമങ്ങളില്‍ പാക്കേജുകളാണ് അധികവും. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്ന വിവരംപോലും വായനക്കാര്‍/കാഴ്ചക്കാര്‍ അറിയില്ല. പണം നല്‍കുന്നതിന് അനുസരിച്ച് പേജുകളും സ്ഥാനവും വലുപ്പവും സ്വഭാവവും മാറും. എതിരാളികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രത്യേക റേറ്റാണ്. പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തരംഗ വാര്‍ത്തകളും അഭിപ്രായവോട്ടെടുപ്പു ഫലവും നിഷ്പക്ഷമെന്ന മട്ടില്‍ നല്‍കാനും റെഡി. ഈ പ്രവണത ജനാധിപത്യപ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് വിലയിരുത്തുന്നത്. 2004ല്‍ ഇവരുടെ എണ്ണം 108 ആയിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 184 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടും ഹരിയാനയില്‍ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യസഭയില്‍ നൂറു കോടിശ്വരന്മാരുണ്ട്. 200ല്‍ അധികം കോടി ആസ്തിയുള്ളവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ലോക്സഭയില്‍ 2004ല്‍ 156 കോടിശ്വരന്മാരാണുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 102 ശതമാനം വര്‍ധന. 2004ല്‍ ഒരു എംപിയുടെ ശരാശരി ആസ്തി 86 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 5.33 കോടി രൂപയാണ്.

കുത്തകകള്‍ക്കുമാത്രം വിജയിച്ചുവരാന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളെ കുറെയെങ്കിലും മാറ്റിത്തീര്‍ക്കുന്നതായിരിക്കുന്നു മാധ്യമപ്രചാരണത്തിന്റെ പുതിയ രീതി. ഇവിടെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പ്രസക്തി. മന്ത്രിസഭാരൂപീകരണത്തിലും വകുപ്പു വിഭജനത്തിലും നിര്‍ണായകസ്വാധീനം ചെലുത്തിയെന്നു വെളിപ്പെടുത്തിയ ഫോണ്‍ ടേപ്പുകള്‍ക്കു മുകളില്‍ ഒരു വര്‍ഷത്തിലധികം അടയിരിക്കുകയാണ് സിബിഐ ചെയ്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഇത് ചോര്‍ന്നു കിട്ടിയെന്ന അന്വേഷണം പ്രഖ്യാപിക്കാന്‍ അസാധാരണ തിടുക്കമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. മാധ്യമങ്ങളുടെ അപചയം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും പ്രധാനമായും മാധ്യമങ്ങള്‍തന്നെയാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

നവമാധ്യമങ്ങള്‍ കുറെയൊക്കെ ഈ ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെയ്യാവുന്നതിന് ഇന്ത്യയില്‍ നിരവധി പരിമിതിയുണ്ട്. പെയ്ഡ് ന്യൂസ് സംബന്ധിച്ച് രാജ്യസഭയില്‍ ഞാന്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യമായാണ് പാര്‍ലമെന്റ് ഈ പ്രവണതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രസ്കൌസിലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നാണ് വാര്‍ത്താവിതരണമന്ത്രി അംബികാസോണി പറഞ്ഞത്. പ്രസ് കൌസിലിന്റെ അന്വേഷണ കമീഷന്‍ സമര്‍പ്പിച്ചത് 36,000 വാക്കുള്ള റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍, അതിലെ പ്രധാനഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് കേവലം 3600 വാക്കായി കൌസില്‍ അത് ചുരുക്കി. ഇതു കാണിക്കുന്നത് ഇപ്പോഴത്തെ മാധ്യമഇടപെടലുകള്‍ തുറന്നുകാണിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നുകൂടിയാണ്. ഒപ്പം ഉദാരവല്‍ക്കരണം ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ കളിയുപകരണങ്ങളാക്കി മാറ്റുന്നതെന്നുകൂടി ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

ചൊവ്വാഴ്ച, ഡിസംബർ 07, 2010

വീഴ്ചകള്‍ തിരുത്തി എല്‍ഡിഎഫ് ശക്തിപ്പെടുത്തും പിണറായി

Poly Varghese ഇതില്‍ കൂടുതക്ല്‍ വീഴ്ച ഇനി വരാനില്ല ഇത് എന്നെ ചീഞ്ഞി പോയി സഖാകളെ രാഷ്ട്രീയം കോര്പരെടുകള്‍ക്ക് തീര്‍ എഴുതിയ പിണറായി തന്നെ ആണ് ഇന്നി ഒന്ന്നും ചെയ്യാനില്ല മൊത്തത്തില്‍ കുഴിച്ചു മോള്ടുക അല്ലെങ്കില്‍ ഇത് ക്രിമിനല്‍ സഖമായി മാറും അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്നു
_______________________________________________________________

        നിലവിലുള്ള ശീലങ്ങനുശൃതമായി കാര്യങ്ങളേ പ്രചരിപ്പിക്കുക എന്നതില്‍ വലതുപക്ഷം വിജയം കണുന്നു എന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. തൊറ്റത് തെറ്റുകള്‍കൊണ്ടാണ് എന്നുപറുയുന്നതിന്റെ മുറുവായന, ജയിച്ചത് ശരിയായ നിലപാടിന്റെതാണ് എന്നു വരുന്നു. ...

        അത് സമ്മതിക്കാന്‍ സാമാന്യ ബോധംപോലും തീര്‍ച്ചയായിട്ടും നാണിക്കുമെങ്കിലും. ഉയര്‍ന്നു ചിന്തിക്കുന്നവരെപോലും " എന്നെ ചീഞ്ഞി പോയി സഖാകളെ രാഷ്ട്രീയം കോര്പരെടുകള്‍ക്ക് തീര്‍ എഴുതിയ പിണറായി തന്നെ ആണ്" എന്നു തോല്‍വിയുടെ ലളിത ഫോര്‍മൂല നമ്മെകൊണ്ട് തന്നെ പറയിപ്പിക്കാന്‍ കഴിയുന്നു എന്നത് വലതു പക്ഷതിനുള്ള ചാര പണിയുടെ ഭാഗമാണെന്നു എന്നു പറയുന്നത് പുത്തന്‍ അധിനിവേശ ആക്രമണങ്ങളെ ചുരുക്കികാണുന്നതാവും.

