വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

നിങ്ങള്‍ ആരുടെ കൂടേ...?






പൊതുമുതല്‍ കൊള്ളയടിക്കുക എന്നതിനര്‍ഥം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടാനുള്ള സാധ്യതകള്‍ തട്ടിപ്പറിക്കുകയോ തകര്‍ക്കുകയോ ചെയ്യുക എന്നാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 42.75 കോടി രൂപ പണമായും സ്വര്‍ണമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറയുന്നു.

യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പു രംഗത്തേക്ക് പണത്തിന്റെ ഒഴുക്ക് തുടങ്ങി എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 

ഹെലികോപ്റ്ററില്‍ പറന്ന് കെപിസിസി നേതാക്കള്‍ വോട്ടുപിടിക്കുന്നതും വോട്ട് കൂട്ടത്തോടെ

വിലയ്ക്കുവാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നതും വന്‍ ആയുധശേഖരങ്ങളുണ്ടാക്കുന്നതും ഇങ്ങനെ വരുന്ന പണംകൊണ്ടാണ്. കേന്ദ്രത്തില്‍ അഴിമതി നടത്തിയ പണത്തിന്റെ ഒരംശം ജനവിധി വിലയ്ക്കുവാങ്ങാനാണ് ഉപയോഗിക്കുന്നത്. ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുന്ന നീക്കമാണത്. അഴിമതി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാകുന്നത് അത് ജനാധിപത്യത്തെ തകര്‍ക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വോട്ട് വിലയ്ക്കെടുക്കപ്പെടുമ്പോള്‍ അഴിമതിക്കാരാണ് ജയിക്കുന്നത്- യഥാര്‍ഥ ജനഹിതമാണ് പണംകൊണ്ട് തകര്‍ക്കപ്പെടുന്നത്. 

പാക്കേജുകളുണ്ടാക്കി മാധ്യമങ്ങള്‍ വാര്‍ത്താസ്ഥലം വില്‍പ്പന നടത്തുന്ന രീതിയും ശക്തമായി നിലവിലുണ്ട് എന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞതാണ്.

കേരളത്തില്‍ യുഡിഎഫിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന മാധ്യമ കോലാഹലം ആ വഴിയിലുള്ള സംശയം ജനിപ്പിക്കുന്നു. പ്രചാരണത്തിലെ പണക്കൊഴുപ്പ്, വോട്ടര്‍മാരെ പണംകൊടുത്ത് സ്വാധീനിക്കല്‍ എന്നിവ കേരളത്തിലും യുഡിഎഫിന്റെ തെരഞ്ഞെടുപ്പായുധങ്ങളാണ്. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ശേഷി നല്‍കുന്നതാകട്ടെ, യുപിഎ സര്‍ക്കാര്‍ നേതൃത്വം നല്‍കി നടത്തിയ പടുകൂറ്റന്‍ അഴിമതികളാണ്. അഴിമതിയിലൂടെ പണമുണ്ടാക്കുകയും അത് മുടക്കി ജനഹിതം അനുകൂലമാക്കി വീണ്ടും കൊള്ളയടിക്കാനായി അധികാരം കരസ്ഥമാക്കുകയുമെന്ന രീതി ചെറുത്തുതോല്‍പ്പിക്കപ്പെട്ടേ തീരൂ. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും കരുത്തുള്ള ഭരണമാണ് കേരളത്തിനുണ്ടാകേണ്ടത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ ഏറ്റവും വലിയ ദുരിതമായി വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വലിയൊരളവ് ആശ്വാസം പകരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊതുവിപണനരംഗത്തെ ഇടപെടലാണ്. എന്നാല്‍, പൊതുവായ വിലക്കയറ്റത്തിന്റെ കെടുതികള്‍ കേരളീയര്‍ക്കുമേലും വന്‍തോതില്‍ പതിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി യുഡിഎഫിനെതിരെ അലയടിക്കുന്ന ജനവികാരത്തെ അഴിമതിപ്പണംകൊണ്ടും അനാവശ്യ വിവാദങ്ങള്‍ തൊടുത്തുവിട്ടും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.