ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

രാഷ്‌ട്രീയഇസ്ളാമിന്റെ സാമ്രാജ്യത്വസേവ

സാംസ്‌ക്കാരിക മണ്ഡലത്തിലാണ് രാഷ്‌ട്രീയഇസ്ളാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.... എന്താണ് അവരുടെ ലക്ഷ്യം?

രാഷ്‌ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ ധാരകളും അവരുടെ പോരാട്ടം നടത്തുന്നത് സാംസ്‌ക്കാരിക മണ്ഡലത്തിലാണ്. എന്നാല്‍ സംസ്‌ക്കാരമെന്നത് യഥാര്‍ത്ഥത്തില്‍ മതവുമായുള്ള ബന്ധമാണെന്ന് ന്യൂനീകരിക്കുകയും ചെയ്യുന്നു ഇവര്‍. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ തീവ്രവാദികള്‍ മതരൂപവത്കരണത്തിന്റെ അടിസ്ഥാനമായ വരട്ടുവാദങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ താത്പര്യപ്പെടുന്നവരല്ല. ഒരു സമുദായത്തോടുള്ള വിധേയത്വം യാന്ത്രികമായി ആവര്‍ത്തിക്കുകയെന്നത് മാത്രമാണ് അവരുടെ ജോലി. ആധുനിക ലോകത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള വീക്ഷണം അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ചിന്തയുടെ അന്തസ്സാരശൂന്യത കൊണ്ടുതന്നെ അരോചകമാണ്. സാമ്രാജ്യത്വകേന്ദ്രങ്ങളും അധിനിവേശമേഖലകളും തമ്മിലുള്ള സംഘര്‍ഷത്തെ സംസ്‌ക്കാരങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലെന്ന് വിളിക്കുന്ന പ്രതിഭാസം കൊണ്ട് മറച്ചുപിടിക്കുന്ന സാമ്രാജ്യത്വതന്ത്രങ്ങളെ രാഷ്‌ട്രീയഇസ്ലാം ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംസ്‌ക്കാരത്തിനു മേലുള്ള ഈ ഏകപക്ഷിയമായ ഊന്നല്‍ മൂലം രാഷ്‌ട്രീയഇസ്ലാമിന് ചില പ്രയോജനങ്ങള്‍ ലഭിക്കുന്നുണ്ട്. തങ്ങളെ ചൂഷണത്തിന് വിധേയമാക്കുന്ന ആഗോളമുതലാളിത്ത വ്യവസ്ഥിതിയുമായി ജനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹികസംഘര്‍ഷങ്ങളെ, ജീവിതത്തിന്റെ എല്ലാ മേഖലയില്‍ നിന്നും മറച്ചുപിടിക്കാന്‍ ഇവര്‍ക്ക് ഇതു മൂലം കഴിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ രാഷ്‌ട്രീയഇസ്ലാമിന്റെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം തന്നെ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ക്ക് യാതൊരു പ്രാധാന്യവുമില്ലെന്നാണ് രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും തുടങ്ങാന്‍ മാത്രമാണ് രാഷ്‌ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ സാമൂഹികസംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ എത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസം അടിച്ചേല്പിക്കുന്നതിനുള്ള സേവനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. പട്ടിണിക്ക് കാരണമാകുന്ന വ്യവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടത്തെ സഹായിക്കുന്നതിനായല്ല, രാഷ്‌ട്രീയഇസ്ലാമിന്റെ വക്താക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്, എന്നാണ് നാം മനസ്സിലാക്കേണ്ടത്.

സ്വത്ത്, അസമത്വം, മുതലാളിത്തം തുടങ്ങിയവയെല്ലാം ദൈവകല്‍പ്പിതമാണെന്ന് രാഷട്രീയഇസ്ളാം പറയുന്നു... സാമ്രാജ്യത്വവിരോധം അതിലുണ്ടുതാനും ?

യഥാര്‍ത്ഥ സാമൂഹികപ്രശ്‌നങ്ങളുടെ കാര്യം വരുമ്പോള്‍ രാഷ്‌ട്രീയഇസ്ലാം മുതലാളിത്തത്തോടും സാമ്രാജ്യത്വത്തോടുമാണ് ഐക്യപ്പെടുന്നത്. സ്വത്ത് എന്നത് വിശുദ്ധമാണെന്ന ചിന്തയെ അത് പിന്തുണയ്‌ക്കുന്നു. അസമത്വമടക്കം മുതലാളിത്തഉത്പാദനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും രാഷ്‌ട്രീയ ഇസ്ളാം പിന്തുണ നല്‍കുകയും ചെയ്യുന്നു. ചെറുകിടകര്‍ഷകത്തൊഴിലാളികളുടെ താത്പര്യത്തിനെതിരെ അടുത്തിടെ ഈജിപ്‌തില്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന് മുസ്ലിം ബ്രദര്‍ഹുഡ് പിന്തുണ നല്‍കിയതിനെ ഇതിന്റെ ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാവുന്നതേയുള്ളൂ. മുസ്ലിം രാഷ്‌ട്രങ്ങളില്‍ നടപ്പിലാക്കുന്ന ഏതെങ്കിലും പിന്തിരിപ്പന്‍ നിയമത്തെ ഇസ്ലാമിക സംഘടനകള്‍ എതിര്‍ത്തതിന്റെ ഒരു ഉദാഹരണവും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അതുമാത്രമല്ല, ഇത്തരത്തിലുള്ള പ്രതിലോമകരമായ നയങ്ങള്‍ നടപ്പിലാക്കുന്നത് സാമ്രാജ്യത്വശക്തികളെക്കൂടി വിശ്വാസത്തിലെടുത്താണ്. രാഷ്‌ട്രീയ ഇസ്ലാം ഒരിക്കലും സാമ്രാജ്യത്വവിരുദ്ധമല്ല, അതിന്റെ വക്താക്കള്‍ മറിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും. രാഷ്‌ട്രീയഇസ്ലാം തങ്ങളുടെ നല്ല കൂട്ടാളികളാണെന്ന് തിരിച്ചറിയുന്നത് സാമ്രാജ്യത്വം തന്നെയാണ്. പാകിസ്‌താനിലെയും സൌദി അറേബ്യയിലെയും ഭരണാധികാരികളെ തങ്ങളുടെ ആള്‍ക്കാരായാണ് രാഷ്‌ട്രീയ ഇസ്ലാം പരിഗണിക്കുന്നത്. രാഷ്‌ട്രീയഇസ്ളാമിന്റെ ആദ്യകാല പ്രചാരകരും ഈ ഭരണാധികാരികളായിരുന്നു.

സാമ്രാജ്യത്വവുമായുള്ള ബന്ധം മനസ്സിലാക്കുന്നതോടെ ഇക്കാര്യവും മനസ്സിലാക്കാന്‍ നമുക്ക് എളുപ്പം കഴിയും. ദല്ലാള്‍ ബൂര്‍ഷ്വാ വിഭാഗങ്ങളും ആഗോളവത്കരണത്തിന്റെ ഗുണഭോക്താക്കളായ സമ്പന്നവര്‍ഗവും രാഷ്‌ട്രീയഇസ്ലാമിനെ വലിയ തോതില്‍ പിന്തുണച്ചു. സാമ്രാജ്യത്വ വിരുദ്ധകാഴ്‌ചപാടുകള്‍ക്ക് പകരം പാശ്ചാത്യവിരുദ്ധ (ക്രൈസ്‌തവ വിരുദ്ധ) നിലപാടുകളാണ് രാഷ്‌ട്രീയഇസ്ലാം സ്വീകരിച്ചിരിക്കുന്നത്. ഇത് സമൂഹത്തെ ഒരു പ്രതിസന്ധിയിലെത്തിക്കുകയും സാമ്രാജ്യത്വനിയന്ത്രണത്തെ ചെറുക്കാനുള്ള ശേഷി ഇല്ലാതാകുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ, രാഷ്‌ട്രീയഇസ്ലാം പ്രതിലോമകരം മാത്രമല്ല, പല സ്ഥലങ്ങളിലും അമുസ്ലിങ്ങള്‍ക്കുനേരെ മതതീവ്രവാദപരമായ ആക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുകയും ചെയ്യുന്നു. ഈജിപ്‌തിലെ കോപ്റ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം ഇതിന്റെ ഉദാഹരണമാണ്. ഇതു കൊണ്ടൊക്കെയാണ് രാഷ്‌ട്രീയ ഇസ്ലാം അടിസ്ഥാനപരമായി പ്രതിലോമകരമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാനവികവിമോചനത്തിനായുള്ള മുന്നേറ്റങ്ങളില്‍ അതുകൊണ്ടുതന്നെ രാഷ്‌ട്രീയഇസ്ലാമിന് പങ്കാളികളാവാന്‍ കഴിയില്ല.
എന്നിട്ടും അവര്‍ വലിയ അളവില്‍ ജനങ്ങളെ അണിനിരത്തുന്നുണ്ട്.

രാഷ്‌ട്രീയഇസ്ലാമുമായി ഇടപഴകുന്നതിന് പലരും ഇതൊരു ന്യായീകരണമാക്കുന്നുണ്ട്. രാഷ്‌ട്രീയഇസ്ലാം വലിയ ജനസഞ്ചയത്തെ അണിനിരത്തുന്നുണ്ട് എന്നത് നിഷേധിക്കാനാവില്ല. അതിനെ അവഗണിക്കാനോ അപഹസിക്കാനോ കഴിയില്ല. പുറത്തുവന്നുകൊണ്ടിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഈ വാദത്തെ ബലപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും ജനങ്ങളെ അണിനിരത്തുന്നു എന്ന വാദത്തെ പക്വമായി പരിശോധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാഷ്‌ട്രീയ ഇസ്ലാം നേടിയ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. ഈജിപ്‌തില്‍ 75% ആളുകളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. രാഷ്‌ട്രീയ ഇസ്ലാമിന്റെ ശക്തിയെ സംഘടിത ഇടതുപക്ഷത്തിന്റെ ദൌര്‍ബല്യമായാണ് കാണേണ്ടത്. ഇപ്പോള്‍ സാമൂഹികസംഘര്‍ഷം നടക്കുന്ന മേഖലകളില്‍ സംഘടിത ഇടതുപക്ഷത്തെ കാണാനാവുന്നില്ല എന്നതാണ് സത്യം.

വലിയൊരു വിഭാഗം ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടുമാത്രം ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ-സാമൂഹിക ഇടപെടലുകളില്‍, രാഷ്‌ട്രീയ ഇസ്ലാമിനെ സഹകരിപ്പിക്കണമെന്ന നിലപാട് എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും?

രാഷ്‌ട്രീയ ഇസ്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നുവെന്നത് ഒരു വസ്‌തുതയാണ്. ക്രിയാത്മക രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തുന്നവര്‍ ഈ വസ്‌തുതകൂടി മനസ്സിലാക്കാന്‍ സ്വയം തയ്യാറാകുകയാണ് വേണ്ടത്. അല്ലാതെ രാഷ്‌ട്രീയ ഇസ്ലാമിനെ നേരിടാന്‍ അതുമായി സഖ്യമുണ്ടാക്കുന്നത് നല്ല മാര്‍ഗ്ഗമല്ല. യഥാര്‍ത്ഥത്തില്‍ രാഷ്‌ട്രീയ ഇസ്ലാമിന്റെ ഭാഗമായ സംഘടനകള്‍ ഇടതുപക്ഷവുമായുള്ള സഹകരണം ആഗ്രഹിക്കുന്നില്ലെന്ന് മാത്രമല്ല, അതിനെ തള്ളിക്കളയുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഈജിപ്‌തിലെ മുസ്ലിം ബ്രദര്‍ഹുഡ്. ഇനി നിര്‍ഭാഗ്യത്തിന് ഏതങ്കിലും ഇടതുപക്ഷസംഘടനയെ രാഷ്‌ട്രീയ ഇസ്ലാമിസ്റുകള്‍ അംഗീകരിച്ചുവെന്ന് കരുതുക. എന്തായിരിക്കും യഥാര്‍ത്ഥത്തില്‍ പിന്നീട് സംഭവിക്കുക? ഇക്കൂട്ടര്‍ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിയാല്‍ ആദ്യം ഇല്ലാതാക്കാന്‍ ശ്രമിക്കുക തങ്ങള്‍ക്ക് ബാധ്യത സൃഷ്‌ടിക്കുന്ന ഇടതുപക്ഷക്കാരെയാവും, അവര്‍ക്കെതിരെ അങ്ങേയറ്റത്തെ ആക്രമണമാണ് പിന്നീട് ഉണ്ടാവുക. ഇറാനില്‍ മുജാഹിദ്ദീനും ഇടതുസംഘടനയായ ഖല്‍ഖിനുമിടയില്‍ സംഭവിച്ചത് ഇതിന്റെ ഉദാഹരണമാണ്.

അവരുടെ സാമ്രാജ്യത്വവിരുദ്ധ വാചകകസര്‍ത്താണ് പലരെയും പുളകം കൊളളിക്കുന്നത് ?
ശരിയാണ്. രാഷ്‌ട്രീയ ഇസ്ലാമുമായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് പറയുന്നവരുടെ മറ്റൊരു പ്രധാന വാദം പ്രതിലോമകരമായ സാമൂഹിക നിലപാടാണെങ്കിലും സാമ്രാജ്യത്വ വിരുദ്ധസമീപനമാണ് രാഷ്‌ട്രീയ ഇസ്ലാമിനുള്ളതെന്നാണ്. ഇതുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഉന്നയിക്കുന്ന ഒരു വിമര്‍ശനം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ എന്റെ നിലപാട് സാമ്പത്തിക മാത്രവാദമാണെന്നാണ് ഇന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ പലപ്പോഴും അതിന്റെ രാഷ്‌ട്രീയവും ജനാധിപത്യപരവുമായ നിലപാടുകളില്‍ സ്ഥിരത പുലര്‍ത്തുന്നില്ല എന്ന നിരീക്ഷണത്തെ ഞാനും പങ്കിടുന്നു. അങ്ങനെ നോക്കുമ്പോള്‍ 'സാമ്രാജ്യത്വവിരുദ്ധമായ' രാഷ്‌ട്രീയഇസ്ലാം സാമൂഹികമേഖലയില്‍ പ്രതിലോമകരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പലസ്‌തീനിലെ ഹമാസ്, ലെബനണിലെ ഹിസ്‌ബുള്ള, ഇറാഖിലെ ചില ചെറുത്തുനില്പ് സംഘങ്ങള്‍ എന്നിവ ഇതുമായി ബന്ധപ്പെട്ട് മനസ്സിലെത്തുന്ന സംഘടനകളാണ്. രാഷ്‌ട്രീയ ഇസ്ലാം എന്നത് സമ്പൂര്‍ണമായി സാമ്രാജ്യത്വ വിരുദ്ധമല്ലെന്ന് മാത്രമല്ല, ലോകത്തിലെ അധികാര ശക്തികളുമായി ചേര്‍ന്നാണ് അതിന്റെ പ്രവര്‍ത്തനം നടക്കുന്നതും.

'ഇസ്ലാംമോഫോബിയ' നേരിടുന്നതില്‍ ഇടതുപക്ഷം ഇടപെടേണ്ടതിന്റെ ആവശ്യകത പലരും ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം കാര്യങ്ങളോടുള്ള പുരോഗമന പക്ഷത്തിന്റെ പ്രതികരണം സമുദായവത്കരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. ഫ്രാന്‍സില്‍ ആധുനികതയ്‌ക്ക് മുന്‍പുണ്ടായിരുന്ന ലോകത്തില്‍ ബൂര്‍ഷ്വാസിയും അന്ന് നിലനിലനിന്നിരുന്ന ആധിപത്യ വ്യവസ്ഥിതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു മതേതരത്വം പോലുള്ള സങ്കല്പനങ്ങള്‍ ഉണ്ടായത്. പളളിയുടെ സാമൂഹിക ഇടപെടല്‍ നിലനിര്‍ത്തിക്കൊണ്ടുളള ഈ ആദ്യ സങ്കല്‍പ്പങ്ങള്‍ മതേതരത്വത്തെ ദുര്‍ബലപ്പെടുത്തിയിരുന്നു. അമേരിക്കയിലാവട്ടെ അതിന്റെ സവിശേഷമായ ചരിത്രപ്രക്രിയ അങ്ങേയറ്റം പ്രതിലോമകരമായ രാഷ്‌ട്രീയസംസ്‌ക്കാരത്തിനാണ് രൂപം നല്‍കിയത്. ഈ സംസ്‌ക്കാരത്തില്‍ യഥാര്‍ത്ഥ മതേതരത്വസങ്കല്പങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ആ സമൂഹത്തില്‍ മതേതരത്വമെന്നത് നിരവധി മതങ്ങളെ ഔദ്യോഗികമതമാക്കുന്ന സംവിധാനം കൂടിയായിരുന്നു.

സമൂഹത്തിന്റെ രൂപപ്പെടുത്തലിന് മതേതരത്വം എത്രത്തോളം ഉയര്‍ത്തിപ്പിടിച്ചുവെന്ന കാര്യം ആധുനികത എന്ന സങ്കല്പത്തെ സംബന്ധിച്ചുപോലും വളരെ പ്രധാനമാണ്. സമൂഹിക പരിണാമത്തെ ക്രമപ്പെടുത്തുന്നതില്‍ രാഷ്‌ട്രീയത്തിന്റെ പ്രധാന്യത്തെ ഊന്നിപ്പറയുന്നവരാണ് ഇടതുപക്ഷം. അത് തീവ്രസ്വഭാവമുള്ളവരായാലും അതുപോലെ മിതവാദികളായാലും, ഇടതുപക്ഷം മതേതരത്വത്തിന്റെ പ്രധാന ആശയങ്ങളെയും പ്രതിരോധിക്കുന്നവരാണ്. യാഥാസ്ഥിതിക വലതുപക്ഷത്തെ സംബന്ധിച്ച് എല്ലാതരം പ്രതിഭാസങ്ങളും, അത് രാഷ്‌ട്രീയമോ, സാമൂഹികമോ സാമ്പത്തികമോ ആവട്ടെ, അവയുടെ പരിണാമം ബാഹ്യമായ യാതൊരു ഇടപെടലും ഇല്ലാതെ നടക്കേണ്ടതാണ്. ഈ നിലപാട് സാമ്പത്തിക കാര്യത്തില്‍ വരുമ്പോള്‍ മൂലധനത്തെ സഹായിക്കുന്ന, വിപണിക്കുവേണ്ടി ഉന്നയിക്കപ്പെടുന്ന വാദമാകുന്നു. രാഷ്‌ട്രീയത്തില്‍ അത് വലിയ പ്രത്യാഘാതമൊന്നും സൃഷ്‌ടിക്കാത്ത ജനാധിപത്യത്തെ സ്വീകരിക്കുന്നു. ബദലുകളല്ല, ഇടയ്‌ക്കിടെ ഉള്ള പകരംവെയ്‌ക്കലുകള്‍ക്കാണ് ഇത്തരം വ്യവസ്ഥ അനുകൂലിക്കുന്നത്. സാമൂഹികതലത്തിലാവട്ടെ, രാഷ്‌ട്രീയത്തിന്റെ പോരായ്‌മകളില്‍ ഇടപെടാന്‍ സമുദായങ്ങള്‍ക്ക് സാധിക്കുമെന്ന നിലപാടാണ് യാഥാസ്ഥിതിക വലതുപക്ഷത്തിന്റെത്. പ്രാതിനിധ്യ ജനാധിപത്യവും വിപണിയും ചരിത്രം സൃഷ്‌ടിക്കുമെന്നും അതിന് അവയെ അനുവദിക്കുകയും വേണമെന്ന നിലവാടാണ് വലതുപക്ഷത്തിന്റേത്.

ഇടതുപക്ഷത്തിന്റെ തിരിച്ചടികളുടെതായ സമകാലികാവസ്ഥയില്‍ ഇത്തരം വീക്ഷണങ്ങള്‍ക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നുണ്ട്. അമേരിക്കയിലെ പ്രതിലോമകരമായ രാഷ്‌ട്രീയ സംസ്‌ക്കാരം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രാമുഖ്യത്തെ വലിയരീതിയില്‍ കുറച്ചുകാണിക്കുന്നുണ്ട്. അമേരിക്ക എന്ന രാഷ്‌ട്രീയത്തെ ദൈവമാണ് പ്രചോദിപ്പിക്കുന്നതെന്ന ചിന്ത മതേതരത്വം എന്ന ആശയത്തെത്തന്നെ ഒന്നുമല്ലാതാക്കി കളയുകയാണ് ചെയ്യുന്നത്. ദൈവം ചരിത്രം സൃഷ്‌ടിക്കുന്നുവെന്ന് പറയുന്നത് വിപണിക്ക് അപ്രമാദിത്വം നല്‍കുന്നതിനുവേണ്ടിയാണ്.

ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പശ്ചിമേഷ്യ എവിടെയാണ് നില്‍ക്കുന്നത് ?

പര്‍ദ ധരിച്ച സ്‌ത്രീകളുടെയും തലതാഴ്ത്തിപ്പിടിച്ചിരിക്കുന്ന താടിവെച്ച പുരുഷന്‍മാരുടെയും ചിത്രങ്ങള്‍ മതത്തോടുള്ള വ്യക്തികളുടെ വിധേയത്വത്തെയാണ് കാണിക്കുന്നത്. തങ്ങള്‍ക്ക് സൌകര്യപ്രദമായ പ്രതിച്‌ഛായകള്‍ സൃഷ്‌ടിക്കുന്നതില്‍ അധികാരികള്‍ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇക്കാര്യം മറന്നു കൊണ്ടാണ് വ്യത്യസ്‌ത വിശ്വാസങ്ങളെ ബഹുമാനിക്കണമെന്ന് പറയുന്ന പാശ്ചാത്യ 'സംസ്‌ക്കാര' സുഹൃത്തുകള്‍ തങ്ങളുടെ വാദം മുന്നോട്ടുവെക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യക്ക് എല്ലാക്കാലത്തും ഈ പ്രതിച്‌ഛായ മാത്രമല്ല ഉണ്ടായിരിക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കുമിടയിലെ വ്യത്യസ്‌തകള്‍ക്കപ്പുറം, മൊറോക്കോ മുതല്‍ അഫ്‌ഗാനിസ്ഥാന്‍ വരെയുള്ള രാഷ്‌ട്രങ്ങളിലും അതുപോലെ തുര്‍ക്കികളിലും ഇറാന്‍ വംശജരിലും മധ്യേഷ്യന്‍ റിപ്പബ്ളിക്കിലെ ജനങ്ങള്‍ക്കിടയിലും മതേതരത്വത്തിന്റെ വളര്‍ച്ചയ്‌ക്കുള്ള എല്ലാ സാധ്യതകളും കാണാന്‍കഴിയും. അറബ് പ്രദേശങ്ങളിലും പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്‌തമാണ്. നവോത്ഥാനത്തിന്റെയും ഫ്രഞ്ച് വിപ്ളവത്തിന്റെയും അതുപോലെ റഷ്യന്‍ വിപ്ളവത്തിന്റെയും മൂന്നാം ഇന്റര്‍നാഷണലിന്റെയും കമ്യൂണിസത്തിന്റെയും ഒക്കെ രാഷ്‌ട്രീയ ധാരകള്‍ ഈ വിശാലമായ മേഖലയില്‍ പ്രതിഫലിച്ചിരുന്നു. വെസ്റ്മിനിസ്റര്‍ സമ്പ്രദായത്തിലുള്ള പാര്‍ലമെന്ററി സംവിധാനത്തെക്കാളും മേല്‍ സൂചിപ്പിച്ച രാഷ്‌ട്രീയാശയങ്ങള്‍ക്ക് ഇവിടെ പ്രാമുഖ്യം കിട്ടിയിരുന്നു. ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ രാഷ്‌ട്രീയ മാറ്റത്തിനുവേണ്ടിയുള്ള ഇടപെടലുകളില്‍ ഇത്തരത്തിലുള്ള ആശയങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. ഇതുകൊണ്ടാണ് ഇവിടുത്തെ ഭരണ സംവിധാനത്തെ ഭാഗികമായെങ്കിലും 'ബോധോദയമുള്ള ഏകാധിപത്യം' എന്ന് വിളിക്കാന്‍ കഴിയുന്നത്. ഖെദെയ്‌വ് ഇസ്‌മയിലിന്റെയും മുഹമ്മദലിയുടെയും ഈജിപ്‌ത് ഇതിന് ഉദാഹരണമായി കാണാവുന്നതാണ്. തുര്‍ക്കിയിലെ കിമാലിസവും ഇറാനിലെ ആധുനികവത്കരണവും ഇതിന്റെ ഭാഗമാണ്, സമീപകാലത്തെ ജനപ്രിയ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയതയെയും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. അള്‍ജീരിയയിലെ ദേശീയവിമോചന മുന്നണി, ട്യുണീഷ്യയിലെ ബൌര്‍ഗ്വിബ്‌സം, ഈജിപ്‌തിലെ നാസറിസം, സിറിയയിലെയും ഇറാഖിലെയും ബാത്തിസം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. ഈ ഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്യമുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലും, ദക്ഷിണ യമനിലും ഉണ്ടായിരുന്ന 'കമ്യൂണിസ്‌റ്റ് എന്നറിയപ്പെട്ട സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളിലും സാമ്യമുണ്ടായിരുന്നു. ഇവര്‍ പല കാര്യങ്ങളും ചെയ്‌തു. അതു കൊണ്ട് വലിയ തോതിലുള്ള ജനപിന്തുണയും ഇവര്‍ക്ക് ലഭിച്ചു.

ഈ ഭരണകൂടങ്ങളൊന്നും കൃത്യമായ അര്‍ത്ഥത്തില്‍ ജനാധിപത്യ സ്വഭാവമുള്ളതായിരുന്നില്ല. എന്നാലും ആധുനിക രാഷ്‌ട്രീയ സംവിധാനങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഈ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഈജിപ്‌ത്തില്‍ 1920 മുതല്‍ 1950 വരെയുള്ള കാലത്ത് തിരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി, സാമ്രാജ്യത്വ വിരുദ്ധരായ വാഫ്‌ദ് പാര്‍ട്ടിയുടെ പിന്തുണയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ എതിര്‍പ്പും ഇതിനുണ്ടായിരുന്നു. ചെറിയ രീതിയില്‍ നടപ്പിലാക്കിയ മതേതരത്വാശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞില്ല. മറിച്ച് മതവാദികളായവരെയാണ് പൊതുവില്‍ ജനങ്ങള്‍ പ്രതിലോമകാരികള്‍ എന്ന് വിലയിരുത്തിയത്.

മധ്യവര്‍ഗ്ഗ-മതേതരരാഷ്‌ട്രീയരൂപങ്ങളെ അട്ടിമറിക്കാനുളള ഇടനിലക്കാരായി സാമ്രജ്യത്വം 'രാഷ്‌ട്രീയ ഇസ്ളാമിനെ' വളര്‍ത്തിയെടുത്തു എന്ന് പറയാമോ?

തീര്‍ച്ചയായും.. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ 'ബോധോദയമുള്ള ഏകാധിപത്യ' സംവിധാനങ്ങള്‍ മുതല്‍ ജനപ്രിയ ദേശീയതവരെയുള്ള രാഷ്‌ട്രീയരൂപങ്ങള്‍-യാദൃച്‌ഛികമായി സംഭവിച്ചതായിരുന്നില്ല. മധ്യവര്‍ത്തികള്‍ക്കിടയിലുണ്ടായിരുന്ന പ്രസ്ഥാനങ്ങളാണ് ഇത്തരത്തിലുള്ള ഭരണകൂടങ്ങളെ സൃഷ്‌ടിച്ചത്. ഇങ്ങനെ ഈ വര്‍ഗങ്ങള്‍ ആഗോളവത്കരണത്തിന്റെ ആധുനികതയുമായി ഐക്യപ്പെടുകയാണ് ചെയ്‌തത്. ഈ ദേശീയ ബൂര്‍ഷ്വാ സംവിധാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആധുനികവും മതേതരത്വവും ജനാധിപത്യവികസനത്തിന്റെ ഏജന്റുകളുമായിരുന്നു. ഈ സംവിധാനം അടിസ്ഥാനപരമായും സാമ്രാജ്യത്വവിരുദ്ധമായതുകൊണ്ടുതന്നെ ശക്തമായ എതിര്‍പ്പിന് വിധേയമാക്കപ്പെട്ടു. ഇതിനുവേണ്ടി സാമ്രാജ്യത്വം പ്രതിലോമകാരികളെ ഉപയോഗിച്ചു. മുസ്ളിം ബ്രദര്‍ഹുഡിന്റെ ചരിത്രം ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്. 1920-ല്‍ ബ്രിട്ടനും രാജഭരണകൂടവുമാണ് മുസ്ളിം ബ്രദര്‍ഹുഡ് രൂപവത്കരിച്ചത്. മതേതര പാര്‍ട്ടിയായിരുന്ന വാഫ്‌ദിന്റെ വളര്‍ച്ച തടയുകയായിരുന്നു ലക്ഷ്യം.

നാസറിന്റെ മരണ ശേഷം സൌദി അറേബ്യയിലെ പ്രവാസം മതിയാക്കി ബ്രദര്‍ഹുഡിനെ അനുകൂലിക്കുന്നവര്‍ തിരിച്ചെത്തിയത് സി.ഐ.എ.യുടെ പ്രേരണയാലായിരുന്നു. അഫ്‌ഗാനിസ്‌താനിലെ കമ്യൂണിസ്‌റ്റുകളെ നേരിടാന്‍ രൂപവത്കരിക്കപ്പെട്ട താലിബാന്റെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലസ്‌തീന്‍ പ്രതിരോധത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്നതിന് ആദ്യകാലത്ത് ഇസ്രായേല്‍ ഹമാസിനെ സഹായിച്ച കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. അമേരിക്കയുടെ തുടര്‍ച്ചയായ സഹായമുണ്ടായിരുന്നില്ലെങ്കില്‍ രാഷ്‌ട്രീയ ഇസ്ളാമിന് പാകിസ്‌താന്റെയും സൌദി അറേബ്യയുടെയും അതിര്‍ത്തികടക്കാന്‍ കഴിയുമായിരുന്നില്ല.

സൌദിമണ്ണില്‍ പെട്രോളിയം കണ്ടെടുക്കുമ്പോള്‍ ആ രാജ്യം പരമ്പരാഗത രീതികളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നില്ല. പെട്രോളിയം കണ്ടെത്തിയതോടെയാണ് അവിടുത്തെ പരമ്പരാഗത ഭരണകര്‍ത്താക്കളുമായുള്ള ബന്ധത്തിന് അമേരിക്കന്‍ സാമ്രാജ്യത്വം പ്രാധാന്യം നല്‍കിയത്. ഇത് സൌദി ഭരണവര്‍ഗമായ വഹാബിക്ക് പുതിയ രാഷ്‌ട്രീയ ജീവന്‍ നല്‍കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്ത്യന്‍ ഐക്യം തകര്‍ക്കാനും മുസ്ളിം നേതാക്കളെകൊണ്ട് പ്രത്യേക രാജ്യം സൃഷ്‌ടിക്കാനും കഴിയും. ആദ്യകാലം മുതല്‍തന്നെ രാഷ്‌ട്രീയഇസ്ളാമിന്റെ സൈദ്ധാന്തികഅടിത്തറ മൌദൂദിയിലാണെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനുവേണ്ടി ഇംഗ്ളീഷ് ഓറിയന്റിലിസ്‌റ്റുകളാണ് ഇതിന് സ്വീകാര്യത നല്‍കിയത്. ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ബാന്റുങില്‍ 1955-ല്‍ ഉണ്ടാക്കിയ കൂട്ടായ്‌മയ്‌ക്ക് പകരം 1957-ല്‍ തന്നെ ഇസ്ളാമിക സമ്മേളനം നടത്തുന്നതിന് അമേരിക്ക പ്രോത്സാഹനം നല്‍കിയതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുകയെളുപ്പമാണ്. പാകിസ്‌താനും സൌദി അറേബ്യയുമാണ്, ഈ സമ്മേളനത്തിന് മുന്‍കൈയെടുത്തത്. രാഷ്‌ട്രീയഇസ്ളാം അങ്ങനെയൊക്കെയാണ് മറ്റ് മേഖലകളിലേക്ക് കടന്നുകയറിയത്. രാഷ്‌ട്രീയഇസ്ളാമെന്നത് ഏതെങ്കിലും ആളുകളുടെ ശക്തമായ രാഷ്‌ട്രീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതല്ല. രാഷ്‌ട്രീയ ഇസ്ളാമെന്നത് പ്രതിലോമകാരികളുടെയും ദല്ലാള്‍ ഭരണകൂടത്തിന്റെയും പിന്തുണയോടെ സാമ്രാജ്യത്വം നിര്‍മിച്ചതും നടപ്പിലാക്കുന്നതുമായ പരിപാടിയാണ്. ഇതിനെ എങ്ങിനെ നേരിടണമെന്ന് അറിയാതിരിക്കുകയും ഇതിനെ കാണാതിരിക്കുകയും ചെയ്‌ത ഇടതുപക്ഷത്തിനും ഈ അവസ്ഥ ഉണ്ടായതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നത് അവിതര്‍ക്കിതമായ കാര്യമാണ്.

അമേരിക്കയുടെയും രാഷ്‌ട്രീയ ഇസ്ളാമിന്റെയും ആദ്യപ്രയോഗകേന്ദ്രമായി പശ്ചിമേഷ്യ മാറിയത് യാദൃച്‌ഛികമാണോ?

ഈ ഭൂഗോളമാകെ തങ്ങളുടെ സൈനിക നിയന്ത്രണത്തിന്‍ കൊണ്ടുവരികയാണ് അമേരിക്കയുടെയും അവരുടെ സഖ്യത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും ജപ്പാന്റെയും ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെയടിസ്ഥാനത്തില്‍ പശ്ചിമേഷ്യയെ ആദ്യകേന്ദ്രമായി തിരഞ്ഞെടുത്തത് മുഖ്യമായും നാല് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഒന്ന് പശ്ചിമേഷ്യയിലാണ് പെട്രോളിയം ഉത്പന്നങ്ങളുടെ പ്രധാന ശേഖരം ഉള്ളത്. ഇത് അമേരിക്കയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്നതോടെ ആ രാജ്യത്തിന്റെ ഇപ്പോഴത്തെ സഖ്യകക്ഷികളെയും ഭാവിയില്‍ ഭീഷണിയായേക്കാവുന്ന ചൈന പോലുള്ള രാഷ്‌ട്രങ്ങളെയും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയും. ഈ രാജ്യങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് അമേരിക്കയെ ആശ്രയിക്കേണ്ട അവസ്ഥ വരും.

രണ്ടാമത് പശ്ചിമേഷ്യയുടെ പ്രധാനസ്ഥാനങ്ങളായ ചൈന, ഇന്ത്യ, റഷ്യ എന്നീ രാഷ്‌ട്രങ്ങള്‍ക്കെതിരെ സ്ഥിരമായി സൈനികഭീഷണി നിലനിര്‍ത്താന്‍ പശ്ചിമേഷ്യയിലെ സാന്നിധ്യം അമേരിക്കയെ സഹായിക്കും.

മൂന്നാമതായി ഈ മേഖലയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പവും രാഷ്‌ട്രങ്ങളുടെ ദൌര്‍ബല്യവും എളുപ്പത്തില്‍ വിജയിക്കാന്‍ അമേരിക്കയെ സഹായിക്കും.

നാലാമത് അമേരിക്കയുടെ എക്കാലത്തെയും സഖ്യരാഷ്‌ട്രമായ ഇസ്രായേലിന്റെ ഈ മേഖലയിലെ സാന്നിധ്യമാണ്. ഇത്തരത്തിലുള്ള അക്രമോത്സുകത, അഫ്‌ഗാനിസ്‌താന്‍, ഇറാഖ്, പാലസ്‌തീന്‍, ഇറാന്‍ തുടങ്ങിയ രാഷ്‌ട്രങ്ങളെ നശീകരണത്തിന്റെ ഭീഷണിയിലാക്കിയിരിക്കയാണ്.

അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്‌റ്റ്-ജനാധിപത്യവല്‍ക്കരണത്തെ അട്ടിമറിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണ്?

ആധുനിക ചരിത്രത്തില്‍ അഫ്‌ഗാനിസ്‌താന്റെ ഏറ്റവും നല്ലകാലം 'കമ്യൂണിസ്‌റ്റ് ഭരണം എന്നറിയപ്പെട്ട കാലത്തായിരുന്നു. ആധുനികതയുടെ ബോധോദയമുള്ള ഏകാധിപത്യ'(enlightened despotism) സര്‍ക്കാറായിരുന്നു അന്ന് അഫ്‌ഗാനിസ്‌താനിലുണ്ടായിരുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുകൊടുത്തത് ഇക്കാലത്തായിരുന്നു. പ്രതിലോമതയുടെ ശത്രുവായിരുന്നു ഈ സര്‍ക്കാര്‍. അതു കൊണ്ടുതന്നെ ജനപിന്തുണയും ഉണ്ടായിരുന്നു. ഗോത്രനേതാക്കളുടെ ആധിപത്യപ്രവണതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഫ്‌ഗാനിസ്‌താനില്‍ അന്ന് കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയത്. കര്‍ഷകത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇതിന് പിന്തുണയുണ്ടായിരുന്നതുകൊണ്ട് ആ പരിഷ്‌ക്കാരങ്ങള്‍ വിജയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരിഷ്‌ക്കാരങ്ങളെ കമ്യുണിസ്‌റ്റുകളും നിരീശ്വരവാദികളും ചേര്‍ന്ന് നടപ്പിലാക്കിയ ഏകാധിപത്യ പരിഷ്‌ക്കാരങ്ങളായാണ് പാശ്ചാത്യമാധ്യമങ്ങളും രാഷ്‌ട്രീയഇസ്ളാമിന്റെ പ്രചാരകരും വിശേഷിപ്പിച്ചത്. ഇതിനെ അഫ്‌ഗാന്‍ ജനത തള്ളിക്കളഞ്ഞതായും ഇവര്‍ പ്രചരിപ്പിച്ചു.

എന്നാല്‍ അന്ന് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ ഏറെ ജനപ്രിയമായിരുന്നുവെന്നതാണ് വസ്‌തുത. ഈ പരിഷ്‌ക്കാരം നടപ്പിലാക്കിയ വിഭാഗങ്ങള്‍ കമ്യൂണിസ്‌റ്റുകാരാണെന്ന് അവകാശപ്പെടുന്നതില്‍ അത്ഭുതമില്ല. ഇന്ത്യയും പാകിസ്‌താനുമടക്കമുള്ള ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളെ അപേക്ഷിച്ച് മധ്യേഷ്യയിലെ സോവിയറ്റ് മേഖലകളിലെ നേട്ടങ്ങളും അഫ്‌ഗാനിസ്‌താനിലെ പരിഷ്‌ക്കാരങ്ങളെ സ്വാധീനിച്ചു. കാരണം സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ എങ്ങനെയൊക്കെയാണ് ആധുനികവത്കരണത്തെ തടസ്സപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാന്‍ അഫ്‌ഗാനിസ്‌താനിലെ ജനങ്ങളെ ഇത് സഹായിച്ചു. എന്നാല്‍ ഇവിടെ ഭരണം നടത്തിയ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമര്‍ത്തുന്നതിന് സേവിയറ്റ് യൂണിയന്റെ സഹായം തേടിയത് ഒരു ജനകീയ ദേശീയ പ്രസ്ഥാനം വളര്‍ന്നുവരുന്നതിന് വിഘാതമായെന്നത് വസ്‌തുതയാണ്.

അവിടെ, അമേരിക്ക, താലിബാന്‍, പാക്കിസ്ഥാന്‍ ഐക്യമുന്നണിയാണ് ഉണ്ടായത് ?

അമേരിക്കയും അതിന്റെ സഖ്യകക്ഷികളും അഫ്‌ഗാനിസ്‌താനിലെ ആധുനികരുടെ-അവര്‍ കമ്യൂണിസ്‌റ്റുകാരായിരുന്നാലും അല്ലെങ്കിലും- ശത്രുക്കളായിരുന്നു. അമേരിക്കയാണ് പ്രതിലോമകാരികളെ സംഘടിപ്പിക്കുകയും രാഷ്‌ട്രീയ ഇസ്ളാമിന്റെ പാകിസ്‌താന്‍ മാതൃകയെ-താലിബാന്‍-വളര്‍ത്തിക്കൊണ്ടുവരികയും ചെയ്‌തത്. സോവിയറ്റ് പിന്മാറ്റത്തിനുശേഷവും നജീബുള്ള സര്‍ക്കാര്‍ ചെറുത്തുനില്പിന്റെ സൂചനകള്‍ നല്‍കിയിരുന്നു. താലിബാന് സഹായകരമായ രീതിയില്‍ പാക്ക് സൈന്യം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ നജീബുള്ളയുടെ സൈന്യത്തിന് മുന്‍കൈ കിട്ടുമായിരുന്നു. വിവിധ യുദ്ധഗ്രൂപ്പുകള്‍ കൂടി ആക്രമണം സജീവമാക്കിയതോടെ രാജ്യത്ത് അരാജകത്വം നടമാടുകയായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും അതിന്റെ ഏജന്റുമാരായ ഇസ്ളാമിസ്‌റ്റുകളുടെയും ആക്രമണത്തെത്തുടര്‍ന്ന് അഫ്‌ഗാനിസ്‌താന്‍ തകരുകയായിരുന്നു.
രാജ്യത്ത് ജനകീയ അടിത്തറയില്ലാത്ത അധികാരികളുടെ നിയന്ത്രണത്തില്‍ അഫ്‌ഗാനിസ്‌താന് കരകയറുക എളുപ്പമായിരുന്നില്ല. വാഷിങ്ടണും, യുഎന്നും നാറ്റോയും അവരുടെ അഫ്‌ഗാന്‍ സാന്നിധ്യത്തിന് കാരണമായി പറയുന്നത് ജനാധിപത്യം നിലനിര്‍ത്താനെന്നാണ് ! തുടക്കം മുതല്‍ തന്നെ കളവായിരുന്ന ഈ വാദം, ഇപ്പോള്‍ തീര്‍ത്തും അപഹാസ്യമായിരിക്കുന്നു. അഫ്‌ഗാനിസ്‌താന്‍ പ്രശ്‌നത്തിന് ഒരു പരിഹാരം മാത്രമേയുള്ളൂ. എല്ലാ വിദേശ സൈന്യങ്ങളും രാജ്യത്തു നിന്ന് പിന്‍വാങ്ങുകയും അവരുടെ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സൈനികവും രാഷ്‌ട്രീയവുമായ എല്ലാ സഹായവും നിര്‍ത്തിവെക്കുകയും ചെയ്യണം. ഇത്തരം ഒരു സന്ദര്‍ഭം താലിബാന്‍ അവരുടെ സര്‍വ്വാധിപത്യം നടപ്പിലാക്കാന്‍ വേണ്ടി ഉപയോഗിക്കുമെന്ന് കരുതുന്ന ചില ശുദ്ധാത്മാക്കളുണ്ട്. എന്നാല്‍ ഇതുവരെ സര്‍വാധിപത്യത്തിന് എല്ലാ സഹായവും ചെയ്‌തത് വിദേശ ഇടപെടലാണെന്ന കാര്യമാണ് എനിക്ക് ഓര്‍മ്മിപ്പിക്കാനുള്ളത്. കമ്യൂണിസ്‌റ്റുകളുടെ ഏകാധിപത്യത്തെക്കാള്‍ പ്രതിലോമകാരികളുടെ സര്‍വാധിപത്യത്തെയാണ് പരിഷ്‌കൃതരായ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ അനുകൂലിച്ചത്. അവരുടെ താത്പര്യത്തിന് കമ്യൂണിസ്‌റ്റുകളെക്കാള്‍ നല്ലത് പ്രതിലോമകാരികളാണെന്നതുകൊണ്ടാണിത്.

രാഷ്‌ട്രീയ ഇസ്ലാമിന്റെ പാലസ്‌തീന്‍ അവതാരത്തെക്കുറിച്ച് ?

ഒന്നാം ലോകയുദ്ധത്തിന്റെ സമയത്തുണ്ടായ ബല്‍ഫര്‍ പ്രഖ്യാപനം മുതല്‍ പലസ്‌തീന്‍ ജനത വൈദേശികശക്തികളുടെ കോളനിവത്കരണത്തിന്റെ ഇരകളാണ്. ഈ കൊളോണിയല്‍ പദ്ധതി അതതു കാലത്തെ സാമ്രാജ്യത്വ പരിപാടിക്ക് നിരുപാധിക പിന്തുണ നല്‍കുന്നതുകൂടി ആയിരുന്നു. നേരത്തെ അത് ബ്രിട്ടന് പിന്തുണ നല്‍‌കിയെങ്കില്‍ ഇപ്പോള്‍ അത് അമേരിക്കന്‍ സാമ്രാജ്യത്വ പരിപാടികളെ സഹായിക്കുന്നു.

ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട വിദേശരാജ്യം എന്നും സാമ്രാജ്യത്വത്തിന്റെ ഉറ്റ സഖ്യകക്ഷിയായിരുന്നു. അതിനുപകാരമായി മധ്യേഷ്യയിലെ അറബ് രാജ്യങ്ങളെ സാമ്രാജ്യത്വ മുതലാളിത്തത്തിന് കീഴ്പ്പെടുത്തി നിര്‍ത്താനാവശ്യമായ നടപടികളും വന്‍ശക്തികള്‍ എപ്പോഴും ഉറപ്പുവരുത്തിയിരുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ഭൂഖണ്ഡങ്ങളില്‍നിന്നും പലസ്‌തീന്‍ ജനതയ്‌ക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ പലസ്‌തീന്‍ പ്രശ്‌നം യൂറോപ്സ്റ്ിന്നമായ അഭിപ്രായമാണ് ഉണ്ടാക്കുന്നത്. സയണിസ്‌റ്റ് പ്രത്യയശാസ്‌ത്രം സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണം.

അമേരിക്കയുടെ പശ്ചിമേഷ്യന്‍ പരിപാടി നടപ്പിലാക്കുന്നതിന്നനുസരിച്ച് പലസ്‌തീന്‍ ജനതയുടെ അവകാശങ്ങളും ഇല്ലാതാക്കപ്പെടുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. വാഷിങ്ടണ്‍ തയ്യാറാക്കിയ ഓസ്ളോ, മാഡ്രിഡ് പദ്ധതികള്‍ പി.എല്‍.ഒ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പി.എല്‍.ഒയുടെ പ്രസക്തി കുറയുകയാണ് ചെയ്‌തത്. കാരണം സാമ്രാജ്യത്വ പദ്ധതികളിലെ കെണി തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് പി.എല്‍.ഒയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. തുടക്കത്തിലെങ്കിലും പി.എല്‍.ഒയുടെ ഇസ്ലാമിസ്‌റ്റ് എതിരാളികളായ ഹമാസിന് അധിനിവേശ ശക്തികള്‍ നല്‍കിയ പിന്തുണയും പലസ്‌തീന്‍ ഭരണ സംവിധാനത്തിലുണ്ടായ അഴിമതിയുമാണ് ഹമാസിന്റെ പ്രതീക്ഷിച്ച വിജയത്തിലെത്തിച്ചത്. (പലസ്‌തീന്‍ ഭരണ സംവിധാനത്തിന്റെ പ്രധാന ഫണ്ട് ദാതാക്കളായ ലോകബാങ്കും യൂറോപ്യന്‍ രാജ്യങ്ങളും വിവിധ എന്‍.ജി.ഒ സംഘടനകളും അഴിമതിക്കാര്യത്തില്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല).

ഹമാസ് വിജയിച്ചതോടെ ഇസ്രായേല്‍ നയമെന്തായാലും അതിനെ പിന്തുണയ്‌ക്കണമെന്ന വാദം ഉയര്‍ത്തിപ്പിടിക്കുകയാണ് സാമ്രാജ്യത്വരാജ്യങ്ങള്‍ ചെയ്‌തത്. സയണിസ്‌റ്റ് കൊളോണിയല്‍ പദ്ധതി പലസ്‌തീനു മാത്രമല്ല, മറ്റ് അറബ് രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ഈജിപ്‌തിലെ സിനാനി മേഖലയും സിറിയയിലെ ഗോലന്‍ കുന്നുകളും കൂട്ടിചേര്‍ക്കാനുള്ള ഇസ്രായേല്‍ നീക്കം ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. മധ്യേഷ്യയില്‍ ഇസ്രായേലിനെ അമേരിക്ക ഒഴിവാക്കാനാവാത്ത പങ്കാളിയായി കണക്കാക്കുന്നതും ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക അവകാശം നല്‍‌കിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. (അറബ് രാഷ്‌ട്രങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇസ്രായേലുകാര്‍ക്ക് സാങ്കേതിക വൈദഗ്ധ്യം കൂടുതലാണെന്ന തെറ്റായവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള നിലപാടുകള്‍ വിശദീകരിക്കുന്നത്. ഒഴിവാക്കാനാവാത്ത വംശീയത!)

സിറിയയിലെ ബാത്തിസ്‌റ്റ് ഭരണകൂടം ഇസ്രായേലിന്റെയും സാമ്രാജ്യത്വശക്തികളുടെയും ആവശ്യങ്ങളെ അതിന്റെതായ രീതിയില്‍ ചെറുത്തുനിന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ചെറുത്തുനില്പുകള്‍ ഇസ്രായേലിന്റെ വികസനമോഹങ്ങളില്‍ (ഉദാ: ലെബനണ്‍) ചിലതിന് ന്യായീകരണമായിട്ടുണ്ടെന്നതും വസ്‌തുതയാണ്. സിറിയ, ലെബനണില്‍ ഏറ്റവും അപകടം കുറഞ്ഞ സഖ്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും കാണേണ്ടതുണ്ട്. ലബനണിലെ കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഇസ്രായേല്‍ അധിനിവേശത്തിന്നെതിരെ പോരാട്ടം നടത്തിയ സംഘടനയാണ്. എന്നാല്‍ സിറിയയിലെയും ലബനണിലെയും ഇറാനിലെയും അധികാരികള്‍ ഇതിന്നെതിരെ തിരിയുകയും അതിനുപകരമായി ഹിസ്‌ബുള്ളയ്‌ക്ക് പ്രാമുഖ്യം നല്‍കുകയുമാണ് ചെയ്‌തത്. റഫീക്ക് അല്‍ ഹരീരിയുടെ കൊലപാതകം അമേരിക്കയ്‌ക്കും ഫ്രാന്‍സിനും ഈ മേഖലയില്‍ രണ്ട് ലക്ഷ്യങ്ങളോടെ ഇടപെടാന്‍ അവസരമൊരുക്കി. ഒന്ന് ഈജിപ്‌തിനെയും സൌദി അറേബ്യയെയും പോലുള്ള രാജ്യങ്ങളുമായി സ്ഥിരമായി സഖ്യമുണ്ടാക്കാന്‍ ഡമാസ്‌ക്കസിനെ നിര്‍ബന്ധിക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ സിറിയയിലെ ബാത്തിസ്‌റ്റ് അധികാരത്തെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. രണ്ടാമത് ഇസ്രായേലിനെതിരെ ചെറുത്തുനില്‍ക്കാനുള്ള എല്ലാ ശേഷിയും ഇല്ലാതാക്കുന്ന രീതിയില്‍ ഹിസ്‌ബുള്ളയെ നിരായുധീകരിക്കുക. ജനാധിപത്യത്തെ സംബന്ധിച്ചുള്ള വാചാടോപങ്ങള്‍ ഈ പശ്ചാത്തലത്തില്‍ നടത്താനും ഇതുമൂലം കഴിയും.

രാഷ്‌ട്രീയ ഇസ്ലാമിന്റെ അനുയായികള്‍ പറയുന്നതുപോലെ ഇറാനിലെ ഇസ്ളാമിക വിപ്ളവം വലിയ മാറ്റത്തിന് തുടക്കം കുറിച്ച സംഗതിയായിരുന്നുവോ?

ഒന്നാമത് ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഗോള മുതലാളിത്ത വ്യവസ്ഥിതിയുമായി കൂടിച്ചേരുന്നതിന് എതിരായ ഒരു സംവിധാനമല്ല. സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ലിബറല്‍ കാഴ്‌ചപ്പാട് ഇതിന് ഉദാഹരണമാണ്. രണ്ടാമത്, വിദേശരാജ്യത്തിന്റെ ആധിപത്യത്തിനു കീഴില്‍ ആഗോളസമ്പദ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിന് ഇറാനിലെ ഭരണവര്‍ഗത്തിനും ജനങ്ങള്‍ക്കും താത്പര്യമില്ല. യഥാര്‍ഥത്തില്‍ ഈ രണ്ട് നിലപാടുകളും തമ്മില്‍ വൈരുധ്യമുണ്ട്. അവസാനം പറഞ്ഞകാര്യം ഇറാന്റെ വിദേശനയത്തിന്‍ പ്രതിഫലിക്കുന്നുണ്ട്. ശാസ്‌ത്ര-സാങ്കേതിക രംഗത്തും സൈനികരംഗത്തും ഇറാന്‍ നടത്തിയ ആധുനികവത്കരണം നടപ്പിലാക്കാന്‍ കഴിഞ്ഞത് ഇറാന്‍ ദേശീയതയുടെ ശക്തികൊണ്ടാണെന്നാണ് എന്റെ അഭിപ്രായം. ഷാ ഭരണകാലത്തും ഖൊമേനി ഭരണകാലത്തും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായത് ദേശീയതയുടെ ശക്തികൊണ്ടാണ്. ദേശീയ ബൂര്‍ഷ്വാസിക്ക് വ്യക്തമായ പദ്ധതികളുള്ള ചുരുക്കം ചില രാഷ്‌ട്രങ്ങളിലൊന്നാണ് ഇറാന്‍. ഈ പദ്ധതികള്‍ നടപ്പിലാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാധിക്കുമൊയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോള്‍ ദേശീയ ബൂര്‍ഷ്വാസി നിലവിലുണ്ട്. അത് പ്രവര്‍ത്തിക്കുന്നുമുണ്ട്.

ഇറാന്റെ ആണവശേഷിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കങ്ങള്‍ നടക്കുന്നത്. എന്തുകൊണ്ടാണ് ഇറാന് മറ്റുപല രാജ്യങ്ങളേയും പോലെ ആണവപദ്ധതികള്‍ വികസിപ്പിക്കാനും ആണവരാജ്യമായും മാറുന്നതിനും തടസ്സമുണ്ടാകുന്നത് ? വന്‍ നശീകരണശേഷിയുള്ള ആയുധങ്ങള്‍ സാമ്രാജ്യത്വരാജ്യങ്ങള്‍ക്കും ഇസ്രായേലിനും മാത്രം കൈവശം വെക്കാനുള്ള അധികാരം എങ്ങനെയാണ് ലഭിച്ചത്! 'തെമ്മാടി' രാജ്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെ ആണവായുധങ്ങള്‍ ജനാധിപത്യരാഷ്‌ട്രങ്ങള്‍ ഉപയോഗിക്കില്ലെന്ന വാദത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ആധുനികകാലത്തെ ഏറ്റവും വലിയ വംശഹത്യകള്‍ക്ക് കാരണം ഈ പറയുന്ന ജനാധിപത്യരാഷ്‌ട്രങ്ങളാണെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്? അമേരിക്ക രണ്ടുതവണ ആണവായുധം പ്രയോഗിച്ചുവെന്ന് മാത്രമല്ല, ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നതിനെ എതിര്‍ക്കുന്നതും അമേരിക്ക തന്നെയല്ലേ.

ഇടതുപക്ഷ കടമയെന്താണ് ?

ഇന്ന് ഈ മേഖലയിലെ സംഘര്‍ഷങ്ങളില്‍ പരസ്‌പരം എതിര്‍ക്കുന്ന മൂന്ന് ശക്തികളാണ് ഉള്ളത്. ഒന്നാമതായി തങ്ങളുടെ ദേശീയ പാരമ്പര്യത്തെക്കുറിച്ച് പറയുന്നവര്‍ - യഥാര്‍ഥ്യത്തില്‍ ദേശീയതയുടെ കാലത്തെ പ്രതിലോമകരമായ ഉദ്യോഗസ്ഥമേധാവിത്വത്തെ മാത്രമാണിവര്‍ പിന്തുടരുന്നത് - മറ്റൊരു വിഭാഗം രാഷ്‌ട്രീയ ഇസ്ലാമിന്റെതാണ്. സാമ്പത്തിക ഉദാരവത്കരണവുമായി പൊരുത്തപ്പെടുന്ന ജനാധിപത്യ നിലപാടുകള്‍ ഉള്ളവരാണ് മറ്റുള്ളവര്‍. ഇതില്‍ ഏതെങ്കിലും വിഭാഗത്തിന്റെ സമ്പൂര്‍ണാധിപത്യത്തെ, ജനകീയതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ നിലനില്‍ക്കുന്ന സാമ്രാജ്യത്വവ്യവസ്ഥിതിയുമായി ദല്ലാള്‍ ബന്ധമുള്ളവരാണ് നേരത്തെ സൂചിപ്പിച്ച മൂന്ന് വിഭാഗങ്ങളും. ഈ മൂന്ന് വിഭാഗങ്ങളെയും പരസ്+പരം സംഘര്‍ഷത്തില്‍ നിര്‍ത്തുകയാണ് അമേരിക്കന്‍ നയതന്ത്രജ്ഞത. ഇതില്‍ ഏതെങ്കിലും വിഭാഗവുമായി ഐക്യപ്പെട്ടുകൊണ്ട് ഇടപെടല്‍ സജീവമാക്കാനുള്ള ഇടതിന്റെ നീക്കം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്.

ജനകീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാണ് ഇടതുപക്ഷം പ്രാമുഖ്യം കൊടുക്കേണ്ടത്. ദേശീയ പരമാധികാരത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ് ഏറ്റെടുക്കേണ്ടത്. സാമ്രാജ്യത്വവും ലോകജനതയും തമ്മിലുള്ള പോരാട്ടത്തിന്റെ കേന്ദ്രമാണ് ഇന്ന് മധ്യേഷ്യ. ലോകത്തെ എല്ലാ സാമ്രാജ്യത്വ വിരുദ്ധപോരാട്ടവും മുന്നേറണമെങ്കില്‍ മധ്യേഷ്യയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി നേരിടണം. ഇതിന്റെ അര്‍ഥം ലാറ്റിനമേരിക്കയിലും യൂറോപ്പിലും നടക്കുന്ന പോരാട്ടങ്ങളുടെ പ്രസക്തി കുറച്ചു കാണണമെന്നല്ല. മറിച്ച് വാഷിങ്ടണിന്റെ പദ്ധതികളെ പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സമഗ്രവീക്ഷണത്തിന്റെ ഭാഗമായിരിക്കണം, എല്ലാ പോരാട്ടങ്ങളുമെന്നാണ്.

*****

മുഖാമുഖം ഡോ. സമീര്‍ അമീന്‍, തയ്യാറാക്കിയത് : അജയ്ഘോഷ്
കടപ്പാട് : പി എ ജി ബുളറ്റിന്‍

ബുധനാഴ്‌ച, സെപ്റ്റംബർ 15, 2010

വരേണ്യവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയം

രാഷ്ട്രീയം സര്‍ഗാത്മകമാകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ കവിതകളാകുമെന്ന് പറഞ്ഞത് മാവോയാണ്. കാരണം നേരിന്റെ പന്തം കത്തിച്ചുപിടിക്കുന്ന പ്രസ്ഥാനങ്ങളായാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ കണ്ടത്. എന്നാല്‍ ഇന്ന് മുദ്രാവാക്യങ്ങള്‍ കവിതകളാവുന്നില്ലെന്നു മാത്രമല്ല, പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായ മുദ്രാവാക്യങ്ങള്‍ പോലും ഇല്ലാതായിരിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ ജനാധിപത്യം കാലികമായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്.

ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന കേന്ദ്ര സമസ്യകളെ മുദ്രാവാക്യങ്ങളുടെ ചെറുശംഖുകളില്‍ നിറച്ച് ഊതാനാവുന്നില്ല. മറിച്ച് സിനിമാ പാട്ടുകളുടെ പേറ്റന്റ് വിലയ്ക്ക് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് അവ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സ്ലംഡോഗ് മില്യണയറിലെ ജയ്‌ഹോ എന്ന ഗാനം ദേശീയ കക്ഷിയായ കോണ്‍ഗ്രസ് വിലയ്ക്ക് വാങ്ങിയ കാര്യം ഓര്‍ക്കുക. അങ്ങനെ 'വില' നമ്മുടെ ജനാധിപത്യത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടിരിക്കുകയാണ്. എന്തും വിലയ്ക്ക് വാങ്ങാം, എം പീമാരെവരെ വിലയ്ക്ക് കിട്ടുന്ന കനികളായി മാറുന്നു! ജനാധിപത്യത്തില്‍ നിന്ന് ജനങ്ങള്‍ വിടവാങ്ങുകയും 'ആധിപത്യം' അവശേഷിക്കുകയും ചെയ്യുന്നു-സമ്പന്നരുടെ ആധിപത്യം. ഇക്കാര്യം കൂടുതല്‍ ബോധ്യമാവണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മാറിവരുന്ന വര്‍ഗഘടന പരിശോധിച്ചാല്‍ മതി.

നമ്മുടെ പരമോന്നത നിയമനിര്‍മാണസഭ കോടീശ്വരന്മാരുടെ പറുദീസയായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു.

ബിസിനസ്/വ്യവസായ പ്രമുഖരുടെ എണ്ണത്തിലെ വര്‍ധനവു ശ്രദ്ധേയമാണ്. ഇത് പത്താം ലോക്‌സഭയില്‍ 15 ശതമാനമായിരുന്നത് പതിനാലാം ലോക്‌സഭയില്‍ എത്തിയപ്പോള്‍ 20 ശതമാനമായി വളര്‍ന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ പതിനേഴ് ശതമാനം വളര്‍ച്ച. ഏതാണ്ട് നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമാനം. രാജ്യസഭയുടെ കാര്യത്തില്‍ ഇത് പതിനാറ് ശതമാനമാണ്.

നമ്മുടെ പൊതുരംഗം എത്രത്തോളം സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു (വരേണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന അര്‍ഥവും ഇതിനുണ്ട്) എന്നതിന്റെ തെളിവാണിത്. ഇത് ഏറ്റവുമധികം പ്രകടമായിരിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിയിലാണ്. ജനങ്ങളും പാര്‍ട്ടികളുമായുള്ള ബന്ധം നേര്‍ത്ത് വരുകയും അത് വെറും കൃതൃമമായിത്തീരുകയും ചെയ്തിരിക്കുന്നു. ജലവും മത്സ്യവും പോലെയാണ് ജനങ്ങളും പൊതുപ്രവര്‍ത്തകരും എന്നു പറഞ്ഞ മാവോ എത്രപെട്ടന്നാണ് നമ്മുടെ ജനാധിപത്യത്തില്‍ അപ്രസക്തമായത്!

രാഷ്ട്രീയത്തിന് ഏതാണ്ടൊരു കോര്‍പ്പറേറ്റ് സ്വഭാവം കൈവന്നിരിക്കുന്നു. തെലുങ്കുദേശം പാര്‍ട്ടിയിലെ ഒരിടത്തരം നേതാവ് ഒരിക്കല്‍ സൂചിപ്പിച്ചത് എത്രയോ അന്വര്‍ഥമാണ്: ''ടി ഡി പി അതിന്റെ അണികള്‍ക്ക് നല്‍കുന്ന പരിശീലനം മാനേജീരിയല്‍ സ്വഭാവത്തോടൂകൂടിയതാണ്. പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായി സ്ഥായിയായ ബന്ധം വളര്‍ത്തുവാന്‍ ഉതകുന്നതല്ല ഇത്. അധികാരത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന അപ്പകഷണങ്ങള്‍ക്കുവേണ്ടി ശണ്ഠകൂടുന്ന വെറും കൂലിപട്ടാളക്കാരാണ് ഇവര്‍. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇവര്‍ക്കാവില്ല.'' ഇവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നതും പത്രറിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്. ഓരോ അപേക്ഷാര്‍ഥിയും തങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ തെളിവായി പത്രങ്ങളില്‍ വാര്‍ത്തകളുടെ അസല്‍ പതിപ്പ് ഹാജരാക്കണം എന്നര്‍ഥം. ഇവിടെ പ്രവര്‍ത്തകരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം മീഡിയേറ്റ് ചെയ്യുന്നത് പത്രത്താളുകളായി മാറുന്നു. എന്തൊരു വിരോധാഭാസം? ആന്ധ്രായില്‍ പെയ്ഡ് ന്യൂസിന്റെ (paid news)െ ഏറ്റവും വലിയ ഉറവിടം ഇതാണെന്ന വസ്തുതയും അവശേഷിക്കുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇടതുപക്ഷ പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് കക്ഷികളില്‍ ജൈവബന്ധമുള്ള നേതൃത്വം വളരാത്തതിന്റെ കാരണം ഇതാണ്. ജനങ്ങളെയും നേതൃത്വത്തെയും കൂട്ടി ഇണക്കുന്ന കണ്ണികള്‍ ഇല്ലാതായിരിക്കുന്നു. ഇവരുടെ സ്ഥാനമാണ് വ്യവസായ പ്രമുഖരും കുബേരന്മാരും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതിപുരുഷന്മാരും ചേര്‍ന്ന് കൈയടക്കിയിരിക്കുന്നത്. പണവും വരേണ്യവിദ്യാഭ്യാസവുമാണ് ഈ ഭരണവര്‍ഗ ക്ലബിലെ അംഗത്വത്തിന്റെ മാനദണ്ഡം. ഇവരാണ് ഭാരതസര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്.

സാമ്പത്തിക ആഗോളവത്ക്കരണത്തില്‍ തുടങ്ങി അമേരിക്കന്‍ കേന്ദ്രീകൃത വിദേശനയത്തില്‍വരെ ഈ സ്വാധീനം പ്രകടമാണ്. അതുകൊണ്ടാണ് റേഷനരിക്ക് സബ്‌സിഡി നല്‍കുന്നത്. ഉത്പാദനക്ഷമമല്ലെന്ന് നമ്മുടെ ഭരണകൂടം നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നതും എന്നാല്‍ അതേസമയം വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക. വിദ്യാഭ്യാസത്തിന് നീക്കിവെയ്ക്കാന്‍ ജി ഡി പിയുടെ 6 ശതമാനം കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജി ഡി പിയുടെ 17 ശതമാനം പലവിധ സബ്‌സിഡികളായി ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നതും ഇതേ യുക്തിയുടെ അടിസ്ഥാനത്തിലാണ്.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍, സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ, വിവാഹം കഴിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത രണ്ട് ലക്ഷം പെണ്‍കുട്ടികളാണ് ഉള്ളത്. മുഖ്യധാരാ രാഷ്ട്രീയ സമൂഹം, പക്ഷേ, ഇവരെ തൊട്ട് ഒഴിഞ്ഞുകൊണ്ട് നടന്നുപോകുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ജനാധിപത്യം ജനങ്ങളുടേതാണെങ്കിലും ഭരണഘടനയ്ക്ക് പുറത്തുള്ള ജനാധിപത്യം (രാഷ്ട്രീയവും) സമ്പന്നരുടേതായി മാറിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയിലേയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 15092010

തിങ്കളാഴ്‌ച, സെപ്റ്റംബർ 06, 2010

പോസ്‌റ്റ് മാക്സിസം!

പോസ്‌റ്റ് മാര്‍ക്‌സിസം എന്നാല്‍ മാര്‍ക്‌സിസത്തിന് ശേഷമുള്ളത് എന്നര്‍ത്ഥം. സോഷ്യലിസ്‌റ്റ് പരാജയവും നവലിബറലിസവും ചേര്‍ന്ന് ലോകത്തിന് സംഭാവന ചെയ്‌ത ഇടതുപക്ഷ വിഭ്രാന്തികളിലൊന്നാണിത്. 'ബദലില്ല' എന്ന വാദത്തെ സിദ്ധാന്തവല്‍ക്കരിക്കുന്ന 'ദാര്‍ശനികവ്യാപാര'മെന്ന് ചുരുക്കിപ്പറയാം. ഇടതുപക്ഷക്കാരായിരിക്കുകയോ, തീവ്ര ഇടതുപക്ഷത്തിന്റെ ചിറകില്‍ പറന്നുനടന്ന് അടിതെറ്റി വീഴുകയോ ചെയ്‌തവരുടെ സൈദ്ധാന്തിക വെളിപാടുകളാണ് പോസ്‌റ്റ്മാര്‍ക്‌സിസത്തിന്റെ ധാരയില്‍പ്പെടുന്ന ചിന്തകള്‍. പോസ്‌റ്റ് മോഡേണിസത്തിലേക്ക് - മാര്‍ക്‌സിസ്‌റ്റ് വീക്ഷണമുള്ളവരെ കൈപിടിച്ചാനയിക്കുന്ന ദൌത്യമാണ് ഇത്. കേരളത്തില്‍ ഒരു ദശാബ്‌ദത്തിലധികമായി വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളില്‍ ഇത്തരം 'ദാര്‍ശനിക വ്യാപാരം' നടക്കുന്നുണ്ട്. ഒരളവുവരെ മാര്‍ക്‌സിസ്‌റ്റ് പ്രയോഗത്തിന്റെ വീഴ്‌ചകള്‍ ഈ 'ജനാധിപത്യ' വാചക കസര്‍ത്തുകള്‍ക്ക് ബലം നല്‍കുന്നുവെന്നത് സത്യമാണ്. ഡോ.എം.പി. പരമേശ്വരനിലൂടെ പുറത്തുവന്ന 'നാലാം ലോകം' അതിമനോഹരമായ ഒരു പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് ആവിഷ്‌ക്കാരമായിരുന്നുവെന്ന് ഓര്‍ക്കുക.

മാര്‍ക്‌സിസ്‌റ്റ് പ്രയോഗത്തിന്റെ പാഠങ്ങള്‍ - അതിന്റെ പരിമിതികളും നേട്ടങ്ങളും യഥാര്‍ത്ഥ മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടില്‍ വിശകലനം ചെയ്‌ത്, 'ജനാധിപത്യത്തിന്റെ സാക്ഷാത്കാര'മായി സോഷ്യലിസ്‌റ്റ് ബദലിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുഖ്യധാരാ ഇടതുപക്ഷത്തിന് കഴിയാതിരിക്കുന്നുവെന്ന സത്യം , പോസ്‌റ്റ് മാര്‍ക്‌സിസം സാധാരണ മനുഷ്യരുടെ മനസുകളിലും വ്യത്യസ്‌തഭാവങ്ങളില്‍ കടന്നു കയറാന്‍ ഇടവരുത്തുന്നു. നവലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍,ആഗോളവല്‍ക്കരണത്തിനും മൂലധനവാഴ്‌ചക്കും കീഴടങ്ങുവാനും 'അതല്ലാതെ മാര്‍ഗ്ഗമില്ല'ന്ന് ഉറപ്പിക്കാനും അത് അവരെ പ്രേരിപ്പിക്കുന്നുണ്ട്. 'വിപ്ളവങ്ങള്‍ വരാന്‍ ഏറെകാലം എടുക്കും, നമുക്ക് തല്‍ക്കാലം ജീവിക്കാം' എന്ന രീതിയില്‍ ചിന്തിക്കുന്നവര്‍ ഈ 'മാര്‍ഗ്ഗമില്ലായ്‌മ'യുടെ സൃഷ്‌ടിയാണ്... രാഷ്‌ട്രീയപ്രവര്‍ത്തനത്തെ വെറും 'മാനേജ്‌മെന്റ്' മാത്രമാക്കുന്ന മധ്യവര്‍ഗ്ഗനേതൃത്വങ്ങള്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് സ്വാധീനത്തില്‍പ്പെടുന്നവരാണ് എന്ന് കൂടി നാം മനസ്സിലാക്കേണ്ടതാണ്.

നവലിബറല്‍ കഷായങ്ങള്‍ 'വിമോചന ദ്രവ്യങ്ങളായി' നൊട്ടിനുണയുന്ന ജനതയും ജനനായകരും പോസ്‌റ്റ്മാര്‍ക്‌സിസത്തിന്റെ മയക്കുമരുന്നാണ് മേമ്പൊടിയായി ചേര്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റ് വിഭ്രാന്തികളുടെ അടിസ്ഥാനം അന്വേഷിക്കേണ്ടിവരുന്നു. ലോകപ്രശസ്‌ത ഇടതുപക്ഷ ചിന്തകന്‍ ഡോ. ജയിംസ് പെട്രാസ്, പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് വിവക്ഷകളെ, മാര്‍ക്‌സിസ്‌റ്റ് അടിത്തറയില്‍ വിശകലനം ചെയ്യുകയാണ് ഇവിടെ. യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയസമരത്തിന് അവശ്യം വേണ്ടുന്ന സമരായുധങ്ങളാണ് ഈ വിശകലനത്തില്‍ നിറയുന്നത്. വായിക്കുക.

എഡിറ്റര്‍, പി എ ജി ബുള്ളറ്റിന്‍

'പോസ്‌റ്റ്മാര്‍ക്‌സിസം' മാര്‍ക്‌സിസ്‌റ്റ് വിരുദ്ധമാവുന്നതെന്തുകൊണ്ട് ?

നിയോലിബറലിസത്തിന്റെ 'വിജയ'വും സോഷ്യലിസത്തിന്റെ 'പരാജയവും' ബുദ്ധിജീവികളില്‍ സൃഷ്‌ടിച്ച വിഭ്രാന്തിയുടെ ഫലമാണ് 'പോസ്‌റ്റ്മാര്‍ക്‌സിസം.' എന്താണ് ഈ സാധനം?

സോഷ്യലിസം ഒരു പരാജയപ്പെട്ട ദര്‍ശനവും പ്രവര്‍ത്തന പരിപാടിയും ആണെന്ന് പ്രഖ്യാപിക്കുന്നിടത്തുനിന്നാണ് പോസ്‌റ്റ് മാര്‍ക്‌സിസം മുളപൊട്ടുന്നത്. സിദ്ധാന്തങ്ങളെല്ലാം മാര്‍ക്‌സിസ്‌റ്റ് പരാജയത്തിന്റെ മാര്‍ഗ്ഗത്തില്‍ വീണുടയും. പ്രത്യയശാസ്‌ത്രങ്ങള്‍ 'വ്യാജ'മാകുന്നതാണ് അതിന്റെ കാരണം! ഒറ്റ വംശത്തെയോ ലിംഗത്തെയോ മേധാവിയാക്കുന്ന ലോകത്തെയാണത് സൃഷ്‌ടിക്കുന്നത്. അതുകൊണ്ട് വര്‍ഗ്ഗങ്ങള്‍ വെറും കെട്ടുകഥയാണ്.. വര്‍ഗ്ഗസമരവും! സാംസ്‌ക്കാരികമാണ് എല്ലാ രാഷ്‌ട്രീയപ്രശ്‌നങ്ങളും! ലിംഗം, ഗോത്രം, ജാതി, വംശം തുടങ്ങിയ, സ്വത്വപ്രശ്‌നങ്ങളാണ് സ്ഥായിയായുള്ളത്. പോസ്‌റ്റ് മാര്‍ക്‌സിസം ഇങ്ങനെയൊക്കെയാണ് പറയുന്നത്. രാഷ്‌ട്രവും രാഷ്‌ട്രീയ അധികാരവും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. പൌരസമൂഹമാണ് ജനാധിപത്യത്തിന്റെ ആവിഷ്‌ക്കാരകേന്ദ്രം! കേന്ദ്രീകൃത ആസൂത്രണം ജനാധിപത്യവിരുദ്ധമാണ്. കമ്പോളമാണ് ജനാധിപത്യപരം!!

അധികാരത്തിനായുള്ള ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ സ്വേഛാധിപത്യത്തിനുള്ള വഴി തേടലാണ്. അങ്ങനെ സംഭവിച്ചാല്‍ പൌരസമൂഹത്തെ അത് നിശ്ചലമാക്കും. പ്രാദേശിക പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രാദേശിക സമരങ്ങളാണ് മാറ്റത്തിനുള്ള ഏക പോംവഴി. കേന്ദ്രീകൃതസ്വഭാവമുള്ള രാഷ്‌ട്രീയസംഘടനകള്‍ അപകടകാരികളാണ്. പകരം പ്രാദേശിക - സാംസ്‌ക്കാരിക കൂട്ടായ്‌മകളാണ് വേണ്ടത്. അവയ്‌ക്ക് അന്തര്‍ദേശീയ സമ്മര്‍ദ്ദത്തിനുള്ള ശേഷിയുണ്ടാവും, ഇങ്ങനെയെല്ലാമാണ് അവര്‍ പ്രഖ്യാപിക്കുന്നത്. വിപ്ളവങ്ങളെ പോസ്‌റ്റ്മാര്‍ക്‌സിസം തള്ളിക്കളയുന്നു. അതിനി സാധ്യമേയല്ലന്നാണ് പറയുന്നത്. ജനാധിപത്യപരമായ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പുകളിലൂടെ സംഭവിക്കും! അതുകൊണ്ട് തന്നെ വര്‍ഗ്ഗപരമായ കൂട്ടായ്‌മകള്‍ കാലഹരണപ്പെട്ട ആശയമാണ്. വര്‍ഗ്ഗസമരങ്ങള്‍ സാമൂഹിക അരക്ഷിതാവസ്ഥയുണ്ടാക്കുന്നതും, പ്രശ്‌നപരിഹാരത്തെ തളര്‍ത്തുകയുമാണ് ചെയ്യുന്നത്. അന്താരാഷ്‌ട്ര ഏജന്‍സികളും, സര്‍ക്കാരും, പ്രാദേശിക കൂട്ടായ്‌മകളും ചേര്‍ന്നാല്‍ വികസനം സാധ്യമാണ് എന്നുകൂടി ഈ വികല ദാര്‍ശനികര്‍ വിലയിരുത്തുന്നു!

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട നിഗമനങ്ങളിലൊന്ന് 'സാമ്രാജ്യത്വവിരുദ്ധത' ശുദ്ധ അസംബന്ധവും കാലഹരണപ്പെട്ട ആശയവുമാണെന്നുള്ളതാണ്. ആഗോളവല്‍കൃത സമൂഹത്തിന്റെ സാമ്പത്തിക കേന്ദ്രങ്ങളുമായുള്ള ഏറ്റുമുട്ടല്‍ അസാധ്യമാണത്രെ! മൂലധനവും, സാങ്കേതിക വിദ്യയും ധനികരാഷ്‌ട്രങ്ങളില്‍നിന്ന് ദരിദ്രരാജ്യങ്ങളിലേക്കൊഴുകിയെത്തുന്നതുകൊണ്ട് 'സാമ്രാജ്യത്വ'മെന്നത് വെറും സങ്കല്‍പ്പം മാത്രമാണ് ! അതിനുചേരുന്ന ഒരു വികസന കാഴ്‌ചപ്പാടും പോസ്‌റ്റ് മാര്‍ക്‌സിസം മുന്നോട്ട് വയ്‌ക്കുന്നുണ്ട്. ജനകീയ പ്രസ്ഥാനങ്ങള്‍ ദരിദ്രരെ സംഘടിപ്പിക്കുന്നതിന് മാത്രം ശ്രദ്ധിക്കുന്നതിന് പകരം ജനപങ്കാളിത്തത്തോടെ, വിദേശഫണ്ടിന്റെയും, പ്രൊഫഷണല്‍ സംഘങ്ങളുടെയും സഹായത്തോടെ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുകയാണ് വേണ്ടതെന്ന് പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ പറയുന്നു. സര്‍ക്കാറിതര സംഘടനകളുടെ സംഘാടനവും, കൂട്ടായ്‌മയും സൃഷ്‌ടിച്ച് വിദേശഫണ്ട് വാങ്ങി ലോകമാകെ ഈ വികസന നയം നടപ്പാക്കുന്നതില്‍ അവര്‍ വ്യാപൃതരാണ്.

ചുരുക്കത്തില്‍, പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വികസനത്തിന്റെ തന്ത്രങ്ങളും വിമര്‍ശനങ്ങളുമാണ് മുന്നോട്ട് വയ്‌ക്കുന്നതെന്ന് തോന്നാം. മാര്‍ക്‌സിസത്തോട് പരമപുച്‌ഛമാണതിന്. മുതലാളിത്തത്തിന് വിനീത വിധേയരായി, അതിന്റെ ചിറകില്‍ കയറിയിരുന്ന് ജനാധിപത്യവാചാടോപം നടത്തുകയാണെന്ന് പറയുന്നതാണ് കൂടുതല്‍ ശരി. അവര്‍ക്ക് മുമ്പില്‍ ചരിത്രം അവസാനിച്ചു. മുതലാളിത്തം, ചരിത്രത്തിലെ അവസാന അദ്ധ്യായമാണ് ! മൂക്കുകുത്തി വീഴുന്ന പ്രതിസന്ധികളോ, ലാഭമെന്ന ഒറ്റ ലക്ഷ്യത്തോടെ മൂലധനം നടത്തുന്ന ആഗോളതേരോട്ടമോ; അതില്‍ ചതഞ്ഞരയുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളോ ഒന്നും ഈ പ്രത്യയശാസ്‌ത്ര വിശാരദന്മാരുടെ ഉറക്കം കെടുത്തുന്നില്ല.

ആഗോള മൂലധനത്തിന്റെ ലാഭത്തിന്റെ ഒരംശം 'ഫണ്ടാ'യി വാങ്ങി വെച്ച് തീസിസുകള്‍ എഴുതുകയും, എന്‍.ജി.ഒ.കളെ മുന്‍നിര്‍ത്തി 'വികസന പരിപ്രേഷ്യം' ചമയ്‌ക്കുകയും ചെയ്യുന്ന പോസ്‌റ്റ് മാര്‍ക്‌സിസം 21-ആം നൂറ്റാണ്ടിലെ ആഗോള കമ്പോള തകര്‍ച്ചയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രം സമ്പൂര്‍ണ്ണമായി അപ്രസക്തമായി തീരേണ്ടതാണ്.... പക്ഷേ പടുവൃദ്ധന്‍ മുതലാളിത്തവ്യവസ്ഥക്ക്, പണിയെടുക്കുന്നവരെ തല്ലാനുള്ള വടിയായി, പോസ്‌റ്റ് മാര്‍ക്‌സിസവും, അതിന്റെ വക്താക്കളും നമുക്കിടയില്‍ അഭിരമിക്കുന്നുവെന്നതാണ് സത്യം...

സോഷ്യലിസം പരാജയമായിരുന്നു എന്നത് വെറും വിമര്‍ശനമാണോ, സത്യമല്ലേ?

സോഷ്യലിസത്തിന്റെ ഒരു സങ്കല്‍പം മാത്രമാണ് തകര്‍ന്ന ഭരണസംവിധാനങ്ങള്‍. എന്താണ് തകര്‍ന്നത്, രാഷ്‌ട്രീയ വ്യവസ്ഥയാണോ അതോ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയാണോ? റഷ്യ, പോളണ്ട്, ഹംഗറി, നിരവധി മുന്‍സോവിയറ്റ് റിപ്പബ്ളിക്കുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ സമീപ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ പ്രവണത ഭൂരിപക്ഷം വോട്ടര്‍മാരും മുന്‍കാലത്ത് നിലനിന്ന സാമൂഹ്യക്ഷേമ നയങ്ങളും സാമ്പത്തിക നടപടികളും തിരിച്ചുവരുന്നതിന് മുന്‍ഗണന നല്‍കിയെന്നാണ് തെളിയിക്കുന്നത്. മുന്‍ കമ്യൂണിസ്‌റ്റ് രാജ്യങ്ങളിലെ ബഹുജനാഭിപ്രായം ഇത്തരമൊരു പരാജയത്തിന്റെ സൂചനയാണെങ്കില്‍ മേല്‍പ്പറഞ്ഞ ഫലം ലഭിക്കുമായിരുന്നില്ല. രണ്ടാമതായി, സോഷ്യലിസത്തിന്റെ പരാജയമെന്നതിലൂടെ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ അര്‍ത്ഥമാക്കുന്നത് ആഭ്യന്തരമായി സോഷ്യലിസ്‌റ്റ് പ്രയോഗങ്ങളുടെ അപര്യാപ്‌തതകളുടെ ഫലമായി ഇടതുപക്ഷത്തിന് ഭരണാധികാരം നഷ്‌ടപ്പെടുന്നതിനെയാണോ അതോ പുറത്തുനിന്നുള്ള രാഷ്‌ട്രീയ സൈനിക ആക്രമണത്തിലൂടെ സംഭവിക്കുന്ന പരാജയത്തെയാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പില്‍ ഹിറ്റ്ലറുടെ ആക്രമണം മൂലമുണ്ടായ ജനാധിപത്യ തകര്‍ച്ചയെ ഒരാളും ജനാധിപത്യത്തിന്റെ പരാജയമായി കണക്കാക്കിയിരുന്നില്ല. മുതലാളിത്ത ഭീകരഭരണം, അല്ലെങ്കില്‍ അമേരിക്കയുടെ ഇടപെടലാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ഉറുഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ളിക്ക്, ഗ്വാട്ടിമാല, നിക്കരാഗ്വ, എല്‍സാല്‍വദോര്‍, അംഗോള, മൊസാമ്പിക്ക്, അഫ്‌ഗാനിസ്ഥാന്‍ മുതലായ രാജ്യങ്ങളിലെ ഇടതുപക്ഷത്തിന്റെ പിന്നോട്ടടിയുടെ പ്രധാന കാരണങ്ങളിലൊന്ന്. സൈനിക പരാജയങ്ങള്‍ സാമ്പത്തിക വ്യവസ്ഥയുടെ പരാജയങ്ങളല്ല. അതൊരിക്കലും സോഷ്യലിസ്‌റ്റ് അനുഭവങ്ങളുടെ കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നുമില്ല.

താരതമ്യേന സുശക്തമായ സോഷ്യലിസ്‌റ്റ് ജനകീയഭരണങ്ങളുണ്ടായിരുന്നപ്പോള്‍ ആഭ്യന്തരമായി നിലനിന്ന സാമൂഹ്യസാമ്പത്തിക നിലവാരം പിന്നീടുള്ളതിനേക്കാള്‍ എത്രയോ മെച്ചമായിരുന്നു. ജനകീയ പങ്കാളിത്തം, ആരോഗ്യം, വിദ്യാഭ്യാസം, വികസനനിലവാരം എന്നിവയില്‍ അലന്‍ഡെയുടെ ചിലി പിനോച്ചെയുടെ ഭരണകാലത്തേക്കാള്‍ ഏറെ മുന്നിലായിരുന്നു. നിക്കരാഗ്വയില്‍ സാന്‍ഡിനിസ്‌റ്റാ ഭരണകാലത്തെ നിലവാരം സമോറായുടെ കാലത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതായിരുന്നു. ഗ്വാട്ടിമാലയില്‍ അര്‍ബൈന്‍സ് ഭരണകാലത്തെ കാര്‍ഷികപരിഷ്‌ക്കാരങ്ങളും മനുഷ്യാവകാശസംരക്ഷണവും അട്ടിമറിയിലൂടെ അമേരിക്ക സ്ഥാപിച്ച സര്‍ക്കാരിന്റെ കാലത്തെ ഭൂമികേന്ദ്രീകരണവും ഒന്നരലക്ഷത്തോളം പേരുടെ കൂട്ടക്കൊലയുമായി താരതമ്യമില്ലാത്തതാണ്.

നിയോലിബറലിസത്തിന്റെ സാര്‍വ്വദേശീയ മേധാവിത്വം ഒരു വസ്‌തുതയല്ലേ?

ഇപ്പോള്‍ നിയോലിബറലുകള്‍ ഭരണത്തിലിരിക്കുകയും മാര്‍ക്‌സിസ്‌റ്റുകാര്‍ അധികാരഭ്രഷ്‌ടരാവുകയും ചെയ്‌തിരിക്കുന്നു എന്നതൊരു വസ്‌തുതയാണ്. എന്നാല്‍ പാശ്ചാത്യനാടുകളില്‍ മാര്‍ക്‌സിസ്‌റ്റ് - സോഷ്യലിസ്‌റ്റ് സ്വാധീനിത്തിലുള്ള ബഹുജനപ്രസ്ഥാനങ്ങള്‍ വന്‍പ്രക്ഷോഭങ്ങള്‍ നയിക്കുകയും നിയോലിബറല്‍ നയങ്ങളെ വെല്ലുവിളിക്കുകയും ചെയ്യാത്ത ഒരിടവുമില്ല. പരാഗ്വേയിലും, ഉറുഗ്വേയിലും ബൊളീവിയയിലും ഇന്ത്യയിലും വിജയകരമായ പൊതുപണിമുടക്കുകള്‍ രൂപപ്പെട്ടു. മെൿസിക്കോയില്‍ വിപുലമായ കര്‍ഷകപ്രസ്ഥാനങ്ങളും റെഡ് ഇന്ത്യാക്കാരുടെ പ്രസ്ഥാനങ്ങളുമുണ്ട്. ബ്രസീലില്‍ ഭൂരഹിതതൊഴിലാളികളുടെ പ്രസ്ഥാനമുണ്ട്. ഇതിലെല്ലാം മാര്‍ക്‌സിസ്‌റ്റ് സ്വാധീനം പ്രകടമാണ്. കമ്യൂണിസ്‌റ്റ് ബ്ളോക്കിനു പുറത്തുള്ള സോഷ്യലിസം തീര്‍ച്ചയായും അടിസ്ഥാനപരമായി ജനാധിപത്യപരമാണ്. അവ ജനാധിപത്യശക്തികളാവുന്നത് താഴെതട്ടിലുള്ള ജനകീയ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതുകൊണ്ടും അവ സ്വതന്ത്രമായി തീരുമാനിക്കപ്പെട്ടതുകൊണ്ടുമാണ്. അവയ്‌ക്ക് ജനകീയാടിത്തറയുണ്ട്.

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് സോവിയറ്റ് കമ്യൂണിസം അടിസ്ഥാനപരമായി വിപ്ളവപരമാണ്, ജനാധിപത്യ സോഷ്യലിസ്‌റ്റ് ഉള്ളടക്കമുള്ള ലാറ്റിനമേരിക്കന്‍ ബഹുജനപ്രസ്ഥാനങ്ങള്‍ അവരില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന ഘടകങ്ങളാണ്. സൈനിക പരാജയങ്ങളെയും ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയ പരാജയങ്ങളെയും ആശയക്കുഴപ്പത്തോടെയാണ് പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ സമീപിക്കുന്നത്. വിപരീതമായ രണ്ടു സംഗതികളുടെ നിയോലിബറല്‍ കൂടിച്ചേരലിനെയാണ് അവര്‍ ന്യായീകരിക്കുന്നത്. കിഴക്കന്‍ കമ്യൂണിസത്തിന്റെ കാര്യത്തില്‍പോലും കമ്യൂണിസത്തിന്റെ പരിവര്‍ത്തനസ്വഭാവവും ചലനാത്മകതയും അംഗീകരിക്കാന്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വിസമ്മതിക്കുകയാണ്. സാമൂഹ്യ ഉടമസ്ഥത, സാമൂഹ്യക്ഷേമ നടപടികള്‍, കാര്‍ഷികപരിഷ്‌ക്കാരം, പാര്‍ലമെന്ററി ജനാധിപത്യം എന്നിവയുമായി കൂട്ടിച്ചേര്‍ക്കപ്പെട്ട സോഷ്യലിസ്‌റ്റ് സമന്വയം പുതിയ സാമൂഹ്യ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ സവിശേഷതയാണ്. ഈയര്‍ത്ഥത്തില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് വീക്ഷണമായ 'പ്രത്യയശാസ്‌ത്രത്തിന്റെ അന്ത്യം' അവരുയര്‍ത്തുന്ന പ്രത്യയശാസ്‌ത്രപ്രഖ്യാപനത്തിന്റെ അസ്ഥിരതയാണ് വ്യക്തമാക്കുന്നത്.
             മാര്‍ക്‌സിസ്‌റ്റ് വര്‍ഗ്ഗവിശകലനത്തെ പല കോണുകളില്‍നിന്നും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു വശത്ത് അവര്‍ വാദിക്കുന്നത് ലിംഗപദവി, വംശീയത തുടങ്ങിയവ വര്‍ഗ്ഗത്തോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന പരികല്പനകളാണെന്നാണ് ?

വര്‍ഗ്ഗവിശകലനം സാമ്പത്തികമായ ന്യൂനീകരണമാണെന്നും വര്‍ഗ്ഗങ്ങള്‍ക്കുള്ളിലെ ലിംഗപദവിയെയും വംശീയവ്യത്യാസങ്ങളെയുമൊക്കെ കണക്കിലെടുക്കുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെടുന്നുവെന്ന് അവര്‍ വാദിക്കുന്നുണ്ട്. ഒരു പടികൂടി കടന്ന് ഈ വ്യത്യാസങ്ങളാണ് സമകാലരാഷ്‌ട്രീയത്തിന്റെ സ്വഭാവം നിര്‍വ്വചിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. വേറൊരു കോണില്‍നിന്നുള്ള ആക്രമണം ഇങ്ങനെയാണ്, വര്‍ഗ്ഗമെന്നത് ബുദ്ധിപരമായ നിര്‍മ്മിതിയായതിനാല്‍ അനിവാര്യമായും ആത്മനിഷ്‌ഠമായ പ്രതിഭാസവും സാംസ്‌ക്കാരികമായി നിര്‍ണ്ണയിക്കപ്പെടുന്നതുമാണ്. ഇക്കാരണത്താല്‍ വസ്‌തുനിഷ്‌ഠമായ വര്‍ഗ്ഗതാത്പര്യങ്ങള്‍ എന്നൊന്നില്ല. സമൂഹത്തെ വിഭജിക്കുന്ന വര്‍ഗ്ഗതാത്പര്യങ്ങളില്ലാത്തത് അതെല്ലാം സാംസ്‌ക്കാരികമായി നിര്‍വ്വചിക്കപ്പെടുകയും വ്യക്തിപരമായ മുന്‍ഗണനകള്‍ അവയില്‍ ആധിപത്യം നേടുകയും ചെയ്യുന്നതിനാലാണ്, ഇതാണ് അവരുടെ വാദഗതി. മൂന്നാമത്തെ വാദം സമ്പദ്ഘടനയിലും സമൂഹത്തിലും വമ്പിച്ച പരിവര്‍ത്തനങ്ങളുള്ളതിനാല്‍ പഴയ വര്‍ഗ്ഗസങ്കല്പങ്ങളെല്ലാം തകര്‍ന്നിരിക്കുന്നു എന്നതാണ്. വ്യവസായാനന്തരസമൂഹത്തില്‍ അധികാരസ്രോതസ്സ് പുതിയ വിവരസാങ്കേതിക വിദ്യയിലാണുള്ളത്. ഇത് കൈകാര്യം ചെയ്യുന്നവരും നിയന്ത്രിക്കുന്നവരുമാണ് അധികാരസ്രോതസ്സുകള്‍. സാമൂഹ്യമായി വ്യവസായ തൊഴിലാളികള്‍ അപ്രത്യക്ഷമാകുന്ന പുതിയ സമൂഹമാണ് രൂപപ്പെടുന്നത്. വ്യവസായ തൊഴിലാളികള്‍ രണ്ടു ദിശയിലാണ് അപ്രത്യക്ഷമാകുന്നത്. ഉന്നത സാങ്കേതിക പരിജ്ഞാനമുള്ള ഒരു പുതിയ മധ്യവര്‍ഗ്ഗമായി മേലോട്ടും ചെറിയ സാങ്കേതിക വിദ്യകള്‍ മാത്രമറിയുന്ന സാധാരണ വര്‍ഗ്ഗമായി കീഴ്ത്തട്ടിലേയ്‌ക്കും അവര്‍ മാറുന്നു എന്നാണ് വാദം.

സ്വത്വം, സ്വത്വബോധം തുടങ്ങിയ സാംസ്‌ക്കാരിക യാഥാര്‍ത്ഥ്യങ്ങളെ മാര്‍ക്‌സിസം നിരാകരിക്കുകയാണെന്ന വിമര്‍ശനമാണുയര്‍ത്തുന്നത്...

മാര്‍ക്‌സിസ്‌റ്റുകാര്‍ വംശം, ലിംഗപദവി, വര്‍ഗ്ഗങ്ങള്‍ക്കിടയിലെ വംശീയ വിഭജനങ്ങള്‍ തുടങ്ങിയവയെ ഒരിക്കലും നിരാകരിച്ചിട്ടില്ല. പക്ഷേ, മാര്‍ക്‌സിസ്‌റ്റുകാര്‍ ഊന്നല്‍ നല്‍കിയത്, വിശാലമായ സാമൂഹ്യവ്യവസ്ഥയാണ് ഈ വിഭജനങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നതിനാല്‍ എല്ലാ രംഗത്തുമുള്ള അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിന് വര്‍ഗ്ഗശക്തികള്‍ യോജിക്കണമെന്ന കാര്യത്തിലാണ്. തൊഴില്‍, അയല്‍പക്കം, കുടുംബം തുടങ്ങി എല്ലായിടത്തും ഇതാവശ്യമാണ്. മിക്ക മാര്‍ക്‌സിസ്‌റ്റുകളും എതിര്‍ക്കുന്നത് ലിംഗപദവി, വംശം തുടങ്ങിയവയിലെ അസമത്വങ്ങള്‍ വര്‍ഗ്ഗഘടനക്കുപുറത്തുവെച്ച് വിശകലനം ചെയ്യാനും പരിഹരിക്കാനുമുള്ള ശ്രമങ്ങളെയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള, വേലക്കാരികള്‍ സ്വന്തമായുള്ള ധനികസ്‌ത്രീക്കും പട്ടിണിക്കൂലി ലഭിക്കുന്ന ദരിദ്രകര്‍ഷകസ്‌ത്രീക്കും സവിശേഷമായ പൊതുസ്വത്വമുണ്ട് എന്ന വാദത്തെയാണ് നാം എതിര്‍ക്കുന്നത്. ലാറ്റിനമേരിക്കയിലെ നിയോലിബറല്‍ ഗവണ്‍മെന്റുകളിലെ ബ്യൂറോക്രാറ്റുകള്‍ക്കും സ്വതന്ത്രകമ്പോളനയങ്ങളാല്‍ ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന റെഡ് ഇന്ത്യക്കാര്‍ക്കും പൊതുസ്വത്വമുണ്ട് എന്ന വാദത്തെ മാര്‍ക്‌സിസ്‌റ്റുകാര്‍ക്ക് സ്വീകരിക്കാനാവില്ല. പ്രത്യേക തരത്തിലുള്ള അടിച്ചമര്‍ത്തലിനെക്കുറിച്ച് ബോധ്യമുള്ള സവിശേഷവിഭാഗം എന്ന അര്‍ത്ഥത്തില്‍ സ്വത്വരാഷ്‌ട്രീയ്‌ത്തെ വേര്‍തിരിക്കാനാവും. ഈ തിരിച്ചറിവ് 'സ്വത്വത്തിന്റെ തടവറ'യാകുന്നത് (വംശമോ ലിംഗപദവിയോ) ചൂഷണവിധേയരാവുന്ന മറ്റ് സാമൂഹ്യവിഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതിലേക്കെത്തിക്കും. അടിച്ചമര്‍ത്തലിന്റെ കാരണങ്ങളെ മറികടക്കാനും സാമൂഹ്യവ്യവസ്ഥയുമായി ഏറ്റുമുട്ടാനും ഇവയ്‌ക്കു കഴിയുന്നില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും. സ്വത്വവാദത്തിന്റെ അന്തഃസത്ത ഇത്തരം ഗ്രൂപ്പുകളെ അവരോട് മത്സരിക്കുന്ന വിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി രാഷ്‌ട്രീയസാമ്പത്തിക പ്രപഞ്ചത്തില്‍ ദരിദ്രര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ജീവനക്കാര്‍ തുടങ്ങിയ അറകളിലൊതുക്കുകയാണ്.

വര്‍ഗ്ഗബോധവും, സ്വത്വബോധവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

സ്വത്വരാഷ്‌ട്രീയത്തെ നേരിടേണ്ടത് വര്‍ഗ്ഗരാഷ്‌ട്രീയത്തിന്റെ മണ്ഡലത്തിലാണ്.വര്‍ഗ്ഗങ്ങളെയും അസമത്വങ്ങളെയും നിലനിര്‍ത്തുന്ന സ്ഥാപനങ്ങളെ പരിവര്‍ത്തിപ്പിക്കുകയാണ് ആവശ്യം. വ്യക്തിനിഷ്‌ഠമായ ഘടകങ്ങളല്ല വര്‍ഗ്ഗങ്ങളെ നിര്‍മ്മിക്കുന്നത്. മിച്ചമൂല്യത്താല്‍ നയിക്കപ്പെടുന്ന മുതലാളിവര്‍ഗ്ഗമാണ് ഇവയെ സംഘടിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ വര്‍ഗ്ഗമെന്നത് ആത്മനിഷ്‌ഠ പരികല്പനയാണ് എന്നും, അത് കാലം, സ്ഥലം, സങ്കല്പം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നുവെന്നുമുള്ള വാദം, വര്‍ഗ്ഗം, വര്‍ഗ്ഗബോധം തുടങ്ങിയവയെക്കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍നിന്നാണ് രൂപപ്പെടുന്നത്. വര്‍ഗ്ഗത്തിന് വസ്‌തുനിഷ്‌ഠമായ പദവിയുണ്ടെങ്കില്‍ വര്‍ഗ്ഗബോധം സാമൂഹ്യവും സാംസ്‌ക്കാരികവുമായ ഘടകങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെടുന്നതാണ്. വര്‍ഗ്ഗബോധം സാമൂഹ്യനിര്‍മ്മിതിയാണ്. എങ്കിലും ഇക്കാരണത്താല്‍ അത് അയഥാര്‍ത്ഥമോ ചരിത്രപ്രാധാന്യം കുറഞ്ഞതോ ആവുന്നില്ല. വര്‍ഗ്ഗബോധത്തിന്റെ സാമൂഹ്യരൂപങ്ങളും വെളിപ്പെടുത്തലുകളും വ്യത്യസ്‌തമാണെങ്കിലും ലോകത്തെങ്ങും ചരിത്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന പ്രതിഭാസമാണത്. വിവിധഘട്ടങ്ങളില്‍ മറ്റുതരം ബോധ്യങ്ങള്‍ (വംശം, ലിംഗപദവി, ദേശീയത) തുടങ്ങിയതിനുമേല്‍ നിഴല്‍ വീഴ്ത്താറുണ്ട്. ചിലപ്പോള്‍ ഇവയെല്ലാമായി ഒത്തുചേര്‍ന്നും (ദേശീയതയും വര്‍ഗ്ഗബോധവും) അവ പ്രത്യക്ഷപ്പെടാം.

വര്‍ഗ്ഗഘടനയില്‍ ശക്തമായ മാറ്റങ്ങള്‍ പുതിയ കാലത്ത് പ്രകടമാണ്. അതുകൊണ്ട് വര്‍ഗ്ഗം തന്നെ അപ്രസക്തമായാണ് വാദിക്കപ്പെടുന്നു. എന്താണ് മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാട് ?

വര്‍ഗ്ഗഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാലിത് പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ വാദിക്കുന്നത് പോലെയല്ല. വര്‍ഗ്ഗവ്യത്യാസങ്ങളെയും വര്‍ഗ്ഗചൂഷണത്തെയും കടുപ്പമുളളതാക്കി മാറ്റി എന്നതാണ് സവിശേഷത. ചൂഷണം ചെയ്യുന്നവരുടെയും ചെയ്യപ്പെടുന്നവരുടെയും സ്വഭാവവും പരിതസ്ഥിതികളും മാറിയിട്ടുണ്ട്. മുന്‍കാലത്തുള്ളതിനേക്കാള്‍ താല്‍ക്കാലിക തൊഴിലാളികള്‍ ഇപ്പോഴുണ്ട്. അസംഘടിത മേഖലയിലെ തൊഴില്‍ക്കമ്പോളത്തില്‍ മുമ്പത്തേക്കാള്‍ തൊഴിലാളികള്‍ ഇപ്പോഴുണ്ട്. അസംഘടിതമേഖലയിലെ ചൂഷണം മുന്‍കാല മുതലാളിത്തത്തെ മറികടക്കുന്ന ഒന്നല്ല. അത് പത്തൊമ്പതാം നൂറ്റാണ്ടിലെ തൊഴില്‍ചൂഷണത്തിന്റെ തിരിച്ചുവരവാണ്.

പുതിയ വിശകലനം ആവശ്യമായിവരുന്നത് ക്ഷേമരാഷ്‌ട്രമുതലാളിത്തം തകര്‍ന്നു എന്ന കാര്യത്തിലാണ്. ഇതിനര്‍ഥം രാഷ്‌ട്രത്തിന്റെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും റോളില്‍ മാറ്റംവന്നുവെന്നാണ്. മൂലധനത്തിനും തൊഴിലിനും ഇടയില്‍ മധ്യസ്ഥരായി നിലകൊണ്ടിരുന്ന ഇവര്‍ക്കുപകരം ഭരണകൂടസ്ഥാപനങ്ങള്‍, പുനഃസ്ഥാപിക്കപ്പെട്ടു. നിയോലിബറലിസം മധ്യസ്ഥരില്ലാത്ത രാഷ്‌ട്രഭരണവര്‍ഗ്ഗാധികാരമാണ്. രാഷ്‌ട്രത്തിന്റെയും ഭരണത്തിന്റെയും വ്യത്യസ്‌ത നിര്‍ണ്ണയനങ്ങള്‍ സമീപഭൂതകാലത്തില്‍ എന്തായിരുന്നാലും ഇപ്പോഴത്തെ നിയോലിബറല്‍ മാതൃകയുടെ മൂലധനസംഭരണം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് കേന്ദ്രീകൃതമായ രാഷ്‌ട്രനിയന്ത്രണത്തിലാണ്. അന്താരാഷ്‌ട്രബാങ്കുകള്‍ക്ക് വിദേശനാണയം നേടുന്ന കയറ്റുമതി മേഖലയിലും കടം തിരിച്ചടക്കല്‍ നടപടിയിലുമൊക്കെ ഇടപെടാനുള്ള ശേഷിയുമായി ഇവ നേരിട്ടു ബന്ധപ്പെടുന്നു. പൌരനെ ഇരയാക്കുന്ന അടിച്ചമര്‍ത്തല്‍ശേഷിയുള്ള ഭരണകൂട ഉപകരണങ്ങളും സാമൂഹ്യസംഘര്‍ഷങ്ങളെ നിരായുധീകരിക്കുന്ന സന്നദ്ധസംഘടനകളും പരസ്‌പരബന്ധം പുലര്‍ത്തുന്നു. ക്ഷേമരാഷ്‌ട്രത്തിന്റെ പൊളിച്ചെഴുത്ത് സൂചിപ്പിക്കുന്നത് സാമൂഹ്യസംഘടന കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടുവെന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നീമേഖലകളില്‍ കുറഞ്ഞവേതനമുള്ളവരും തൊഴില്‍ രഹിതരും ഒരു വശത്തും ഭാരിച്ച ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകളും ബഹുരാഷ്‌ട്രകുത്തകകളുമായി ബന്ധമുള്ളവരും എന്‍.ജി.ഒ.കളും ലോകകമ്പോളവുമായും രാഷ്‌ട്രീയകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും പുറമെനിന്നു പണം ലഭിക്കുന്നവരുമായ സമ്പന്നര്‍ മറുഭാഗത്തുമായുള്ള വേര്‍തിരിവാണ് സംഭവിക്കുന്നത്.

ഇന്നത്തെ സമരം ഫാക്ടറികളിലെ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ മാത്രമല്ല, ഗവര്‍മ്മെണ്ടും വേരുപിഴുതെടുക്കപ്പെട്ട് തെരുവുകളില്‍ കഴിയുന്നവരും തമ്മിലും, കമ്പോളത്തില്‍ സ്ഥിരം തൊഴിലില്‍ നിന്ന് പുറത്താക്കപ്പെട്ട് സാമൂഹ്യപുനരുല്‍പാദനത്തിന്റെ ഭാരം പേറാനും ഉല്പന്നങ്ങള്‍ കുറഞ്ഞനിരക്കില്‍ വില്‍ക്കാനും നിര്‍ബന്ധിതരായവരും തമ്മിലുമൊക്കെയാണ്. ലോകമാര്‍ക്കറ്റില്‍ കുലീനരായ കയറ്റുമതിക്കാരും ചെറുകിട മധ്യവിഭാഗക്കാരായ ദല്ലാള്‍മാരും തമ്മിലുള്ള (ഇലൿട്രോണിക് ഉല്പന്നങ്ങളുടെ ഇറക്കുമതിക്കാര്‍, ടൂറിസ്‌റ്റ് മേഖലയിലെ മള്‍ട്ടിനാഷണല്‍ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും നടത്തിപ്പുകാര്‍ തുടങ്ങിയവര്‍) സംയോജനത്തിന്റെ പ്രത്യാഘാതം പ്രാദേശികസമ്പദ്ഘടനകളുടെ തകര്‍ച്ചയാണ്. പ്രാദേശികവ്യവസായം, ചെറുകിട കൃഷിയിടങ്ങള്‍ എന്നിവയുടെ തകര്‍ച്ചക്ക് ഇതിടയാക്കുന്നുണ്ട്. ഉന്നതമധ്യവര്‍ഗ്ഗത്തിന്റെ ആഡംബരവസ്‌തുക്കളുടെ ഇറക്കുമതി അടിസ്ഥാനമാക്കുന്നതിന് ദരിദ്രതൊഴിലാളികളുടെ കയററുമതിചെയ്യപ്പെട്ട അധ്വാനത്തെയാണ്.ചൂഷണശൃംഖല തുടങ്ങുന്നത് പ്രാദേശിക കര്‍ഷകരുടെ പാപ്പരീകരണത്തില്‍ നിന്നാണ്. ഇവര്‍ നഗരങ്ങളിലേക്കും വിദൂരരാജ്യങ്ങളിലേക്കും കുടിയേറുന്നു.

കുടിയേറ്റത്തൊഴിലാളികളുടെ വരുമാനമാണ് ഇറക്കുമതിക്കും നിയോലിബറല്‍ പശ്ചാത്തല സൌകര്യങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കും അടിസ്ഥാനമാക്കുന്നത്. ആഭ്യന്തര കയറ്റുമതി, ടൂറിസം വ്യവസായം എന്നിവയ്‌ക്കടിസ്ഥാനവും മറ്റൊന്നല്ല. ചൂഷണത്തിന്റെ ചങ്ങല കുറേക്കൂടി അയവുള്ളതാണ്. പക്ഷേ അന്തിമമായി അതു നിലനില്‍ക്കുന്നത് മൂലധന തൊഴില്‍ ബന്ധങ്ങളിലാണ്. നിയോലിബറലിസത്തിന്റെ കാലത്ത് രാഷ്‌ട്രത്തെ പുനഃസൃഷ്‌ടിക്കാനുള്ള ശ്രമങ്ങള്‍, ദേശീയകമ്പോളം, ദേശീയോല്‍പാദനവും വിനിമയവും ഒക്കെ ഒരിക്കല്‍ക്കൂടി അടിസ്ഥാനപരവും ചരിത്രപരവുമായ ആവശ്യമായിരിക്കുന്നു. അസംഘടിതസ്വഭാവമുള്ള (അനൌപചാരിക) തൊഴില്‍ വികസനത്തെ തുടര്‍ന്നാണിത്. ശക്തമായ പൊതുമൂലധനനിക്ഷേപവും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയും ജീവിക്കാന്‍ തക്കവണ്ണമുള്ള സാമൂഹ്യചുറ്റുപാടുകളും ഇതിനാവശ്യമാണ്. ചുരുക്കത്തില്‍ വര്‍ഗ്ഗവിശകലനം പുതിയ പരിതഃസ്ഥിതിക്ക് അനുയോജ്യമാകേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ മധ്യസ്ഥരില്ലാത്ത മൂലധനവാഴ്‌ചയും അനിയന്ത്രിതമായ തൊഴില്‍ കമ്പോളവും (അന്താരാഷ്‌ട്ര ബന്ധങ്ങളുള്ളതാണിത് ) മുന്‍കാലത്തെ പരിഷ്കരണപരവും പുനര്‍വിതരണസ്വഭാവമുള്ളതുമായ രാഷ്‌ട്രീയവും സമൂഹത്തിന്റെ മുകള്‍തട്ടില്‍ മൂലധനം കേന്ദ്രീകരിക്കപ്പെടുന്ന നിയോലിബറല്‍ നയങ്ങളാല്‍ പകരംവെക്കപ്പെട്ടിരിക്കുന്നു. മുന്‍കാലത്തെ ഏകതാനവും താഴെ തട്ടില്‍ ചലനാത്മകതയുള്ളതുമായിരുന്ന തൊഴിലാളികളും കര്‍ഷകരും സംഘടിതമായിരുന്ന തൊഴില്‍കമ്പോളത്തില്‍ യോജിച്ച വിപ്ളവപ്രസ്ഥാനത്തിനുള്ള വസ്‌തുനിഷ്‌ഠമായ കരുത്തുള്ള ഘടകമായിരുന്നു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദരിദ്രരുടെ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള തലത്തില്‍ പൊതുവായ വര്‍ഗ്ഗവ്യക്തിത്വം ഉണ്ടായിരുന്നു. പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ വാദിക്കുന്നതിന് വിപരീതമായി മുതലാളിത്തരൂപപരിണാമം വര്‍ഗ്ഗവിശകലനത്തെ മുമ്പത്തേക്കാള്‍ വ്യക്തമാക്കിയിരിക്കയാണ്. സാങ്കേതിക വിദ്യാവികാസം വര്‍ഗ്ഗവൈരുദ്ധ്യങ്ങളെ മായ്ച്ചുകളയുന്നതിനുപകരം കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുന്നു. മൈക്രോചിപ്പ് വ്യവസായങ്ങളിലെ തൊഴിലാളികളും ആ ചിപ്പുകള്‍ സംയോജിപ്പിക്കപ്പെട്ടിരിക്കുന്ന വ്യവസായങ്ങളും തൊഴിലാളിവര്‍ഗ്ഗത്തെ ഇല്ലാതാക്കിയിട്ടില്ല. മറിച്ച് പ്രവര്‍ത്തനമേഖലയില്‍ മാറ്റം വരുത്തുകയും തുടരുന്ന ഉല്പാദനരീതിയും ചൂഷണപ്രക്രിയയും മറ്റുവിധത്തില്‍ രൂപപ്പെടുത്തുകയുമാണുണ്ടായത്.

ചൂഷണത്തെ ആധുനികവല്‍ക്കരിക്കുന്നു എന്നതിനര്‍ത്ഥം, അത് കൂടുതല്‍ തീവ്രവും കഠിനവുമായി തീരുന്നുവെന്നല്ലേ?

പുതിയ വര്‍ഗ്ഗഘടന ദൃശ്യമാക്കുന്നത് പുതിയ സാങ്കേതികവിദ്യകളെയും ചൂഷണത്തെയും കൂടുതല്‍ നിയന്ത്രണമുള്ളതാക്കി മാറ്റുന്നുവെന്നതാണ്. ചില മേഖലകളിലെ യന്ത്രവല്‍ക്കരണം കീഴ്ത്തട്ടിലെ തൊഴിലിനെ വികസിപ്പിക്കുന്നു. ടെലിവിഷന്‍ക്യാമറകള്‍ തൊഴിലാളികളെ നിരീക്ഷിക്കുന്നത് സാധ്യമാക്കുന്നു. ഇതിലൂടെ മേല്‍നോട്ടച്ചുമതലയുളള ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാം. 'ഗുണമേന്‍മയുള്ള തൊഴില്‍വൃത്തങ്ങള്‍' എന്ന പേരില്‍ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ തൊഴിലാളികളെ തന്നെ ഉപയോഗപ്പെടുത്തുന്നു. ശമ്പളമോ അധികാരമോ വര്‍ധിപ്പിക്കാതെതന്നെ സ്വയം ചൂഷണം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സാങ്കേതിക വിപ്ളവം അന്തിമമായി രൂപപ്പെടുത്തിയ വര്‍ഗ്ഗഘടന നിയോലിബറല്‍ പ്രതിവിപ്ളവത്തിന്റേതാണ്. കമ്പ്യൂട്ടറുകള്‍ അഗ്രിബിസ്സിനസ്സിലെ ചെലവുകളും കീടനാശിനിയുടെ വ്യാപ്‌തിയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തുച്‌ഛമായ കൂലിമാത്രം കിട്ടുന്നതൊഴിലാളികളാണ് കീടനാശിനികള്‍ തളിക്കുന്നതും വിഷബാധക്ക് വിധേയരാകുന്നതും! വിവരവിനിമയ ശൃംഖലകള്‍ നെയ്‌ത്തുശാലകളിലെയോ വീടുകളിലെയോ (അനൌപചാരികസമ്പദ്ഘടന)ഷൂ നിര്‍മ്മാണകമ്പനികളിലെയോ ഒക്കെ തൊഴിലാളിപ്രവര്‍ത്തനവുമായി ബന്ധിപ്പിക്കപ്പെടുന്നു. ഈ പ്രവണതകളെയും സംയോജിതവും അസമവുമായ സാങ്കേതികവികാസത്തെ തൊഴിലുമായി ബന്ധപ്പെടുത്തുന്നതിനെയും, വംശവും ലിംഗപദവിയുമായി ബന്ധിപ്പിക്കുന്നതിനെയും മനസ്സിലാക്കാന്‍ സഹായിക്കുന്നതും വര്‍ഗ്ഗവിശകലനം തന്നെയാണ്.

ഭരണകൂടവും, അധികാരവും ജനാധിപത്യവിരുദ്ധമാണെന്നും, ബദല്‍ 'പൌരസമൂഹം ' ആണെന്നുമുള്ള വാദങ്ങളെക്കുറിച്ച്... (നവലിബറലിസം ഇതേ വാദമാണല്ലോ ഉയര്‍ത്തിയത് )

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വരച്ചിടുന്നത് ഭരണകൂടത്തിന്റെ ഏകമുഖമായ ചിത്രമാണ്. ഭരണകൂടത്തെ ചിത്രീകരിക്കുന്നത് ഭീമാകാരവും കാര്യക്ഷമതയില്ലാത്തതുമായ ഉദ്യോഗസ്ഥ സംവിധാനമായാണ്. പൊതുഖജനാവിലെ പണം നഷ്‌ടപ്പെടുത്തുന്നതും ജനങ്ങളെ ദരിദ്രരാക്കുന്നതും സമ്പദ്ഘടനയെ പാപ്പരാക്കുന്നതുമായ ഒന്നായാണ് ഭരണകൂടം വിവരിക്കപ്പെടുന്നത്. പകരം 'പൌരസമൂഹമാണ് ' സ്വതന്ത്ര്യത്തിന്റെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും പൌരാവകാശങ്ങളുടെയും സ്രോതസ്സ് എന്നാണ്. സജീവമായ പൌരസമൂഹത്തില്‍നിന്നാണ് നീതിപൂര്‍വ്വവും ഊര്‍ജ്ജസ്വലവുമായ സമ്പദ് വ്യവസ്ഥ രൂപപ്പെടുകയെന്നും അവര്‍ വാദിക്കുന്നു.

ഈ പ്രത്യയശാസ്‌ത്രത്തിന്റെ വിചിത്രമായ സവിശേഷത കഴിഞ്ഞ അമ്പതുവര്‍ഷത്തെ ചരിത്രത്തെ കാണാതിരിക്കാനുള്ള പ്രവണതയാണ്. പൊതുമേഖല വ്യാവസായികവല്‍ക്കരണം ഉത്തേജിപ്പിക്കാനുള്ള അനിവാര്യമായ ഉപകരണമാണെന്നും സ്വകാര്യമൂലധനത്തിന്റെ അഭാവത്തില്‍ ഈ ഘടകത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും 1930കളിലും ലോകയുദ്ധത്തിന്റെയും ഘട്ടത്തില്‍ തെളിയിക്കപ്പെട്ടതാണ്. സാക്ഷരതയും പൊതുജനാരോഗ്യവും എല്ലാം വികസിതമായത് പൊതുമേഖലയുടെ മുന്‍കൈയിലാണ്. സ്വതന്ത്രസംരംഭകത്വത്തിന്റെ ഒന്നര നൂറ്റാണ്ടിനിടയില്‍, പതിനെട്ടാം നൂറ്റാണ്ടു മുതല്‍ 1930 വരെയുള്ള കാലത്തിനിടയില്‍ ലാറ്റിനമേരിക്ക ബൈബിളിലെ ഏഴു ദുരന്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍, കൂട്ടക്കൊലകള്‍, ക്ഷാമം, രോഗം, ഭീകരവാഴ്‌ച, ആശ്രിതത്വം, അഭയാര്‍ത്ഥികളാകല്‍, ചൂഷണം എന്നിവയെല്ലാം ലോകത്തെ വേട്ടയാടി. പൊതുമേഖല വികസിച്ചത് മേല്‍പ്പറഞ്ഞവയോടുള്ള പ്രതികരണമായാണ്. എന്നാല്‍ പൊതുമേഖല വ്യതിയാനത്തിനു വിധേയമാക്കപ്പെട്ടു. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കേണ്ടതിനു പകരം വാണിജ്യപ്രമാണിമാരുടെയും ഉന്നത രാഷ്‌ട്രീയനേതൃത്വത്തിന്റെയും സ്വകാര്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലേക്ക് വ്യതിചലിച്ചു. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്‌മ വ്യാപാര താല്പര്യങ്ങളുടെയും രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കു തൊഴില്‍ നല്‍കുന്നതിന്റേയും ഒക്കെ സ്വകാര്യതാല്പര്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്‌മ സ്വകാര്യതാല്പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണ്.

ഭരണകൂടം നടപ്പാക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പകരം വെക്കാന്‍ സ്വകാര്യ സമ്പദ് വ്യവസ്ഥക്കോ പള്ളിക്കോ സന്നദ്ധസംഘടനകള്‍ക്കോ യാതൊന്നും ഉണ്ടായിരുന്നില്ല. സ്വകാര്യമേഖലയും പള്ളിയുടെ ധനസഹായമുള്ള സ്വകാര്യ ക്ളിനിക്കുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ധനിക ന്യൂനപക്ഷത്തെയാണ് സഹായിച്ചത്. സന്നദ്ധസംഘടനകളാകട്ടെ ഹ്രസ്വകാലത്തെ സേവനമേ നല്‍കിയുള്ളു. അതും പ്രാദേശികമായി ചെറുസംഘങ്ങള്‍ക്കേ ലഭിച്ചുള്ളൂ. വിദേശത്തുനിന്നു ലഭിച്ച ഫണ്ടിനെ അടിസ്ഥാനമാക്കി അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു സേവനം നല്‍കപ്പെട്ടത്. വസ്‌തുനിഷ്‌ഠമായ താരതമ്യം വെളിപ്പെടുത്തുന്നതുപോലെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ചരിത്രപാഠങ്ങളെ തെറ്റായാണ് വായിച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും താരതമ്യം ചെയ്‌താല്‍ ഭരണകൂടവിരുദ്ധ വായ്‌ത്താരി അവര്‍ക്ക് കൈയൊഴിക്കേണ്ടി വരും. കാരണം സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തിയാല്‍ സ്വകാര്യമേഖലയേക്കാള്‍ മീതെയാണ് പൊതുമേഖലയുടെ നേട്ടങ്ങള്‍.

ഭരണകൂടം അമിധികാരത്തിന്റെ സ്രോതസ്സാണെന്ന നിലപാടാണ് അവരുടേത് ?

അത് ഒരേ സമയം ശരിയും തെറ്റുമാണ്. സ്വേച്‌ഛാധികാരഭരണകൂടങ്ങള്‍ രൂപംകൊള്ളുന്നുണ്ട്. പക്ഷേ അവയില്‍ പലതിനും പൊതു ഉടമസ്ഥാവകാശത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല. വിദേശവ്യാപാരം ശക്തിപ്പെടുത്താനാണ് അവ ലക്ഷ്യമിടുന്നതെങ്കില്‍ ഇക്കാര്യം സത്യം തന്നെ. മിക്കവാറും ഏകാധിപത്യഭരണകൂടങ്ങള്‍ രാഷ്‌ട്രത്തിനെതിരും സ്വതന്ത്രകമ്പോളത്തിന് അനുകൂലവുമാണ്. വര്‍ത്തമാനകാലത്തുമാത്രമല്ല ഭൂതകാലത്തിലും ഭാവിയിലും ഇതങ്ങനെതന്നെയാണ്. മാത്രവുമല്ല, ഭരണകൂടം പൌരാവകാശങ്ങളുടെ ശക്തമായ പിന്തുണക്കാരായി നിലനില്‍ക്കുന്നുമുണ്ട്. ചൂഷണവിധേയരാവുന്ന ജനവിഭാഗങ്ങളെ പൊതുധാരയില്‍ എത്തിക്കുന്നതിനുള്ള സംയോജിത ശക്തിയായും തൊഴിലാളികളുടെയും കറുത്തവരുടെയും സ്‌ത്രീകളുടെയും മറ്റു വിഭാഗക്കാരുടെയും അംഗീകൃത അവകാശങ്ങളുടെ സംരക്ഷകരായും ഭരണകൂടം നിലനില്‍ക്കുന്നു. ഭരണകൂടങ്ങള്‍ ഭൂമിയുടെ പുനര്‍വിതരണം, ദരിദ്രര്‍ക്കനുകൂലമായ വരുമാനവിതരണമടക്കമുള്ള ബജറ്റ് നടപടികള്‍ തുടങ്ങിയവയിലൂടെ സാമൂഹ്യനീതി കൈവരിക്കാനുള്ള അടിത്തറ സൃഷ്‌ടിക്കാനും ശ്രമിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണകൂടാനുകൂല/ഭരണകൂടവിരുദ്ധ വാചകമടിക്കപ്പുറം ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവം നിര്‍വചിക്കുകയും അതിന്റെ അടിസ്ഥാനമാവുന്ന രാഷ്‌ട്രീയ പ്രാതിനിധ്യത്തിന്റെ അംഗീകൃതസ്വഭാവം എന്താണെന്നു കണ്ടെത്തുകയും വേണം. ചരിത്രരഹിതവും സാമൂഹ്യരഹിതവുമായ വിധത്തില്‍ ഭരണകൂടത്തെ പൊതുവില്‍ ആക്രമണവിധേയമാക്കുന്നത് അനാവശ്യമാണ്. ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര കമ്പോളത്തില്‍ നിന്നു സ്വാതന്ത്ര്യം നേടാനും അതിനെതിരെ ഫലപ്രദവും യുക്തിപരവുമായ ബദല്‍ സൃഷ്‌ടിക്കാനുമുള്ള പൌരന്മാരുടെ ശ്രമങ്ങളെ / തടയാനുള്ള സര്‍ഗ്ഗാത്മകശേഷിയെ തടയുകയാണ് ചെയ്യുക.

'പൌരസമൂഹ'മാണ് പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് ചിന്തകളില്‍ നിറയുന്ന പുതിയ അവതാരം... സംഘര്‍ഷരഹിതലോകമാണത്രെ അവിടെയുള്ളത് ?

പൌരസമൂഹത്തിനെതിരായി നില്‍ക്കുന്ന ഒന്നായി ഭരണകൂടത്തെ അവതരിപ്പിക്കുന്നതിലും തെറ്റായ സമീപനമാണുള്ളത്. പൌരസമൂഹത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ വിസ്‌മരിക്കുന്നത് പൌരസമൂഹത്തെ വിഭജിക്കുന്ന അടിസ്ഥാപരമായ സാമൂഹ്യവൈരുധ്യങ്ങളെയാണ്. പൌരസമൂഹം, കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ പൌരസമൂഹത്തിലെ നേതൃസ്ഥാനത്തുള്ള വര്‍ഗ്ഗങ്ങള്‍ ദരിദ്രര്‍ക്കനുകൂലമായ ഭരണകൂടസ്വഭാവത്തെ വിമര്‍ശിക്കുമ്പോള്‍തന്നെ ധനകാര്യ, സൈനിക വകുപ്പുകളുമായി തങ്ങളുടെ ബന്ധങ്ങള്‍ ഉറപ്പിക്കുകയും അതിലൂടെ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക പതിവാണ്. ഇതുപോലെ പൌരസമൂഹത്തിലെ ജനകീയ ഘടകങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ ആഗ്രഹിക്കുന്നത് ഭരണവര്‍ഗ്ഗത്തിന് ഭരണകൂടത്തിലുള്ള മേധാവിത്വം തകര്‍ക്കാനാണ്. ദരിദ്രര്‍ എപ്പോഴും ശ്രമിക്കുന്നത് രാഷ്‌ട്രത്തിന്റെ വിഭവങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ സാമുഹ്യ-സാമ്പത്തിക നില മെച്ചപ്പെടുത്താനാണ്. പ്രശ്‌നം എപ്പോഴും ഭരണകൂടത്തോടുള്ള വര്‍ഗ്ഗങ്ങളുടെ സമീപനമാണ്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് സൈദ്ധാന്തികര്‍, നിയോലിബറലുകളുടെ ഉയര്‍ച്ചയോടെ ഭരണകൂടത്തില്‍നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. അവര്‍ക്ക് മുമ്പുള്ള പ്രാധാന്യം നഷ്‌ടമായി. മേല്‍ത്തട്ടില്‍ നിന്ന് താഴേക്ക് പ്രസരിക്കുന്ന ഭരണകൂടവിരുദ്ധ നിലപാട് വിമര്‍ശനരഹിതമായി സ്വീകരിക്കേണ്ടതില്ല. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ശ്രമിക്കുന്നത് അവരുടെ സംഘടനാപരമായ വാഹനങ്ങളെ (സന്നദ്ധസംഘടനകള്‍) മേല്‍ത്തട്ടില്‍ കൂടുതല്‍ ചലനാത്മകമാക്കാനാണ്. ഇതിനായി അവര്‍ ഉയര്‍ത്തുന്ന വാദഗതി അവര്‍ ഭരണകൂടത്തിനുപുറത്തുനിന്ന് പ്രവര്‍ത്തിക്കുന്നു എന്നും പൌരസമൂഹത്തിലാണ് തങ്ങളുടെ മേഖല എന്നുമൊക്കെയാണ്. ആഭ്യന്തരസര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ഫണ്ടു നല്‍കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യംപോലും അവര്‍ മറന്നുപോകുന്നു. പൌരസമൂഹമെന്നത് മുതലാളിത്തം സൃഷ്‌ടിച്ചിട്ടുള്ളതും നിയോലിബറലിസം ആഴമേറിയതാക്കിയതുമായ സാമൂഹ്യ വിഭജനത്തെ മറച്ചുവെക്കാനുള്ള ഊടുവഴികളാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

വര്‍ഗ്ഗ സംഘട്ടനങ്ങളില്ലാത്ത, തിരമാലകളോ തിരകളോ ഇല്ലാത്ത, വോള്‍ഗാനദിയായിട്ടാണോ 'പൌരസമൂഹം' ഒഴുകുന്നത്?

പൌരസമൂഹവും ഭരണകൂടവും തമ്മിലുള്ളതിനേക്കാള്‍ അഗാധമായ സംഘര്‍ഷങ്ങള്‍ പൌരസമൂഹത്തിനുളളിലെ വര്‍ഗ്ഗങ്ങള്‍ തമ്മിലുണ്ട്. അപൂര്‍വ്വം അവസരങ്ങളിലെ ഇതിനു വിരുദ്ധമായ പരിതഃസ്ഥിതിയുള്ളൂ. ഫാസിസ്‌റ്റ് ഭരണകൂടങ്ങളിലോ സ്വേച്‌ഛാധികാരവാഴ്‌ചയിലോ മര്‍ദ്ദകസംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്ന ഘട്ടങ്ങളില്‍ സാമൂഹ്യവിഭാഗങ്ങള്‍ സമ്പൂര്‍ണ്ണമായും ഭരണകൂടത്തില്‍നിന്ന് അകല്‍ച്ച പ്രകടിപ്പിക്കാനിടയുണ്ട്. ഈ ഘട്ടങ്ങളില്‍ പൌരസമൂഹവും ഭരണകൂടവും പൂര്‍ണമായും വേറിട്ടുനില്‍ക്കുന്നതിനിടയുണ്ട്. പൌരസമൂഹത്തെക്കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും നിയമപരമായ വിഭജനം തന്നെയാണ് രാഷ്‌ട്രീയത്തെ സംഘടിപ്പിക്കുന്ന രാഷ്‌ട്രീയ ഘടകങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിലൂടെ ('ഭരണകൂടത്തിനെതിരെ' 'പൌരനെ' സ്ഥാപിക്കുമ്പോള്‍) വര്‍ഗ്ഗവൈരുധ്യങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ അസംബന്ധമാണെന്നും ഭരണവര്‍ഗ്ഗമേധാവിത്വം വെല്ലുവിളിക്കപ്പെടില്ലെന്നും തീര്‍പ്പുകല്പിക്കപ്പെടുന്നു. വിദഗ്ധരായ, കുലീനരും ഉന്നതമധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരും ഒക്കെ ഭരണകൂടവുമായി തങ്ങള്‍ക്കുള്ള സവിശേഷബന്ധം ഉപയോഗപ്പെടുത്തി ഭരണകൂടുമായി പൌരന്മാരുടെ ബന്ധം നിശ്ചയിക്കുന്നു. ഭൂരിപക്ഷം പൌരന്മാരുടെയും (തൊഴിലാളികള്‍, തൊഴില്‍ രഹിതര്‍, കര്‍ഷകര്‍ മുതലായവര്‍) പ്രാഥമികമായ സാമൂഹ്യാവകാശങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.

ഭരണകൂടവുമായി ബന്ധമുള്ള കുലീനര്‍ക്ക് പൌരാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ഭൂരിപക്ഷത്തിനും പൌരാവകാശമെന്നത് പൊതുവായ 'പദം'മാത്രമാവും. പൌരന്മാരെ അടിമകളാക്കുന്നതിലേക്കാണ് ഇതു നയിക്കുക.ഭരണകൂടത്തെക്കുറിച്ചുള്ള ചര്‍ച്ചപോലെ പൌരസമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും സാമൂഹ്യവിഭാഗങ്ങളുടെ സാമൂഹ്യമായ അതിരുകള്‍ സംബന്ധിച്ചും സവിശേഷാധികാരങ്ങളുള്ള വിഭാഗങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള അതിര്‍ത്തി രേഖ സംബന്ധിച്ചും ചിന്തിക്കേണ്ടതുണ്ട്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ചെയ്യുന്നതുപോലെ വിമര്‍ശനരഹിതമായോ, വ്യതിരക്തതകള്‍ കാണാതെയോ ഈ പദങ്ങളെ ഉപയോഗിക്കാനാവില്ല. അങ്ങിനെ ചെയ്യുന്നത് സാമൂഹ്യമാറ്റത്തിന്റെ ചലനാത്മകതയെ വെളുപ്പെടുത്താനല്ല ഒളിപ്പിക്കാനാണ് സഹായിക്കുക.

കേന്ദ്രീകൃത ആസൂത്രണത്തിനെതിരെയുള്ള പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് വിമര്‍ശനം അത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും സ്വേഛാധികാരവും നടത്താനുള്ള ഭരണകൂട ആയുധമാണെന്നാണ്...

മുന്‍ കമ്യൂണിസ്‌റ്റ് രാജ്യങ്ങളിലെ കേന്ദ്രീകൃത ആസൂത്രണം ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ നിയന്ത്രണത്തിലായിരുന്നു എന്നതില്‍ ആര്‍ക്കും സംശയം തോന്നാനിടയില്ല. സങ്കല്പനത്തില്‍ സ്വേച്‌ഛാധിപത്യപരവും നടത്തിപ്പില്‍ കേന്ദ്രീകൃതവുമായിരുന്നു അത്. അനുഭവപരമായ നിരീക്ഷണത്തില്‍നിന്നും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വാദിക്കുന്നത് ഏതുതരം ആസൂത്രണവും (കേന്ദ്രത്തിലുള്ളതോ അല്ലാത്തതോ) ആധുനികകാലത്തെ സങ്കീര്‍ണ്ണമായ സമ്പദ് വ്യവസ്ഥക്ക് ചേരാത്തതാണെന്നാണ്. വര്‍ധിച്ച ചോദനവും ദശലക്ഷക്കണക്കായ ഉപഭോക്താക്കളും വിവര വിജ്ഞാനത്തിന്റെ വമ്പിച്ച ഒഴുക്കും നിലനില്‍ക്കുന്നതായാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്പോളത്തിനു മാത്രമേ ഇതിനുള്ള പരിഹാരം കാണാനാകൂ. ജനാധിപത്യവും കമ്പോളവും യോജിച്ചു പോകും.

ഈ സങ്കല്‍പനത്തിന്റെ ഏറ്റവും വലിയ പരിമിതി മുതലാളിത്ത സമൂഹത്തിലെ പ്രധാന സ്ഥാപനങ്ങളൊക്കെ കേന്ദ്രീകൃതാസൂത്രണത്തെ ആശ്രയിക്കുന്നു എന്ന അടിസ്ഥാന സത്യം കാണുന്നില്ലെന്നതാണ്. ജനറല്‍ മോട്ടോഴ്‌സ്, വാള്‍മാര്‍ട്ട്, മൈക്രോസോഫ്‌റ്റ്തുടങ്ങിയവയ്‌ക്കെല്ലാം കേന്ദ്രീകൃത പദ്ധതിയുണ്ട്. നേരിട്ടുള്ള നിക്ഷേപത്തെ സംബന്ധിച്ച് പദ്ധതിയുണ്ട്. കൂടുതല്‍ ഉല്പാദിപ്പിക്കാനുള്ള ചെലവിനെ സംബന്ധിച്ചും വില്‍പ്പനയെക്കുറിച്ചും ഒക്കെ വിശദമായ ധാരണയുണ്ട്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ അവരുടെ വിമര്‍ശനാത്മകമായ ശ്രദ്ധ ഈ സ്ഥാപനങ്ങള്‍ക്കുമേല്‍ പതിപ്പിക്കേണ്ടതുണ്ട്. ബഹുരാഷ്‌ട്ര കുത്തക കമ്പനികളുടെ കേന്ദ്രീകൃതാസൂത്രണത്തിന്റെ കാര്യക്ഷമതയും മുതലാളിത്തത്തിന്റെ മത്സരാധിഷ്‌ഠിത രാഷ്‌ട്രീയ ഘടനയിലെ ജനാധിപത്യസംവിധാനങ്ങളും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ വിമര്‍ശനത്തിനിരയാവുന്നില്ല. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ ആശയക്കുഴപ്പം കേന്ദ്രീകൃതാസൂത്രണത്തെയും അതിന്റെ ഒരു പ്രത്യേകഘട്ടത്തിലെ സവിശേഷ രൂപത്തെയും കൂട്ടിക്കുഴച്ചുകാണുന്നതാണ്.

ആസൂത്രണസംവിധാനം വ്യത്യസ്‌തമായ രാഷ്‌ട്രീയ ഘടനകളില്‍ (സ്വേച്‌ഛാപരമോ ജനാധിപത്യപരമോ ആയ സമ്പ്രദായങ്ങളില്‍) സാധ്യമാവാമെന്ന് തീരുമാനിച്ചാല്‍ അവയുടെ യുക്തിയും വിശ്വാസ്യതയും പ്രതികരണശേഷിയും ആസൂത്രണവ്യവസ്ഥക്കനുസരിച്ച് വ്യത്യസ്‌തമാവുമെന്ന് അംഗീകരിക്കാം. ഇന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ സൈനിക ബജറ്റ് ഭരണകൂടത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ്. ഉല്പാദകരുടെ ഉത്തരവുകള്‍ക്കനുസരിച്ചാണ് (മൂലധനത്തിന്റെ ഉടമകളുടേയും) ചെലവുകള്‍ തീരുമാനിക്കപ്പെടുന്നത്. അമ്പതു വര്‍ഷത്തിലേറെയായി ഉല്പാദിപ്പിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന കാര്യക്ഷമതയില്ലാത്ത മാര്‍ഗ്ഗങ്ങളില്‍തന്നെയാണ് ഇപ്പോഴും ഇവ ചലിക്കുന്നത്. ഇക്കാര്യത്തില്‍ യാതൊരു ആസൂത്രണമാതൃകയുമില്ലാതിരിക്കെ, കേന്ദ്രീകൃത ആസൂത്രണമെന്നത് കമ്യൂണിസ്‌റ്റ് വ്യവസ്ഥക്കുള്ളില്‍ മാത്രമുള്ള പ്രതിഭാസമല്ല എന്നറിയണം.

ഇതിന്റെ ദോഷങ്ങള്‍ പൊതുവായതാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും അതുണ്ട്. രണ്ടുദാഹരണങ്ങളിലെയും (പെന്റഗണിലേയും കമ്യൂണിസത്തിലേയും) പ്രശ്‌നം ജനാധിപത്യപരമായ ബാധ്യതയില്ലായ്‌മയാണ്. സൈനികവ്യവസായ കോംപ്ളക്സുകളില്‍ ഏതാനും ഉന്നതര്‍ ഉല്പാദന ലക്ഷ്യവും ചെലവും ആവശ്യകതയും ചോദനവും ഒക്കെ നിശ്ചയിക്കുന്നു. പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ കേന്ദ്ര ഇടപെടല്‍ ഇത്തരം രാജ്യങ്ങളില്‍ അനിവാര്യമാണ്. കാരണം പലേടത്തും വിഭവങ്ങളുടെ അപര്യാപ്‌തതയുണ്ട്. കുടിയേറ്റം, ഉല്പാദന ക്ഷമത, ഉല്പന്നങ്ങള്‍ക്കുള്ള ചോദനം തുടങ്ങിയവക്ക് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ടാകാം. ഇതെല്ലാം കമ്പോളത്തിന് വിട്ടുകൊടുത്താല്‍ ചരിത്രപരമായിതന്നെ കരുത്തുള്ള വിഭാഗങ്ങളോട് പ്രത്യേക ചായ്‌വ് പ്രദര്‍ശിപ്പിക്കുകയും പ്രാദേശികമായി വികസനത്തിന്റെ ധ്രുവീകരണമുണ്ടാവുകയും വര്‍ഗ്ഗചൂഷണത്തിനും വംശീയ ഏറ്റുമുട്ടലുകള്‍ക്കും അത് വഴിയൊരുക്കുകയും ചെയ്യും.

കേന്ദ്രീകൃത ആസൂത്രണത്തിന്റെ പരിമിതികള്‍ മറികടന്നല്ലേ പറ്റൂ...?

ആസൂത്രണത്തിന്റെ അടിസ്ഥാനപ്രശ്‌നം ആസൂത്രണ പ്രക്രിയയെ നിശ്ചയിക്കുന്ന രാഷ്‌ട്രീയ ഘടനയാണ്. ആസൂത്രണ ചുമതലയുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് സംഘടിത സമൂഹങ്ങളില്‍നിന്നും സാമൂഹ്യവിഭാഗങ്ങളില്‍നിന്നുമാവും. (ഉല്പാദകര്‍, യുവാക്കള്‍, സ്‌ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നവരാകും). ഇവര്‍ ഉല്പാദനം, ഉപഭോഗം, മൂലധനത്തിന്റെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ സൈനിക വ്യവസായ കോംപ്ളക്സുകളുമായി ബന്ധമുള്ള കുലീനര്‍ക്ക് കീഴടങ്ങാത്തവരാകണം.

രണ്ടാമതായി ആസൂത്രണം വിശദാംശങ്ങളുടെ അവതരണമെന്ന നിലയിലല്ല കാണേണ്ടത്. സാമൂഹ്യ ബജറ്റിന്റെ വലുപ്പം ദേശീയമായി നിശ്ചയിക്കണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പ്രാദേശിക മുന്‍ഗണനകളെ അടിസ്ഥാനമാക്കി വോട്ടു ചെയ്യാനുള്ള അവസരം നല്‍കപ്പെടണം. ബ്രസീലിലെ പോര്‍ട്ടോ അലഗ്രെ നഗരത്തില്‍ മുന്‍സിപ്പല്‍ ഭരണത്തില്‍ ഏതാനും വര്‍ഷങ്ങളായി വര്‍ക്കേഴ്സ് പാര്‍ട്ടി ഈ രീതി പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. പൊതു ആസൂത്രണവും പ്രാദേശിക ആസൂത്രണവും തമ്മിലുള്ള വ്യത്യാസം കരിങ്കല്ലില്‍ എഴുതപ്പെടേണ്ട ഒന്നല്ല. മൂലധന നിക്ഷേപമോ ചെലവുകളോ സംബന്ധിച്ച വിശദാംശങ്ങള്‍ ഉന്നതതലങ്ങളില്‍ നിശ്ചയിക്കപ്പെടേണ്ടതല്ല.

രാജ്യത്തിനെയാകെ ബാധിക്കുന്ന പ്രതിരോധച്ചെലവുകള്‍, പശ്ചാത്തല സൌകര്യനിര്‍മ്മിതി, ഉന്നത സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയവ പ്രാദേശിക തലത്തിലെ സ്കൂളുകള്‍ക്കും ആതുരാലയങ്ങള്‍ക്കും സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ക്കും സബ്‌സിഡി നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങളാല്‍ പോഷിപ്പിക്കപ്പെടണം. ആസൂത്രണം ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥയിലും പ്രധാന ഉപകരണമാണ്. സോഷ്യലിസ്‌റ്റ് ആസൂത്രണത്തെ തള്ളിപ്പറയുക എന്നതിനര്‍ത്ഥം സാമൂഹ്യമാറ്റത്തിനുള്ള സുപ്രധാനമായ ഒരു ഉപകരണത്തെ ഉപേക്ഷിക്കുകയെന്നാണ്.

ഭീമാകാരമായ അസമത്വങ്ങളെയും സ്വത്തിന്റെ കേന്ദ്രീകരണത്തെയും നീതിപൂര്‍വ്വമല്ലാത്ത ബജറ്റ് നിര്‍ദ്ദേശങ്ങളെയും ഒഴിവാക്കാന്‍ നടപ്പാക്കുന്നതിനുള്ള ശേഷിയും ജനാധിപത്യാവകാശങ്ങളുള്ള വിശാലമായ പൊതുപദ്ധതി ആവശ്യമാണ്. പൊതുസ്ഥാപനങ്ങള്‍ക്കും സ്വാശ്രയമാനേജ്‌മെന്റ് കൌണ്‍സിലുകള്‍ക്കും (ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും) ഒപ്പമുള്ള മൂന്നാമത്തെ തൂണാണ് കേന്ദ്രീകൃത ആസൂത്രണം. ജനാധിപത്യപരിവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്. കേന്ദ്ര ആസൂത്രണം പ്രാദേശിക ഉല്പാദന-സേവന സംവിധാനങ്ങളുമായി പൊരുത്തപ്പെടാത്തതുമല്ല. റസ്‌റ്റാറന്റുകള്‍, കഫേകള്‍, റിപ്പയര്‍ ഷോപ്പുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാണ്. സമൂഹത്തിന്റെ വിശാലഘടനയെ നിയന്ത്രിക്കാനുള്ള ചുമതല ഭരണാധികാരികള്‍ക്കുണ്ട്. സങ്കീര്‍ണ്ണമായ തീരുമാനങ്ങളെടുക്കലും വിജ്ഞാനത്തിന്റെ ഒഴുക്കുനിയന്ത്രിക്കലുമൊക്കെ മുന്‍കാലത്തേക്കാള്‍ ഇപ്പോള്‍ എളുപ്പവുമാണ്. വര്‍ധിച്ച ശേഷിയുള്ള കമ്പ്യൂട്ടറുകള്‍ ഇക്കാര്യത്തില്‍ സഹായകമാണ്. ഇതുസംബന്ധിച്ച ഫോര്‍മുല ഇങ്ങനെയാണ്. ജനാധിപത്യപ്രാതിനിധ്യം+ കംപ്യൂട്ടറുകള്‍+കേന്ദ്ര ആസൂത്രണം= കാര്യക്ഷമവും സാമൂഹ്യമായി നീതിയുള്ളതുമായ ഉല്പാദനവും വിതരണവും . സോഷ്യലിസ്‌റ്റുകള്‍ക്ക് മുമ്പില്‍ ഈ വഴിയാണുള്ളത് എന്ന് ഞാന്‍ കരുതുന്നു.

ഭരണകൂടം ജനവിരുദ്ധമാണെന്നുള്ള വാദമാണ് പോസ്‌റ്റ് മാർക്‌സിസ്‌റ്റ് മതം. ഭരണാധികാരത്തിനുവേണ്ടിയുള്ള ഇടതുപക്ഷ പോരാട്ടങ്ങള്‍ ജനവിരുദ്ധതക്കുവേണ്ടിയുള്ള യുദ്ധമാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. എന്താണ് മാർക്‌സിയന്‍ മറുപടി?

ചരിത്രത്തിലുടനീളം അധികാരം പിടിച്ചെടുക്കുന്നവര്‍ ഏകാധിപതികളായി മാറുന്നത് സംശയരഹിതമായ സംഗതിയാണ്. ഇതോടൊപ്പംതന്നെ പ്രധാനമാണ് സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വ്യക്തികള്‍ അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഉയിര്‍ത്തെണീക്കാനുള്ള അവസരം സൃഷ്‌ടിക്കപ്പെടുന്നു എന്നതും. അടിമത്തം നിര്‍മ്മാര്‍ജ്ജനം ചെയ്‌തതും സമ്പൂര്‍ണ്ണമായ രാജവാഴ്‌ച്ച തൂത്തെറിയപ്പെട്ടതുമൊക്കെ ദൃഷ്‌ടാന്തമാണ്. അതിനാല്‍ 'അധികാരം' എന്നതിന് രണ്ടര്‍ത്ഥമുണ്ട്. സന്ദര്‍ഭമനുസരിച്ച് ഇവയ്‌ക്ക് മാറ്റം വരും.

ഇതേപോലെ പ്രാദേശികസമൂഹത്തിന് ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ വിജയം നേടാനും അടിയന്തിര സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. ചില ഘട്ടങ്ങളില്‍ വലിയ വിജയം നേടാന്‍പോലും കഴിഞ്ഞേക്കാം. സ്ഥൂല രാഷ്‌ട്രീയ സാമ്പത്തിക തീരുമാനങ്ങള്‍ പ്രാദേശിക ശ്രമങ്ങളെ വിലകുറച്ചു കണ്ടെന്നുവരാം. സമീപകാലത്ത് ഉദാരവല്‍ക്കരണ നയങ്ങള്‍ ദേശീയമായും സാര്‍വ്വദേശീയമായും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക വിഭവങ്ങളെ കൊള്ളയടിക്കുന്നുണ്ട്. പ്രാദേശികജനതയെ കുടിയേറ്റത്തിനു പ്രേരിപ്പിക്കുകയോ ക്രിമിനലുകളാക്കുകയോ ചെയ്യുന്നുണ്ട്. ഭരണകൂടാധികാരവും പ്രാദേശികാധികാരവും തമ്മില്‍ വൈരുധ്യാത്മകമായാണ് ബന്ധപ്പെടുന്നത്. പ്രാദേശിക മുന്‍കൈകളെ കുറച്ചുകാണാനോ ശക്തിപ്പെടുത്താനോ, മാറ്റംവരുത്താനോ ഉള്ള ശ്രമങ്ങള്‍ ആശ്രയിക്കുന്നത് ഇരുമണ്ഡലങ്ങളിലുമുള്ള വര്‍ഗ്ഗാധികാരത്തെയാണ്.

പുരോഗമനസ്വഭാവമുള്ള നിരവധി മുന്‍സിപ്പല്‍ ഗവണ്‍മെന്റുകള്‍ക്ക് പ്രതിലോമസ്വഭാവമുള്ള ദേശീയ സര്‍ക്കാരുകള്‍ ഫണ്ടു നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്ന അനുഭവങ്ങളുണ്ട്. മറുവശത്താകട്ടെ പുരോഗമനസ്വഭാവമുള്ള മുന്‍സിപ്പല്‍ ഗവണ്‍മെന്റുകള്‍ക്ക് അയല്‍കൂട്ടമടക്കമുള്ള പ്രാദേശികസംഘടനാ രൂപങ്ങളെ സഹായിക്കുന്നതില്‍ മെച്ചപ്പെട്ട പങ്കാളിത്തം വഹിക്കാനും സാധിക്കും. ഉറുഗ്വെയിലെ മോണ്ടെവിഡിയോയിലെ സോഷ്യലിസ്‌റ്റ് മേയറും ബ്രസീലിലെ പോര്‍ട്ടോഅലെഗ്രോയിലെ ഇടതുപക്ഷ മേയറുമൊക്കെ ഇതിനുദാഹരണമാണ്.

പ്രാദേശികാധികാരത്തെ ഭരണകൂടാധികാരത്തിനെതിരെ നിര്‍ത്തുന്ന പോസ്‌റ്റ് മാർക്‌സിസ്‌റ്റുകള്‍ ചരിത്രാനുഭവങ്ങളെ ആശ്രയിച്ചല്ല അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രാദേശികസംഘടനകള്‍ക്കും പ്രാദേശിക കമ്പോളങ്ങള്‍ക്കും നിയോലിബറല്‍ വിദേശ ധനദാതാക്കള്‍ക്കും ഇടയില്‍ സന്നദ്ധസംഘടനകള്‍ നിര്‍വ്വഹിക്കുന്ന പങ്കാളിത്തത്തെ ന്യായീകരിക്കുന്നതാണ് ഈ വൈപരീത്യത്തിനു കാരണം (ലോകബാങ്ക്, യൂറോപ്പിലും അമേരിക്കയിലുമുള്ള സാമ്പത്തികസ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഇത്തരം ധനദാതാക്കള്‍).
തങ്ങളുടെ സ്ഥാനത്തിന് നിയമസാധുത്വം നല്‍കാന്‍ പോസ്റമാർക്‌സിസ്‌റ്റ് എന്‍.ജി.ഒ പ്രൊഫഷണലുകള്‍ അടിത്തട്ടിലെ ജനാധിപത്യത്തിന്റെ ഏജന്റുമാരെന്ന നിലക്ക് ഇടതുപക്ഷം ഭരണകൂടാധികാരം നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഈ പ്രക്രിയക്കിടയില്‍ നിയോലിബറലുകള്‍ക്ക് ഗുണകരമായി പെരുമാറുന്നതിനും പ്രാദേശിക സമരങ്ങളും സംഘടനകളും ദേശീയ/സാര്‍വ്വദേശീയ രാഷ്‌ട്രീയപ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ഇവര്‍ക്കു സാധിക്കുന്നു.

'പ്രാദേശിക പ്രവര്‍ത്തനങ്ങ'ളിലുള്ള ഊന്നല്‍ സേവിക്കുന്നത് നിയോലിബറല്‍ ഭരണകൂടങ്ങളെയാണ്. വിദേശത്തും ആഭ്യന്തരരംഗത്തും നിലനില്‍ക്കുന്ന മുതലാളിത്ത പക്ഷപാതികളെ സമൂല-സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്താനും രാജ്യത്തിന്റെ വിഭവങ്ങളിലേറെയും കയറ്റുമതിക്കായി നീക്കിവെക്കാനും പ്രേരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

പോസ്‌റ്റ് മാർക്‌സിസ്‌റ്റുകള്‍ സന്നദ്ധസംഘടനകളുടെ മാനേജര്‍മാരെന്ന നിലയ്‌ക്ക് പ്രോജക്ടുകള്‍ രൂപകല്പന ചെയ്യാനും പുതിയ 'സ്വത്വ'ത്തിന്റെയും 'ആഗോളത്വ'ത്തിന്റെയും ജാര്‍ഗണുകള്‍ ജനകീയപ്രസ്ഥാനങ്ങളിലേക്ക് എത്തിക്കാനും വൈദഗ്ധ്യം നേടിയവരാണ്. അവരുടെ എഴുത്തും പ്രസംഗവുമൊക്കെ നിയോലിബറലുകളുമായുള്ള ആശയപരമായ അടിമത്തം സൃഷ്‌ടിക്കുന്നു. വിദേശധനസഹായദാതാക്കളും അവരുടെ നിയോലിബറല്‍ സാമൂഹ്യ സാമ്പത്തിക അജണ്ടയുമായി ഇത് ഒത്തുപോകുന്നു.

അത്ഭുതകരമായ സംഗതി ഒരു ദശകക്കാലത്തെ സന്നദ്ധസംഘടനാപ്രവര്‍ത്തനത്തിന്റെ ഫലമായി പോസ്‌റ്റ് മാർക്‌സിസ്‌റ്റ് പ്രൊഫഷണലുകള്‍ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും അരാഷ്‌ട്രീയവല്‍ക്കരിക്കുകയും പുരോഗമനവിരുദ്ധമാക്കുകയും ചെയ്‌തുവെന്നതാണ്. സ്‌ത്രീകള്‍, അയല്‍ക്കൂട്ടങ്ങള്‍, യുവജനസംഘടനകള്‍ എന്നിവയെല്ലാം ഈ മാറ്റത്തിനു വിധേയമായി. പെറുവിന്റെയും ചിലിയുടെയും അനുഭവങ്ങളാണ് മികച്ച മാതൃക. സന്നദ്ധസംഘടനകള്‍ ശക്തമായി സ്വാധീനമുറപ്പിച്ചിടത്ത് പുരോഗമന സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കുള്ള ഉള്ളടക്കമായി. എന്നാല്‍ ഇവയുടെ ദിശയും ചലനാത്മകതയും സംബന്ധിച്ചുള്ള നിര്‍ണായക ചോദ്യം ഉയരില്ല.
സാമൂഹ്യവ്യവസ്ഥയുടെ വിശാലപ്രശ്‌നങ്ങള്‍ അവ ഉന്നയിക്കുമോ എന്നും മറ്റു പ്രാദേശികശക്തികളുമായി ചേര്‍ന്ന് ഭരണകൂടാധികാരവും അതിനെ പിന്തുണക്കുന്ന സാമ്രാജ്യത്വവുമായി ഏറ്റുമുട്ടുമോ എന്നതുമായിരുന്നു പ്രധാന പ്രശ്‌നം. അവ പ്രാദേശിക കാര്യങ്ങളില്‍ കേന്ദ്രീകരിക്കുകയും വിദേശധനസഹായ ഏജന്‍സികളിലേക്ക് കണ്ണയച്ച് ആഭ്യന്തര സബ്‌സിഡികള്‍ക്കു മത്സരിക്കുന്ന നിരവധി ചെറുഘടകങ്ങളായി നുറുങ്ങുകയും ചെയ്‌തു. പോസ്‌റ്റ്മാർക്‌സിസ്‌റ്റുകളുടെ പ്രത്യയശാസ്‌ത്ര ദൌത്യം ഇതാണ്.
              വിപ്ളവങ്ങള്‍ക്കുപകരം തെരഞ്ഞെടുപ്പും വര്‍ഗ്ഗസമരങ്ങള്‍ക്കുപകരം പൌരസമൂഹവും ബദലായി കാണുന്ന പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ വാദങ്ങള്‍ക്ക് കരുത്തുപകരുന്ന എന്തനുഭവമാണുള്ളത്?

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ എപ്പോഴും പറയുന്നത് വിപ്ളവങ്ങളുടെ പരാജയത്തെക്കുറിച്ചാണ്. സോഷ്യലിസം അസാധ്യമാണെന്നാണ് അവരുടെ അഭിപ്രായം. വിപ്ളവകാരികളായ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണ് അവര്‍ കാണുന്നത്. കിഴക്കന്‍ യൂറോപ്പിലേത് മുതലാളിത്തത്തിന്റെ വിജയമായാണ് അവര്‍ നിരീക്ഷിക്കുനത്. മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധി, ബദലുകളുടെ ഇല്ലായ്‌മ, അമേരിക്കയുടെ കരുത്ത് വര്‍ധിക്കുന്നത്, സൈനിക അട്ടിമറിയും അടിച്ചമര്‍ത്തലുകളും ഇതെല്ലാം ഒത്തുചേരുന്നത് ഇടതുപക്ഷം സാധ്യമായ ഇടങ്ങളിലേക്ക് ചുരുങ്ങണമെന്ന വാദഗതിയിലാണ്. ലോകബാങ്കും അതിന്റെ ഘടനാപരമായ അജണ്ടയും സ്വതന്ത്രകമ്പോളവും വരച്ചിട്ട കളങ്ങള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. സൈനികാധികാരത്തിനുകീഴിലുള്ള തെരഞ്ഞെടുപ്പ് വ്യവസ്ഥക്കകത്ത് ഒതുങ്ങിനില്‍ക്കാന്‍ ഇടതുപക്ഷത്തെ ഇക്കൂട്ടര്‍ ഉപദേശിക്കുന്നു. പ്രായോഗികവാദം എന്നാണിതിനെ വിളിക്കേണ്ടത്.

ലാറ്റിനമേരിക്കയില്‍ കൊട്ടിഘോഷിക്കപ്പെട്ട തെരഞ്ഞെടുപ്പുപരിവര്‍ത്തനത്തിന് അരങ്ങൊരുക്കാന്‍ പോസ്റമാര്‍ക്‌സിസ്‌റ്റുകളുടെ ആശയപോരാട്ടം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യമാറ്റങ്ങള്‍ തെരഞ്ഞെടുപ്പു സംവിധാനത്തിലൂടെ കൈവരിക്കാം എന്നാണിവര്‍ വാദിച്ചത്.
വിപ്ളവങ്ങള്‍ കാലഹരണപ്പെട്ടു എന്നു തീരുമാനിച്ചതോടെ നിയോലബിറല്‍ തെരഞ്ഞെടുപ്പു ജയങ്ങളിലാണ് അവര്‍ കണ്ണുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള ബഹുജനപ്രതിഷേധങ്ങളിലോ പൊതുപണിമുടക്കുകളിലോ പാര്‍ലമെന്റേതരപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലോ അവര്‍ക്കു താല്പര്യമില്ല. 1980കളുടെ മധ്യത്തോടെ അതിന് പുനരുജ്ജീവനം സംഭവിച്ചത് അവര്‍ അറിഞ്ഞതേയില്ല.
തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിനുമേല്‍ സൈന്യം ചെലുത്തുന്ന നിയന്ത്രണങ്ങളെക്കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട്. എന്നാല്‍ സൈന്യത്തിനുമേല്‍ ചെലുത്തപ്പെടുന്ന ജനകീയസമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ മൌനികളാണ്. മെക്‌സിക്കോയിലെ സപാതിസ്‌റ്റ ഗറില്ലകള്‍, കാരക്കാസിലെ നഗരഗറില്ലകള്‍ ബൊളിവിയയിലെ പൊതുപണിമുടക്കുകള്‍ തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. മേഖലാതലത്തിലോ പ്രാദേശികമായോ രൂപപ്പെടുന്ന സമരങ്ങളുടെ ചലനാത്മകത പട്ടാളമേല്‍നോട്ടത്തിലുള്ള ജനാധിപത്യമാനദണ്ഡങ്ങളെയൊക്കെ മറികടക്കുന്നതാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പുവഴിയുള്ള അധികാരലബ്‌ധിക്കു കഴിയുന്നില്ല എന്ന വസ്‌തുതയാണ് ഇത് വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശികക്കായുള്ള പ്രക്ഷോഭം - അര്‍ജന്റീനയില്‍ ഇതു വ്യാപകമാണ്, കൊക്കൊകര്‍ഷകരുടെ കൃഷിനശിപ്പിക്കുന്നത് അവസാനിപ്പിക്കല്‍ - ബൊളീവിയയില്‍ ഈ പ്രശ്‌നം വളരെ പ്രാധാന്യമുള്ളതാണ്, തുടങ്ങിയവയിലെല്ലാം പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ പ്രശ്‌നത്തിന്റെ കൂടെയാണ്, എന്നാല്‍ പരിഹാരത്തിന്റെ പക്ഷത്തല്ല നിലയുറപ്പിക്കുന്നത് എന്നതിനുദാഹരണമാണ്.

ഒന്നര ദശകക്കാലമായി ലാറ്റിനമേരിക്കയില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചിട്ട്. പക്ഷേ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളെല്ലാം നിയോലിബറലിസവുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സ്വതന്ത്രകമ്പോള നയങ്ങള്‍ക്കൊപ്പമാണ് ഇവര്‍ ചുവടുറപ്പിച്ചിട്ടുള്ളത്. സാധ്യതാവാദികള്‍ക്ക് സ്വതന്ത്രകമ്പോളം ജനങ്ങള്‍ക്കുമേല്‍ സൃഷ്‌ടിക്കുന്ന നിഷേധാത്മകവശത്തെ ഫലപ്രദമായി ചെറുക്കാനാകുന്നില്ല. മാത്രമല്ല, നിയോലിബറലുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സ്ഥാനം നിലനിര്‍ത്തുന്നതിന് കൂടുതല്‍ കൂടുതല്‍ ജനവിരുദ്ധ നയങ്ങളും സ്വീകരിക്കേണ്ടിവരുന്നു. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ നിയോലിബറലിസത്തിന്റെ പ്രായോഗിക വിമര്‍ശകര്‍ എന്ന നിലവിട്ട് അതിന്റെ സത്യസന്ധതയും കാര്യക്ഷമതയുമുള്ള മാനേജര്‍മാരായി സ്വയം പ്രവര്‍ത്തിക്കുകയാണ്. മൂലധനനിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ജനങ്ങളുടെ അസ്വസ്ഥതകളെ നിര്‍വീര്യമാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.

അതേസമയം തന്നെ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ പ്രായോഗികവാദം നിയോലിബറലുകളുടെ തീവ്രവാദവുമായി ചേര്‍ന്നുപോകുന്നുണ്ട്.1990കളില്‍ നിയോലിബറല്‍ നയങ്ങള്‍ കടുത്ത രീതികളിലേക്ക് വികസിച്ചു. നിയോലിബറലിസത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ മറ്റു രാജ്യങ്ങളിലെ ബാങ്കുകളിലും ബഹുരാഷ്‌ട്രകമ്പനികളിലും നിക്ഷേപങ്ങളും ഊഹാധിഷ്‌ഠിതമായ അവസരങ്ങളും അവര്‍ കണ്ടെത്തി.

നിയോലിബറലുകള്‍ വിഭജിക്കപ്പെട്ട വര്‍ഗ്ഗഘടനയാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസ്‌റ്റുകള്‍ മുന്നോട്ടുവെച്ച സമൂഹസങ്കല്പവുമായാണ് പോസ്റമാര്‍ക്‌സിസ്‌റ്റുകളുടെ വീക്ഷണവുമായല്ല ഇതിനടുപ്പമുള്ളത്. സമകാലീന ലാറ്റിനമേരിക്കയിലെ വര്‍ഗ്ഗഘടന കുറേക്കൂടി സങ്കുചിതവും കുറേയേറെ നിശ്ചയദാര്‍ഢ്യമുള്ളതും മുമ്പെന്നത്തെക്കാളും വര്‍ഗ്ഗരാഷ്‌ട്രീയവുമായും ഭരണകൂടവുമായും ബന്ധപ്പെട്ടതുമാണ്. ഈ പരിതഃസ്ഥിതിയില്‍ വിപ്ളവരാഷ്‌ട്രീയം പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ പ്രായോഗിക രാഷ്‌ട്രീയത്തെക്കാള്‍ ഏറെ പ്രസക്തമാണ്.

'ഐക്യദാര്‍ഢ്യ'ത്തിന് പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളും മാര്‍ക്‌സിസ്‌റ്റുകളും വ്യത്യസ്ഥമായ രണ്ട് അര്‍ത്ഥമാണ് നല്‍കുന്നത്. അവയൊന്ന് വ്യക്തമാക്കാമോ?

ഐക്യദാര്‍ഢ്യം എന്ന പദം പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം വിദേശഫണ്ടു നല്‍കുന്നവരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ദരിദ്രജനവിഭാഗങ്ങള്‍ക്കുള്ള സംരക്ഷണമെന്ന പേരിലാണ് ഇത്. കേവലം ഗവേഷണമോ ദരിദ്രരായ ജനങ്ങളെ സാക്ഷരരാക്കുകയോ ഒക്കെ പ്രഫഷണലുകളുടെ ഭാഗത്തുനിന്നുള്ള ഐക്യദാര്‍ഢ്യമായി അവതരിപ്പിക്കുന്നു. സഹായവും പരിശീലനവും നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും മേല്‍-കീഴ്‌ബന്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രൈസ്‌തവ മിഷണറിമാരുടെ ഔദാര്യപ്രകടനത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ ഊന്നല്‍ നല്‍കുന്നത് 'സ്വയംസഹായ'ത്തിലാണ്. അവര്‍ എതിര്‍ക്കുന്നത് ഭരണകൂടത്തോടുള്ള ആശ്രിതത്വത്തെയും അതിന്റെ സംരക്ഷണമനോഭാവത്തെയുമാണ്. നിയോലിബറലിസത്തിന്റെ ഇരകളെ പിടിച്ചെടുക്കാനുള്ള എന്‍.ജി.ഒ.കളുടെ മത്സരത്തിനിടയില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് അവരുടെ യൂറോപ്പിലെയും അമേരിക്കയിലെയും പ്രതിപുരുഷന്മാരില്‍നിന്ന് വമ്പിച്ച സബ്‌സിഡികളാണ് ലഭിക്കുന്നത്. സ്വയം സഹായ പ്രത്യയശാസത്രം സര്‍ക്കാര്‍ ജീവനക്കാരെ സന്നദ്ധപ്രവര്‍ത്തകരാല്‍ പകരംവെക്കുന്നു. വലിയ ഉയര്‍ച്ച നേടാന്‍ സാധ്യതയുള്ള പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തിലെ താല്‍ക്കാലിക ജീവനക്കാരാക്കുന്നു. പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനതത്വശാസ്‌ത്രം ഐക്യദാര്‍ഢ്യത്തെ സഹകരണമായും നിയോലിബറലിസത്തിന്റെ സമ്പദ് വ്യവസ്ഥയോടുള്ള സമൂല അടിമത്തമായും മാറ്റുകയാണ്. സമ്പന്നര്‍ സര്‍ക്കാരിന്റെ സമ്പത്ത് ചോര്‍ത്തിയെടുക്കുന്നതില്‍നിന്നും ദരിദ്രരുടെ സ്വയംസഹായത്തിലേക്കു ശ്രദ്ധതിരിക്കുകയാണ് ലക്ഷ്യം.

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം ദരിദ്രര്‍ മെച്ചപ്പെട്ട നിലയിലെത്തണമെന്ന താല്പര്യമില്ല. കാരണം അത് ഭരണകൂടത്തിന്റെ ചുമതലയാണ്. മാര്‍ക്‌സിസ്‌റ്റ് സങ്കല്‍പ്പത്തിലുള്ള ഐക്യദാര്‍ഢ്യം ഇതിനു വിപരീതമാണ്. അത് വര്‍ഗ്ഗൈക്യത്തിലാണ് ഊന്നല്‍ കൊടുക്കുന്നത്. വര്‍ഗ്ഗത്തിനുള്ളില്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിനാണ് പ്രാധാന്യം. വിദേശികളും രാജ്യത്തിനകത്തുളളവരുമായ മര്‍ദ്ദകര്‍ക്കെതിരെയാണ് ഈ ഐക്യദാര്‍ഢ്യം. അതിന്റെ പ്രാധാന്യലക്ഷ്യം വിദേശത്തുനിന്നുള്ള സംഭാവനകളല്ല. ഈ സംഭാവനകള്‍ വര്‍ഗ്ഗങ്ങളെ വിഭജിക്കാനും ചെറിയ കാലയളവിലേക്ക് ചെറുഗ്രൂപ്പുകളെ മരവിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. മാര്‍ക്‌സിസ്‌റ്റ് സങ്കല്‍പ്പത്തിലുള്ള ഐക്യദാര്‍ഢ്യം പൊതുവായ സാമ്പത്തിക പരിസരം പങ്കിടുന്നവരും സ്വന്തംനില മെച്ചപ്പെടുത്താന്‍ കൂട്ടായി പോരാടുന്നവരുമായ വര്‍ഗ്ഗത്തിലെ അംഗങ്ങള്‍ യോജിച്ച പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കുന്ന വികാരമാണ്. സാമൂഹ്യപ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന പ്രസ്ഥാനങ്ങളോട് ഐക്യം പ്രകടിപ്പിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ബുദ്ധിജീവികള്‍, ഒരേ രാഷ്‌ട്രീയ ലക്ഷ്യം പങ്കിടുന്നവര്‍ മുതലായവരെല്ലാം ഇതിലുള്‍പ്പെടും. ഈ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജൈവബുദ്ധിജീവികള്‍, വര്‍ഗ്ഗസമരത്തിന് വിശകലനരീതികളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വൈജ്ഞാനിക സംഭാവനകളും നല്‍കുന്നവര്‍ ഒക്കെ ഇതിലുള്‍പ്പെടും.

ഇതിനു വിരുദ്ധമാണ് മുതലാളിത്ത സ്ഥാപനങ്ങളുടെ വിപുലമായ ലോകത്തില്‍ വിശ്രമിക്കാനായക്കപ്പെടുന്ന പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ നില. അക്കാദമിക് സെമിനാറുകള്‍, വിദേശ ഫൌണ്ടേഷനുകള്‍, അന്താരാഷ്‌ട്രസമ്മേളനങ്ങള്‍, ബ്യൂറോക്രാറ്റിക് റിപ്പോര്‍ട്ടുകള്‍ എന്നിവക്കിടയിലാണ് അവര്‍ വ്യാപരിക്കുന്നത്. അവര്‍ എഴുതുന്നത് സങ്കീര്‍ണ്ണമായ ശൈലിയിലാണ്. പോസ്‌റ്റ് മോഡേണ്‍ ജടിലതകളാണ് നിറയെ. ആത്മനിഷ്‌ഠമായ അസ്‌തിത്വവാദ സ്വത്വത്തിന്റെ 'കള്‍ട്ടു'മായി ജ്ഞാനസ്‌നാനം ചെയ്യപ്പെടാത്തവര്‍ക്ക് ഈ ഭാഷ മനസ്സിലാക്കാനാവില്ല.

മാര്‍ക്‌സിസ്‌റ്റുകാരെ സംബന്ധിച്ചിടത്തോളം ഐക്യദാര്‍ഢ്യമെന്നത് പ്രസ്ഥാനത്തിന്റെ അപകടങ്ങളെ പങ്കുവെയ്‌ക്കുക എന്നതാണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യുകയും ഒന്നിനെയും പ്രതിരോധിക്കാതിരിക്കുകയും ചെയ്യുന്ന പുറമെയുള്ള അഭിപ്രായപ്രകടനക്കാരല്ല ഇതിലുള്‍പ്പെടുന്നത്. പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചാകട്ടെ മുഖ്യ ലക്ഷ്യം അവരുടെ 'പ്രോജക്ടിന്' വിദേശ ധനസഹായം കിട്ടുകയാണ്. മാര്‍ക്‌സിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം മുഖ്യപ്രശ്‌നം രാഷ്‌ട്രീയ സമരപ്രക്രിയയാണ്, സാമൂഹ്യനില മെച്ചപ്പെടുത്തലാണ്. സാമൂഹ്യമാറ്റത്തിനുള്ള അവബോധം വര്‍ധിപ്പിക്കുന്ന വിദ്യാഭ്യാസപ്രവര്‍ത്തനവും ബഹുഭൂരിപക്ഷത്തിന്റെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി രാഷ്‌ട്രീയാധികാരം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനവുമാണ് മാര്‍ക്‌സിസ്‌റ്റുകാര്‍ പ്രധാനമായി കാണുന്നത്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ ഐക്യദാര്‍ഢ്യം വിമോചനലക്ഷ്യത്തില്‍നിന്നും വേര്‍പെട്ട ഒന്നാണ്. ഒരു തൊഴിലിന്റെ പുനഃപരിശീലനത്തിനുള്ള സെമിനാറിന് ആളുകളെ സംഘടിപ്പിക്കുന്നതില്‍ കവിഞ്ഞ യാതൊന്നുമല്ല അത്. ഒരു കക്കൂസ് പണിയുന്നത്ര ലളിതമാണ് അത്. എന്നാല്‍ മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് യോജിച്ച പ്രക്ഷോഭത്തിനുള്ള ഐക്യദാര്‍ഢ്യമെന്നത് ഭാവിയിലെ പൊതുജനാധിപത്യസമൂഹത്തിന്റെ വിത്തുകള്‍ ഉള്ളടക്കം ചെയ്‌തിട്ടുള്ള പ്രവര്‍ത്തനമാണ്. വിപ്ളവങ്ങളുടെ വിശാല ഭൂമികയാണതിലൂടെ സൃഷ്‌ടിക്കപ്പെടുന്നത്.

