ചൊവ്വാഴ്ച, ജൂലൈ 27, 2010

സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭീകരാക്രമണം നടത്തുന്ന ഹിന്ദുത്വ ബ്രിഗേഡ് ചില മുഖംമൂടി സംഘടനകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണയാണ് ഇത്രനാളും നിലനിന്നിരുന്നതെങ്കില്‍, ആര്‍ എസ് എസിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇതിനു പുറകിലുള്ളതെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വഭീകരര്‍ക്ക് അന്തര്‍ദേശീയ സഹായങ്ങള്‍ ധാരാളമായി ലഭിക്കുന്നുണ്ടെന്ന് സി ബി ഐ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രായേലില്‍ നിന്നും നേപ്പാളില്‍ നിന്നും ചില അന്തര്‍ദേശീയ ഇസ്ളാം വിരുദ്ധ തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുമാണ് ഈ സഹായങ്ങള്‍ ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനവ് ഭാരതിന്റെ പേരിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ ഇസ്രായേലിലെയും നേപ്പാളിലെയും ചില ഗ്രൂപ്പുകളുമായും നേതാക്കളുമായും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തിന് സഹായം തേടി ചര്‍ച്ച നടത്തിയത് എന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. മാലേഗാവ് സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന ദയാനന്ദ് പാണ്ഡേയുടെ ലാപ് ടോപ്പില്‍ നിന്നാണത്രെ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ആശങ്കാജനകമാണെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരിയെ അപായപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍; അജ്മീര്‍ ഷെറീഫിലും ഹൈദരാബാദിലെ മെക്കാ മസ്ജിദിലും നടത്തിയ ബോംബു സ്ഫോടനങ്ങള്‍ക്കുത്തരവാദികളായവര്‍ക്ക് ഒരു ഉയര്‍ന്ന ആര്‍എസ്എസ് മേധാവി നിര്‍ദേശങ്ങള്‍ കൊടുത്തതിന്റെ തെളിവുകള്‍; മുസ്ളിങ്ങളെ കൊന്നുതള്ളുന്നതിനു വേണ്ടി ഒരു ബി ജെ പി നേതാവ് ഒരു അധോലോക സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചതായുള്ള വിവരങ്ങള്‍; ഇതൊക്കെയാണ് ഈയടുത്ത് പുറത്തു വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ത്താ ചാനലായ ഹെഡ് ലൈന്‍സ് ടുഡേ നടത്തിയ ചില അന്വേഷണങ്ങളിലൂടെയാണ് സംഘ് പരിവാറിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങള്‍ തെളിഞ്ഞിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, ബി ജെ പി നേതാവ് ബി എല്‍ ശര്‍മ, ദില്ലിയിലുള്ള എന്റോക്രിനോളജിസ്റ്റ് (അലോപ്പതി ചികിത്സയിലെ ഒരു വിദഗ്ദ്ധ ശാഖ/വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗാഡിയ ക്യാന്‍സര്‍ സര്‍ജനാണല്ലോ!) ഡോ. ആര്‍ പി സിംഗ്, പുനെ വാഡിയ കോളേജ് രസതന്ത്ര വിഭാഗം മേധാവി ഡോ. ശരദ് കുന്തെ എന്നിവരെയാണ് നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരായി ഹെഡ് ലൈന്‍സ് ടുഡേ കണ്ടെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സി ബി ഐയുടെയും പക്കലുള്ളതും എഴുതി രേഖപ്പെടുത്തിയിട്ടുള്ളതുമായ സാക്ഷി മൊഴി പ്രകാരം, അജ്മീര്‍ ഷെറീഫിലും മെക്ക മസ്ജിദിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ സുനില്‍ ജോഷിയുമായി ഇന്ദ്രേഷ് കുമാറിന് അടുത്ത ബന്ധമാണുള്ളത്. ഈ ആക്രമണങ്ങള്‍ കുമാറിന്റെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അനുമതിയോടെയാണെന്നും സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ എസ് എസിന്റെ നയരൂപീകരണ സമിതിയായ അഖില്‍ ഭാരതീയ കാര്യകാരി മണ്ഡലിന്റെ അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ അടുത്ത സഹായിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മെക്ക മസ്ജിദിലെ സ്ഫോടനത്തെ തുടര്‍ന്ന് പതിനേഴാളുകളാണ് മരണപ്പെട്ടത്. അജ്മീര്‍ ഷെറീഫിലാകട്ടെ രണ്ടു പേരും. ഹിന്ദു ഭീകരത എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുന്നില്ല എന്നാണ് ആര്‍ എസ് എസ് വക്താവ് രാം മാധവ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്ക് ചില വിവരങ്ങള്‍ ആവശ്യമുണ്ട്. ഞങ്ങള്‍ പരിപൂര്‍ണമായി സഹകരിക്കുന്നുമുണ്ട്. ഇന്ദ്രേഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിരവധി പോഷക സംഘടനകളുടെ ചുമതലക്കാരന്‍ കൂടിയാണ്. ഏറ്റവും കൌതുകകരമായ കാര്യം, മുസ്ളിം രാഷ്ട്രീയ മഞ്ച് എന്ന ആര്‍ എസ് എസ് മുസ്ളിം സെല്ലിന്റെ തലവനാണദ്ദേഹമെന്നതാണ്.

ബി ജെ പി നേതാവായ ബി എല്‍ ശര്‍മക്ക് മലെഗാവ് സ്ഫോടനക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന ദയാനന്ദ് പാണ്ഡേയും ലെഫ്റ്റണന്റ് കേണല്‍ പുരോഹിതുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തെളിവുകള്‍ ഹെഡ്ലൈന്‍സ് ടുഡേ ശേഖരിച്ചിട്ടുണ്ട്. ഈ വീഡിയോയില്‍, മുസ്ളിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു അണ്ടര്‍ഗ്രൌണ്ട് സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശര്‍മ സംസാരിക്കുന്നതായി കാണാം. 2007ല്‍ നാസിക്കിലാണ് ഈ യോഗം നടന്നിരിക്കുന്നത്. അന്ന് കേണല്‍ പുരോഹിത് അവിടെയാണ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അതിനെ തുടര്‍ന്നാണ് അദ്ദേഹം അഭിനവ് ഭാരത് എന്ന സംഘടന രൂപീകരിക്കുന്നത്. ലക്ഷക്കണക്കിന്, കോടിക്കണക്കിന് മുസ്ളിങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങണമെന്നും അതിനെ തുടര്‍ന്ന് അവര്‍ ഹിന്ദുമതത്തിലേക്ക് കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് തിരിച്ചുവന്നുകൊള്ളുമെന്നും ഈ യോഗത്തില്‍ പങ്കെടുത്ത ഭീകരര്‍ പറയുന്നതു കേള്‍ക്കാം. കിഴക്കന്‍ ദില്ലി ലോകസഭാ മണ്ഡലത്തില്‍ നിന്ന് 1991ലും 1996ലും ബി ജെ പി ടിക്കറ്റില്‍ ജയിച്ചുവന്ന ആളാണ് ശര്‍മ്മ. 2009ലും മത്സരിച്ചിരുന്നുവെങ്കിലും തോറ്റു പോയി. ഈ വാര്‍ത്തകള്‍ പുറത്തു വിട്ടതിനെ തുടര്‍ന്ന് ദില്ലിയിലുള്ള ഹെഡ്ലൈന്‍സ് ടുഡേ ആപ്പീസ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയുമുണ്ടായി. അവരുടെ അങ്കലാപ്പാണ് ഈ മാധ്യമവിരുദ്ധ നടപടിയിലൂടെ പുറത്തു വന്നിരിക്കുന്നത്.

രണ്ടു പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇതിനെ തുടര്‍ന്ന് സമാധാനവാദികള്‍ക്കും ജനാധിപത്യവാദികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഉന്നയിക്കാനുള്ളത്. ഒന്ന് ഭീകരപ്രവര്‍ത്തനം എന്നത് മുസ്ളിങ്ങള്‍ മാത്രം നടത്തുന്ന ഒരു കാര്യമാണെന്ന സാമാന്യബോധം ഈ വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ട് മാറുന്നില്ല എന്നതു തന്നെയാണ്. അത് തെളിയിക്കുന്നത്, ഭീകരത സമം മുസ്ളിം എന്ന സമവാക്യം ഉന്നയിച്ചത് സംഘപരിവാറാണെങ്കിലും അത് നിശ്ശബ്ദമായി പടര്‍ത്തി വിട്ടത് ഔദ്യോഗിക/അനൌദ്യോഗിക തലങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്ന മൃദുഹിന്ദുത്വ പൊതുബോധമാണെന്ന കാര്യമാണ്. മൃദുഹിന്ദുത്വം എത്രമേല്‍ മാരകമായ ഒരു വാസ്തവമാണെന്ന് നാം ഇനിയെന്നാണ് തിരിച്ചറിയുക?

ആര്‍ എസ് എസ് ഒരു സാംസ്ക്കാരിക സംഘടനയാണെന്നും അവര്‍ക്കെതിരെ അന്വേഷണങ്ങളൊന്നും പാടില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച കേരളത്തിലെ കവികളും സാഹിത്യകാരന്മാരും സാംസ്ക്കാരിക പ്രവര്‍ത്തകരും ഇപ്പോള്‍ എന്തു പറയുന്നു എന്നറിയാനും നമുക്ക് അവകാശമുണ്ട്. അക്കിത്തം, മാടമ്പ് കുഞ്ഞുകുട്ടന്‍, സുരേഷ് ഗോപി, സുഗതകുമാരി, ഇ വാസു, ഭരത് ഗോപി(മരിച്ചു പോയി), ശ്രീകുമാരന്‍ തമ്പി എന്നിവരൊക്കെ അതീവഗുരുതരമായ വിധത്തില്‍ മനുഷ്യവിരുദ്ധവും രാജ്യ വിരുദ്ധവുമായ ആ പ്രസ്താവനയില്‍ ഒപ്പു വെച്ചിരുന്നുവെന്നാണ് ഓര്‍മ്മ. മുസ്ളിം ഭീകരതക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന മലയാള മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഹിന്ദുത്വ ഭീകരതയെ സംബന്ധിച്ച പുതിയ വാര്‍ത്തകളും തെളിവുകളും കഴിയാവുന്നത്ര തമസ്കരിക്കുകയോ മൂലകളിലേക്ക് തള്ളി മാറ്റുകയോ ചെയ്തതും യാദൃശ്ചികമല്ലെന്ന് നാം മനസ്സിലാക്കണം.

*
ജി. പി. രാമചന്ദ്രന്‍