       സച്ചിന്റെ ഫോമിനനുസരിച്ചു ടീമിന്റെ ജയപരാജയങ്ങളെപോലേ, പിണറായി എന്ന കൂനികൂടിയ ധാര്‍ഷ്ട്യയത്തില്‍ "ഇന്നി ഒന്ന്നും ചെയ്യാനില്ല മൊത്തത്തില്‍ കുഴിച്ചു മൂടുക അല്ലെങ്കില്‍ ഇത് ക്രിമിനല്‍ സഘമായി മാറും അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്നു" എന്നു ലോകത്തിലെ രണ്ടാമത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ കുറിച്ചു പറയുന്നത്, തൊഴിലാളിവര്‍ഗ ബോധത്തിലേക്ക് നവലിബറല്‍ കടന്നുകയറ്റം സാധ്യമാക്കിയതിന്റെ ഫലമാണ്....

      അതെ, വര്‍ഗ ശത്രുവിന്റെ ആശയ പ്രചാരകര്‍ നമ്മളില്‍ ചിലര്‍ത്തന്നെ നാം തന്നെയാവുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലെ പോരായ്മയെ ആണ് "ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച് എല്‍ഡിഎഫ് ശക്തമായി മുന്നോട്ട് പോവുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍" പറഞ്ഞതിനെ വായിക്കണ്ടത്......!!!

വെള്ളിയാഴ്‌ച, ഡിസംബർ 03, 2010

ഷാഹിനയെ വായിക്കണ്ടത്.

        വലതു പക്ഷം അതിന്റെ ചൂഷ്ണമുഖം കൂടുതല്‍ വെക്തമാക്കപെടുമ്പോഴാണ്, അത് അതിന്റെ ഫാസിസ്റ്റ് ലളിതവല്‍ക്കരണം സ്വീകരിക്കുന്നത്. ആ സൈലി നമുക്ക് വളറേ അനാവൃതമായത് കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിലാണ്. ഒപ്പം നടന്നു തീവ്രവാദ വിടുവായത്തം പറഞ്ഞു നടന്നപ്പോള്‍, ആ മണ്ണോരുക്കലില്‍ അവരുടെ ഗുടാലോചനയില്‍ തന്നെ തീവ്രവാദിയായി വിചാരണ പേരില്‍ കുറേ തിരെരഞ്ഞെടുപ്പുകള്‍ ജനത്തെ കഴുതകളാക്കിയത്.
       ആ അജണ്ട തള്ളിയത്,   മതേതരവാദിയും, ആദര്‍ശ മിശിഹായുമായ അന്തോണിച്ചായന്റെ കാര്‍മികത്തിലാണ്. മഅദനി വന്നാല്‍ ക്രമസമാധാ തകരുമെന്നു, അതുവരെ ഓരോ തിരഞ്ഞെടുപ്പുവരുമ്പോഴും പൊതിചോറുമായി ചെന്നവര്‍ തന്നെയാണ് രേഖാമൂലം അറിയിച്ചതു.

      വലതുപക്ഷം ഇടത് പക്ഷത്തേക്കാള്‍ മിടുക്കരാണ് എന്നു തെളിയിച്ചത് കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിലാണ്. അതുവരെ ചുമന്നു നടന്നവര്‍ ഈരയില്‍ ഇരയാക്കി cpi(m)-നെതിരെ ഉപയോഗിച്ചത്. ഒസാമായേക്കാള്‍ വലിയ തീവ്രവാദിയായി ചിത്രികരിച്ചുത്  ആക്രമിക്കാനുള്ള കവണയായിരുന്നു മഅദനി. അതില്‍ പിണറായിയോടുള്ള വെക്തി വിരോധകൂടി ചേര്‍ന്നപ്പോള്‍ രംഗ കൊഴുത്തു.

      ഇവിടെയാണ് "ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന" പറഞ്ഞത് നോക്കികാണണ്ടത്! "ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്." മാത്രമല്ല, "ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരി"ച്ചുകോണ്ട് വലതുപക്ഷം അതിന്റെ കുതന്ത്രം മുന്നേകൂട്ടിതന്നെ നീക്കിയിരുന്നു. ഇവിടെ അതിന്റെ നേതൃത്വ തലച്ചോറ് ഹിന്ദു മതേതര 'മാതൃഭൂമി' നാവുകളുടെതാണ്.

     ബിംബവലക്കരണത്തിന്റെ സാമാന്യബോധം ശ്രഷ്ടിക്കപെടുന്നത് വലതുപക്ഷത്തിന്റെ ആവശ്യമാണ്. കമ്യൂണിസ്റ്റ് ബിംബവല്‍ക്കരണം സൃഷ്ടിച്ചു മുന്നില്‍ കൊണ്ടാടി വെക്കുന്നത് ഒരു സൊഷ്യലിസ്റ്റ് സമുഹത്തിനുവേണ്ടിയല്ല, വെക്തികത വാദഗഥി അതവ മോഡല്‍ രീതി മുന്നോട്ട് വെക്കുന്നത് സംഘടന ബോധത്തില്‍ തുരപ്പന്‍ പണിക്കുവേണ്ടിയാണ്. ഇത് തിരിച്ചറിയാത്തവരാണ് ഇവരുടെ പരിളാണ് ബിംബവല്‍ക്കരണത്തില്‍ സ്വയം അവരോ​‍ധിച്ചു അതിവിപ്ലവത്തിലൂടെ ഒറ്റുകാരന്റെ തൗത്യം നിര്‍വഹിച്ചത്. പ്രതിരോധം വര്‍ഗബോധത്തില്‍ രാകിമൂര്‍ച്ചവരുത്തിയതാവണം!
 മുസ്ലീമായതുകൊണ്ടല്ല, മഅദനിയും ഷാഹിനയും കല്ലെറിയപെടുന്നത്. സ്വത്വ ബോധം, വര്‍ഗ ബോധവുമായി സഖ്യം ചേരുന്നതിന്റെ അപകടം തിരുച്ചറിയുന്ന, സ്വത്വരാഷ്ട്രിയത്തില്‍ അന്തിയുറങ്ങുന്നവരാണ് മഅദനിയെയും, ഷാഹിനെയെയും കല്ലെറിയുന്നത്. അതില്‍ ബി ടീം മാത്രമാണ് അര്‍ എസ് എസ്. ഇവിടുത്തെ മാ​‍ധ്യമവലതുപക്ഷ തലച്ചോറുകളുടെ തിരിച്ചറിവ്, ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. ഈ ന്യായം പുത്തന്‍ അധിനിവേശ നേതൃത്വത്തിന്റെ വേദ വാക്യമാണ്.തിരിച്ചറിയുന്നവര്‍ സിണ്ടിക്കേറ്റിനെതിരെ വിരല്‍ ചൂണ്ടും, അല്ലാത്തവര്‍ അവരുടെ മുന്നിലിരുന്നു വംമ്പത്തരം പറയും....!

    

വ്യാഴാഴ്‌ച, നവംബർ 25, 2010

അഴിമതിയുടെ പര്യായമായ രണ്ടാം യുപിഎ

കോടികളുടെ അഴിമതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ലക്ഷം കോടികളുടെ കാലമാണ്. ആഗോളവല്‍ക്കരണകാലം അഴിമതിയുടെ നിര്‍വചനങ്ങളെയും സങ്കല്‍പ്പങ്ങളെയും പുതുക്കിയെഴുതിയിരിക്കുന്നു. കൈക്കൂലി ഇന്ന് കാലഹരണപ്പെട്ട ഒരു പദമായി മാറിയിരിക്കുന്നു. ആ വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒതുങ്ങുന്ന വലിപ്പമല്ല ഇന്ന് ഈ വിഭാഗത്തില്‍പ്പെടുന്ന പണത്തിനുള്ളത്. രണ്ടാം തലമുറ സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടി രൂപയുടെതാണ്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസബജറ്റിന്റെ മൂന്നിലൊന്നു വരുന്ന തുകയാണത്. ഖജനാവിന് നഷ്ടപ്പെട്ട ആ പണമുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് എത്ര സ്കൂളുകള്‍ പുതുതായി ആരംഭിക്കാമായിരുന്നു? എത്ര പുതിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുമായിരുന്നു? അല്ലെങ്കില്‍ എത്ര ആയിരം അധ്യാപകരെ സൃഷ്ടിക്കാമായിരുന്നു? എത്ര ആശുപത്രികള്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു? ഇനിയുമേറെ നീട്ടാന്‍ കഴിയുന്ന താരതമ്യമാണിത്.
അടുത്തിടെ പ്രസിദ്ധീകരിച്ച യുഎന്‍ഡിപി റിപ്പോര്‍ട് പ്രകാരം ദയനീയാവസ്ഥയിലുള്ള രാജ്യത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ വരുന്ന ചിന്തകളാണിതെല്ലാം. അഴിമതിയുടെ പര്യായമായി പരിഗണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ദയനീയമാണ് ദാരിദ്യ്രത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ അവസ്ഥ. പോഷകാഹാര കുറവ്മൂലം ഏറ്റവുമധികം കുട്ടികള്‍ മരണപ്പെടുന്ന രാജ്യമാണ് നമ്മുടേത.് ഏറ്റവും അധികം ദരിദ്രര്‍ ജീവിക്കുന്ന രാജ്യത്ത് പണമില്ലായ്മയാണ് പ്രധാന തടസമായി പറയുന്നത്. അപ്പോഴാണ് രാജ്യത്തിന്റെ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ വാര്‍ത്ത വരുന്നത്. അതിനു അരങ്ങൊരുക്കിയവര്‍ക്ക് എത്ര കോടികള്‍ ലഭിച്ചിട്ടുണ്ടാകുമെന്നും അവര്‍ ആരൊക്കെയാണെന്നുമാണ് ഇനി അറിയാനുള്ളത്.
എല്ലാം പ്രധാനമന്ത്രി അറിഞ്ഞിട്ടാണെന്ന് സാധ്യമായ എല്ലായിടങ്ങളിലും രാജ ആവര്‍ത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും രാജ പറയുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് എഴുതിയ കത്തിലും രാജ അത് ഓര്‍മിപ്പിക്കുന്നുണ്ട്്. സ്പെക്ട്രം അനുവദിക്കുന്ന രീതി സുതാര്യമായിരിക്കണമെന്ന് പറഞ്ഞ് ശക്തമായി കത്തെഴുതിയ പ്രധാനമന്ത്രിക്കുള്ള മറുപടിയിലാണ് രാജ ഇത് സൂചിപ്പിക്കുന്നത്. ഈ കത്ത് കൈപ്പറ്റിയെന്നു മാത്രം എഴുതി അറിയിച്ച പ്രധാനമന്ത്രി പിന്നീട് എന്തേ നിശബ്ദനായി. മന്ത്രിമാരുടെ സംഘത്തിന്റെ തീരുമാനത്തിനും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായത്തിനും വിധേയമായി മാത്രമേ ഈ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് കത്തെഴുതിയ നിയമമന്ത്രിയുടെ അഭിപ്രായത്തെയും ധനമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗം അവലംബിക്കണമെന്ന നിര്‍ദേശത്തെയും പുച്ഛിച്ച് തള്ളുമ്പോഴും മന്ത്രിസഭയുടെ തലവന്‍ എങ്ങനെ നിശബ്ദനായി എന്ന ചോദ്യം പ്രസക്തം. രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതിക്കായുള്ള അപേക്ഷയില്‍ അടയിരുന്ന പ്രധാനമന്ത്രിയുടെ നടപടിയില്‍ സുപ്രീംകോടതി ഞടുക്കം രേഖപ്പെടുത്തിയത് സമീപകാല ചരിത്രത്തിലെ അപൂര്‍വ നടപടിയാണ്.
അഴിമതി ആരോപണത്തിനു വിധേയമായി രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നും രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് രാജ. ആദ്യത്തെയാള്‍ നമ്മുടെ നാട്ടില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരാണ്. ക്രിക്കറ്റായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഉദാരവല്‍ക്കരണകാലം എല്ലാമേഖലകളെയും അഴിമതിയുടെ കേളീരംഗമാക്കി മാറ്റി. അടിമുടി കച്ചവടവല്‍ക്കരിക്കപ്പെട്ട ക്രിക്കറ്റിന്റെ പുതിയ രൂപമായ ഐപിഎല്‍ ആയിരുന്നു തരൂരിന് കളിക്ക് വേദിയായത്. വിയര്‍പ്പിന്റെ ഓഹരിയെന്ന പദം ചര്‍ച്ചകളില്‍ നിറഞ്ഞു. വിയര്‍പ്പൊഴുക്കിയതിനു പകരം ഓഹരി വാങ്ങിയ സുനന്ദ ഇപ്പോള്‍ ശശിയുടെ മൂന്നാം ഭാര്യയാണ്.

അടുത്ത വിവാദത്തിന്റെ വിഷയം കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു. ഒളിംമ്പിക്സ് സംഘടിപ്പിച്ചതിലെ മികവിലൂടെ ലോകത്തെ അമ്പരപ്പിച്ച ചൈനയുടെ വഴിയിലൂടെ ഇന്ത്യയും നീങ്ങുന്നെന്നായിരുന്നു ആദ്യ പ്രചാരവേല. എന്നാല്‍, രാജ്യത്തിനു അവമതിപ്പ് മാത്രമായി മിച്ചം. ഒരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം എല്ലാ തരത്തിലും അഴിമതി കോമണ്‍വെല്‍ത്തില്‍ കൊടികുത്തി വാണു. വിദ്യാഭ്യാസവ്യാപനത്തിനായുള്ള സര്‍വശിക്ഷ അഭിയാനിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വിഹിതത്തേക്കാളും അധികമാണ് കോമണ്‍വെല്‍ത്തിനായി ചെലവഴിച്ചത്. കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെപ്പിച്ചതാണ് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്്. എന്നാല്‍, കല്‍മാഡിയില്‍ ഒതുങ്ങുന്നതല്ല കോമണ്‍വെല്‍ത്തിന്റെ അഴിമതി. ഇതിനായി ചെലവഴിച്ച തുകയുടെ നല്ലൊരു പങ്കും ചെലവഴിച്ചത് ഡല്‍ഹി സര്‍ക്കാരാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നഗര വികസനമന്ത്രാലയമാണ്. സാധാരണഗതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടത് കായികമന്ത്രാലയമാണ്. ഇവരെല്ലാം അധികാരസ്ഥാനങ്ങളില്‍ തുടരുകയാണ്. പാര്‍ടി സ്ഥാനം രാജിവെച്ച കല്‍മാഡിയോട് താന്‍ വഹിക്കുന്ന കായിക ചുമതലകള്‍ ഒഴിയണമെന്ന് എന്തേ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല?
രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരെപോലും അഴിമതിക്കായി കരുവാക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല കോണ്‍ഗ്രസ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ അതാണ് കണ്ടത്. കാര്‍ഗിലില്‍ ഉള്‍പ്പെടെ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിന് രൂപികരിച്ച സൊസൈറ്റിയുടെ മറവില്‍ വന്‍ കച്ചവടമാണ് നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ ധാര്‍മികമായി വലിയ എന്തോ കാര്യംചെയ്ത മട്ടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, ഇതുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടു മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിട്ടുണ്ട്. അവരെ തൊടാന്‍ എന്തേ കോണ്‍ഗ്രസ് മടികാണിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നത്. തീരദേശ നിയമപ്രകാരം അനുവദനീയമായതിനേക്കാളും ഏറെ അധികം നിലകളുള്ള കെട്ടിടത്തിന് എങ്ങനെ കേന്ദ്ര അനുമതി ലഭിച്ചു? ഇനി അനുമതി വാങ്ങാതെയാണ് നിര്‍മിച്ചതെങ്കില്‍ എല്ലായിടത്തും വാളുമായി ഇറങ്ങുന്ന ജയറാം രമേശ് എന്തേ കണ്ണടച്ചു? ഇപ്പോള്‍ ക്ളീന്‍ ഇമേജുമായി മുഖ്യമന്ത്രിയായ പൃഥിരാജ് ചൌഹാന്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് സ്വന്തമാക്കിയതിനെ സംബന്ധിച്ച് പുതിയ വിവാദവും തുടങ്ങിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങളെയും രാജ്യത്തിന്റെ പൊതുസമ്പത്തിനെയും വിറ്റുതുലച്ച് ലക്ഷം കോടികള്‍ കൊള്ളയടിക്കുന്ന സംഘമായി രണ്ടാം യുപിഎ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ജനങ്ങളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്നതിലൂടെ തനിക്കും എന്തോ മറയ്ക്കാനുണ്ടെന്നു തന്നെയാണ് അദ്ദേഹം സ്വയം പ്രഖ്യാപിക്കുന്നത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തിനുശേഷം എന്തെങ്കിലും മാറ്റമുണ്ടോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
 പി രാജീവ്

വെള്ളിയാഴ്‌ച, നവംബർ 19, 2010

ചൈന

ചൈനയെ നിങ്ങള്‍ എന്തിനു ഭയക്കണം?
ജനസഖ്യയാല്‍ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യം, നിങ്ങള്‍ കണ്ടത്തിയതുപോലേ ജനം തിന്നു തീര്‍ത്താല്‍ തകര്‍ന്നുകൊള്ളും......
കമ്യൂണിസമെന്ന കാലഹരണപെട്ട ദര്‍ശനത്തിന്‍ കീഴിലാണ് ചൈന. ഒരു നഖ പൊട്ടിന്റെ അത്രമാത്രമുള്ള ക്യൂബ അമേരിക്ക എന്ന കോംമ്പത്തെ ചെകുത്താന്റെ മൂക്കിന്‍ കീഴിലാണ്. അതും ആ കാലഹരണപെട്ട ദര്‍ശനത്തിന്‍ കീഴില്‍..... മാക്സിസത്തിന്‍ കീഴില്‍....!!!

ബുധനാഴ്‌ച, നവംബർ 17, 2010

ഇല്ല ! സുനിത സമ്മതിക്കില്ല..

സുനിതയെ ഇന്ത്യയിലെ സെക്‌സ് മാഫിയ എന്തിന് ഭയക്കുന്നു?.

ഭയം സുനിതയുടെ നിഘണ്ടുവില്‍ ഇല്ല എന്നതു തന്നെ കാരണം. വ്യഭിചാരത്തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പാവം പെണ്‍കുട്ടികളുടെ രക്ഷകയാണ് ഈ നാലടി ആറിഞ്ചുള്ള കൃശഗാത്രി.

ഇന്ത്യയിലും സമീപരാജ്യങ്ങളില്‍നിന്നുമായി പ്രതിവര്‍ഷം രണ്ടുലക്ഷം പേരെ തട്ടിക്കൊണ്ടുവന്ന് വന്‍ നഗരങ്ങളിലും ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലും വ്യഭിചാരവൃത്തിക്ക് വിനിയോഗിക്കുന്നു. ഇതിന് മധ്യേയാണ് ഡോ. സുനിത കൃഷ്‌ണന്‍ പ്രതിരോധ കവചമണിഞ്ഞ് നില്‍ക്കുന്നത്. വാണിജ്യ ലൈംഗിക ചൂഷണത്തിനായി തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്ന സുനിത ലൈംഗിക പീഡനത്തിന് ഇരയാകുന്ന സ്‌ത്രീകളുടെയും കുട്ടികളുടെയും മോചനത്തിനായി ഒന്നരപതിറ്റാണ്ടായി പോരാട്ടത്തിലാണ്.

വധശ്രമവും ഭീഷണിയും തുടര്‍ച്ചയായി ഈ നാല്‍പ്പത്തൊന്നുകാരി നേരിടുന്നു. പതിനാല് തവണ സെക്‌സ് മാഫിയ സംഘങ്ങള്‍ ആക്രമിച്ചു. ഒരു ചെവി അവര്‍ അടിച്ചുപൊട്ടിച്ചു. തട്ടിക്കളയും എന്ന ഫോണ്‍ ഭീഷണി തുടര്‍ച്ചയായി വന്നപ്പോള്‍ പൊലീസ് രംഗത്തുവന്നു. ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രതി വീടും പൂട്ടി മുങ്ങി. ഗുണ്ടൂര്‍കാരനായ അയാള്‍ ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരു സ്‌ത്രീയോടൊപ്പമാണ്.

മാംസക്കച്ചവടത്തിന്റെ ഇരയാക്കി മാറ്റിയ അയാളുടെ കാമുകിയെ ഏഴുവര്‍ഷംമുമ്പ് സുനിത രക്ഷപ്പെടുത്തിയിരുന്നു. കീശനിറയ്‌ക്കാനുള്ള ഒരു 'കച്ചവടസാമഗ്രിയെ' രക്ഷപ്പെടുത്തിയതിലുള്ള രോഷമായിരുന്നു ആ വധഭീഷണി. പക്ഷേ അതിനുമുമ്പേ അവളെ എയ്‌ഡ്‌സ് കാര്‍ന്നുതുടങ്ങിയിരുന്നു. ഇന്ന് അവള്‍ ജീവിതത്തിന്റെ അന്ത്യഘട്ടത്തിലാണ്. തന്റെ പഴയ കാമുകനാണ് വധഭീഷണി മുഴക്കിയതെന്നറിഞ്ഞപ്പോള്‍ അവള്‍ കരഞ്ഞുപറഞ്ഞു: "വല്യേട്ടത്തീ... അയാള്‍ ക്രൂരനാണ്. എങ്കിലും വെറുതെ വിട്ടേക്കൂ...'' സുനിത അത് കേട്ടു. അന്തേവാസികള്‍ക്ക് അമ്മയും വല്യേട്ടത്തിയും അധ്യാപികയും എല്ലാമാണ് സുനിത.

സുനിതയുടെ പോരാട്ടത്തിന്റെ ഫലമായി ജീവിതം തിരിച്ചുകിട്ടിയത് ആയിരങ്ങള്‍ക്കാണ്. സെക്‌സ് മാഫിയയുടെ ഇരകളായ സ്‌ത്രീകളേയും പെണ്‍കുഞ്ഞുങ്ങളേയും ഹൈദരാബാദിലെ 'പ്രജ്വല' എന്ന സംഘടനയിലൂടെ സംരക്ഷിക്കുന്നു. എച്ച്ഐവി ബാധിതരായവരെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം.

പാലക്കാടന്‍ മണ്ണിന്റെ പൈതൃകമാണ് സുനിതയ്‌ക്ക്. അച്‌ഛന്‍ രാജു കൃഷ്‌ണന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, അമ്മ നളിനി. ജനനം ബംഗളൂരുവില്‍. അച്‌ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മാറി മാറി താമസം. ബംഗളൂരുവില്‍ താമസിക്കുമ്പോഴായിരുന്നു ഓര്‍മയെ നടുക്കുന്ന ആ സംഭവം. 16 വയസ്സുള്ളപ്പോള്‍ എട്ടുപേര്‍ ചേര്‍ന്ന് സുനിതയെ പിച്ചിച്ചീന്തി. ആ അനുഭവം സുനിതയെ വേറിട്ടൊരു വഴിയിലേക്ക് നയിച്ചു. കൂട്ടമാനഭംഗത്തിനിരയായി എന്നൊരു ചിന്തയേ ആ കൌമാരമനസ്സിനെ ബാധിച്ചില്ല. തന്നെപ്പോലെ ആയിരക്കണക്കായ കുട്ടികള്‍, യുവതികള്‍ ലൈംഗിക ആക്രമണത്തിനും ചൂഷണത്തിനും വിധേയമാകുന്നുവെന്ന യാഥാര്‍ഥ്യം അവളുടെ മനസ്സിനെ തട്ടിയുണര്‍ത്തി. തളര്‍ച്ചയ്‌ക്കുപകരം ആത്മവീര്യത്തിന്റെ നാമ്പുകളാണ് ആ മനസ്സില്‍ മുളച്ചത്. തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കും മാന്യമായ ഒരു ജീവിതം വേണം. അതിനുള്ള സാഹചര്യവും സംവിധാനവും ഉണ്ടാകണം. സുനിതയുടെ തീരുമാനത്തെ വീട്ടുകാര്‍ വിലക്കിയെങ്കിലും നിശ്ചയിച്ച വഴിയിലൂടെ സഞ്ചരിച്ച് ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. മനഃശാസ്‌ത്ര-സാമൂഹ്യസേവനത്തില്‍ ഡോക് ‌ടറേറ്റും കരസ്ഥമാക്കി.

ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും അത്ര എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ സുനിതയെ സംശയദൃഷ്‌ടിയോടെയാണ് അവര്‍ വീക്ഷിച്ചത്. എന്നാല്‍, കുറേക്കഴിഞ്ഞപ്പോള്‍ വേദനകള്‍ ഇറക്കിവയ്‌ക്കാനുള്ള അത്താണിയായി അവര്‍ സുനിതയെ കാണാന്‍ തുടങ്ങി. മനോവൈകല്യമുള്ള പന്ത്രണ്ടുകാരിയെ പട്ടാപ്പകല്‍ ഒരാള്‍ മാനഭംഗപ്പെടുത്തി. ആ കുട്ടിയെ രക്ഷപ്പെടുത്തിയതോടെ സുനിത ശ്രദ്ധാകേന്ദ്രമായി.

ബംഗളൂരുവില്‍ 1996ല്‍ നടന്ന ലോകസുന്ദരി മത്സരത്തിനെതിരെ സ്‌ത്രീകളെ തെരുവില്‍ ഇറക്കിയതിന് സുനിതയ്‌ക്ക് രണ്ടുമാസം ജയിലില്‍ കിടക്കേണ്ടിവന്നു. ജീവകാരുണ്യപ്രവര്‍ത്തകനായ ബ്രദര്‍ വര്‍ഗീസ് തെക്കനത്തുമായി പരിചയപ്പെട്ടതോടെ സുനിത ഹൈദരാബാദിലെത്തി. അവിടെ ബ്രദര്‍ ജോസ് വെട്ടിച്ചെട്ടിലുമായി പരിചയപ്പെട്ടു. ജീവകാരുണ്യ പ്രവര്‍ത്തകനാണ് ബ്രദര്‍ ജോസ്. ഭൂകമ്പാനന്തരം ലാത്തൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്രദര്‍ ജോസ് അശരണരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി 'ബോയ്‌സ് ടൌണ്‍' എന്ന സാങ്കേതിക പരിശീലനകേന്ദ്രം ഹൈദരാബാദില്‍ നടത്തിയിരുന്നു. സുനിതയുടെ ജീവിതവീക്ഷണവും അര്‍പ്പണവും ബ്രദര്‍ ജോസിന് ഇഷ്‌ടമായി. അങ്ങനെയാണ് 2005 സെപ്തംബര്‍ 18ന് 'പ്രജ്വല' സ്ഥാപിതമാകുന്നത്. നിര്‍ബന്ധിത വ്യഭിചാരത്തിന് വിധേയമാകുന്നവരെ ബോധവല്‍ക്കരണത്തിലൂടെ തിരികെ കൊണ്ടുവരിക. അത്തരം സ്‌ത്രീകള്‍ക്ക് മാന്യമായ തൊഴിലില്‍ പരിശീലനം നല്‍കുക, അമ്മമാരുടെ പാത മക്കള്‍ പിന്തുടരാതെ നോക്കുക എന്നിവയാണ് പ്രജ്വലയുടെ പ്രധാന ലക്ഷ്യം. ബ്രദര്‍ ജോസ് വൈകാതെ മരിച്ചു.

പ്രജ്വലയ്‌ക്ക് 'ഒറ്റുകാരുടെ' ഒരു ശൃംഖലയുണ്ടെന്ന് സുനിത പറഞ്ഞു. എവിടെയൊക്കെ വേശ്യാലയങ്ങള്‍ നടക്കുന്നുവെന്ന് വിവരം ഇവരിലൂടെ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സഹായത്തോടെ റെയ്‌ഡ് ചെയ്യും. മോചിപ്പിക്കപ്പെടുന്നവരെ പ്രജ്വല ഏറ്റെടുക്കും. മാസങ്ങള്‍ നീണ്ട ബോധവല്‍ക്കരണത്തിനുശേഷമാണ് ഇവരെ പുതിയ ജീവിതത്തിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടികളുടെ ജീവിതസാഹചര്യം, വസ്‌ത്രധാരണരീതി, നടത്തം, പെരുമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കും.

