ബുധനാഴ്‌ച, ഡിസംബർ 30, 2009

എന്തും മറച്ചു വയ്ക്കാം



പ്രചാരണം ഏതാനും വിഷയങ്ങളിലേക്ക് പരിമിതപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. അസത്യം, ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍, അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി പരിണമിക്കും. ഗീബല്‍സ് പറഞ്ഞതുപോലെ സ്വര്‍ഗം നരകവും നരകം സ്വര്‍ഗവുമായി മാറും! ജനങ്ങള്‍ യുക്തിയേക്കാള്‍ വികാരത്തെ ആശ്രയിക്കുന്നവരും വലിയ മറവിക്കാരുമായതുകൊണ്ട്, ഏത് യുദ്ധം ജയിക്കാനും ആദ്യം പ്രചാരണം, പിന്നെയും പിന്നെയും പ്രചാരണം എന്ന കാഴ്ചപ്പാടാണ് മുമ്പെന്നപോലെ ഇന്നും സാമ്രാജ്യത്വവും ഫാസിസവും കൈക്കൊള്ളുന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും
അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രീതി പിടിച്ചുപറ്റി മുന്‍നിരയില്‍ നില്‍ക്കുക, അതിലൂടെ പരമാവധി പരസ്യം കൊയ്യുക-ലാഭംകൊയ്യുക-എന്ന ഒറ്റ അജണ്ട മാത്രമാണ് ഇവിടുത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ളത് എന്ന് കണ്ണടച്ച് പറയാനാകില്ല. കാരണം ലാഭമുണ്ടാക്കുകയെന്നതിനൊപ്പം തന്നെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യം പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ചില പ്രത്യേക പാര്‍ടിയെ അല്ലെങ്കില്‍ സഖ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിന് ഇവര്‍ നല്‍കുന്നുണ്ട്. അവിടെ ഒരു താല്‍പ്പര്യം ജനിക്കുന്നു: ഈ നാട് ആര് ഭരിക്കണമെന്ന താല്‍പ്പര്യം. അതിനുള്ള തയ്യാറെടുപ്പും മറ്റു സമയങ്ങളിലെല്ലാം വളരെ ആസൂത്രിമായി വിദേശി-സ്വദേശി മാധ്യമ മുതലാളിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അഥവാ ദൃശ്യമാധ്യമ മുതലാളിമാര്‍ സ്വമേധയാ ഇങ്ങനെയൊരു നിലപാടെടുക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ചില രാഷ്‌ട്രീയ പാര്‍ടികള്‍ മാധ്യമങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യാന്‍ കോടിക്കണക്കിന് രൂപ അങ്ങോട്ടെറിയുന്നത്. തങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതിച്ചും പറയിപ്പിച്ചും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇവര്‍ ശ്രമിച്ചത് മാധ്യമങ്ങള്‍ക്ക് പണം വാരിക്കോരിയെറിഞ്ഞാണ്. അതായത് മാധ്യമപ്രവര്‍ത്തകരെയല്ല അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങളെ തന്നെ വിലയ്ക്കെടുക്കുന്നു,പത്രങ്ങളെയും ചാനലുകളെയും. ഒരുതരം കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ. ഒരു പക്ഷേ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ മാധ്യമമുഖമാണ് ദൃശ്യമാവുന്നത്.

'നിശബ്ദനാക്കപ്പെട്ടവന്റെ ആത്മഗതം' (A Mute's Soliloquy) എന്ന ഓര്‍മക്കുറിപ്പുകളില്‍ ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യപോരാളിയും പത്രപ്രവര്‍ത്തകനുമായ പ്രമോദ്യ അനന്ത ടോര്‍ തന്റെ ജയില്‍വാസകാലത്ത് മാധ്യമങ്ങള്‍ ആശ്വാസം പകര്‍ന്ന കഥ പറയുന്നുണ്ട്. കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ പോലും ലോകമറിയാത്ത ദ്വീപിലെ ജയിലറകളില്‍ നടന്ന ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിച്ച് ലോകത്തോട് പറഞ്ഞതും കുറെയധികം പേരെ മോചിപ്പിക്കാന്‍ കഴിഞ്ഞതും മറ്റും. അത് ആ രാജ്യത്തിന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകവുമായി. അതേസമയം വെനിസ്വേലയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ജനതയുടെ കഷ്ടപ്പാടുകളെ മറച്ചുവയ്‌ക്കുകയും ജനകീയ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിക്കുകയും ചെയ്‌ത മാധ്യമങ്ങളെ പ്രേക്ഷകരായ ജനങ്ങള്‍ തന്നെ തിരുത്തിയ സംഭവം. അത്തരം ചാനലുകളെയും പത്രങ്ങളെയും മാത്രമല്ല അവയില്‍ പരസ്യം വരുന്ന ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കാന്‍ വെനീസുലയിലെ ജനങ്ങള്‍ പരിശീലിച്ചു. "മാധ്യമങ്ങള്‍ വിഷം പകരുന്നതു നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല'' എന്നാണ് ഹ്യൂഗോ ഷാവേസ് അതേക്കുറിച്ച് പറഞ്ഞത്. ജനകീയ ബഹിഷ്‌ക്കരണം മൂലം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അനുഭവം വന്‍ സര്‍ക്കുലേഷനുണ്ടായിരുന്ന 'ക്വിന്റോ ദിയ' പത്രവും മികച്ച റേറ്റിങ്ങില്‍ നിന്ന 'ഗ്ളോബോവിഷന്‍' ചാനലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
ചാനല്‍ യുഗം പിറക്കുന്നതും ആഗോളവല്‍ക്കരണത്തിന്റെ പമ്പ് തുറക്കുന്നതും ഏതാണ്ട് ഒരേകാലത്താണ്. സ്വന്തമെന്ന പദത്തിനര്‍ഥമില്ല എന്ന് സൌമ്യമായി പറഞ്ഞുകൊണ്ടാണ് ആഗോളവല്‍കരണം ഇന്ത്യയിലേക്ക് കടന്നുവന്നത്. സ്വത്വമെന്ന ചിന്തയെ പടിയടച്ചു പിണ്ഡം വയ്‌ക്കണമെന്നും ആഗോളവല്‍ക്കരണ വക്താക്കള്‍ മൊഴിഞ്ഞു, ഇന്ത്യ കേട്ടു. കാറുകള്‍, വസ്‌ത്രങ്ങള്‍, വിവിധ മോഡലുകള്‍, കംപ്യൂട്ടര്‍ സോഫ്‌ട്‌വെയറുകള്‍, കണ്ടെയ്‌നര്‍ കമ്പനികള്‍, സൂപ്പര്‍-ഡ്യൂപ്പര്‍ മാര്‍ക്കറ്റുകള്‍, മലയെ മറിച്ചിട്ട് എലികളുടെ വലുപ്പത്തിലാക്കി തരാന്‍ കെല്‍പ്പുള്ള കൂറ്റന്‍ യന്ത്രങ്ങള്‍... തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും ഇന്ത്യന്‍ നഗരങ്ങളുടെ മുഖഛായ മാറിത്തുടങ്ങി. ഈ കുത്തൊഴുക്കിന് കുടപിടിച്ചുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ വിന്ധ്യഹിമാലയ യമുനാ ഗംഗകളില്‍ കണ്ണിനും കാതിനും ഒരു മാത്ര പോലും വിശ്രമം നല്‍കാതെ സ്വയം വിറ്റഴിയാന്‍ തുടങ്ങിയത്. അതോടെ സൌമ്യത പരണത്തു വച്ച് ഇവ തനിസ്വരൂപം വെളിയില്‍ കാണിക്കുകയും ചെയ്‌തു.
ഒരു വ്യക്തിയെകുറിച്ചോ, ഒരു താരത്തെപ്പറ്റിയോ, ഒരെഴുത്തുകാരനെക്കുറിച്ചോ ഒക്കെ ദൃശ്യമാധ്യമങ്ങള്‍ വിചാരിച്ചാല്‍ പ്രേക്ഷനുമുന്നില്‍ നേരിട്ടു പറയാതെ തന്നെ മോശക്കാരനായി അവതരിപ്പിക്കാം. ഇതൊന്നും പ്രേക്ഷകര്‍ പൂര്‍ണമായി വിശ്വസിക്കുകയില്ലെന്ന് ചാനലുകള്‍ക്കറിയാം. പക്ഷേ ഒരാളെക്കുറിച്ച് ഒരു ബോധം അല്ലെങ്കില്‍ ഒരു ഇമേജ് സൃഷ്‌ടിച്ചിടുകയാണ്. വരാന്‍ പോകുന്ന എല്ലാ വാര്‍ത്തകള്‍ക്കും ഈ ഇമേജുകള്‍ പ്രയോജനപ്പെടുമെന്ന് ഇവര്‍ക്കറിയാം. പലപ്പോഴും പല കള്ളവാര്‍ത്തകള്‍ക്കൊപ്പം കൂട്ടിവായിക്കാനാവശ്യമായ ദൃശ്യരൂപങ്ങളും ശബ്‌ദഭാഗങ്ങളും ഇതിനകം തന്നെ ചാനലുകള്‍ പ്രേക്ഷകരില്‍ നിക്ഷേപിച്ചുകഴിഞ്ഞു. നമ്മുടെ മനസ്സിലുള്ള ഇമേജുമായി, സങ്കല്‍പ്പനവുമായി ബന്ധമുള്ള എന്തു കണ്ടാലും കേട്ടാലും ആ പഴയ ഇമേജുമായി സ്വമേധയാ കൂട്ടിവായിക്കപ്പെടും എന്നാണ് മനഃശാസ്‌ത്ര പഠനങ്ങള്‍ പറയുന്നത്.ദൃശ്യമാധ്യമ സാധ്യതയെ സമര്‍ഥമായി ദുരുപയോഗം ചെയ്യുന്നു ഇത്. അത് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും തിരിച്ചറിയാനും കഴിയുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇത് ഗുരുതരമായ ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി ടെലിവിഷന്‍ തല്ലിപ്പൊളിക്കാമെങ്കിലും പ്രേക്ഷകന്റെ ബോധത്തില്‍ ഒരു മാറ്റവും സൃഷ്‌ടിക്കാനാവില്ല. എന്നാല്‍, വെനിസ്വേലയിലുണ്ടായതു പോലെ പ്രേക്ഷകന്‍ ഒരു നാള്‍ ബോധവാനായാല്‍ ചരിത്രം മറ്റൊരു വഴിക്കാകുമെന്നതില്‍ തര്‍ക്കവുമില്ല.

ചൊവ്വാഴ്ച, ഡിസംബർ 15, 2009

പ്രണയിക്കും മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങുക

"ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ അല്ലാത്തവര്‍ ഹിന്ദുസംസ്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കാനും ബഹുമാനിക്കാനും പഠിക്കണം, ഹിന്ദുരാഷ്ട്രത്തെ ആദര്‍ശവല്‍ക്കരിക്കുന്ന ആശയങ്ങളെ അല്ലാതെ ഒന്നിനെയും പ്രോത്സാഹിപ്പിച്ചുകൂടാ. അതായത് ഈ രാജ്യത്തോടും അതിന്റെ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃകത്തോടുമുള്ള അസഹിഷ്ണുതയും കൃതഘ്നതയും ഉപേക്ഷിച്ചാല്‍ മാത്രം പോര, രാജ്യത്തോട് കൂറും സ്നേഹവും അര്‍പ്പണബോധവും വളര്‍ത്തിയെടുക്കുകയും വേണം. അല്ലെങ്കില്‍ അവര്‍ വിദേശികള്‍ മാത്രമായി കണക്കാക്കപ്പെടുകയോ, ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കുകയോ വേണം. ഒരു അവകാശവാദവുമില്ലാതെ ഒരു ആനുകൂല്യവും പറ്റാതെ പൌരാവകാശമടക്കം യാതൊരു പരിഗണനയും പ്രത്യേകാവകാശവുമില്ലാതെ ജീവിക്കുകയും വേണം.''(എം എസ് ഗോള്‍വള്‍ക്കര്‍-നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു-1938, പേജ് 27)

ലൌജിഹാദ്, റോമിയോ ജിഹാദ് എന്ന പേരുകളില്‍ ഒരു സമൂഹത്തെയാകെ ഇരകളാക്കുന്നതിനാണ് കേരളത്തിലെ രണ്ടു പത്രങ്ങളുടെയും ചില രാഷ്ട്രീയ പാര്‍ടികളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ഒറീസയിലുള്‍പ്പെടെ ഇരകളാക്കപ്പെട്ടലിന്റെ ഹൃദയവേദന നേരിട്ടനുഭവിച്ച ക്രിസ്ത്യന്‍ സമുദായത്തിന്റെ നേതൃത്വവും ഈ സമുദായ സ്നേഹികള്‍ക്കൊപ്പം കൂടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയാവുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ സമീപകാലത്തു കണ്ട എല്ലാതരം നുണപ്രചാരണങ്ങളും ഇവിടെ ആവര്‍ത്തിക്കുകയാണ്. സെപ്തംബര്‍ 11നു മുമ്പും അതിനുശേഷവും നാം കണ്ട വസ്തുതാ നിര്‍മിതികളാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്.

ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരകള്‍ക്ക് പിറകെ പൊലീസും പൊലീസിന്റെയും വലതുപക്ഷ ശക്തികളുടെയും മെഗഫോണായി മാറുന്ന മാധ്യമങ്ങളുടെയും ചമല്‍ക്കാരണങ്ങള്‍ ഏറെ കണ്ടവരാണ് നാം. ഇത്തരമൊരു വസ്തുതാ നിര്‍മിതികളാണ് ചില പത്രങ്ങളിലൂടെ സംഘപരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നത്. 2800 ലേറെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ളിം റോമിയോമാര്‍ റാഞ്ചിയെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമി കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ മണിക്കൂറുകള്‍ കാണാതായാല്‍പോലും വാര്‍ത്തയാവുന്നതരത്തില്‍ മാധ്യമ ജാഗ്രതയുള്ള കേരളത്തില്‍ മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പച്ചക്കള്ളം തട്ടിവിടാനും അത് തൊണ്ടതൊടാതെ വിഴുങ്ങാനും ആളുണ്ടായി എന്നതുതന്നെ ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പൊതുബോധത്തെ അങ്ങേയറ്റം സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്.

തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്ന് വിലപിക്കുന്ന എന്‍എസ്എസ്, എസ്എന്‍ഡിപി ക്രിസ്തീയ നേതൃത്വങ്ങള്‍ ഇത്രയും കണക്കുകളുടെ ആധികാരിതയെക്കുറിച്ച് ഒരു മറുചോദ്യം ചോദിക്കാന്‍പോലും തയാറായില്ല എന്നത് കേരളം ചെന്നുപെട്ട വലതുപക്ഷവല്‍ക്കരണത്തിന്റെ കാണാച്ചുഴികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കാസര്‍കോട്ട് സഫിയ എന്ന ബാലികയെ കാണാതായതിന്റെ പേരില്‍ അന്നാട്ടിലുണ്ടായ സമരപരമ്പരകള്‍ക്ക് കേരളത്തിന്റെ സമീപഭൂതകാലം സാക്ഷിയായിരുന്നു. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഈ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ഒരു ധനാഢ്യന്‍ മുംബൈയില്‍ പിടിയിലാവുന്നത്. വടകരക്കടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിയെടുത്ത് മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ നരാധമനുവേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍പോലും ആരും തയാറാവാതിരുന്ന നാടാണിത്. ഇങ്ങനെയുള്ള കേരളീയരോടാണ് മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന കഥ പറയുന്നത്. ആര്യസമാജത്തിന്റെ രേഖകളില്‍ എത്ര മുസ്ളിം - ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഹിന്ദുമതം സ്വീകരിച്ചെന്ന വിവരം കൃത്യമായി ലഭ്യമാണ്. ഹിന്ദുമത വിശ്വാസികളായ ചെറുപ്പക്കാര്‍ വിവാഹം ചെയ്ത അന്യമതസ്ഥരായ യുവതികള്‍ പലരും ആര്യസമാജത്തില്‍ച്ചെന്ന് ഔദ്യോഗികമായി മതം മാറുന്ന പതിവ് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. എത്ര ആയിരം പെണ്‍കുട്ടികള്‍ ഇങ്ങനെ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തിരക്കാന്‍ ഇതുവരെ ആരും ശ്രമിച്ചുകണ്ടിട്ടില്ല.

ഇരകളാക്കപ്പെടുക എന്ന മാനസികാവസ്ഥയുടെ ദൈന്യം അനുഭവിച്ചവര്‍ ഏറെയുണ്ട്. ഇന്ത്യക്കാരായതിന്റെ പേരില്‍ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ വച്ച് തുണിയഴിച്ച് കര്‍ശന പരിശോധനക്ക് വിധേയരായ പ്രമുഖരില്‍ എന്‍ഡിഎ സര്‍ക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് പോലുമുണ്ട്. പേരിലെ മുസ്ലിം ചുവ കൊണ്ട് അമേരിക്കയില്‍ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് അഭിനേതാവ് കമല്‍ ഹാസന്‍. പാസ്പോര്‍ടില്‍ മുഹമ്മദ്കുട്ടി എന്ന പേരുള്ള മമ്മൂട്ടിക്കുമുണ്ടായി ഈയിടെ സമാനമായ ദുരനുഭവം. മുസ്ലിം നാമധാരികള്‍ക്ക് വാടകവീട് ലഭിക്കാത്ത ദുഃസ്ഥിതി മുംബൈയിലും ഡല്‍ഹിയിലും മാത്രമല്ല, കൊച്ചി പോലുള്ള നഗരത്തിലുമുണ്ടെന്ന് ഈയിടെ ഞെട്ടലോടെയാണ് കേട്ടത്.

എന്‍ എസ് മാധവന്റെ മുംബയ് എന്ന കഥയിലെ മലപ്പുറം ജില്ലയിലെ പാങ്ങ് സ്വദേശിയായ ചെറുപ്പക്കാരനോട് ചിത്പവന്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട പ്രമീളാ ഗോഖലെ എന്ന ഉദ്യോഗസ്ഥ പുലര്‍ത്തുന്ന ശത്രുതാ മനോഭാവം കഥാകൃത്തിന്റെ അതിഭാവുകത്വമാണെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു. ജോലി ആവശ്യാര്‍ഥം 2001ല്‍ ഡല്‍ഹിയില്‍ ചെല്ലുന്നതുവരെ ഈ ചിത്പവന്‍ ബ്രാഹ്മണ സ്ത്രീക്ക് മലപ്പുറം ജില്ലക്കാരനായ മുസ്ലിമിനോടുള്ള ശത്രുത എന്‍ എസ് മാധവന്റെ അതിശയിപ്പിക്കുന്ന ക്രാഫ്റ്റ് മാത്രമാണെന്ന് കണ്ട ഈ ലേഖകന് ഡല്‍ഹി അതിതീക്ഷ്ണമായ അനുഭവങ്ങളാണ് നല്‍കിയത്. ഡല്‍ഹിക്കാര്‍ക്ക് പരിചിതമല്ലാത്ത സജിത് എന്ന പേരും താടിയും പരിചയപ്പെടുന്നവരുടെ കണ്ണില്‍ എന്നെ മുസ്ലിമാക്കി. കേരളത്തിന് പുറത്ത് പരിചിതമല്ലാത്ത എന്റെ പേര് സാജിദ് എന്ന മുസ്ലിം പേരിന്റെ കേരളീയ രൂപമാണെന്നായിരിക്കും അവര്‍ ധരിച്ചത്. താടി കൂടിയായപ്പോള്‍ ഇവന്‍ മുസ്ലിം തന്നെ എന്ന് തീര്‍ച്ചപ്പെടുത്തിയ ഒരോരുത്തരിലും എനിക്ക് കാണാനായത് എന്‍ എസ് മാധവന്റെ കഥാപാത്രത്തെയാണ്.

അമേരിക്കയില്‍ പെന്റഗണിനും ഇരട്ടഗോപുരങ്ങള്‍ക്കും നേരെ തീവ്രവാദി ആക്രമണം നടന്ന 2001ന്റെ തുടക്കത്തിലാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. താടിയുള്ള എല്ലാവരും മുസ്ലിമാണെന്നും എല്ലാ മുസ്ലിമും തീവ്രവാദിയാണെന്നുമുള്ള പ്രചാരണം ശക്തമായി നടക്കുന്ന കാലം. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ ചെല്ലുമ്പോള്‍ മറ്റുപത്രക്കാര്‍ക്കൊന്നുമില്ലാത്ത തരത്തിലുള്ള കര്‍ശന പരിശോധനക്ക് വിധേയമാകേണ്ടി വന്നത് പേരിലെ മുസ്ലിം ചുവയും താടിയും കൊണ്ടായിരുന്നു. പാര്‍ലമെന്റ് കവാടത്തില്‍ നില്‍ക്കുന്ന ആജാനുബാഹുവായ സുരക്ഷാ ഭടന്‍ ഒരു പരിഹാസ ഭാവത്തോടെ എന്റെ ഷൂസ് അഴിച്ച് പരിശോധന നടത്തുന്നത് പതിവാക്കിയിരുന്നു. മറ്റാര്‍ക്കുമില്ലാത്ത ഈ പരിശോധന എന്റെ മേല്‍മാത്രം ആവര്‍ത്തിച്ചപ്പോള്‍ അറിയാവുന്ന ഹിന്ദിയില്‍ ബഹളംവച്ചു. സെക്യൂരിറ്റി മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ഷൂസഴിച്ചുള്ള പരിശോധന അവസാനിച്ചത്. രണ്ടുവര്‍ഷം മുമ്പ് കാലത്ത് മകളെ ക്രെഷില്‍ ചേര്‍ത്തപ്പോഴും രസകരമായ മറ്റൊരു അനുഭവമുണ്ടായി. മകളുടെ ഫീസ് നല്‍കുമ്പോള്‍ ആ സര്‍ക്കാര്‍ ക്രെഷില്‍ നിന്ന് നല്‍കിയ റെസീറ്റില്‍ ഫരിഷ്ത എന്ന പേരിനൊപ്പം 'ഖാന്‍' എന്നു കൂടിച്ചേര്‍ത്ത് ഫരിഷ്താ ഖാന്‍ എന്നാക്കി.

മുസ്ലിമല്ലാതിരുന്നിട്ടും നേരിട്ട ദുരനുഭവങ്ങള്‍ എന്നിലുണ്ടാക്കിയ ആഘാതം കുറച്ചൊന്നുമായിരുന്നില്ല. മുസ്ലിമായി ജനിച്ചവരും ഇസ്ലാമിക വിശ്വാസവും മതനിഷ്ഠകളും വച്ചുപുലര്‍ത്തുന്നവരുമായ മനുഷ്യര്‍ക്ക് ഏതു പ്രദേശത്തും ഇതിലും ക്രൂരമായ അനുഭവങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ ഡല്‍ഹിയിലെ ആദ്യ ആഴ്ചകളിലെ അനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. അപരിചിതനെ ശത്രുവായി കാണുന്ന ഡല്‍ഹി നഗരത്തില്‍ ആ അപരിചിതന്‍ മുസ്ലിം കൂടിയാണെങ്കില്‍ പിന്നെ അയാളനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അവസാനമുണ്ടാവില്ല. ഇക്കാരം സുഹൃദ്സദസ്സുകളില്‍ പങ്കുവച്ചപ്പോള്‍ പലര്‍ക്കും പറയാനുണ്ടായിരുന്നു സമാനമായ അനുഭവങ്ങള്‍. ദേശാഭിമാനിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുള്‍ റഹ്മാന്‍ എന്ന അബ്ദുക്കയുടെ മകനും കൈരളി ടിവിയുടെ കൊച്ചി ബ്യൂറോ ചീഫുമായ രജീഷ് റഹ്മാന്‍ അക്കാലം ഡല്‍ഹിയിലുണ്ടായിരുന്നു. വിസിറ്റിങ് കാഡില്‍ രജീഷ് എ ആര്‍ എന്നു മാത്രം പ്രിന്റ് ചെയ്തുകൊണ്ടാണ് ആ പത്രപ്രവര്‍ത്തകന്‍ സ്വത്വപ്രതിസന്ധിയെ അതിജീവിച്ചത്. ദേശാഭിമാനി ജീവനക്കാരന്‍ ഉല്ലാസിന്റെ പേരിലെ ആദ്യത്തെ നാലക്ഷരം 'അള്ളാ'യാണെന്നും മാര്‍ക്കറ്റ് ഫെഡിന്റെ മാനേജര്‍ ആറുമുഖന്റെ പേരിലെ അവസാനത്തെ നാലക്ഷരം 'ഖാന്‍' ആണെന്നും തെറ്റിദ്ധരിക്കപ്പെട്ടതുമൂലം ഇരുവര്‍ക്കും വാടകവീടിനായി ഒരു പാട് അലയേണ്ടിവന്ന കഥയും പിന്നീട് കേള്‍ക്കേണ്ടിവന്നു.

തൊപ്പിയും നിസ്കാരത്തഴമ്പും പോലുള്ള മതചിഹ്നങ്ങള്‍ ധരിച്ചവര്‍ മാത്രമല്ല, മുസ്ലിം പേരുകളുമായി സാമ്യമുള്ള പേരുള്ളവര്‍പോലും ഇടയാക്കപ്പെടുന്ന സവിശേഷസാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈയിടെ രാം പുനിയാണി എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകനും വിദേശത്ത് എന്‍ജിനിയറുമായ മുരളിക്ക് നേരിടേണ്ട വന്ന ദുര്യോഗത്തെപ്പറ്റി പറയുന്നുണ്ട്. 'മൂര്‍ അലി' എന്ന മുസ്ലിം പേരുമായുള്ള സാമ്യമാണ് മുരളിയെ വലച്ചത്. മാധ്യമങ്ങള്‍ ഈ അപരത്വ നിര്‍മിതിയില്‍ വഹിക്കുന്ന പങ്ക് വിസ്മരിച്ചുകൂടാ. സെപ്തംബര്‍ പതിനൊന്നിന് ശേഷം മുസ്ലിങ്ങള്‍ക്കെതിരെ പാശ്ചാത്യശക്തികള്‍ ആഗോളമായുണ്ടാക്കിയ ദുഷ്പ്രചാരണങ്ങളില്‍ നിന്ന് ഏറ്റവുമധികം മുതലെടുത്തത് ഇന്ത്യയിലെ സംഘപരിവാര്‍ ആണ്. സംഘപരിവാറിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളോട് കാര്യമായ എതിര്‍പ്പില്ലാത്ത കോണ്‍ഗ്രസ് ബാബ്രി മസ്ജിദ് പ്രശ്നത്തിലെന്ന പോലെ ഈ പ്രശ്നങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ആഗോള മാധ്യമങ്ങള്‍ ഇറാഖ് യുദ്ധങ്ങളില്‍ സ്വീകരിച്ച സമീപനം തന്നെയായിരുന്നു അവരുമായി ആശയപരമായി ഐക്യപ്പെടുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് വംശഹത്യ, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നീ പ്രശ്നങ്ങളില്‍ സ്വീകരിച്ചത്.

2002ലെ ദീപാവലിത്തലേന്ന് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസ എന്ന ആഡംബര ഷോപ്പിങ് ചത്വരത്തില്‍ ഒരു 'തീവ്രവാദി'യെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന സംഭവം ദേശീയ പത്രങ്ങള്‍ മാത്രമല്ല, മാതൃഭൂമി അടക്കമുള്ള മലയാള മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി ഒന്നു മാത്രം മതി മാധ്യമങ്ങളുടെ ന്യൂനപക്ഷവേട്ടയ്ക്ക് ഉദാഹരണം. ദീപാവലിയുടെ തിരക്കിനിടെ സൌത്ത് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസയുടെ ബേസ്മെന്റില്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയാണ്. ചാനലുകളും പത്രങ്ങളും മത്സരിച്ച് പൊലീസിനെ അഭിനന്ദിച്ചു. അനേകം പേര്‍ മരിക്കാനിടയാവുമായിരുന്ന തീവ്രവാദി ആക്രമണപദ്ധതി തകര്‍ത്ത ഡല്‍ഹി പൊലീസിലെ ഡെയര്‍ ഡെവിള്‍സിനെ മാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണച്ചു. രാജ്യത്തെവിടെയും ഏതു സമയവും ഒരു ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും ബസ്സിലെയും തീവണ്ടിയിലെയും സീറ്റിനടിയില്‍ പൊട്ടാറായ ഒരു ടൈംബോംബ് ഒളിഞ്ഞിരിപ്പുണ്ടെന്നും മറ്റുമുള്ള ധാരണ പടര്‍ത്താനാണ് ഓരോ പത്രവും ശ്രമിച്ചത്.

ഈ സംഭവത്തിന്റെ പിറ്റേന്ന് 2002 നവംബര്‍ നാലിന് പുറത്തിറങ്ങിയ മാതൃഭൂമി പത്രം ഈ ധാരണസൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ക്ളാസിക് ഉദാഹരണമായിരുന്നു. ഏജന്‍സിയും ടെലിവിഷന്‍ ചാനലുകളും നല്‍കിയ വാര്‍ത്തകള്‍ കൊണ്ട് ഓരോ റിപ്പോര്‍ടറുടെയും ബൈലൈനോടുകൂടിയ നാലഞ്ച് വാര്‍ത്തകള്‍ ഒന്നാം പേജില്‍ നിരത്തിയ മാതൃഭൂമി ഗംഭീരമായി സ്കോര്‍ ചെയ്ത് മറ്റു പത്രങ്ങളെ പിന്നിലാക്കുകയായിരുന്നു. എന്നാല്‍, കൊല്ലപ്പെട്ട 'തീവ്രവാദി'യുടെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്ന തോക്കിന്റെ ചിത്രം ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം പ്രസിദ്ധീകരിച്ചതോടെ ഈ തീവ്രവാദി ആക്രമണ പദ്ധതി തകര്‍ത്ത ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ഏവരിലും ഉണര്‍ന്നു തുടങ്ങി. വെടിയേറ്റു വീണവന്റെ കൈയില്‍ മുറുകെപ്പിടിച്ച തോക്ക് കാണുന്ന ആരിലും സംശയം ജനിക്കുക സ്വാഭാവികം. തൊട്ടുപിന്നാലെ ഈ ഏറ്റുമുട്ടല്‍ കണ്ടു നിന്ന ഒരു ഡോക്ടറുടെ അഭിമുഖം വന്നപ്പോഴേക്കും നുണയുടെ ബലൂണ്‍ പൊട്ടി ഞെട്ടറ്റു വീണു. ആ ഡോക്ടറെ പൊലീസുകാര്‍ ഭ്രാന്തനാക്കി ചിത്രീകരിച്ചതിന്റെ വാര്‍ത്തയാണ് പിന്നീട് കേട്ടത്. ഒന്നാം പേജില്‍ നാലും അഞ്ചും പേരുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രം ഈ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സ്ഥാപിക്കുന്ന വാര്‍ത്തകള്‍ വായനക്കാരെ അറിയിക്കാന്‍ ഔത്സുക്യം കാണിച്ചില്ല.

തുടര്‍ന്നിങ്ങോട്ടുള്ള ഓരോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തീവ്രവാദി ആക്രമണങ്ങളും ന്യൂനപക്ഷത്തെക്കുറിച്ച് പൊതുമനസ്സില്‍ ഭീതിപടര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് സംഘപരിവാര്‍ തീവ്രവാദികള്‍ക്ക് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം നല്‍കിയ സന്ദേശ്, ഗുജറാത്ത് സമാചാര്‍ പോലുള്ള പത്രങ്ങളുടെ താളുകളില്‍ ചോരക്കറ എത്രകാലം കഴിഞ്ഞാലാണ് മാഞ്ഞുപോകുക.

അന്‍സല്‍ പ്ളാസയിലെ ഏറ്റുമുട്ടലില്‍ കണ്ട അതേ ആവേശം മാലേഗാവിലെ സ്ഫോടനത്തിന്റെ കാര്യത്തിലും മാതൃഭൂമിയടക്കമുള്ള മലയാള പത്രങ്ങള്‍ കാണിച്ചു. മാലേഗാവ് സ്ഫോടനത്തിലും നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിച്ച സംഭവത്തിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ ഈ പത്രങ്ങള്‍ ബോധപൂര്‍വം തമസ്കരിക്കുകയായിരുന്നു. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകരും നിയമവിദഗ്ധരും എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് അരുന്ധതി റോയി തയ്യാറാക്കിയ 13 December-A Reader: The Strange Case of the Attack on the Indian Parliament എന്ന പുസ്തകത്തില്‍ അവരുന്നയിക്കുന്ന പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു സുപ്രധാനസംഭവത്തിനു പിന്നിലെ സത്യങ്ങള്‍ മൂടിവെക്കാന്‍ യുപിഎ സര്‍ക്കാരും ആഗ്രഹിക്കുന്നു എന്ന വസ്തുതയാണ് ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നത്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി പ്രസക്തമായ പതിമൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അവയിങ്ങനെ:

1. പാര്‍ലമെണ്ടിനുനേരെയുള്ള ആക്രമണ സാധ്യതയെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരും പൊലീസും പറഞ്ഞിരുന്നു. ഡിസംബര്‍ 12ന് പ്രധാനമന്ത്രി എ ബി വാജ്പേയി വിളിച്ചു ചേര്‍ത്തയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കി. എന്നിട്ടും പതിമൂന്നിന് പാര്‍ലമെണ്ടിനു നേരെ ആക്രമണമുണ്ടായി. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ബോംബ് എങ്ങനെ പാര്‍ലമെണ്ട് സമുച്ചയത്തില്‍ എത്തി?

2. ജയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്യിബ എന്നിവയ്ക്കെതിരെ ശ്രദ്ധാപൂര്‍വം ഒരു ഓപ്പറേഷന് പദ്ധതിയിട്ടതായി ആക്രമണത്തിന് കുറച്ചുനാള്‍ക്കു ശേഷം ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പറഞ്ഞു. 1998ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോവുന്നതില്‍ ഉള്‍പ്പെട്ട 'മുഹമ്മദ് ' എന്നയാളുടെ നേതൃത്വത്തിലാണ് പാര്‍ലമെണ്ടിന് നേരെ ആക്രമണം നടന്നതെന്നും സ്പെഷ്യല്‍ സെല്‍ പറഞ്ഞു. ( ഇക്കാര്യം പിന്നീട് സിബിഐ നിഷേധിച്ചു). ഇക്കാര്യമൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. ഈ അവകാശവാദത്തിനു മേല്‍ സ്പെഷ്യല്‍ സെല്ലിന് എന്തു തെളിവാണുള്ളത്?

3. ആക്രമണം പൂര്‍ണമായും തത്സമയം ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വിയില്‍ റെക്കോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പാര്‍ലമെണ്ട് അംഗങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് പാര്‍ലമെണ്ടംഗം കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ പിന്തുണച്ച രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള ഈ സംഭവത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി പറഞ്ഞു, "ആറുപേര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. പക്ഷെ, അഞ്ചു പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ ആറുപേരെ വ്യക്തമായി കാണുന്നുണ്ട്.'' ദാസ്മുന്‍ഷി പറയുന്നത് ശരിയാണെങ്കില്‍ അഞ്ചുപേര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് എന്തിനു പറയണം?ആറാമന്‍ ആര്? അയാളിപ്പോള്‍ എവിടെയുണ്ട്? എന്തുകെണ്ടാണ് ഈ ദൃശ്യങ്ങള്‍ പ്രൊസിക്യൂഷന്‍ ഒരു തെളിവായി വിചാരണാവേളയില്‍ ഹാജരാക്കാതിരുന്നത്? എന്തുകൊണ്ട് ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു മറച്ചുവെച്ചു?

4. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പാര്‍ലമെണ്ട് പിരിഞ്ഞതെന്തിനായിരുന്നു?

5. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുണ്ടെന്ന് ഡിസംബര്‍ 13ന് ശേഷം സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നെ കണ്ടത് ഇന്തോ-പാക് അതിര്‍ത്തിയിലേക്ക് അഞ്ചുലക്ഷം പട്ടാളക്കാരുടെ നീക്കമാണ്. ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തി. എന്തായിരുന്നു നിഷേധിക്കാനാവാത്ത ഈ തെളിവ്?

6. ഡിസംബര്‍ 13ന്റെ ആക്രമണത്തിനു വളരെ മുമ്പുതന്നെ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കം തുടങ്ങിയിരുന്നുവെന്നത് സത്യമാണോ?

7. ഒരു വര്‍ഷത്തോളം നീണ്ട ഈ സൈനികനീക്കത്തിന് എന്തു ചെലവ് വന്നു? എത്ര പട്ടാളക്കാര്‍ ഇതില്‍ കൊല്ലപ്പെട്ടു. കുഴിബോംബുകള്‍ അലക്ഷ്യമായി ഉപയോഗിച്ചതുമൂലം കൊല്ലപ്പെട്ട സൈനികരും സിവിലിയന്‍മാരും എത്ര? പട്ടാള ട്രക്കുകളും ടാങ്കുകളും കടന്നുപോയപ്പോള്‍ നഷ്ടപ്പെട്ട വീടുകളും കൃഷിഭൂമിയും എത്ര?

8. സംഭവസ്ഥലത്തു നിന്ന് ശേഖരിക്കുന്ന തെളിവുകള്‍ ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ സുപ്രധാനമാണ്. പൊലീസിന്റെ അന്വേഷണം എങ്ങനെ അഫ്സലില്‍ എത്തി. എസ് എ ആര്‍ ഗീലാനി വഴിയാണ് തങ്ങള്‍ അഫ്സലില്‍ എത്തിയതെന്ന് സ്പെഷ്യല്‍ സെല്‍ പറയുന്നു. അഫ്സലിനെ കണ്ടുപിടിക്കണമെന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് കൈമാറുന്നതിനു മുമ്പുതന്നെ ഗീലാനിയെ അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് ഡിസംബര്‍ 13ന്റെ ആക്രമണവുമായി സ്പെഷല്‍ സെല്‍ അഫ്സലിനെ ബന്ധിപ്പിക്കുന്നത്.

9. കീഴടങ്ങിയ തീവ്രവാദിയായ അഫ്സല്‍ ജമ്മു-കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നതായി കോടതികള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ സദാനിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് എങ്ങനെ ഒരു സായുധ ഓപ്പറേഷനു വേണ്ടി ഗൂഢാലോചന നടത്തുമെന്ന് സുരക്ഷാസേന എങ്ങനെയാണ് വിശദീകരിക്കുന്നത്.

10. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പീഡനമുറിക്കകത്തും പുറത്തമായി കഴിയുകയും നിരന്തരനിരീക്ഷണത്തിന് വിധേയനാവുകയും ചെയ്യുന്ന ഒരാളെ ഒരു സുപ്രധാന ഓപ്പറേഷനുവേണ്ട സഹായത്തിന് ലഷ്കര്‍, ജയ്ഷെ തുടങ്ങിയ സംഘടനകള്‍ എങ്ങനെ വിശ്വാസത്തിലെടുക്കും?

11. കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റില്‍ അഫ്സല്‍ പറഞ്ഞത് എസ്ടിഎഫുമായി ബന്ധമുള്ള താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തിയെന്നും അയാളെ ദില്ലിക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചുമെന്നുമാണ്. താരിഖിന്റെ പേര് കുറ്റപത്രത്തിലുണ്ട്. ആരാണ് താരിഖ്? അയാളിപ്പോള്‍ എവിടെയാണ്.

12. 2000 നവംബറില്‍ മുംബെയില്‍ വെച്ച് അറസ്റ്റ് ചെയ്തശേഷം ജമ്മു കാശ്മീര്‍ പൊലീസിന് കൈമാറിയ മൊഹമ്മദ് യാസിന്‍ ഫത്തേ മുഹമ്മദ് എന്ന അബു ഹംസയാണ് പാര്‍ലമെണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളെന്ന് ആക്രമണം നടന്ന് ആറുദിവസങ്ങള്‍ക്കുശേഷം താനെയിലെ പൊലീസ് കമീഷണര്‍ എസ് എം ഷങ്കാരി തിരിച്ചറിഞ്ഞിരുന്നു. തന്റെ വാദത്തെ ബലപ്പെടുത്താനുള്ള തെളിവുകളും അദ്ദേഹം നല്‍കി. ശങ്കാരി പറയുന്നത് സത്യമാണെങ്കില്‍ ജമ്മുകാശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസിന്‍ പാര്‍ലമെണ്ട് ആക്രമണത്തില്‍ ഉള്‍പ്പെട്ടതെങ്ങനെ? അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ യാസിന്‍ ഇപ്പോള്‍ എവിടെയാണ്?

13. പാര്‍ലമെണ്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് 'തീവ്രവാദികള്‍' ആരൊക്കെയാണെന്ന് നമുക്കറിയാത്തത് എന്തുകൊണ്ട്?

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നിലെ സംശയങ്ങളുടെ മേഘങ്ങള്‍ ഇതുവരെ മാഞ്ഞുപോയിട്ടുമില്ല. യുപിഎയുടെ ഭരണം ആറുവര്‍ഷം പിന്നിടുമ്പോഴും രഹസ്യങ്ങളുടെയും ദുരൂഹതയുടെ ഈ കടന്നല്‍ക്കൂടിളക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഭയക്കുകയാണ്. പാര്‍ലമെന്റ് ആക്രമണം നടന്ന സാഹചര്യം എന്തായിരുന്നു എന്ന് നോക്കാം. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളുടെ വര്‍ഷമായിരുന്നു 2001. ആ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തിലാണ് പ്രതിരോധ ഇടപാടുകളിലെ അഴിമതികളൊന്നാകെ തെഹല്‍ക പുറത്തുകൊണ്ടുവന്നത്. കാര്‍ഗില്‍ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായി നടത്തിയ ആയുധ ഇടപാടില്‍ നടന്ന കൈക്കൂലിയെക്കുറിച്ച് തെഹല്‍ക പൊട്ടിച്ച വെടി ബിജെപിയെ ആകെയുലച്ചു. ആയുധദല്ലാളന്‍മാരായി വേഷമിട്ട തെഹല്‍ക ലേഖകരില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ബിജെപി പ്രസിഡണ്ടിന്റെ ദൃശ്യം അഴിമതിയുടെ എക്കാലത്തെയും സിംബലായി. ഇതിന്റെ പേരില്‍ എഴുപതുകളിലെ യുവതുര്‍ക്കിയും ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ സമരപ്രതീകവുമായ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചു. മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചെടുക്കുകയും ചെയ്തു. തെഹല്‍ക വെളിപ്പെടുത്തലിന്റെ അലയൊടുങ്ങും മുമ്പ് സപ്തംബര്‍ പതിനാന്നിന് ഇരട്ടഗോപുരങ്ങള്‍ക്കു നേരെയുള്ള ആക്രമണവും തുടര്‍ന്ന് അഫ്ഗാന്‍ യുദ്ധവും. ഇന്ത്യയില്‍ തീവ്രവാദത്തെ മറയാക്കി ഏതുപ്രശ്നത്തെയും ഒതുക്കി തീര്‍ക്കാം എന്ന് ബിജെപി നേതൃത്വത്തിന് എളുപ്പം മനസ്സിലാക്കാന്‍ ഇത് ധാരാളമായിരുന്നു. സപ്തംബര്‍ പതിനൊന്നിന്റെ തുടര്‍ച്ചയായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തിപ്പെട്ട സംഘപരിവാര്‍ ആക്രമണം ഒടുവില്‍ 2002 മാര്‍ച്ചിലെ ഗുജറാത്ത് വംശഹത്യവരെ ചെന്നെത്തി. 2001 ഡിസംബറിലാണ് ശവപ്പെട്ടി കുംഭകോണം പുറത്തുവന്നത്. കാര്‍ഗിലില്‍ കൊല്ലപ്പെട്ട ജവന്മാരുടെ മൃതദേഹം കൊണ്ടുവരാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ പോലും കമ്മീഷന്‍ വാങ്ങിയെന്ന് കംപ്ട്രോളര്‍ ആന്റ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത് വീണ്ടും എന്‍ഡിഎക്ക് തിരിച്ചടിയായി. തൊട്ടടുത്ത ഫെബ്രുവരിയില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തകൃതി. ശവപ്പെട്ടിക്കള്ളന്മാര്‍ എന്ന ആക്ഷേപം പാര്‍ലമെണ്ടിലും തെരുവിലും മുഴങ്ങിയതോടെ ബിജെപി ഭയത്തിലായി. സൈനികരുടെ എണ്ണം ഗണ്യമായുള്ള ഈ സംസ്ഥാനങ്ങളില്‍ വിജയിക്കാനാവുമെന്ന വ്യാമോഹം ബിജെപിയുടെ നല്ല സ്വപ്നങ്ങളില്‍ പോലും കടന്നുവന്നില്ല. തെഹല്‍കവെളിപ്പെടുത്തല്‍ പോലെ ശവപ്പെട്ടി കുംഭകോണവും പാര്‍ലമെണ്ടിന്റെ 2001ലെ ശീതകാലസമ്മേളന നടപടികള്‍ ദിവസങ്ങളോളം സ്തംഭിപ്പിച്ചു. ഈ പ്രശ്നം കത്തിനില്‍ക്കുമ്പോഴാണ് പാര്‍ലമെണ്ടിനു നേരെ തീവ്രവാദികള്‍ ആക്രമണം നടന്നത് എന്നതു തന്നെ സംശയകരമാണെന്ന് അന്നു തന്നെ സംസാരമുണ്ടായിരുന്നു.

പക്ഷെ, ലോകത്തെങ്ങും ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രചാരണ കൊടുങ്കാറ്റ് വീശുമ്പോള്‍, സെപ്തംബര്‍ പതിനൊന്നിന്റെ പേരില്‍ അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക പടയൊരുക്കം നടക്കുമ്പോള്‍ ഇതൊക്കെ പുറത്തുപറയാന്‍ ആരും ധൈര്യം കാട്ടിയിരുന്നില്ല. തീവ്രവാദത്തിനെതിരെയുള്ള ആഗോള യുദ്ധത്തിന് ഇന്ത്യയും ഒരു കൂട്ടാളിയായി മാറിയത് അന്നാണ്. ഒപ്പം പാകിസ്ഥാനുമായി ഏതുസമയവും ഏററുമുട്ടുലുണ്ടായേക്കാമെന്ന സ്ഥിതി വിശേഷം അന്ന് കൈവന്നു. പാകിസ്ഥാനുമായുള്ള ലാഹോര്‍ ബസ് സര്‍വീസും വ്യോമബന്ധങ്ങളും വിഛേദിച്ചു. നയതന്ത്രപ്രതിനിധി സതീഷ് നമ്പ്യാരെ തിരിച്ചുവിളിച്ചു. എല്ലാം കൊണ്ടും ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിയ തീവ്രദേശീയതാ വികാരത്തില്‍ ഒന്നു സംഭവിച്ചു. തെഹല്‍കയും ശവപ്പെട്ടി കുംഭകോണവും മാധ്യമങ്ങള്‍ മറന്നു. പകരം മുസ്ലിം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പാവനമായ യുദ്ധത്തിലേക്ക് മാധ്യമങ്ങള്‍ മിഴി തുറന്നു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ സൃഷ്ടിച്ച യുദ്ധാസക്തി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു.

2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദി ആക്രമണത്തിനുപിന്നില്‍ സിഐഎക്കുള്ള പങ്ക് വസ്തുതകള്‍ സഹിതം ചോസുദോവ്സ്കിയെപ്പോലുള്ള എടുത്തു പറഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഏറ്റവുമൊടുവില്‍ കശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ കിറ്റില്‍ ബോംബുണ്ടെന്ന സംശയത്തില്‍ പല നഗരങ്ങളെയും ഭയവിഹ്വലരാക്കാന്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കാട്ടിയ താല്പര്യം ഗോവയിലെ മഡ്ഗാവില്‍ ദീപാവലി ദിവസം സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളുടെ വസ്തുതകള്‍ പുറത്തറിയിക്കുന്നതില്‍ ഉണ്ടായില്ല. 2008 നവംബറില്‍ ഡല്‍ഹിയിലെ ബട്ലാ ഹൌസില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ പൊലീസിനെതിരെ രോഷമുയര്‍ന്നപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നാണ് കോടതി പറഞ്ഞത്.

സംഘപരിവാറിന്റെ മെഗാഫോണുകളാവുന്ന മാധ്യമങ്ങള്‍ ലൌജിഹാദിന്റെ കാര്യത്തിലും വ്യത്യസ്ത നിലപാടല്ല കൈക്കൊള്ളുന്നത്. വസ്തുതയുടെ പിന്‍ബലമൊന്നുമില്ലാത്ത ഭോഷ്കുകള്‍ ഏറ്റെടുക്കാന്‍കേരളത്തിലും ആളുണ്ടെന്ന ദയനീയ സത്യമാണ് നമ്മള്‍ ഇപ്പോള്‍ തൊട്ടറിയുന്നത്. പ്രണയം നിഷിദ്ധം, അഥവാ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ തന്നെ അത് സ്വന്തം സമുദായത്തില്‍ പെട്ടവരെ മാത്രം എന്നാണ് ഈ പ്രചാരണത്തിന്റെ പൊരുള്‍. കേരളം ഇതുവരെ പൊരുതി നേടിയ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരം പ്രചാരണങ്ങള്‍. പ്രണയിക്കും മുമ്പ് ജാതിസര്‍ടിഫിക്കറ്റ് ചോദിച്ചുവാങ്ങാന്‍ ഇനി എന്നാണിവര്‍ പറയുക എന്ന് മാത്രം നോക്കിയിരിക്കുക.

ബുധനാഴ്‌ച, ഡിസംബർ 09, 2009

മുസ്ളിം ഭീതിയും ലവ് ജിഹാദും വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ

ഹിന്ദു സമുദായത്തില്‍ പെട്ട സുന്ദരിമാരെ വല വീശുന്ന മുഹമ്മദീയരെക്കുറിച്ചുള്ള ഭീതി, ലവ് ജിഹാദിനെക്കുറിച്ചുള്ള കോടതിയുടെയും പോലീസിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും സമുദായ മേധാവിമാരുടെയും സംഘപരിവാര്‍ ഫാസിസ്റ്റുകളുടെയും വ്യാഖ്യാനങ്ങള്‍ പൊന്തി നില്‍ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല ആദ്യമായി ഉരുത്തിരിഞ്ഞു വന്നത്. ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍ എന്ന് പാടിയ മഹാനായ സ്വാതന്ത്ര്യസമര/ദേശീയ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധ സമാഹാരമായ സാഹിത്യമഞ്ജരിയിലെ ഒരു കവിതയാണ് ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും. വില്വാദ്രിനാഥക്ഷേത്രത്തിന്റെ പേരില്‍ സുപ്രസിദ്ധമായ തിരുവില്വാമലയിലാണ് കഥ നടക്കുന്നത്. നേരം സന്ധ്യ. പ്രകൃതി വര്‍ണനയാണ് ആദ്യത്തെ കുറെയധികം ശ്ളോകങ്ങളില്‍. ഭാരതപ്പുഴയുടെ കരയിലാണ് വില്വാദ്രിനാഥന്‍ കുടികൊള്ളുന്നത്.

തിരുനിളയുടെ തീരമോടടുത്തുള്ളൊരു വിപുലോന്നതമാം പറമ്പിലൂടേ തരുണിയൊരുവള്‍ പോയിരുന്നു, താനേ പെരുകുമതിന്‍ വിജനത്വമൊട്ടകറ്റി.

തരുണിയുടെ രംഗപ്രവേശത്തെ തുടര്‍ന്ന് അവളുടെ ഉടല്‍ വിവരിക്കപ്പെടുന്നു.

തടിമരവുമിടക്കിടക്കു വള്ളിക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍ വടിവോളവള്‍ വിളങ്ങി, വാനില്‍ നിന്നും ഝടിതി പതിച്ചൊരു കൊച്ചുതാര പോലെ. ധവളപടമുടുത്ത രീതി, കണ്ഠാദ്യവയവമണ്ഡനവൃന്ദ സമ്പ്രദായം, സുവദനശശിതന്‍ വിശേഷതേജസ്സിവയിവള്‍ നായര്‍ നതാംഗിയെന്നു ചൊല്ലി.

വസ്ത്രവും ആഭരണങ്ങളുമണിഞ്ഞതിന്റെ സവിശേഷവും ആഭിജാത്യമാര്‍ന്നതും കുലീനവുമായ രീതിസമ്പ്രദായത്തില്‍ നിന്നും മുഖതേജസ്സിന്റെ വിശേഷം കൊണ്ടും അവള്‍ ഒരു നായര്‍ സുന്ദരിയാണെന്നു തീര്‍ച്ച എന്നാണ് കവി ഉറപ്പിക്കുന്നത്. സൌന്ദര്യം, കുലീനത, ആഭിജാത്യം, ചാരിത്ര്യം, എന്നിവയുടെയെല്ലാം പര്യായമായി നായര്‍ ജാതി സ്ത്രീത്വം ഇതിലൂടെ ഉറപ്പിക്കപ്പെടുന്നു. ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍ എന്ന് നായര്‍ തന്നെയായ ഇടശ്ശേരി വിലപിക്കുന്നത് പിന്നീടുമെത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം.

നായര്‍ സുന്ദരിയാണെന്നുറച്ചതോടെ അവളുടെ അംഗപ്രത്യംഗ വര്‍ണനം തന്റെ പുരുഷാധികാരത്തിന്റെയും പുരുഷക്കാഴ്ചയുടെയും പുരുഷവ്യാഖ്യാനത്തിന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്ന നിലക്കുള്ള വിവരണങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍. തലമുടിയുടെ വര്‍ണനയും അതിന്റെ തുമ്പ് നിതംഗത്തില്‍ തട്ടി വിലസുന്നതും വിവരിക്കുമ്പോള്‍ രൂപകവും ഉപമയും ഉത്പ്രേക്ഷയും കൂടി തിളങ്ങുന്നതുകൊണ്ട് മലയാള ഭാഷാ വ്യാകരണം വളര്‍ന്നു പന്തലിക്കുകയും അധ്യാപകര്‍ തൊഴിലുള്ളവരായി തുടരുകയും ചെയ്തു. മലരഴകില്‍ നിറച്ചൊരോട്ടുപാത്രം വിലസി, വിലാസിനി തന്നിടങ്കരത്തില്‍; അലസതനു പൊതിച്ച രണ്ടിളനീര്‍ വലതു കരത്തിലുമുദ്വഹിച്ചിരുന്നു എന്ന വരികളില്‍ നിന്നായിരിക്കണം വിപ്ളവകവി കൂടിയായിരുന്ന വയലാര്‍ രാമവര്‍മ്മക്ക് പില്‍ക്കാലത്ത് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി......തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടു വരും ഇളനീര്‍ക്കുടമിന്നുടക്കും ഞാന്‍ എന്ന സിനിമാപ്പാട്ടെഴുതാന്‍ പ്രചോദനം ലഭിച്ചത്.

ഭവനത്തില്‍ നിന്നു പുറപ്പെടാന്‍ അല്‍പം വൈകിയതിനാല്‍, സഖികളെല്ലാം മുമ്പേ പോയിരുന്നു; അവള്‍ വഴിയില്‍ തനിച്ചായിപ്പോയി. ഒറ്റക്ക് അവള്‍ വലിഞ്ഞു നടക്കുന്നതിനെക്കുറിച്ച് കവി ഇപ്രകാരം വിവരിക്കുന്നു.

ചുമലണിവസനത്തിനുള്ളില്‍ വിങ്ങും സുമഹിതവാര്‍മുലയും, നിതംബവായ്പും ശ്രമമൊടനുവദിച്ച വേഗമാര്‍ന്നക്കമനി നടന്നു കരള്‍ക്കൊരിണ്ടലോടെ.

