വ്യാഴാഴ്‌ച, ജനുവരി 14, 2010

തെറ്റുതിരുത്തല്‍ പ്രക്രിയയും മതവും

മതത്തെക്കുറിച്ചുള്ള സിപിഐ എമ്മിന്റെ അടിസ്ഥാനനിലപാട് ആദ്യംതന്നെ വ്യക്തമാക്കട്ടെ.

മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അധിഷ്ഠിതമായ പാര്‍ടിയാണ് സിപിഐ എം. മാര്‍ക്സിസം ഭൌതികവാദപരമായ തത്വചിന്തയാണ്, മതത്തെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം 18-ാം നൂറ്റാണ്ടിലെ പ്രബുദ്ധരായ ചിന്തകരുടെ കാഴ്ചപ്പാടില്‍ വേരൂന്നിയതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മതത്തെ സ്വകാര്യകാര്യമായി ഭരണകൂടം പരിഗണിക്കണമെന്ന് മാര്‍ക്സിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഭരണകൂടവും മതവും തമ്മില്‍ അതിര്‍വരമ്പ് ഉണ്ടാകണം.

മാര്‍ക്സിസ്റുകാര്‍ നിരീശ്വരവാദികളാണ്. അവര്‍ ഒരുമതത്തിലും വിശ്വസിക്കുന്നില്ല. പക്ഷേ, മാര്‍ക്സിസ്റ്റുകാര്‍ മതത്തിന്റെ ഉത്ഭവവും സമൂഹത്തില്‍ അത് വഹിക്കുന്ന പങ്കും മനസ്സിലാക്കുന്നു. മാര്‍ക്സ് പറഞ്ഞതുപോലെ, "മതം മര്‍ദിതജീവിയുടെ നിശ്വാസമാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണത്.ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവ് എന്നതുപോലെ''. അതുകൊണ്ട് മാര്‍ക്സിസം സ്വാഭാവികമായിത്തന്നെ മതത്തിന് എതിരല്ല. മതത്തെ അടിച്ചമര്‍ത്തപ്പെടുന്നവരുടെ നെടുവീര്‍പ്പ് ആക്കിമാറ്റുന്ന സാമൂഹ്യസാഹചര്യമാണ് അതിന്റെ ശത്രു.

മതത്തെയും നിരീശ്വരവാദകാഴ്ചപ്പാടിനെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് വീക്ഷണം അവതരിപ്പിക്കവെ ലെനിന്‍ സ്വയം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചു:

"'ഇങ്ങനെയാണെങ്കില്‍, എന്തുകൊണ്ട് നമ്മുടെ പരിപാടിയില്‍ നാം നിരീശ്വരവാദികളാണെന്നു പ്രഖ്യാപിക്കുന്നില്ല? ക്രൈസ്തവരും ദൈവത്തില്‍ വിശ്വസിക്കുന്ന മറ്റുള്ളവരും പാര്‍ടിയില്‍ ചേരുന്നത് എന്തുകൊണ്ട് വിലക്കുന്നില്ല?''

ലെനിന്‍ ഇതിനുള്ള വിശദീകരണം നല്‍കിയത് ഇപ്രകാരമാണ്,

"മാര്‍ക്സിസ്റുകാര്‍ മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത് വര്‍ഗസമരത്തിലെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. തൊഴിലാളിവര്‍ഗപാര്‍ടി മുന്‍ഗണന നല്‍കേണ്ടത് മതവിശ്വാസികളാണോ അല്ലാത്തവരാണോ എന്നു നോക്കാതെ എല്ലാ തൊഴിലാളികളെയും മുതലാളിത്തക്രമത്തിനെതിരായ വര്‍ഗസമരത്തില്‍ അണിനിര്‍ത്താന്‍ സംഘടിപ്പിക്കുന്നതിലാണ്.“

ലെനിന്‍ ചൂണ്ടിക്കാട്ടുന്നു:

"ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കാന്‍ മര്‍ദിതജനവിഭാഗങ്ങള്‍ നടത്തുന്ന വിപ്ളവകരമായ പോരാട്ടത്തിലുള്ള ഐക്യമാണ് സ്വര്‍ഗത്തെക്കുറിച്ച് തൊഴിലാളിവര്‍ഗത്തിനുള്ള അഭിപ്രായ ഐക്യത്തിനേക്കാള്‍ നമുക്ക് പ്രധാനം''.

