ഇടതുപക്ഷത്തോട് പൊതുവായി യോജിച്ചുകൊണ്ടുള്ള നിലപാട് മാത്രമേ ഒരു തികഞ്ഞ ജനാധിപത്യവാദിക്ക് സമൂഹത്തില്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളു.മാര്‍ക്സിയന്‍ വിജ്ഞാനശാഖയുടെയും അതിന്റെ പ്രായോഗികതകളുടെയും സമ്പൂര്‍ണ്ണമായ പ്രചാരകരായില്ലെങ്കിലും കടുത്ത മുതലാളിത്ത വിമര്‍ശനമുയര്‍ത്തുന്നവര്‍ക്കും ഇടതുപക്ഷ സഹയാത്രികരാകാം. അവരുടെ പല നിലപാടുകളും ഏതെങ്കിലുംതലത്തില്‍ ഇടതുപക്ഷത്തിന് സഹായകരമല്ലെങ്കില്‍ ബഹുമാനത്തോടെയുള്ള വിയോജിപ്പ് പരസ്യമാക്കുന്നത് അനുചിതമായി കാണാനാവില്ല
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പൊതു നിലപാടുകളോട് യോജിക്കുന്ന ഒരു സഹയാത്രികന്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ നടത്തുന്ന വിമര്‍ശനത്തെ സന്ദര്‍ഭത്തില്‍നിന്ന് വേര്‍പെടുത്തി വക്രീകരിച്ച് ചിത്രീകരിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിരുതുണ്ട്. ഇതിന്റെ ഫലമായി അനാവശ്യ ഊന്നലുകള്‍ നല്‍കി ഇടതുപക്ഷത്തെ അപഹസിക്കാനോ ഇകഴ്ത്താനോ ഉള്ള സുവര്‍ണ്ണാവസരമായാണ് മാധ്യമങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളെ ആഘോഷിക്കാറുള്ളത്. ഇതിന്റെ ഫലമായി മാധ്യമതന്ത്രത്തിന്റെ ഇരകളായി മാറുന്ന നിലയിലേക്ക് ചില ജനാധിപത്യവാദികളെങ്കിലും എത്താം. മാധ്യമ വിചാരത്തിലൂടെ കേരള സമൂഹത്തില്‍ മാധ്യമ വിമര്‍ശനത്തിന് സ്വകീയമായ നൂതനധാരയ്ക്ക് രൂപംനല്‍കിയ ഡോ. സെബാസ്റ്റ്യന്‍ പോളിന് സംഭവിച്ചത് പരിശോധിക്കുന്നത് ഉചിതമായിരിക്കും......!
"സത്യാന്വേഷണ''മെന്ന പദത്തിന് ഗാന്ധിജിയുടെ വിശുദ്ധ ജീവിതവുമായി ഒരു ആന്തരികബന്ധമുണ്ട്. മാതൃഭൂമി നിര്‍വഹിക്കുന്നത് സത്യാന്വേഷണമാണെന്ന് ഡോ. സെബാസ്റ്റ്യൻ പോളിനെപ്പോലെ ഒരു വ്യക്തിയില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് സിപിഐ (എം)നെതിരെ ലക്കുകെട്ട രീതിയില്‍ ആ പത്രം നടത്തിവരുന്ന ആക്രമണങ്ങളെ ആശിര്‍വദിക്കുന്നതായി. അതിനോട് വിയോജിച്ചുകൊണ്ട് ചില പ്രതികരണങ്ങള്‍ വന്നപ്പോള്‍ മാധ്യമ വിമര്‍ശനത്തിന്റെ തലത്തില്‍നിന്നും വൈയക്തികമായ വികാരപ്രകടനമായി ആ സംവാദം വഴിപിഴച്ചുപോയി.
ഒരു ഇരയെ കിട്ടിയമാതിരി ഡോ.സെബാസ്റ്റ്യന്‍ പോളിനെ ഉപയോഗിച്ച് മദിച്ചുതിമിര്‍ക്കുന്ന മാധ്യമങ്ങളെയാണ് കേരളം കണ്ടത്. ചന്ദ്രനില്‍ ജലസാന്നിദ്ധ്യം കണ്ടെത്തിയ ശാസ്ത്രത്തിന്റെ മഹാ ദൌത്യംപോലും വാര്‍ത്തകളില്‍ അവഗണിക്കപ്പെട്ടതോര്‍ത്ത് സെബാസ്റ്റ്യന്‍പോള്‍തന്നെ തലയില്‍ കൈവച്ചതായി പിന്നീട് മലയാള മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു കണ്ടു.
വൈരുദ്ധ്യങ്ങള്‍ പലതരമുണ്ട്. ശത്രുതാപരമായതും അല്ലാത്തതും. ശാശ്വതമായി നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെ ശത്രുതാപരമായ വൈരുദ്ധ്യമെന്നാണ് മാര്‍ക്സിസം സിദ്ധാന്തിക്കുന്നത്. കമ്യൂണിസ്റ്റുകാരും ജനാധിപത്യവാദികളും തമ്മില്‍ ചില വിഷയങ്ങളിലെ വ്യത്യസ്ത നിലപാടുകള്‍ ശത്രുതാപരമായ വൈരുദ്ധ്യമായി ആരും ആഘോഷിക്കേണ്ടതില്ല. തങ്ങളുടെ സ്വതന്ത്ര നിലപാടുകളെ കമ്യുണിസ്റ്റ് വിരുദ്ധ ആഘോഷങ്ങളായി മാറ്റാന്‍ തക്കംപാര്‍ത്ത്വലവിരിക്കുന്ന മാധ്യമ ചാതുര്യത്തിനുമുന്നില്‍ തികഞ്ഞ ജാഗ്രതയാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.........കടപ്പാട്:വര്‍ക്കേഴ്സ് ഫോറം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