വിവരണത്തിലെ ശൃംഗാരവും രത്യാലോചനയും അവസാനിക്കുന്നു. അതാ കഥയിലെ വില്ലന്‍ കടന്നു വരുന്നു. ഉടനടിയവള്‍ തന്റെ മുന്നിലെത്തീ, സ്ഫുടതരരാക്ഷസരൂക്ഷരൂപനേകന്‍. പെട്ടെന്നുള്ള ഈ കാഴ്ചയില്‍ അവള്‍ ചകിതയായി നാലഞ്ചടി പിന്നോട്ടു മാറി. ആ കരാളമുഖനെ കവി വിവരിക്കുന്നതിപ്രകാരം. പിരിമുറുകി വളഞ്ഞ മീശ, ചെന്തീപ്പൊരി ചിതറും മിഴി, വട്ടമൊത്ത താടി ഹരി, ഹരിയമനും നടുങ്ങുവൊന്നക്കരിമലയന്റെ കരാളമായ വക്ത്രം. ആരാണവന്‍? വെറിയനവനതാതിടത്തു തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍, കണ്ടിടത്തെല്ലാം തട്ടിപ്പറി തൊഴിലാക്കിയവന്‍, അവന്‍ മുഹമ്മദീയര്‍ക്കു ചേര്‍ന്ന തരത്തിലുള്ള കള്ളത്തരങ്ങളും ക്രൂരതകളും കൈമുതലായുള്ള ഒരു വെറിയന്‍, വെറുക്കപ്പെട്ടവന്‍, വെറുക്കപ്പെടേണ്ടവന്‍ തന്നെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പാപകര്‍മ്മങ്ങള്‍ ഇടതടവില്ലാതെ അനുഷ്ഠിച്ചുകൊണ്ടേയിരിക്കുന്ന ആ കശ്മലന്റെ പൈശാചികത അവന്റെ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാം. പോരാത്തതിനോ അരയിലൊരു കത്തിയും തിരുകിയിട്ടുണ്ടവന്‍. ഒരു വക വലുതായ കത്തി കൂറ്റന്‍ തിരുകിയിരുന്നു വലത്തു പാടരയ്ക്കല്‍: പരുഷമതു രസേന പാന്ഥരക്തക്കുരുതിയി'ലൂളിയിടാ'ത്ത നാള്‍ ചുരുങ്ങും. ക്രൂരകൃത്യങ്ങള്‍ നടത്താന്‍ ആ കത്തിക്കു തന്നെ ഒരുത്സാഹമുണ്ടെന്നാണ് കവി കല്‍പ്പിച്ചുണ്ടാക്കുന്നത്. സര്‍വാഭരണവിഭൂഷിതയായതിനു പുറമെ, പാതിവ്രത്യം എന്ന അനര്‍ഘരത്നത്തെക്കൂടിയണിഞ്ഞവളായ ആ നായര്‍ യുവതിയോട് അവളെ നശിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെങ്കിലും താനവളെ ഉപദ്രവിക്കുകയില്ല എന്നാണവന്‍ പറയുന്നത്. അതു പറഞ്ഞ് തന്റെ വീട്ടിലേക്കു ക്ഷണിക്കുകയാണവളെ. അവളുടെ കണ്ണിലിരുട്ടു കയറാനും ബോധം കെടാനും വേറൊന്നും വേണ്ടല്ലോ. കാലിടറി പടുകുഴിയിലേക്കു വീഴാന്‍ പോകുകയാണവള്‍. കല്ലിനു പോലും കനിവു തോന്നിക്കുന്നതരത്തില്‍ ദയനീയമായ അഭ്യര്‍ത്ഥന നടത്തിയിട്ടും ആ ഖലന്റെ(ദുര്‍ജ്ജനവിഭാഗത്തില്‍ പെടുന്ന ക്രൂരന്‍) കൂടെ പോകേണ്ടി വരുന്നു. വ്രതമനുഷ്ഠിച്ചു പരിശുദ്ധയായി വരുന്നവളെ കാമം തലക്കു കയറിയവന്‍ ആക്രമിക്കുമ്പോള്‍ കാമദേവനെ ചുട്ടെരിച്ച ഭഗവാന്‍ കാണുന്നില്ലേ എന്നണ് കവി ചോദിക്കുന്നത്. ഭഗവാന്റെ ലീലാവിലാസം തന്നെയായിരിക്കണം, അവള്‍ക്ക് ധൈര്യം കുറേശ്ശ കുറേശ്ശയായി ലഭിച്ചു തുടങ്ങുന്നു. കരിക്കു മുറിക്കുന്നതിനു കത്തി ചോദിച്ചു വാങ്ങിയ അവള്‍ ആ ജളക്രൂരന്റെ കഴുത്തില്‍ ആഞ്ഞു വെട്ടുകയാണ് പിന്നീട് ചെയ്യുന്നത്.

ക്ളൈമാക്സ് കവി വിവരിക്കുന്നതിപ്രകാരം.

'ഹള്ളാ' എന്നു മലച്ചു മാപ്പിള നിലത്തക്കാലപാശത്തെയും തള്ളാന്‍ പോന്ന കരാളനെങ്ങു? കമലത്തണ്ടൊത്ത കയ്യെങ്ങഹോ? ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍, പ്പേര്‍ കേട്ട തല്‍പൂര്‍വകര്‍ക്കുള്ളാ ക്ഷത്രിയരക്തമൊട്ടിടയുണര്‍ന്നുള്‍ പ്പാഞ്ഞിരിക്കാമതില്‍!

കേരള ദേശീയതയും സാംസ്ക്കാരിക പൌരത്വവും നിര്‍ണയിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വള്ളത്തോളിന്റെ നിലപാടിതാണെങ്കില്‍ സാമൂഹ്യനീതിക്കു വേണ്ടിയും ജാതിനിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടിയും കവിതയെഴുതുക മാത്രമല്ല, സംഘടനാനേതൃത്വപദവിയേറ്റെടുക്കുക വരെ ചെയ്ത മഹാകവി കുമാരനാശാന്‍ തന്റെ പ്രഖ്യാതമായ ദുരവസ്ഥയില്‍ മുഹമ്മദീയരെ 'ക്രൂരമുഹമ്മദീയര്‍' എന്നാണല്ലോ പരിചയപ്പെടുത്തുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നത്. ഈ വിശേഷണത്തെ സംബന്ധിച്ച ധാരാളം നിരീക്ഷണങ്ങള്‍ വന്നു കഴിഞ്ഞ സ്ഥിതിക്ക് വിശദാംശങ്ങളിലേക്കു പോകുന്നില്ല.

ദേശീയതയുടെയും സംസ്ക്കാരത്തിന്റെയും സാമൂഹ്യ നീതിയുടെയും കാര്യം കഴിഞ്ഞാല്‍ നവോത്ഥാനാനന്തര മലയാളിക്ക് പ്രിയപ്പെട്ട വികാരവും ആശയവുമാണ് മതേതരത്വം അഥവാ മതനിരപേക്ഷത. മലയാളിയുടെ മതേതരത്വം പണ്ടത്തെപ്പോലെ ശക്തമല്ല എന്നു വിലപിക്കുന്ന പൊതുബോധ പണ്ഡിതര്‍ നിരന്തരമായി ഉദാഹരിക്കുന്ന ഒരു കാര്യം, ഇന്നാണെങ്കില്‍ എനിക്ക് നിര്‍മ്മാല്യം എടുക്കാന്‍ കഴിയുമായിരുന്നില്ല എന്ന എം.ടി യുടെ പ്രസ്താവനയാണ്. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗമാണ് യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ചത്. അപ്രകാരമായിരുന്നു, വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടതും.

വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം കടുത്തതും ഹൃദയശൂന്യവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തികള്‍ സാധാരണ ചെയ്യുന്നത് മുസ്ളിങ്ങളാണ് എന്ന പൊതുബോധമാണിവിടെ രചയിതാവിനെ നയിക്കുന്നത്. ഇതിനര്‍ത്ഥം, വള്ളത്തോളും ആശാനും എം ടിയും അടക്കമുള്ള മഹാന്മാരായ കലാകാരന്മാരും അവരുടെ മുഴുവന്‍ കലാസൃഷ്ടികളും ഹിന്ദുവര്‍ഗീയതയുടെ ആശയപ്രചാരണ മാധ്യമങ്ങളാണെന്നല്ല. മറിച്ച്, വളരെ വിശാലമായ അര്‍ത്ഥത്തില്‍ ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവ കൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന ഈ മഹാന്മാരുടേതടക്കം മുഴുവന്‍ കേരളീയരുടെയും സാമൂഹിക അബോധത്തില്‍ മുസ്ളിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമായിരുന്നു എന്നു മാത്രമാണ്.

ദേശീയത, സാംസ്ക്കാരിക പൌരത്വം, സാമൂഹ്യ നീതി, മതേതരത്വം, വര്‍ഗീയവിരുദ്ധത എന്നിങ്ങനെയുള്ള കേരളീയ നവോത്ഥാന മൂല്യങ്ങളൊക്കെത്തന്നെയും ഹിന്ദു(സവര്‍ണ) സ്ത്രീയെ വശഗയാക്കുന്ന കാമോത്തേജിതനായ മുസ്ളിം പുരുഷന്‍ എന്ന പ്രോട്ടോടൈപ്പിനെ നിര്‍മ്മിച്ചെടുക്കുകയും പുനര്‍നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നു സാരം. അപ്പോള്‍ പിന്നെ, ലൌ ജിഹാദ് എന്ന ഭീതി കലര്‍ന്ന ആരോപണം സംഘപരിവാര്‍ കരുപ്പിടിപ്പിച്ചെടുക്കുമ്പോള്‍, കേരളകൌമുദിയും മാതൃഭൂമിയും മനോരമയും ഡി ജി പിയും കൃസ്ത്യന്‍ പള്ളിയും കോടതിയും വെള്ളാപ്പള്ളിയും പി കെ നാരായണപ്പണിക്കരും എന്തിനേതേറ്റെടുക്കാതിരിക്കണം?

ലോകവ്യാപകമായി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള ഹിന്ദു ജനജാഗൃതി സമിതി എന്ന വെബ്സൈറ്റില്‍ 2009 ഫെബ്രുവരി 27 തീയതി വെച്ച് പത്തനംതിട്ടയില്‍ നിന്നെഴുതിയതെന്ന വണ്ണമുള്ള വാര്‍ത്തയില്‍ പറയുന്നതിപ്രകാരമാണ്. മറ്റു മാധ്യമങ്ങള്‍ അവഗണിച്ച കേരളകൌമുദി എന്ന 'സെക്കുലര്‍' പത്രത്തില്‍ വന്ന വാര്‍ത്തയെയാണ് ഈ വെബ്സൈറ്റ് അവലംബമാക്കുന്നത്. ഇതിനകം നാലായിരം ഹിന്ദു പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് കുടുക്കി മതം മാറ്റിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലീസിന്റെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിക്കഴിഞ്ഞു എന്നറിയിക്കുന്ന റിപ്പോര്‍ട് തുടര്‍ന്ന് ലവ് ജിഹാദിന്റെ നടപടിക്രമം വിവരിക്കുന്നു. ഈ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന പയ്യന്മാര്‍ക്ക് ഹിന്ദു പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ രണ്ടാഴ്ച സമയമാണനുവദിച്ചിട്ടുള്ളത്. കല്യാണവും മതം മാറ്റവും കഴിഞ്ഞ ഉടനെ ചുരുങ്ങിയത് നാലു കുട്ടികളെയെങ്കിലും അടിയന്തിരമായി ഉത്പാദിപ്പിക്കേണ്ടതുണ്ട്. രണ്ടാഴ്ച ഒരുവളുടെ പുറകെ നടന്നിട്ട് ഫലം കണ്ടില്ലെങ്കില്‍ അവളെ വേണ്ടെന്നു വെച്ച് പുതിയ ഇരയെ തേടി നടക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പ്രണയത്തിന്റെ വിജയത്തിനായി പുതിയ തരം മൊബൈല്‍ ഫോണുകള്‍, ബൈക്കുകള്‍, ഡിസൈനര്‍ ഷര്‍ട്ടുകള്‍ എന്നിവയും വിതരണം ചെയ്യുന്നുണ്ട്.

ഈ വാര്‍ത്ത വെബ്സൈറ്റുകളില്‍ നിന്ന് മുഖ്യധാരാ പത്രങ്ങളിലേക്കും കോടതിയിലേക്കും ടെലിവിഷന്‍ ചാനലുകളിലേക്കും പടര്‍ന്നതോടെ, ഹിന്ദുസംഘടനകളും കൃസ്ത്യന്‍ പള്ളിയും ലവ് ജിഹാദിനെതിരെ യോജിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ടൈംസ് ഓഫ് ഇന്ത്യക്കു വേണ്ടി സ്വന്തം പ്രതിനിധി അനന്തകൃഷ്ണന്‍ ജി 13.10.2009ന് പോസ്റ്റു ചെയ്ത വാര്‍ത്തയില്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളുണ്ട്. തങ്ങളുടെ സമുദായങ്ങള്‍ക്ക് മാരകമായ പ്രഹരം സമ്മാനിക്കുന്ന ഈ സാമൂഹ്യവിപത്തിനെതിരായി തങ്ങള്‍ യോജിക്കുകയാണെന്നാണ് ഹിന്ദു/കൃസ്ത്യന്‍ 'മതമേധാവികള്‍' അറിയിച്ചിരിക്കുന്നത്.

ലവ്ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു മംഗളൂരുവിലെ പബ്ബില്‍ നടന്നിരുന്നതെന്നും അതു തടയാനാണ് തങ്ങള്‍ അവിടെയെത്തിയതെന്നുമാണ് രാമസേന പറയുന്നത്. (ഹിന്ദു പെണ്‍കുട്ടികളേ ലവ് ജിഹാദിനെ കരുതിയിരിക്കുക- ഇന്ത്യന്‍ റിയലിസ്റ്റ്.വേര്‍ഡ്പ്രസ്സ്.കോം) മോഡേണ്‍ ആയി വസ്ത്രം ധരിച്ച നിരവധി ഹിന്ദു പെണ്‍കുട്ടികള്‍ മംഗളൂരുവിലെ പബ്ബില്‍ മുസ്ളിം യുവാക്കള്‍ക്കൊപ്പം കാമോത്തേജനപരമായ തരത്തില്‍ നൃത്തം ചെയ്യുന്നതാണ് തങ്ങള്‍ കണ്ടതെന്ന് രാമസേന ഓര്‍മ്മിക്കുന്നു. അതുകൊണ്ടാണ് തങ്ങള്‍ അവരെ രക്ഷിച്ചെടുത്തത്. ഹിന്ദു കുട്ടികളെ പ്രസവിക്കുന്നതിനു പകരം മുസ്ളിം കുട്ടികളെ പ്രസവിച്ച് വളര്‍ത്തിയെടുത്ത് ഹിന്ദുക്കളെ കലാപത്തിലൂടെ കൊന്നൊടുക്കുക എന്നതാണ് ലവ് ജിഹാദിന്റെ ലക്ഷ്യം എന്ന് രാമസേന കണ്ടെത്തിയിരിക്കുന്നു. മതപരിവര്‍ത്തനത്തിനുള്ള തക്ക്വിയ തന്ത്രത്തിന്റെ ഒരു രീതി മാത്രമാണ് ലവ് ജിഹാദെന്നാണ് സംഘപരിവാര്‍ ആശയക്കാരനായ സന്ദീപ്‌വെബ് കണ്ടെത്തുന്നത്. ഇസ്ളാമിക് ബേബി ഫാക്ടറി തന്നെ ലവ് ജിഹാദുകാര്‍ കെട്ടിപ്പടുക്കുകയാണെന്നാണ് സന്ദീപിന്റെ അഭിപ്രായം.

സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ളിങ്ങള്‍, കൃസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ ദേശീയ/മതേതര പത്രങ്ങളും പോലീസും കോടതിയും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൌരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിക്കുന്നത്.

പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-ടിവി മാധ്യമങ്ങള്‍ ഈ അപരവത്ക്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. മ അ്ദനിയുടെയും പി ഡി പിയുടെയും സാന്നിദ്ധ്യത്തെ കൊടും കുറ്റകൃത്യമായി വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് അജണ്ടയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം കാണുകയുണ്ടായി. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മലയാള സിനിമയിലൂടെ പ്രത്യക്ഷവത്ക്കരിക്കപ്പെട്ട ജനപ്രിയതയുടെ ലക്ഷണങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെയും പ്രബുദ്ധതയെയും നിലപാടുകളെയും മാധ്യമ പ്രതികരണരീതികളെയും വിസ്ഫോടനകരമാം വണ്ണം ചവിട്ടിക്കുഴക്കുന്ന അതിജീര്‍ണമായ അവസ്ഥ തന്നെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് സംജാതമാകുകയുണ്ടായി. താന്‍ കോഴിക്കോട്ട് വീടന്വേഷിച്ചപ്പോള്‍ ഇവിടെ നല്ല സ്ഥലമാണ്, അടുത്ത് മുസ്ളിങ്ങളില്ല എന്ന് ബ്രോക്കര്‍ പറഞ്ഞതായി കെ എന്‍ പണിക്കര്‍ തന്റെ അനുഭവം വിവരിക്കുന്നത്, അപരവത്ക്കരണം കേരളീയ സമൂഹത്തിന്റെ പ്രഖ്യാപിത പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക നാട്യങ്ങളെ നിരാകരിക്കും വിധം ആഴത്തില്‍ വേരോടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്(പി പി ഷാനവാസുമായുള്ള അഭിമുഖം).

ദേശീയ സ്വത്വ നിര്‍മിതി, ഭാഷാഭിമാനം, രാജ്യസ്നേഹം തുടങ്ങിയ മേഖലകളിലും ഇത്തരത്തിലുള്ള അപരവത്ക്കരണങ്ങള്‍ ദിനം പ്രതിയെന്നോണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കായിക തൊഴില്‍ മേഖലയില്‍ തമിഴ് നാട്, ആന്ധ്ര, ബംഗാള്‍, ഒറീസ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അനവധി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരോട് പുഛവും മനുഷ്യാവകാശ നിഷേധവും വെറുപ്പും അമിത ചൂഷണവും നിറഞ്ഞ സമീപനമാണ് പൊതു സമൂഹം പുലര്‍ത്തിവരുന്നത്. മുസ്ളിം ഭീകരര്‍ പിടിയില്‍, തമിഴ് മോഷ്ടാക്കള്‍ പിടിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ക്ക് തലക്കെട്ടു കൊടുക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതും അമിതോത്സാഹം കാട്ടുന്നതും അസഹനീയമായിട്ടുണ്ട്. പത്ര മാധ്യമങ്ങളുടെ ഈ അമിതോത്സാഹമാണ് കേരളത്തിന്റെ പലയിടങ്ങളിലും ജനകീയപ്പോലീസായി മാറുന്ന 'നാട്ടുകാര്‍' തമിഴരെയും മറ്റു സംസ്ഥാനത്തു നിന്നുള്ളവരെയും കുറ്റമാരോപിച്ച് പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന കാരണം. എടപ്പാളില്‍, ഗര്‍ഭിണിയായ തമിഴ് വംശജയെ ഗുരുതരമായി നടുറോട്ടിലിട്ട് മര്‍ദ്ദിച്ചതിന് 'നാട്ടുകാരെ' പത്ര-ടി വി മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഈ 'നാട്ടുകാരെ' നിര്‍മ്മിച്ചെടുത്തത് ഇതേ പത്ര-ടി വി മാധ്യമങ്ങളായിരുന്നു എന്ന കാര്യം എല്ലാവരും മറന്നു പോയി. ഇത്തരത്തിലുള്ള 'നാട്ടുകാരാ'ണ് മുത്തങ്ങ സംഭവത്തിനു ശേഷം ഒളിവില്‍ പോയ ആദിവാസി ഗോത്രസഭാ നേതാവ് സി കെ ജാനുവിനെയും കൈകാര്യം ചെയ്തത്. വയനാട്ടിലെ ആദിവാസി ഭൂമി സൂത്രത്തില്‍ തട്ടിയെടുത്ത കുടിയേറ്റക്കാര്‍ 'നാട്ടുകാരാ'യി മാറുകുയം യഥാര്‍ത്ഥ നാട്ടുകാരായ ആദിവാസികള്‍ കുറ്റക്കാരായി മാറുകയും ചെയ്തു. മിക്കവാറും മലയാള സിനിമകളില്‍ കറുത്ത തൊലി നിറമുള്ള നടന്മാരെ (കലാഭവന്‍ മണി, മണിക്കുട്ടന്‍, സലിം കുമാര്‍) അവഹേളിക്കപ്പെടുന്നതിനായി അണിനിരത്തിയിട്ടുണ്ടാവും. സൌന്ദര്യം/വൈരൂപ്യം, നന്മ/തിന്മ എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ എളുപ്പത്തില്‍ വര്‍ഗീകരിക്കുന്നതിന് വെളുത്ത തൊലി നിറം/കറുത്ത തൊലി നിറം എന്ന വൈജാത്യത്തെ ഉപയോഗപ്പെടുത്തുന്നത് സര്‍വരും അംഗീകരിക്കുന്ന വിധത്തില്‍ സ്ഥിരം പതിവായിത്തീര്‍ന്നിരിക്കുന്നു. ലവ് ജിഹാദ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതോടെ പ്രണയവിരോധികളുടെ കൂട്ടായ്മകള്‍ നാട്ടുകാര്‍ എന്ന ലേബലൊട്ടിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ ലോകസഭാതെരഞ്ഞടുപ്പിലുണ്ടായ ഏറ്റവും സുപ്രധാനമായ കൂട്ടുകെട്ട് സി പി ഐ(എം) - പി ഡി പി ബന്ധമല്ല; മറിച്ച് കമ്യൂണിസ്റ്റ് വിരുദ്ധരുടെയും മുസ്ളിം വിരുദ്ധരുടെയും കൂട്ടായ്മയാണ്. കേരളത്തിന്റെ ജനപ്രിയതാ മണ്ഡലത്തില്‍ ഇത്രയധികം സാധ്യതയുള്ള ഒരു മാധ്യമ-രാഷ്ട്രീയ-സാംസ്ക്കാരിക-മത മുന്നണി രൂപീകരിക്കപ്പെടാന്‍ എന്തുകൊണ്ടിത്രയും വൈകി എന്നു മാത്രമേ ഇപ്പോള്‍ അത്ഭുതപ്പെടാനാകുകയുള്ളൂ. ഇത്തരമൊരു മുന്നണി രൂപീകരിക്കുന്നതിനുള്ള ആശയപ്രചാരണം സത്യത്തില്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞതാണ്. സി പി ഐ(എം) മ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രക്കമ്മിറ്റി മെമ്പറുമായ സഖാവ് പാലോളിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്ന മാധ്യമ വാര്‍ത്തകളെ, മുസ്ളിം പ്രീണനം എന്നു വിശേഷിപ്പിക്കാന്‍ വരെ പൊതു(പൈങ്കിളി) ബോധത്തിന്റെ വക്താവായ രാജേശ്വരി/ജയശങ്കര്‍ ധൈര്യപ്പെട്ടത് ഇതിനു മുമ്പുള്ള നിയമസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു. ലോകസഭാതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിനെതിരെയും അവര്‍ക്ക് പിന്തുണ കൊടുത്തതിന്റെ പേരില്‍ പി ഡി പിയെയും മ അ്ദനിയെയും വേട്ടയാടിയതിലൂടെ വലതുപക്ഷത്തിന്റെയും മൃദു/തീവ്ര ഹിന്ദുത്വാശയത്തിന്റെയും അജണ്ട ഒരു പരിധി വരെ വിജയിച്ചതിന്റെ ലഹരിയിലാണ്, ലവ് ജിഹാദ് പോലെ തികച്ചും അസത്യമായ ഒരു അസംബന്ധത്തെ ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവരാനും പൊതുബോധത്തിലേക്ക് കയറ്റിവിട്ട് കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന സഹിഷ്ണുതയെ തകിടം മറിക്കാനും ഹിന്ദുത്വ വലതുപക്ഷം പരിശ്രമിക്കുന്നത് എന്നതാണ് വാസ്തവം.

മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്നമാണെന്ന ധാരണയാണ് സെക്കുലറിസ്റ്റുകള്‍ക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ളിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്നങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുഛിച്ചു തള്ളി. സ്വന്തം മനസ്സിന്റെയും കുടുംബത്തിന്റെയും സമാധാനത്തിനു വേണ്ടി മുസ്ളിം മതം സ്വീകരിച്ച ഏ ആര്‍ റഹ്മാന്‍ എന്ന ദിലീപ് കുമാര്‍ ഈയടുത്ത കാലത്ത് ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നെറുകയോളം ഉയര്‍ത്തിയപ്പോള്‍ ആഹ്ളാദിക്കാന്‍ ഇന്ത്യയിലെ സാമാന്യജനതക്ക് സാധിച്ചതും സമാനമായ അനുഭവമാണ്.

മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെ ക്കുറിച്ച് ഇപ്രകാരം പറയുന്നു.

ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചു പുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18).

ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. മതം മാറ്റത്തെ സംസ്ക്കാരത്തിന്റെയും ദേശീയതയുടെയും പ്രശ്നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള കാരണമായി ഫാസിസത്തിനാല്‍ മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്ക്കരണത്തിന്റെ പ്രശ്നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്ക്കരണ ഭീഷണി നേരിടുന്നുണ്ട്.

2004ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം പൌരത്വ പ്രശ്നം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, രാഷ്ട്രീയവും നിയമപരവുമായ പിന്തുണയും സാധ്യതയും ഉണ്ടായിട്ടും സോണിയാഗാന്ധിക്ക് പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്, പൊതു ബോധത്തിലേക്ക് ഈ വൈറസ് ബാധ വ്യാപിച്ചതുകൊണ്ടാണ്. അപലപിക്കേണ്ടതായ ഒരു പ്രവൃത്തിയും പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്യാത്തവര്‍ പോലും, അവരുടെ മത/ഭാഷാ സ്വത്വത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും അപരരായിത്തീരുകയും ചെയ്യുന്ന പ്രവണത വ്യാപകമാകുന്നത്, സമൂഹം ഉന്മാദ ദേശീയതയുടെ ഫാസിസത്തിന് അതിവേഗം കീഴ്പ്പെടുന്നു എന്നതിന്റെ കൃത്യമായ തെളിവാണ്. മനുഷ്യര്‍ക്കിടയില്‍ അതിര്‍ത്തികളും വിഭാഗീയതകളും കല്‍പ്പിച്ചുണ്ടാക്കുന്ന ദേശീയതയുടെ ഭാവനാശാലികളായി മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടാക്കുന്നവരും വ്യാഖ്യാനിക്കുന്നവരും പൊതു പ്രസംഗകരും സമുദായസംഘടനകളും അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്നു. സുനിശ്ചിതവും അനിശ്ചിതവുമായ കാര്യങ്ങളെന്തൊക്കെ എന്ന് തരം തിരിക്കുന്നത് ഈ പ്രക്രിയയിലൂടെയാണ്. രാഷ്ട്രീയ/സാമൂഹ്യ/ലൈംഗിക സദാചാരവും ഇതിലൂടെ നിരന്തരം രൂപപ്പെട്ടുവരുകയും പുനക്രമീകരിക്കപ്പെടുകയും ചെയ്യുന്നു. പ്രത്യേക മത/ഭാഷാ വിഭാഗങ്ങള്‍ തുടക്കത്തില്‍ കുറഞ്ഞ തരം മനുഷ്യരും പിന്നീട് പിശാചുക്കളുമായി ചിത്രീകരിക്കപ്പെടുന്നു. അവരെ തരം താഴ്ത്തി ഇല്ലാതാക്കുക, അല്ലെങ്കില്‍ വീണ്ടും പരിഷ്ക്കരിച്ചെടുത്ത് മാനവീകരിക്കുക എന്ന രണ്ടു അജണ്ടകളിലൊന്ന് സമൂഹം(മൃദു/തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ വലതുപക്ഷ/ഉന്മാദ ദേശീയത എന്നും സമൂഹത്തിന് നിര്‍വചനം കൊടുക്കാം) സ്വീകരിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ മുന്നോടിയായി ആ സംസ്ഥാനത്തുടനീളം പലതരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യപ്പെടുകയുണ്ടായി. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളായിരുന്നു അവയിലുണ്ടായിരുന്നത്. അതിലൊരു ലഘുലേഖയില്‍ ഇപ്രകാരം പറയുന്നു:

നിങ്ങളുടെ ശരീരത്തിലോടുന്നത് ഹിന്ദു മാതാപിതാക്കളുടെ രക്തമാണെങ്കില്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ യാതൊരു വീഴ്ചയും കൂടാതെ നടപ്പില്‍ വരുത്തുക.....9. മുസ്ളിംകള്‍ക്ക് അവര്‍ തന്നെ നടത്തുന്ന പ്രത്യേകം ബാങ്കുകളുണ്ട്. ഇതിന് സാമ്പത്തിക സഹായം നല്‍കുന്നത് മുസ്ളിം ക്രിമിനല്‍ സംഘങ്ങളാണ്. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്ന ഗൂഢോദ്ദേശ്യത്തോടെ അവര്‍ സ്വയം രാജു, പിന്റു, രാജന്‍, മൊന്റു, ചിന്റു തുടങ്ങിയ പേരുകളിടുന്നു. ഇത് വളരെ സംഘടിതവും ഭീകരവുമായ ഒരു പദ്ധതിയാണ്. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഗോധ്ര സംഭവത്തില്‍ മുസ്ളിം ഗുണ്ടകള്‍ മുപ്പതോളം ഹിന്ദു യുവതികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയും അതിന് ശേഷം അവരുടെ സ്തനങ്ങള്‍ ഛേദിച്ചുകളയുകയും ഗുഹ്യഭാഗങ്ങളില്‍ ചുട്ട് പഴുത്ത ഇരുമ്പ് കമ്പികള്‍ കുത്തിക്കയറ്റുകയും ചെയ്തു. ഗുജറാത്തിലും മറ്റ് സ്ഥലങ്ങളിലും നിത്യേന നടക്കുന്ന സംഭവങ്ങളുടെ മൊത്തം കണക്കെടുത്താല്‍ ഹിന്ദു പെണ്‍കുട്ടികള്‍ വഞ്ചിതരായതിന്റെയും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും ഒരു പതിനായിരം കേസെങ്കിലും വര്‍ഷം തോറും നടക്കുന്നുണ്ട് എന്നു മനസ്സിലാകും. ഗോധ്രാ സംഭവത്തിന് ശേഷം അവര്‍ വര്‍ദ്ധിതാവേശത്തോടെ ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കാശ്മീരില്‍ സ്വന്തം അമ്മ പെങ്ങന്മാരുടെ കണ്‍മുന്നില്‍ വെച്ച് നൂറു കണക്കിന് ഹിന്ദുക്കളെ അവര്‍ കൊന്നിട്ടുണ്ട്. ഹിന്ദുക്കളുടെ സഹോദരിമാരേയും പെണ്‍മക്കളെയും മുസ്ളിം ഭീകരര്‍ ബലാത്സംഗം ചെയ്തു കൊന്നുകളയുന്നു. ഇതു മൂലം ആയിരക്കണക്കിന് ഹിന്ദുക്കള്‍ കാശ്മീര്‍ വിട്ട് ഓടിപ്പോകുന്നു. നിങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും രക്ഷിക്കണമെന്നുണ്ടെങ്കില്‍, ഗുജറാത്തിലും ഇന്ത്യയിലെ ഇതര ഭാഗങ്ങളിലും പുതിയ കാശ്മീരുകള്‍ ഉണ്ടാകരുത് എന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ ഹിന്ദുക്കളെ ഉണരുക...! ഇനി മുതലങ്ങോട്ട് നിങ്ങളുടെ പെണ്‍കുട്ടികളെ ശ്രദ്ധിക്കുക. അവര്‍ക്ക് മുസ്ളിംകളുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാതെ സൂക്ഷിക്കുക. കോളേജുകളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ ഹിന്ദു സംഘടനകളുടെ സഹായത്തോടെയോ ഹിന്ദു വിദ്യാര്‍ത്ഥികളെ മുസ്ളിം ഗുണ്ടകളുടെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും. (മഹാത്മജിയുടെ നാട്ടിലെ വംശഹത്യ - വസ്തുതകള്‍, വിശകലനങ്ങള്‍, എഡിറ്റര്‍ ഡോ. ടി കെ രാമചന്ദ്രന്‍/സെക്കുലര്‍ കലക്ടീവ്, കേളുഏട്ടന്‍ പഠനകേന്ദ്രം, പുരോഗമന കലാ സാഹിത്യ സംഘം പേജ് 106-114).

ഒരു യഥാര്‍ത്ഥ ഹിന്ദു ദേശ സ്നേഹിക്കായുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പത്തു കല്‍പനകളില്‍ ഒമ്പതാമത്തേത് ഇപ്രകാരമാണ്. കോളേജുകളിലും ജോലിസ്ഥലങ്ങളിലും മുസ്ളിം പയ്യന്മാരുടെ പ്രേമത്തട്ടിപ്പില്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളും വീഴാതിരിക്കാന്‍ ഞാന്‍ ജാഗ്രത പുലര്‍ത്തും (അതേ പുസ്തകം പേജ് 134-135)

ഗുജറാത്തിനും ഒറീസ്സക്കും കര്‍ണാടകക്കും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രാമകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലവ് ജിഹാദ് എന്നതാണ് വസ്തുതാപരമായി തന്നെ ഇതില്‍ നിന്നു വ്യക്തമാകുന്നത്. എസ് എന്‍ ഡി പിയും എന്‍ എസ് എസ്സും മുതല്‍ കത്തോലിക്കാ ബിഷപ്പുമാരുടെ ഉന്നത സമിതി വരെയും, കേരളകൌമുദിയും കേരളശബ്ദവും മാതൃഭൂമിയും മനോരമയും മുതല്‍ മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ വരെയും, കോടതികളും പോലീസും എല്ലാവരും ചേര്‍ന്ന് സംശയങ്ങളുടെ കാട്ടു തീ പടര്‍ത്തിക്കഴിഞ്ഞു. അത് എത്രയും വേഗം വെള്ളമൊഴിച്ചും മറ്റും തല്ലിക്കെടുത്തുക എന്നതാണ് സെക്കുലറിസത്തിലും സമാധാനത്തിലും പുരോഗതിയിലും വിശ്വസിക്കുന്നവരുടെ ചുമതല. അത് നിര്‍വഹിക്കാന്‍ മടിച്ചും മറന്നും നില്‍ക്കുന്നവര്‍ക്ക് മാപ്പു നല്‍കാന്‍ ചരിത്രം ബാക്കിയുണ്ടാവുമോ എന്നു കണ്ടു തന്നെ അറിയണം.