1996ല്‍ ഹൈദരാബാദിലെ ചുവന്ന തെരുവായ മെഹബൂബ് കീ മെഹന്‍ഡിയില്‍ സുനിത ഒരു സ്‌കൂള്‍ സ്ഥാപിച്ചു. അവിടെനിന്ന് സ്‌ത്രീകളെ കോടതി ഉത്തരവ് അനുസരിച്ച് പൊലീസ് ഒഴിപ്പിച്ചപ്പോള്‍ അമ്മമാര്‍ പലവഴിക്ക് രക്ഷപ്പെട്ടു. നിരാലംബരായ കുട്ടികള്‍ക്കുവേണ്ടിയായിരുന്നു ആ സ്‌കൂള്‍. അഞ്ച് കുട്ടികളുമായാണ് തുടങ്ങിയത്. പിന്നീട് അമ്മമാര്‍തന്നെ മുന്‍കൈയെടുത്ത് കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങി. ഇന്ന് ഹൈദരാബാദ് നഗരത്തില്‍ 17 സ്‌കൂളുകള്‍ നടത്തുന്ന പ്രജ്വലയിലെ കുട്ടികളുടെ എണ്ണം അയ്യായിരത്തിലേറെയാണ്.

പുനരധിവസിക്കപ്പെട്ട കുട്ടികളില്‍ മിക്കവരും എച്ച്ഐവി പോസിറ്റീവ്. പീഡനത്തിന്റെ നടുക്കുന്ന കഥകളാണ് കുട്ടികള്‍ക്കൊക്കെ പറയാനുള്ളത്. ആറോ ഏഴോ വയസ്സുള്ള ആണ്‍മക്കള്‍ അമ്മമാരുടെ കൂട്ടിക്കൊടുപ്പുകാരായി വളര്‍ന്നു. എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ അമ്മമാര്‍തന്നെ മാംസക്കച്ചവടത്തിന് വിറ്റു. ഇതിന് ഒരളവോളം മാറ്റം വരുത്താന്‍ പ്രജ്വലയിലൂടെയും അതിലെ സ്‌കൂളുകളിലൂടെയും കഴിഞ്ഞുവെന്ന് സുനിത പറഞ്ഞു. സ്‌കൂളുകള്‍ക്കുപുറമെ മൂന്ന് പുനരധിവാസകേന്ദ്രങ്ങള്‍ നടത്തുന്നു. രണ്ടെണ്ണം കുട്ടികള്‍ക്കും ഒരെണ്ണം സ്‌ത്രീകള്‍ക്കും. ആസ്‌താ നിവാസ്, ആശാനികേതന്‍ എന്നാണ് യഥാക്രമം അവ അറിയപ്പെടുന്നത്.

ഏഴാം ക്ളാസുവരെ ആസ്‌താ നിവാസില്‍ കുട്ടികളെ പഠിപ്പിക്കും. പിന്നീട് മറ്റ് സ്‌കൂളുകളിലേക്ക് മാറ്റും. അതും ശ്രമകരമായ ജോലിയാണ്. 'കുട്ടികളെ പൊതുജീവിത ധാരയിലേക്ക് കൊണ്ടുവരികയാണ് ഉദ്ദേശ്യം. എന്നാല്‍, ദൌര്‍ഭാഗ്യമെന്നുപറയട്ടെ പ്രജ്വലയ്‌ക്ക് കിട്ടിയ അംഗീകാരം കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് തടസ്സമാകുന്നു. മനുഷ്യക്കടത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് കുട്ടികളെന്നും അവരില്‍ ചിലര്‍ എച്ച്ഐവി പോസിറ്റീവാണെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാം. അതിനാല്‍ ചില സ്‌കൂള്‍ അധികൃതര്‍ വൈദ്യപരിശോധനയ്‌ക്ക് നിര്‍ബന്ധിക്കും. എന്തെങ്കിലും കാരണം പറഞ്ഞ് കുട്ടികളെ അകറ്റിനിര്‍ത്താനാണ് ഇത്'- സുനിത പറയുന്നു.

സ്‌ത്രീകള്‍ക്കായി പരിശീലനകേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. പ്രിന്റിങ്, ബുക്ക് ബയന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ്, മരപ്പണി, വെല്‍ഡിങ്, ഡ്രൈവിങ് തുടങ്ങിയ ജോലികളാണ് പരിശീലിപ്പിക്കുന്നത്. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് വേതനം നല്‍കുന്നു. യൂണിസെഫ്, കാത്തലിക് റിലീഫ് സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള ധനസഹായവും ഇതിന് ഉപയോഗിക്കുന്നു. ടാക്‌സി, ഓട്ടോഡ്രൈവര്‍മാരായി ജോലിനോക്കുന്ന പലരുമുണ്ട്. ഹോട്ടലുകള്‍, ഹോസ്‌റ്റലുകള്‍ എന്നിവിടങ്ങളില്‍ ഹൌസ്‌കീപ്പറായി ജോലിചെയ്യുന്നവരും നിരവധി. സുനിതയുടെ പുനരധിവാസ പദ്ധതിക്ക് അമൂല്‍ ഇന്ത്യ, താജ് ഗ്രൂപ്പ് ഹോട്ടലുകള്‍, ഹെറിറ്റേജ് ആശുപത്രികള്‍ എന്നിവ സഹകരിക്കുന്നു. മുന്നൂറോളംപേര്‍ ഇങ്ങനെ ജോലിചെയ്യുന്നു. 650 പേര്‍ക്ക് ഇതിനകം വിവാഹജീവിതം നല്‍കി.

സാമ്പത്തികം, സ്ഥലം എന്നിവയൊക്കെ പ്രജ്വലയെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ഒരു ഘട്ടത്തില്‍ ഓഫീസ് സാധനങ്ങള്‍ വിറ്റ് പ്രജ്വലയിലെ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വന്നു. എന്നാലും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു. തനിക്ക് ലഭിക്കുന്ന പല പുരസ്‌കാരങ്ങളും ഇതിന് സഹായകമാണ്. ഏറ്റവും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മലയാളിക്കുള്ള വി ഗംഗാധരന്‍ സ്‌മാരക ട്രസ്‌റ്റ് പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് സുനിത പറഞ്ഞു. സി അച്യുതമേനോന്‍, ഗൌരിയമ്മ, എം എസ് സ്വാമിനാഥന്‍, എം എസ് വല്യത്താന്‍, മൃണാളിനി സാരാഭായ് തുടങ്ങിയ മികച്ച കേരളീയര്‍ക്ക് നേരത്തേ ലഭിച്ച പുരസ്‌കാരത്തിന്റെ പിന്‍ഗാമിയാകാന്‍ തനിക്ക് കഴിഞ്ഞുവെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് സ്വീകരിക്കാന്‍ ഡിസംബറില്‍ കൊല്ലത്തെത്തുമെന്നും അവര്‍ പറഞ്ഞു. ദൌത്യം ഫലപ്രാസ്‌തിയിലെത്തിക്കുന്നതിന് ഫണ്ടിന്റെ ദൌര്‍ലഭ്യം പ്രശ്‌നമാകുന്നുണ്ട്. മൂന്ന് സ്‌കൂളുകള്‍ നടത്തിവന്നിരുന്ന സ്ഥലം ഒഴിയണമെന്ന് ഈ വര്‍ഷം ആദ്യം നോട്ടീസ് ലഭിച്ചു. മറ്റൊരു സ്ഥലം കണ്ടെത്താനും അവിടെ സ്‌കൂള്‍ തുടങ്ങാനുമുള്ള ധനം കണ്ടെത്താന്‍ നെട്ടോട്ടമായി. അപ്പോഴാണ് വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ സുനിതയ്‌ക്ക് ഒരു ചെക്ക് നല്‍കുന്നത്. 35 ലക്ഷം രൂപ. ആളെ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷം. ഡാല്‍മിയ സിമന്റിന്റെ ഉടമ എം എച്ച് ഡാല്‍മിയ. പ്രജ്വല കുറെ സ്ഥലം വാങ്ങി. ഇനിയുള്ള ശ്രമം അവിടെ കെട്ടിടം നിര്‍മിക്കുകയാണ്.

ഇന്ത്യയില്‍ ദിവസംതോറും പെണ്‍കുട്ടികള്‍ തട്ടിയെടുക്കപ്പെടുന്നു എന്ന ചിന്ത സുനിതയെ വേദനിപ്പിക്കുന്നു. കുട്ടികളെ മോഹിച്ചെത്തുന്ന, ഏഷ്യയിലെ 25 ശതമാനം സെക്‌സ് ടൂറിസ്‌റ്റുകളും അമേരിക്കയില്‍നിന്നാണെന്ന് സുനിത പറയുന്നു. ചെറിയ കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന അമേരിക്കക്കാര്‍ അവിടെ അതിന് അവസരം കിട്ടാതെ വരുമ്പോള്‍ ശ്രീലങ്ക, ഇന്ത്യ, ഫിലിപ്പൈന്‍‌സ് പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യയില്‍ മൂന്നുവയസ്സുള്ള പെണ്‍കുട്ടികള്‍ക്കുപോലും രക്ഷയില്ല. തട്ടിക്കൊണ്ടുപോകലിനെപ്പറ്റിയുള്ള വിവരം ലഭിച്ച് പൊലീസുമായി അവിടെയെത്തുമ്പോള്‍ വൈകിപ്പോയിട്ടുണ്ടാവും. 'രക്ഷാശ്രമത്തിനിടയിലാണ് പലവട്ടം മര്‍ദനമേല്‍ക്കേണ്ടിവന്നത്. അടികൊണ്ട് വലത് ചെവിയുടെ കേള്‍വി ഭാഗികമായി നഷ്‌ടപ്പെട്ടു. ഇടത് കൈ ശരിയായി നിവര്‍ക്കാന്‍ പറ്റാതായി. ഇല്ല. ഞാന്‍ പിന്‍വാങ്ങില്ല. എന്റെ ദൌത്യവുമായി ഞാന്‍ മുന്നോട്ടുതന്നെ.'

സുനിതയുടെ ഭര്‍ത്താവ് സിനിമാ നിര്‍മാതാവ് രാജേഷ് ടച്ച് റിവറാണ്. പ്രജ്വലയ്‌ക്കുവേണ്ടിയും അദ്ദേഹം നിരവധി ചിത്രങ്ങള്‍ പിടിച്ചു. അത്തരത്തിലൊരു ചിത്രമായ 'അനാമിക'. ആന്ധ്രാപ്രദേശ് പൊലീസ് അക്കാദമി, നാഷണല്‍ പൊലീസ് അക്കാദമി എന്നിവിടങ്ങളില്‍ പാഠ്യവിഷയമാണ്.തന്റെ പ്രവര്‍ത്തനത്തിന് ഭര്‍ത്താവ് എല്ലാ പ്രോത്സാഹനവും നല്‍കുന്നു. ആദ്യം പീഡിതയായ, പിന്നീട് പീഡിതര്‍ക്ക് രക്ഷകയായ ഡോ. സുനിത കൃഷ്‌ണന്റെ സമര്‍പ്പിത ജീവിതകഥയാണ് ഇത്.

*****

ആര്‍ എസ് ബാബു