അതുകൊണ്ട് സിപിഐ എം ഭൌതികവാദ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതിനെ തടയുന്നില്ല. പാര്‍ടി പരിപാടിയും ഭരണഘടനയും അംഗീകരിച്ച് പാര്‍ടിസംഘടനാ ഘടകത്തില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയാണ് പാര്‍ടി അംഗത്വത്തിനുള്ള നിബന്ധന.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സിപിഐ എം എതിര്‍ക്കുന്നത് മതത്തെയല്ല, മതപരമായ സ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീയതയെയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി നിരന്തരം വാദിക്കുന്ന പാര്‍ടിയാണ് സിപിഐ എം.

സിപിഐ എം അംഗങ്ങള്‍ക്കിടയില്‍ മതവിശ്വാസികളായ ചിലരുണ്ട്. അവര്‍ തൊഴിലാളിവര്‍ഗത്തിലും കര്‍ഷകരിലും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവരാണ്. അവരില്‍ ചിലര്‍ ക്ഷേത്രത്തിലും മോസ്കിലും പള്ളിയിലും ആരാധനയ്ക്കു പോകുന്നു. അവര്‍, ഡോ. മനോജ് പറഞ്ഞതുപോലെത്തന്നെ, സ്വന്തം മതവിശ്വാസത്തെ ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കുമൊപ്പമുള്ള പ്രവര്‍ത്തനവുമായി കൂട്ടിയോജിപ്പിക്കുന്നു.

പാവപ്പെട്ടവരുടെ ഉന്നമനത്തിനായി, പ്രത്യേകിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വിശ്വാസികളുമായും മതനേതാക്കളുമായും കൈകോര്‍ക്കാന്‍ സിപിഐ എമ്മിനു മടിയില്ല. കേരളത്തില്‍ത്തന്നെ ഇത്തരം സഹകരണത്തിന്റെ ദീര്‍ഘമായ ചരിത്രമുണ്ട്. മാര്‍ക്സിസ്റ്റ്-ക്രൈസ്തവ സഹകരണത്തെക്കുറിച്ച് ഇ എം എസ് എഴുതിയിട്ടുണ്ട്, സഭയുടെ ചില നേതാക്കളുമായി അദ്ദേഹം സംവാദം നടത്തിയിട്ടുമുണ്ട്. ഇത്രയും പറഞ്ഞതില്‍നിന്ന് ഇപ്പോഴത്തെ പ്രശ്നം മതത്തെക്കുറിച്ചുള്ള സിപിഐ എം നിലപാടും വിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നതുമല്ലെന്ന് വ്യക്തം. പാര്‍ടി ഏറ്റെടുത്തിരിക്കുന്ന തെറ്റുതിരുത്തല്‍ പ്രക്രിയയാണ് കാര്യം.

വൈരുധ്യാധിഷ്ഠിത ഭൌതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ക്സിസ്റ്റ് ലോകവീക്ഷണം നേതൃനിരയിലുള്ള കേഡര്‍മാര്‍ ഉള്‍ക്കൊള്ളണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു. മാര്‍ക്സിസ്റ്റായി മാറുന്ന പ്രക്രിയയില്‍ പാര്‍ടി അംഗങ്ങള്‍ ശാസ്ത്രീയമായ ലോകവീക്ഷണം സ്വീകരിക്കുകയും മതവിശ്വാസം വെടിയുകയുമാണ് വേണ്ടത്.

കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയില്‍ മതപരമായ പ്രവര്‍ത്തനത്തിന്റെ രണ്ടു വശം പരാമര്‍ശിക്കുന്നു.

കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്കു നിരക്കാത്ത സാമൂഹ്യവും ജാതീയവും മതപരവുമായ ആചാരങ്ങള്‍ വെടിയുന്നതിലേക്ക് പാര്‍ടി അംഗങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് രേഖയിലെ മാര്‍ഗനിര്‍ദേശങ്ങളിലൊന്ന്. മതവിശ്വാസമോ ആചാരമോ ഉപേക്ഷിക്കാന്‍ പാര്‍ടി അംഗങ്ങളോട് ആവശ്യപ്പെടുന്നില്ല. എന്നാല്‍, കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത, അയിത്തമോ വിധവാവിവാഹം തടയല്‍പോലുള്ള സ്ത്രീവിവേചനപരമായ നടപടികളോ മതാചാരങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവയ്ക്കെതിരായ നിലപാട് എടുക്കാന്‍ പാര്‍ടി അംഗങ്ങള്‍ ബാധ്യസ്ഥരാണ്. ജാതി, ലിംഗം, സാമൂഹ്യപദവി എന്നിവയുടെ പേരിലുള്ള സാമൂഹ്യ വിവേചനത്തിലേക്ക് നയിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്താന്‍ പാടില്ല എന്നാണ് പാര്‍ടി അംഗങ്ങള്‍ക്ക് തെറ്റുതിരുത്തല്‍രേഖയില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

രണ്ടാമത്തേത്, പ്രമുഖരായ പാര്‍ടി പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും ബാധകമായതാണ്. അവരുടെ കുടുംബാംഗങ്ങളുടെ വിവാഹം ആര്‍ഭാടത്തോടെ നടത്തരുതെന്നും സ്ത്രീധനസമ്പ്രദായം ഉപേക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്‍ നടത്തരുതെന്നും അവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന- ജില്ലാ കമ്മിറ്റി അഗങ്ങള്‍, സോണല്‍- ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെപ്പോലുള്ള പ്രമുഖരായ പ്രവര്‍ത്തകര്‍ വ്യക്തി-സാമൂഹ്യ ജീവിതത്തില്‍ പുരോഗമനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നു പ്രതീക്ഷിക്കുന്നു. അവര്‍ മതചടങ്ങുകള്‍ സംഘടിപ്പിക്കുകയോ വ്യക്തിപരമായി അവ നടത്തുകയോ ചെയ്യരുത്. അവര്‍ക്ക് മറ്റുള്ളവര്‍ സംഘടിപ്പിക്കുന്ന മതപരമായ ചടങ്ങുകളുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കാമെന്നതു വേറെ കാര്യം; പ്രത്യേകിച്ച് എംഎല്‍എ, പഞ്ചായത്ത് അംഗം എന്നിവരെപ്പോലുള്ളവര്‍ക്ക്. കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ക്ക് പരസ്യമായി ഒന്നു പറയാനും വ്യക്തിപരമായി മറിച്ച് പ്രവര്‍ത്തിക്കാനും കഴിയില്ല.

ചുരുക്കത്തില്‍, മതവിശ്വാസികള്‍ പാര്‍ടിയില്‍ ചേരുന്നത് കമ്യൂണിസ്റ്റ് പാര്‍ടി തടയുന്നില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ തുടരുമ്പോള്‍ത്തന്നെ മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഭരണകൂടത്തിന്റെ കാര്യങ്ങളില്‍ മതം നുഴഞ്ഞുകയറുന്നത് തടയുകയും ചെയ്യണം.
കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളെ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെയും ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ ജീവിക്കാന്‍ സഹായിക്കുന്നതിനാണ് തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കിയത്. പ്രമുഖരായ പ്രവര്‍ത്തകരുടെ കാര്യത്തില്‍ അവര്‍ പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും മാര്‍ക്സിസ്റുകളായി ജീവിക്കണമെന്ന് പാര്‍ടി പ്രതീക്ഷിക്കുന്നു.

പ്രമുഖരായ നേതാക്കളുടെ കാര്യത്തില്‍ സിപിഐ എം മാര്‍ഗനിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്ന് ഡോ. മനോജ് പ്രസ്താവിച്ചത് തീര്‍ത്തും തെറ്റാണ്. ഓരോ പൌരനും തന്റെ മതവിശ്വാസം കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന മതനിരപേക്ഷരാജ്യമാണ് ഭരണഘടനയില്‍ വിഭാവന ചെയ്തിട്ടുള്ളത്. മതമില്ലാതെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. പാര്‍ടിയുടെ തത്വങ്ങളോട് യോജിപ്പുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചേരാന്‍ കഴിയുന്ന സംഘടനയാണ് സിപിഐ എം

പ്രകാശ് കാരാട്ട് കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം 2010 ജനുവരി 14

അഭിപ്രായങ്ങളൊന്നുമില്ല: