ഞായറാഴ്‌ച, ജനുവരി 17, 2010

'മതവിശ്വാസം'


കമ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം സര്‍വ മതനിരപേക്ഷ പാര്‍ട്ടികളുടെയും ദൗത്യം, അതില്‍ അംഗങ്ങളായിച്ചേരുന്നവരുടെ 'മതവിശ്വാസം' ആവിഷ്‌കരിക്കാന്‍ അവസരമൊരുക്കലല്ലെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഒരു സെക്യുലര്‍ രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്ന വ്യത്യസ്ത മതവിശ്വാസികളും അങ്ങനെയല്ലാത്തവരും സ്വന്തം മതതത്ത്വങ്ങള്‍ നടപ്പിലാക്കാനല്ല, മറിച്ച് ആ പാര്‍ട്ടിയുടെ നയപരിപാടികള്‍ നടപ്പിലാക്കാനാണ് ആ പാര്‍ട്ടിയില്‍ ചേരുന്നത്.

മറ്റു സെക്യുലര്‍ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമായി, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടികള്‍, വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലധിഷ്ഠിതമായ പ്രപഞ്ചവീക്ഷണമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അതിന്നര്‍ഥം, അതിലംഗമാകുന്നവരെ മുഴുവന്‍, അത് മതരഹിതരാക്കുന്നു എന്നല്ല; മത-മതരഹിത അവസ്ഥയെക്കുറിച്ച് അപഗ്രഥിക്കാനും അന്വേഷിക്കാനും അവര്‍ക്കുമുമ്പില്‍ അവസരമൊരുക്കുന്നു എന്നാണ്.

അഗാധമായ സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍, വിശ്വാസിയോ അവിശ്വാസിയോ ആയി തുടരാനുള്ള സ്വാതന്ത്ര്യം ഓരോ അംഗത്തിനുമുണ്ട്. അഴിമതി, സ്വജനപക്ഷപാതം, പാര്‍ട്ടി അംഗങ്ങള്‍ക്ക് ചേരാത്തവിധത്തിലുള്ള ബിസിനസ്സ് താത്പര്യം എന്നിവയുടെ പേരില്‍ പലകാലങ്ങളിലായി പാര്‍ട്ടിയില്‍നിന്ന് പലരെയും പുറത്താക്കിയിട്ടുണ്ടെങ്കിലും, സ്വന്തം 'മതവിശ്വാസം' കൃത്യമായി 'കലര്‍പ്പില്ലാതെ' പുലര്‍ത്തിയതിന്റെ പേരില്‍, ആരെയെങ്കിലും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി അറിയില്ല.

മതത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വീക്ഷണം, വസ്തുനിഷ്ഠ അവസ്ഥകളില്‍ വരുന്ന മാറ്റത്തിന്നനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും അതിനാല്‍ത്തന്നെ സംവാദാത്മകവുമാണ്.

പ്രശ്‌നം സത്യത്തില്‍, മതത്തിനെതിരെയുള്ള മാര്‍ക്‌സിസ്റ്റ് വിമര്‍ശനത്തിന്റെതോ, മാര്‍ക്‌സിസത്തിനെതിരെയുള്ള മതവിമര്‍ശനത്തിന്റെതോ അല്ല, മറിച്ച് 'മതനിരപേക്ഷത'യെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ ഒരു വലതുപക്ഷ അജന്‍ഡയുടേതാണ്. അതിനെ പരാജയപ്പെടുത്തണമെങ്കില്‍ മതവിശ്വാസികള്‍ എന്നോ മതരഹിതര്‍ എന്നോ ഉള്ള വ്യത്യാസം കൂടാതെ സര്‍വരും ഒന്നിച്ചുനില്‍ക്കണം.

പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയിലെ മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെപ്പറ്റിയുള്ള ഒരൊറ്റ വാക്യം മാത്രമെടുത്ത്, മതത്തോടുള്ള മാര്‍ക്‌സിസ്റ്റ് സമീപനം, മുമ്പത്തേതില്‍നിന്ന് ഇതാ മാറിയിരിക്കുന്നു എന്ന് ധൃതിപിടിച്ച് പ്രഖ്യാപിക്കുന്നതിലാണ് പലരുമിപ്പോള്‍ പുളകം കൊള്ളുന്നത്. എന്നാല്‍ തെറ്റുതിരുത്തല്‍ രേഖയിലെ പ്രസ്തുത ഭാഗം 'നേതൃത്വത്തിലുള്ള പാര്‍ട്ടി ഭാരവാഹികളുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും പെരുമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന ഭാഗത്തുനിന്നുള്ളതാണ്. മേലുദ്ധരിച്ച രേഖയിലെ വാക്യം കൃത്യമായും ഇതിനെ 'മാര്‍ഗനിര്‍ദേശങ്ങളില്‍' ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേതൃത്വത്തിലുള്ളവരെ ഉദ്ദേശിച്ച് എന്ന് കൃത്യമായും വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദവിധേയമായിക്കഴിഞ്ഞ ഒരു വാക്യം, രേഖയിലെ രണ്ടാം നമ്പറിലുള്ള ഒരുഖണ്ഡികയിലെ ഒരുവരി മാത്രമാണ്. രണ്ടാംനമ്പറില്‍ ആ വരിയടക്കമുള്ള മുഴുവന്‍ ഭാഗവും ഇന്നത്തെ പശ്ചാത്തലത്തില്‍ വായിച്ചാല്‍, ഒരുപാട് അവ്യക്തതകള്‍ അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ''നേതൃനിരയിലുള്ള പാര്‍ട്ടി ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ലളിതമായ ജീവിതശൈലി സ്വീകരിക്കണം. അവര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ചെലവേറിയ വിവാഹച്ചടങ്ങ് നടത്തിക്കൂടാ. സ്ത്രീധനം വാങ്ങിക്കരുത്. അവര്‍ മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യുകയോ അരുത്.''

ചെലവേറിയ വിവാഹച്ചടങ്ങ്, സ്ത്രീധനം തുടങ്ങി, നവോത്ഥാന മതപ്രസ്ഥാനങ്ങള്‍ വരെ എതിര്‍ക്കുന്ന ഒരാശയത്തില്‍ ഊന്നിക്കൊണ്ടാണ് അവര്‍ (നേതൃത്വത്തിലുള്ളവര്‍) വിവാഹ സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും, സ്വയം 'പുരോഹിതവേഷത്തിലോ', അല്ലെങ്കില്‍ അതിന് പിന്തുണയായോ പെരുമാറരുത് എന്ന് തെറ്റുതിരുത്തല്‍ രേഖ നിഷ്‌കര്‍ഷിക്കുന്നത്. ഇതിനെ വിശ്വാസിയായ ഒരു പാര്‍ട്ടി നേതാവ് പ്രാര്‍ഥിക്കരുത് എന്നുള്ള കല്പനയായി ചുരുക്കേണ്ട ഒരു കാര്യവുമില്ല.

മാര്‍ക്‌സിസം ഒരു മതത്തെപ്പോലും,'ഏകവചന'മായിട്ടല്ല കാണുന്നത്. അത് ഒരു മതത്തിലെ വ്യത്യസ്ത പ്രവണതകളോട് ഒരേ നിലപാടല്ല നാളിതുവരെയായും പങ്കുവെച്ചുപോന്നത്. മതഭ്രാന്തും വര്‍ഗീയതയും പ്രോത്സാഹിപ്പിക്കുന്ന, നിഷേധാത്മക മതമൗലിക കാഴ്ചപ്പാടിനോടും സാമ്രാജ്യത്വ വിരുദ്ധ നിലപാട് പരിമിതികളോടെയാണെങ്കിലും പങ്കുവെക്കുന്ന മൗലികവാദത്തോടുപോലും അതിന് ഒരേ സമീപനം സ്വീകരിക്കാന്‍ കഴിയില്ല. തെങ്ങിനും കഴുങ്ങിനും ഒരേ തളപ്പെന്ന തത്ത്വം, മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മാത്രമല്ല ആര്‍ക്കും സ്വീകാര്യമാവുകയില്ല. ഏതു മതം എന്ന ചോദ്യത്തേക്കാള്‍ ഇന്നു പ്രസക്തം ഒരുപ്രത്യേക മതത്തിലെതന്നെ ഏതു പ്രവണതയെക്കുറിച്ചാണ് നിങ്ങള്‍ അപഗ്രഥനം നിര്‍വഹിക്കുന്നതെന്നുള്ളതാണ്. വിശകലന സൗകര്യത്തിനുവേണ്ടി ചുരുങ്ങിയത് ഏത് മതത്തെയും എട്ട് വിഭാഗങ്ങളായി വേര്‍തിരിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

മതാത്മകമതം, സാമ്പ്രദായികമതം, നവോത്ഥാനമതം, പുനരുത്ഥാനമതം, വ്യക്തിഗതമതം, കമ്പോളമതം, വിമോചനദൈവശാസ്ത്രമതം, മതരഹിതമതം എന്നിങ്ങനെ. ഇവയോരോന്നിലും ഉപവിഭാഗങ്ങള്‍ ഉണ്ടെന്നും എട്ടിന് ഒരു മാന്ത്രികവിശുദ്ധിയുമില്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മതത്തെ ഇവ്വിധം വിഭജിക്കുന്നത്. ഇതില്‍ തെറ്റുതിരുത്തല്‍ രേഖ പ്രധാനമായും ലക്ഷ്യംവെക്കുന്നത്, അനുഷ്ഠാനങ്ങളെ പെരുപ്പിക്കുന്ന കമ്പോള പുനരുത്ഥാന മതങ്ങള്‍ക്കെതിരെയാണ്. പല ഘട്ടങ്ങളിലായി 'മതത്തെക്കുറിച്ച്' പാര്‍ട്ടി വ്യക്തമാക്കിയ നിലപാടുകളിലെ 'തുടര്‍ച്ചയില്‍വെച്ചാണ്', മതാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള രേഖയിലെ പരാമര്‍ശത്തെ അപഗ്രഥിക്കേണ്ടത്.


കെ.ഇ.എന്‍.

അഭിപ്രായങ്ങളൊന്നുമില്ല: