ബുധനാഴ്‌ച, ജനുവരി 20, 2010

മുസ്ളിം.............

മുഖ്യധാരാ അച്ചടി/ടെലിവിഷന്‍ മാധ്യമങ്ങളും ബി ജെ പി, കോണ്‍ഗ്രസ്, മുസ്ളിംലീഗ് എന്നീ വലതുപക്ഷ രാഷ്‌ട്രീയ കക്ഷികളും ചേര്‍ന്ന് കേരളീയ പൊതുബോധത്തില്‍ പരത്തി വിട്ടിരിക്കുന്ന ഭീകരതാ ഭൂതഭീതി, ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന മുസ്ളിമിങ്ങളുടെ നേര്‍ക്കുള്ള വേട്ടയായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മുസ്ളിമിങ്ങളും ഇതര സമുദായക്കാരും തമ്മില്‍ പരസ്‌പരം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. 1992ല്‍ ബാബരി മസ്‌ജിദ് തല്ലിപ്പൊളിക്കുകയും 2002ല്‍ ഗുജറാത്ത് വംശഹത്യ കൊണ്ടാടുകയും ചെയ്ത സംഘപരിവാറിനെതിരെ കൃത്യവും വ്യക്തവും വിശാലവുമായ ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന അടിയന്തിരാവശ്യത്തെ അഭിസംബോധന ചെയ്യുകയും അതിനനുസൃതമായ നീക്കുപോക്കുകള്‍ കക്ഷി ബന്ധങ്ങളില്‍ വരുത്തുകയും ചെയ്‌ത ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അജണ്ടയെ സംശയാസ്‌പദമാക്കുകയും, തോളിലിരുന്നും പുറകിലിരുന്നും മനസ്സിനകത്തിരുന്നും പുറകോട്ടടിപ്പിക്കുകയും ചെയ്‌ത കേരളത്തിലെ വ്യാജ ഇടതുപക്ഷ നീക്കങ്ങളും ഈ ദുരിതാവസ്ഥയുടെ ആഴവും മുറിവുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബുഷ് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, ഭീകരതക്കൊപ്പമോ എനിക്കൊപ്പമോ എന്ന നിര്‍ണായകമായ ചോദ്യം ലോകത്തോട് ചോദിക്കുകയുണ്ടായി. അതായത്, തന്റെ നടപടികളെ പിന്തുണക്കാത്തവര്‍ എല്ലാം ഭീകരന്മാരാണെന്നര്‍ത്ഥം. ഏതാണ്ടതുപോലുള്ള ഒരവസ്ഥ കേരളത്തിലും നടപ്പിലാക്കാന്‍ വലതുപക്ഷവും സംഘപരിവാര്‍ ആഭിമുഖ്യമുള്ള മൃദുഹിന്ദുത്വ പൊതുബോധവും വ്യാജ ഇടതുപക്ഷവും ചേര്‍ന്ന് ശ്രമിച്ചുകൊണ്ടിരിക്കുയാണ്. വാര്‍ത്താ ചാനലുകളില്‍ തുള്ളിക്കളിക്കുകയും ഇഴയുകയും മിന്നിമറയുകയും ചെയ്യുന്ന അക്ഷരവരികളില്‍ തടിയന്റവിട, സൂഫിയ എന്നൊക്കെ ദിവസങ്ങള്‍ നിറയുമ്പോള്‍ അത് ഒരു സമുദായത്തിനെതിരെയുള്ള വംശഹത്യയുടെ തുടക്കമാണെന്ന ബോധം നാം എന്തുകൊണ്ട് കാണാതെ പോകുന്നു?

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തു രൂപപ്പെട്ട കമ്യൂണിസ്റ്റ് വിരുദ്ധ/മുസ്ളിം വിരുദ്ധ ഐക്യമുന്നണി, ലവ് ജിഹാദ് പ്രചാരണത്തിലും തുടര്‍ന്ന് പുലി വരുന്നേ മാതൃകയിലുള്ള ഭീകരതാ ഭൂതത്തെ സംബന്ധിച്ച കോലാഹലത്തിലും പൂര്‍വ്വാധികം ശക്തി പ്രാപിച്ചത് കേരളം നടുക്കത്തോടെയാണ് കാണുന്നത്. ഈ ഐക്യമുന്നണിയുടെ ചലച്ചിത്രാവതാരമായിരുന്നു പാലേരി മാണിക്യം - ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. അമ്പതുകളില്‍ അലിഗഢില്‍ പഠിച്ചു വന്ന ഒരു മുസ്ളിം യുവാവ് മദ്യപിച്ച് മദോന്മത്തനായി ഈഴവസമുദായത്തില്‍ പെട്ട നവവധുവിനെ കൂട്ടം ചേര്‍ന്ന് കടന്നു പിടിച്ച് ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്. ബോംബിവിടെ ഇഷ്‌ടം പോലെ മലപ്പുറത്ത് കിട്ടുമല്ലോ(ആറാം തമ്പുരാന്‍), കാസറഗോഡു മുതല്‍ പാറശ്ശാല വരെ ദേശീയപാതയിലൊന്നു സഞ്ചരിച്ചുനോക്കൂ; ഇരുവശത്തും ഉയര്‍ന്നു നില്‍ക്കുന്ന രമ്യഹര്‍മ്യങ്ങളും മണിമാളികകളും ഏതു സമുദായക്കാരുടേതാണ് ? ഒരൊറ്റ ബ്രാഹ്മണന്റേതുമതിലില്ല (മഹാത്മ), ഭൂരിപക്ഷ സമുദായത്തില്‍ പെട്ട ഒരു സ്‌ത്രീയെ ന്യൂനപക്ഷക്കാരന്‍ കെട്ടിയാല്‍ അതു ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദവും; മറിച്ചായാല്‍ ഇവിടെ വര്‍ഗീയ ലഹള(ആര്യന്‍), ഇന്ത്യന്‍ മുസ്ളിമിന്റെ യശസ്സുയര്‍ത്തിയ ചിത്രങ്ങള്‍ (കീര്‍ത്തി ചക്ര, കുരുക്ഷേത്ര) തുടങ്ങി മലയാളസിനിമയില്‍ കഴിഞ്ഞ രണ്ടു ദശകമായി തുറന്നാടിയ മുസ്ളിം വിരുദ്ധ തരംഗത്തിന്റെ പുനരാവര്‍ത്തനം തന്നെയായിരുന്നു പാലേരി മാണിക്യവും.

ദേശീയത, സാംസ്‌ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്‌ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും സ്റ്റീരിയോടൈപ്പായി പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്ന വസ്‌തുത വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വസ്‌തുതയല്ലാതാകുന്നില്ല. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്‌ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ / ഒരു സമുദായത്തെ / ഒരു സംസ്ക്കാരത്തെ / ഒരു ഭാഷയെ / ഒരു സ്ഥലത്തെ / ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിലൂടെ ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലം കേരളത്തിന്റെ ചരിത്രത്തിലില്ലാത്തവണ്ണം കലുഷിതമായിത്തീരുകയും വ്യാജമായ ഒരു 'ജനപ്രിയ' വിധി നിര്‍ണയം സംഭാവ്യമാകുകയും ചെയ്‌തു. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്‌ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന - മതേതര - ജനാധിപത്യ - ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് (പി പി ഷാനവാസുമായുള്ള അഭിമുഖം). ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്‌നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്‌ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്‌തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകയും യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്‌തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം / വൈരൂപ്യം, നന്മ / തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം / കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്‌മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്‌മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്‌ട്രീയ-സാംസ്‌ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി / ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു / തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്‌ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിച്ചത് എന്നതാണ് വാസ്‌തവം. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്‌ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു / തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ / ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

പ്രൊഫസര്‍ അസീസ് ചൌധരി പറയുന്നതു പോലെ സൈനികവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ അക്രമണോത്സുകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത്. യുദ്ധം, അധിനിവേശം, ദേശീയസുരക്ഷാ പ്രത്യയശാസ്‌ത്രങ്ങള്‍, എതിരഭിപ്രായങ്ങളെ ദേശത്തും വിദേശത്തും മര്‍ദിച്ചൊതുക്കല്‍ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെയും വെട്ടിപ്പിടുത്തത്തിന്റെയും അനന്തസാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. മറ്റൊരു രീതിയില്‍ അവോലകനം ചെയ്‌താല്‍, 'തീവ്രവാദ'ത്തിനും 'ഭീകരത'ക്കുമെതിരെയുള്ള യുദ്ധങ്ങളും പടപ്പുറപ്പാടുകളും പ്രചാരണകോലാഹലങ്ങളും വര്‍ദ്ധിച്ച തോതിലുള്ള തീവ്രവാദങ്ങളും ഭീകരതകളുമായി പരിണമിച്ചുകഴിഞ്ഞിരിക്കുന്നു. അച്ചടി / ദൃശ്യ മാധ്യമങ്ങളും ഈ ഭീകരതാ ഭൂത സൃഷ്‌ടിയിലും ഭീകരതാവിരുദ്ധ മാസ് ഹിസ്‌റ്റീരിയയിലും കാര്യമായ പങ്കു വഹിക്കുന്നുണ്ട്. പി സായ്‌നാഥ് നിരീക്ഷിക്കുന്നതു പോലെ എംബെഡഡ് ജേര്‍ണലിസം, മാധ്യമ പ്രവര്‍ത്തനത്തെ അമേരിക്കയിലും ഇന്ത്യയിലും സമാന 'ജനാധിപത്യ' സമൂഹങ്ങളിലും അപമാനത്തിന്റെ പടുകുഴിയില്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. ഓരോരോ പ്രചാരണങ്ങളിലും ആരൊക്കെ, ഏതു സമുദായം, ഏതു ഭാഷ, ഏതു വേഷം പൈശാചികവത്ക്കരിക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും നിശ്ചയമില്ലാതായിരിക്കുന്നു. ഇന്ദിരാഗാന്ധിയെ വധിച്ചതിനു ശേഷം ദില്ലിയില്‍ ആയിരക്കണക്കിന് സിക്കുകാര്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുകയുണ്ടായി. 9/11 നു ശേഷം അമേരിക്കയിലും സിക്കുകാര്‍ സംശയത്തിന്റെ നിഴലിലായി. താടിയും തലേക്കെട്ടുമുള്ളവരെ വര്‍ഷങ്ങളായി പിശാചുക്കളായി കാണുന്നവര്‍, സെപ്‌തംബര്‍ 11 നുശേഷം ഇതു രണ്ടുമുള്ള സിക്കുകാരെ പ്രതികാരത്തിനുള്ള ലക്ഷ്യമാക്കുകയായിരുന്നു. ലവ് ജിഹാദ് ആരോപണം, മീശയും താടിയും വടിച്ച് ഹിന്ദി സിനിമാതാരങ്ങളെ പ്പോലെ അടിപൊളി വേഷത്തില്‍ നടക്കുന്ന മുസ്ളിം കുമാരന്മാരെയും സംശയത്തിന്റെ നിഴലിലേക്ക് മാറ്റുകയും ഭീകരവേഷത്തിലേക്ക് പരിണാമപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സൂഫിയയെ അറസ്‌റ്റ് ചെയ്യുന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട ദൃശ്യങ്ങള്‍, പര്‍ദ ഭീകരതയുടെ ആവരണമായി സ്ഥിരീകരിക്കുന്നതിനു വേണ്ടിയായിരുന്നു. മുസ്ളിം നാമമുള്ളവരെ മുഴുവന്‍ മറ്റുള്ളവര്‍ സംശയിച്ചു തുടങ്ങുന്നു എന്നത്, തങ്ങളുടെ സര്‍ക്കുലേഷന്‍ വ്യാപനത്തിന്റെയും വാര്‍ത്താവതരണത്തിന് സത്യവുമായുള്ള പാരസ്‌പര്യത്തിന്റെയും മികവായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കണക്കു കൂട്ടാം! അരുന്ധതി റോയ് വിവരിക്കുന്നതു പോലെ, 'ഭീകരതാ' കഥകളുടെ ചുരുളഴിക്കുമ്പോള്‍, കാലാള്‍പ്പടയും പരിശീലകരും റിക്രൂട്ടിങ്ങുകാരും ഇടനിലക്കാരും ഇന്റലിജന്‍സ് - കൌണ്ടര്‍ ഇന്റലിജന്‍സ് വക്താക്കളുമടങ്ങുന്ന അതിര്‍ത്തികളും മനുഷ്യവാസപ്രദേശങ്ങളും അടങ്ങുന്ന ഒരു ആഗോള നെറ്റ് വര്‍ക്കിനെയാണ് നമുക്ക് അനാവരണം ചെയ്യേണ്ടി വരുക. ഇസ്ളാമിക ഭീകരത എന്ന പദസംയുക്തം പോലും ഒരു സമൂഹത്തില്‍ വിശ്വാസപരമായോ അല്ലാതെയോ ഉള്‍പ്പെട്ട മുഴുവന്‍ മനുഷ്യരെയും കുറ്റവാളി മുദ്ര പതിപ്പിക്കുന്നതിനുള്ള കാര്യപരിപാടിയെ ഉള്‍വഹിക്കുന്നുണ്ടെന്ന് കെ ഇ എന്‍ ഓര്‍മ്മിപ്പിച്ചപ്പോഴും നാം കണക്കിലെടുത്തില്ല. ദുരന്തങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളൂ. വരാനിരിക്കുന്ന വേട്ടകളുടെ കാലങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നാം ചകിതരായി മാറും.


ജി. പി. രാമചന്ദ്രന്

1 അഭിപ്രായം:

Indian National Congress പറഞ്ഞു...

മാര്‍ക്‌സും വേണം വോട്ടും വേണം



വിപ്ലവത്തിനുപോകുന്നവരുടെ കാര്യമാണ് സഖാവ് മാര്‍ക്‌സ് ലെനിന്‍ ഏംഗല്‍സാദികള്‍ പറഞ്ഞത്. മതപ്രചാരകനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നിര്‍ത്തി, കഷ്ടപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ച ശേഷം ലോക്‌സഭയില്‍ച്ചെന്ന് കോണ്‍ഗ്രസ് ഭരണത്തെ പിന്തുണയ്ക്കുന്ന മറിമായമൊന്നും മാര്‍കേ്‌സംഗല്‍സ് കാലത്ത് സങ്കല്പിക്കാന്‍ പറ്റുന്നതായിരുന്നില്ലല്ലോ. അവര്‍ക്കെന്തും എഴുതാം. വോട്ട് പിടിക്കാന്‍ കാരന്തൂര്‍ സുന്നി മര്‍ക്കസ്സില്‍ പാടുകിടക്കേണ്ട കഷ്ടപ്പാടൊന്നും മാര്‍കേ്‌സംഗല്‍സിനുണ്ടായിരുന്നില്ല. അതുകൊണ്ട് അസാരം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചാണ് മാര്‍ക്‌സിസം ലെനിനിസം ഇവിടെ തിരഞ്ഞെടുപ്പുകാലത്ത് പാവപ്പെട്ട ജനങ്ങള്‍ക്ക് ടീസ്​പൂണുകളില്‍ നല്‍കാറുള്ളത്. അല്ലെങ്കിലവര്‍ക്ക് ദഹനക്കേടുണ്ടാകും. കടുപ്പത്തിലുള്ളത് എം.പി.മാര്‍, പാര്‍ട്ടി കമ്മിറ്റിയംഗങ്ങള്‍, നേതാക്കള്‍ തുടങ്ങിയവര്‍ക്ക് നല്‍കും. എന്തും ദഹിപ്പിക്കാന്‍ ശേഷിയുള്ളവരെയാണല്ലോ അത്തരം സ്ഥാനങ്ങളില്‍ കയറ്റാറുള്ളത്. ചില പ്രത്യേക സാഹചര്യത്തില്‍ ശേഷി കുറഞ്ഞവരെ കയറ്റിയിട്ടുണ്ട്. അവരെക്കൊണ്ടെല്ലാം ദഹനക്കേടിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിയും വന്നിട്ടുമുണ്ട്. എന്തുചെയ്യാം വിപ്ലവം നടത്തി തൊഴിലാളിവര്‍ഗസര്‍വാധിപത്യം നടപ്പിലാക്കുന്നതുവരെ ഇത്തരം സര്‍വതരം ജീവികളെയും സഹിച്ചല്ലേ പറ്റൂ.