ചൂഷകരുമായുള്ള സഹകരണമാണ് വര്‍ഗ്ഗ സമരത്തിന് ബദലായി പോസ്‌റ്റ് മാര്‍ക്‌സിസം മുന്നോട്ട് വയ്‌ക്കുന്നത്..

എല്ലാവരുമായി സഹകരണം വേണമെന്ന് വാദിക്കുന്ന പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ നിയോലിബറല്‍ ഭരണകൂടങ്ങളും വിദേശത്തുള്ള ഫണ്ടിംഗ് ഏജന്‍സികളുമായുള്ള സഹകരണത്തിന്റെ വിലയെക്കുറിച്ചും വ്യവസ്ഥകളെക്കുറിച്ചും ഉത്കണ്ഠയുള്ളവരല്ല. വര്‍ഗ്ഗസമരമെന്നത് ഭൂതകാലത്തെ പ്രവര്‍ത്തനമായാണ് അവര്‍ വിലയിരുത്തുന്നത്. അത് നിലനില്‍ക്കുന്ന ഒരു പ്രക്രിയയല്ല. അതിനാല്‍ ദരിദ്രരോട് പുതിയ ജീവിതം രൂപപ്പെടുത്താന്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെടുന്നു. അവര്‍ പരമ്പരാഗത രാഷ്‌ട്രീയത്തില്‍ നിരാശരാണ്. പരമ്പരാഗത പ്രത്യയശാസ്‌ത്രവും അത് പിന്തുടരുന്ന രാഷ്‌ട്രീയ നേതൃത്വവും ജനങ്ങളെ നിരാശരാക്കുന്നു എന്നാണ് വാദം. പ്രശ്‌നം മറ്റൊന്നുമല്ല. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ മധ്യവര്‍ത്തികളെന്നും ദല്ലാളന്മാര്‍ എന്നുമുള്ള നിലയ്‌ക്ക് വിദേശത്തുനിന്നു ഫണ്ട് നേടുന്ന പ്രാദേശിക സ്വീകര്‍ത്താക്കള്‍ക്കും വിദേശത്തുള്ള ദാതാക്കള്‍ക്കുമിടയില്‍ അവര്‍ക്കു സ്വീകാര്യമായ പ്രോജക്ടുകള്‍ തയ്യാറാക്കുന്ന ജോലിയാണ് നിര്‍വ്വഹിക്കുന്നത്. ഫൌണ്ടേഷനുകളുടെ നടത്തിപ്പുകാര്‍ പുതിയൊരു രാഷ്‌ട്രീയത്തിലാണ് ഇടപെടുന്നത്. സമീപകാലം വരെയുണ്ടായിരുന്ന തൊഴില്‍ കരാറുകാരുടെ നിലവാരത്തിലുള്ളതാണ് ഈ പ്രവൃത്തി.

സ്‌ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും വന്‍കിട കയറ്റുമതിയുല്പാദകരുടെ ഉപകരാറുകാരായി മാറുന്ന ചെറുസ്ഥാപനങ്ങളുടെ അടിമകളാക്കി അവരെ മാറ്റാനും ലക്ഷ്യമിടുന്നു. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ പുതിയ രാഷ്‌ട്രീയം അനിവാര്യമായും ദല്ലാള്‍ രാഷ്‌ട്രീയമാണ്. അവര്‍ ദേശീയമായൊന്നും ഉല്പാദിപ്പിക്കുന്നില്ല. പകരം അവര്‍ വിദേശഫണ്ടു നല്‍കുന്നവരെ പ്രാദേശികതൊഴിലുമായി ബന്ധിപ്പിക്കുന്നു. സ്വയംസഹായ സൂക്ഷ്‌മസ്ഥാപനങ്ങളുടെ ഉല്പത്തി ഇങ്ങനെയാണ്. നിയോലിബറല്‍ ഭരണം തുടര്‍ന്നുപോകാനുള്ള ഉത്തേജനം നല്‍കുകയാണവര്‍ ചെയ്യുന്നത്. ഈയര്‍ത്ഥത്തില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ സന്നദ്ധസംഘടനകളുടെ മാനേജര്‍മാരായി പെരുമാറുന്നു. ഇവരുടെ പരിശീലനങ്ങളോ ശില്പശാലകളോ അടിസ്ഥാനപരമായി പ്രോജൿടുകളുടെ രാഷ്‌ട്രീയത്തിലോ ദാരിദ്ര്യം കുറയ്‌ക്കുന്നതിനുതകുന്ന സാമ്പത്തിക നടപടികളിലോ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗ്ഗസമരത്തില്‍ നിന്നും ജനങ്ങളെ വഴിതിരിച്ചുവിടുകയും ഭരണകൂടത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അപകടരഹിതവും ഫലശൂന്യവുമായ സഹകരണത്തിന്റെ രൂപങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ചൂഷകരുമായുള്ള സഹകരണമാണ് ഇതിന്റെ ഫലം.

മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടില്‍ വര്‍ഗ്ഗസമരവും ഏറ്റുമുട്ടലുകളും സമൂഹത്തിലെ യഥാര്‍ത്ഥ സാമൂഹ്യവിഭജനത്തിനു മേലാണ് നിര്‍മ്മിക്കപ്പെടുന്നത്. ലാഭം കൊയ്‌തെടുക്കുന്നവര്‍, പലിശ കൈക്കലാക്കുന്നവര്‍, വാടക പിരിക്കുന്നവര്‍, നികുതി വെട്ടിപ്പിടിക്കുന്നവര്‍ തുടങ്ങിയവര്‍ ഒരുവശത്തും കൂലി പരമാവധി വര്‍ധിപ്പിക്കണമെന്നും സാമൂഹ്യചെലവുകളും ഉല്പാദനപരമായ കാര്യങ്ങള്‍ക്കുള്ള മൂലധനനിക്ഷേപവും വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നവര്‍ മറുഭാഗത്തുമായാണ് ചേരിതിരിയുന്നത്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടുകളുടെ പ്രതികരണങ്ങള്‍ ഇപ്പോള്‍ എവിടെയും ദൃശ്യമാണ്. മുമ്പെന്നത്തേക്കാളും സ്വത്തിന്റെ കേന്ദ്രീകരണവും അസമത്വങ്ങളുടെ പെരുപ്പവും വിപുലമായിരിക്കുന്നു. ഒരു ദശകത്തിലേറെക്കാലത്തെ സഹകരണപ്രവര്‍ത്തനത്തിന്റെയും മൈക്രോ സംരംഭങ്ങളുടെയും സ്വയം സഹായത്തിന്റെയും ഫലമാണിത്. ഇപ്പോഴാകട്ടെ ഇന്റര്‍ അമേരിക്കന്‍ ഡവലപ്‌മെന്റ് ബാങ്ക് (ഐ ഡി ബി) പോലുള്ളവ അഗ്രിബിസിനസ്സ് കയറ്റുമതിക്കു ഫണ്ടു നല്‍കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ദശലക്ഷക്കണക്കിന് കര്‍ഷകതൊഴിലാളികളെ കൊള്ളയടിക്കാനും വിഷലിപ്‌തമാക്കാനും ശ്രമിക്കുന്നതോടൊപ്പം തന്നെ ചെറുസംരംഭങ്ങള്‍ക്കു പണം നല്‍കാനും അവ തുനിയുന്നുണ്ട്.

മൈക്രോ സംരംഭങ്ങളില്‍ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത് രാഷ്‌ട്രീയമായ എതിര്‍പ്പുകളെ നിരായുധീകരിക്കാനാണ്. മേല്‍തട്ടിലാകട്ടെ നിയോലിബറലിസം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. സഹകരണത്തിന്റെ പ്രത്യയശാസ്‌ത്രം ദരിദ്രരെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വഴി മേല്‍തട്ടിലെ നിയോലിബറലിസവുമായി ബന്ധിപ്പിക്കുന്നു. ബൌദ്ധികമായാകട്ടെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ബൌദ്ധിക പോലീസിങ്ങിലൂടെ ഗവേഷണങ്ങള്‍ എങ്ങനെയാവണമെന്നും വിഷയങ്ങള്‍ ഏതൊക്കെയാവണമെന്നും ആര്‍ക്കൊക്കെ ഫണ്ടു വിതരണം ചെയ്യണമെന്നും തീരുമാനിച്ച് ഗവേഷണവിഷയങ്ങളില്‍ വര്‍ഗ്ഗസമീപനങ്ങളും സമരോത്സുകവീക്ഷണങ്ങളും ഒഴിവാക്കുന്ന അരിപ്പപോലെ പ്രവര്‍ത്തിക്കുന്നു.

മാര്‍ക്‌സിസ്‌റ്റുകാര്‍ ഗൌരവമേറിയ സംവാദങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും പ്രത്യയശാസ്‌ത്രവാദികളെന്ന് മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. അതേസമയം തന്നെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ സാമൂഹ്യശാസ്‌ത്രജ്ഞര്‍ എന്ന നിലക്ക് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ബുദ്ധിജീവിപട്ടവും പ്രസിദ്ധീകരണങ്ങളും സമ്മേളനങ്ങളും ഗവേഷണത്തിനുള്ള ഫണ്ടുകളും ഒക്കെ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ക്ക് അധികാരത്തിന്റെ ശക്തമായ അടിത്തറ നിര്‍മ്മിക്കുന്നു. എപ്പോഴും വിദേശത്തുനിന്നുള്ള ഫണ്ടിംഗ് മേധാവികളുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് ഇവരുടെ ശ്രമം.
മാര്‍ക്‌സിസത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ബുദ്ധിജീവികള്‍ക്കുള്ള കരുത്ത്; മാറിവരുന്ന സാമൂഹ്യസാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെടുന്നതാണ് അവരുടെ ആശയങ്ങള്‍ എന്നതാണ്. വര്‍ഗ്ഗങ്ങളുടെ ധ്രുവീകരണവും അതിശക്തമായ ഏറ്റുമുട്ടലുകളും വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുള്ള മാര്‍ക്‌സിസ്‌റ്റ് പ്രവചനം ശരിവെക്കപ്പെടുകയാണ്.

ശീതയുദ്ധം തീര്‍ന്നുവെന്നും സാമ്രാജ്യത്വ വിരുദ്ധതക്ക് പ്രസക്തിയില്ലെന്നും വാദിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

സമീപകാലത്തായി പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകളുടെ രാഷ്‌ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് സാമ്രാജ്യത്വവിരുദ്ധത അപ്രത്യക്ഷമായിരിക്കുന്നു. മധ്യ അമേരിക്കയിലെ മുന്‍ഗറില്ലകളൊക്കെ തെരഞ്ഞെടുപ്പുരാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. സന്നദ്ധസംഘടനകളെ നയിക്കുന്ന പ്രഫഷണലുകള്‍ സംസാരിക്കുന്നത് അന്താരാഷ്‌ട്ര സഹകരണത്തെക്കുറിച്ചും പരസ്‌പരാശ്രിതത്വത്തെക്കുറിച്ചുമാണ്. എന്നിട്ടും ലാറ്റിനമേരിക്കക്കാരന്റെ പേരില്‍ ഭീമാകാരമായ തുകയാണ് യൂറോപ്പിലെയും അമേരിക്കയിലേയും ജപ്പാനിലേയും ബാങ്കുകളിലേക്ക് ഒഴുകുന്നത്.
പൊതുസ്വത്ത്, ബാങ്കുകള്‍ എന്നിവക്കു പുറമെ പ്രകൃതി വിഭവങ്ങളും കുറഞ്ഞ വിലനല്‍കി അമേരിക്കയിലെയും യൂറോപ്പിലേയും ബഹുരാഷ്‌ട്രകുത്തകകള്‍ കൊള്ളയടിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കുകളില്‍ വന്‍നിക്ഷേപമുള്ള ശതകോടീശ്വരന്മാരായ ലാറ്റിനമേരിക്കക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അതേസമയം തന്നെ രാജ്യമെങ്ങും വ്യവസായശാലകളുടെ ശവപ്പറമ്പായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗ്രാമങ്ങള്‍ ജനവാസമില്ലാത്തിടങ്ങളായിരിക്കുന്നു.

അമേരിക്കക്ക് കൂടുതല്‍ സൈനികോപദേശകരുണ്ടായിരിക്കുന്നു. മയക്കുമരുന്നു വേട്ടക്കുള്ള ഉദ്യോഗസ്ഥരും വര്‍ധിച്ചിരിക്കുന്നു. ചരിത്രത്തില്‍ മുമ്പൊരിക്കലുമില്ലാത്തവിധം ലാറ്റിനമേരിക്കന്‍ പോലീസിനെ നയിക്കാന്‍ അമേരിക്കന്‍ പോലീസ് സംവിധാനം സജ്ജമായിരിക്കുന്നു. ചില മുന്‍ സാന്‍ഡിനിസ്‌റ്റുകളും മുന്‍ ഫാറാ ബുന്‍ഡിസ്‌റ്റുകളും ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് സാമ്രാജ്യത്വവിരുദ്ധത (സാമ്രാജ്യത്വവും) ശീതയുദ്ധം അവസാനിച്ചതോടെ അപ്രസക്തമായി എന്നാണ്. പ്രശ്‌നം വിദേശമൂലധന നിക്ഷേപമോ വിദേശധനസഹായമോ അല്ല അവയുടെ അഭാവമാണെന്നും കൂടുതല്‍ സാമ്രാജ്യത്വസഹായം ആവശ്യമാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

ഈ സാമ്പത്തികവും രാഷ്‌ട്രീയവുമായ മിഥ്യാടനക്കാര്‍ക്ക് തിരിച്ചറിയാനാകാത്തത് വായ്പയുടെയും മൂലധനനിക്ഷേപത്തിന്റെയും വഴിയില്‍ സാമ്രാജ്യത്വം സഞ്ചരിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള തൊഴില്‍ തേടിയാണെന്ന വസ്‌തുതയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ചിടത്തോളം സാമൂഹ്യമായ നിയമങ്ങളെ ഇല്ലാതാക്കുകയും വന്‍കരയാകെ വന്‍കിട പ്ളാന്റേഷനുകളും വലിയ ഖനനമേഖലയും വലിയ സ്വതന്ത്രവ്യാപാരമേഖലയും ആക്കിമാറ്റി അവകാശങ്ങളും പരമാധികാരവും സമ്പത്തും കൊള്ളയടിക്കുകയുമാണ് അവരുടെ ലക്ഷ്യം. സാമ്രാജ്യത്വ ചൂഷണം ആഴമേറിയതാകുന്നുവെന്ന മാര്‍ക്‌സിസ്‌റ്റ് നിലപാട് വ്യക്തമാക്കുംവിധം സാമൂഹ്യബന്ധങ്ങളിലും ഉല്പാദനമേഖലയിലും ഈ പ്രവണത പ്രതിഫലിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും ആശ്രിതമുതലാളിത്തത്തിന്റെയും സ്വഭാവത്തില്‍ ഇത് പ്രകടമാവുന്നുണ്ട്.

യു.എസ്.എസ്.ആറിന്റെ തകര്‍ച്ച സാമ്രാജ്യത്വ ചൂഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ (മുന്‍ മാര്‍ക്‌സിസ്‌റ്റുകള്‍) വിശ്വസിക്കുന്നതുപോലെ ഏകധ്രുവലോകം കൂടുതല്‍ സഹകരണമുള്ളതായി മാറുകയല്ല ഉണ്ടായത്. പനാമ, ഇറാഖ്, സൊമാലിയ, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സാമ്രാജ്യത്വം നടത്തിയ ഇടപെടല്‍ തന്നെ ദൃഷ്‌ടാന്തം. സാമ്രാജ്യത്വത്തിന്റെ ചലനാത്മകത സോവിയറ്റ് യൂണിയനുമായി പുറമെയുണ്ടായിരുന്ന മത്സരത്തിന്റെ ഫലമായിരുന്നില്ല മറിച്ച് ആഭ്യന്തരമൂലധനത്തിന്റെ ചലനാത്മകതയുമായുമായി ബന്ധപ്പെട്ടതായിരുന്നു. ആഭ്യന്തരകമ്പോളത്തിന്റെ നഷ്‌ടവും ലാറ്റിനമേരിക്കയെന്ന പുറം കമ്പോളത്തിലെ പ്രശ്‌നങ്ങളും പ്രാക് ദേശീയ ഘട്ടത്തിലേക്ക് പിന്മടങ്ങാന്‍ സാമ്രാജ്യത്വത്തെ നിര്‍ബന്ധിക്കുന്നു. ലാറ്റിനമേരിക്കയിലെ സമ്പദ് വ്യവസ്ഥ കൊളോണിയല്‍ ഭൂതകാലത്തെ പ്രതിബിംബിപ്പിച്ചുതുടങ്ങിയിരിക്കുന്നു. സാമ്രാജ്യത്വത്തിനെതിരെ ഇപ്പോഴുള്ള പോരാട്ടം രാജ്യത്തെ ആഭ്യന്തരകമ്പോളം പുനഃസൃഷ്‌ടിക്കാനും ഉല്പാദനസമ്പദ്ക്രമം ശക്തിപ്പെടുത്താനും സാമൂഹ്യഉല്പാദനവും ഉപഭോഗവുമായി ബന്ധപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തെ ശക്തിപ്പെടുത്താനും ശ്രമിച്ചുകൊണ്ടാണ് നടത്തേണ്ടത്.

സാമൂഹികമാറ്റത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാടിനെ പോസ്‌റ്റ് മാര്‍ക്‌സിസം ദുര്‍ബലപ്പെടുത്തുന്നത് എന്‍.ജി.ഒ.കളെ ഉപയോഗിച്ചാണെന്നു പറയാമോ?

സാമൂഹ്യമാറ്റത്തിനെക്കുറിച്ച് രണ്ട് സമീപനങ്ങള്‍ ഇന്നുണ്ട്. ആദ്യത്തേത് വര്‍ഗ്ഗസംഘടനകളും രണ്ടാമത്തേത് സന്നദ്ധസംഘടനകളും മുന്നോട്ടുവെക്കുന്നു. സാമ്രാജ്യത്വത്തിനും അതിന്റെ ദല്ലാള്‍മാരായ ഭരണാധികാരികള്‍ക്കുമെതിരെ ഏതുതരം സമീപനം സ്വീകരിക്കണം എന്ന കാര്യത്തില്‍ പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ സാംസ്‌ക്കാരികരംഗത്തും പ്രത്യയശാസ്‌ത്രരംഗത്തും ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലും സമൂഹത്തിലും ഉയര്‍ത്തിപ്പിടിക്കുന്ന ചില നിലപാടുണ്ട്. രണ്ടു മുന്നണികളിലൂടെയാണ് നിയോലിബറലിസം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക രാഷ്‌ട്രീയതലത്തിലും, ഭരണകൂടത്തിലും ജനവിഭാഗങ്ങളിലും എന്ന നിലയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. മേല്‍തട്ടില്‍ നിയോലിബറല്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നത്; പതിവുരീതിയില്‍ ലോകബാങ്ക്, ഐ എം എഫ്, വാഷിങ്ടണ്‍ ബോണ്‍, ടോക്കിയോ എന്നിവിടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിയോലിബറല്‍ ഭരണകൂടങ്ങള്‍ ആഭ്യന്തരകയറ്റുമതിക്കാര്‍, വന്‍ബിസിനസ്സ് സാമ്രാജ്യങ്ങള്‍, ബാങ്കര്‍മാര്‍ എന്നിവരിലൂടെയാണ്. 1980കളുടെ തുടക്കത്തില്‍ നിയോലിബറല്‍ ഭരണവര്‍ഗ്ഗത്തിലെ ചില ഘടകങ്ങള്‍ തങ്ങളുടെ നയങ്ങള്‍ സമൂഹത്തില്‍ വലിയ തോതിലുളള ധ്രുവീകരണം സൃഷ്‌ടിക്കുന്നുണ്ടെന്നും വന്‍തോതില്‍ സാമൂഹ്യഅസംതൃപ്‌തിക്കു വഴിമരുന്നിടുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. നിയോലിബറല്‍ രാഷ്‌ട്രീയനേതൃത്വം വന്‍തോതില്‍ പണമൊഴുക്കി ഒരു സമാന്തര തന്ത്രത്തിനു രൂപം നല്‍കി. അടിത്തട്ടില്‍ നിന്നുളള പ്രവര്‍ത്തനമായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. അടിത്തട്ടിലുളള സംഘടനകള്‍ ഭരണകൂട വിരുദ്ധ സ്വഭാവത്തോടെയുള്ള പ്രത്യയശാസ്‌ത്രം ഉയര്‍ത്തിപ്പിടിച്ച് ശക്തമായി ഏറ്റുമുട്ടിയിരുന്ന സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സമ്മര്‍ദ്ദങ്ങളെ തടയുന്ന ഒരുതരം സാമൂഹ്യ മെത്ത സൃഷ്‌ടിക്കുകയാണ് അവര്‍ ലക്ഷ്യമിട്ടത്. ഈ സംഘടനകളെല്ലാം സാമ്പത്തികമായി ആശ്രയിച്ചുകൊണ്ടിരുന്നത് നിയോലിബറല്‍ സ്രോതസ്സുകളെയായിരുന്നു. പ്രാദേശികനേതാക്കളെയും സജീവമായി പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളെയും സ്വാധീനിക്കാന്‍ സാമൂഹ്യ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി മത്സരിക്കാന്‍ ഇവ പ്രത്യക്ഷമായി രംഗത്തുണ്ടായിരുന്നു. 1990കളോടെ ഈ സംഘടനകളെല്ലാം ഗവണ്‍മെന്റിതര സംഘടനകള്‍ (നോണ്‍ ഗവണ്‍മെന്റല്‍) എന്നറിയപ്പെടാന്‍ തുടങ്ങി. ലോകത്തെങ്ങും ഇത്തരം ആയിരക്കണക്കിനു സംഘടനകള്‍ രൂപപ്പെട്ടു. 1990കളുടെ തുടക്കത്തില്‍ നാല് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇവയ്‌ക്കായി സാമ്രാജ്യത്വം ചെലവഴിച്ചത്.

90കളില്‍ ഉയര്‍ന്നുവന്ന ആഗോളവല്‍ക്കരണ വിരുദ്ധ ആഗോളസമരങ്ങള്‍ അട്ടിമറിച്ചതിന്റെ പിന്നില്‍ എന്‍.ജി.ഒ.കളല്ലെ ഉള്ളത് ?

ലാറ്റിനമേരിക്കയിലെ ഗവണ്‍മെന്റിതര സംഘടനകളുടെ (എന്‍.ജി.ഒ.) രാഷ്‌ട്രീയസ്വഭാവം സംബന്ധിച്ച ആശയക്കുഴപ്പം 1970കളില്‍ പട്ടാളഭരണകാലത്തുതന്നെ രൂപപ്പെട്ടതാണ്. അക്കാലത്ത് അവരുടെ ദൌത്യം സൈനിക ഭരണത്തിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുകയും ദുരിതബാധിതര്‍ക്ക് മാനുഷികമായ പിന്‍തുണ ഉറപ്പാക്കുകയായിരുന്നു. നിയോലിബറല്‍ ഏകാധിപത്യഭരണകൂടങ്ങള്‍ അടിച്ചേല്‍പ്പിച്ച ആദ്യഘട്ട ഷോക് ചികിത്സക്കിരയായവര്‍ക്ക് അതിജീവനത്തിനുതകുംവിധം സൂപ്പ് നല്‍കുന്ന അടുക്കളകള്‍ സ്ഥാപിച്ചാണ് എന്‍.ജി.ഒകള്‍ മുന്നേറിയത്. ഈ ഘട്ടം ഇടതുപക്ഷക്കാര്‍ക്കിടയില്‍ പോലും ഗവണ്‍മെന്റിതരസംഘടനകളെ സംബന്ധിച്ച് അനുകൂലമായ പ്രതിച്‌ഛായ സൃഷ്‌ടിച്ചു. അവര്‍ പുരോഗമനചേരിയുടെ ഭാഗമായി കണക്കാക്കപ്പെട്ടു. അപ്പോള്‍ പോലും എന്‍.ജി.ഒകളുടെ പരിമിതി വെളിപ്പെട്ടിരുന്നു. പ്രാദേശികമായി ഏകാധിപത്യഭരണകൂടങ്ങളുടെ മനുഷ്യാവകാശലംഘനങ്ങളെ എതിര്‍ക്കുമ്പോഴും ഈ ഭരണകൂടങ്ങളെ സംരക്ഷിക്കുകയും ധനസഹായം നല്‍കുകയും ചെയ്‌ത യൂറോപ്പിലെ യജമാനന്മാരെ തള്ളിപ്പറയാന്‍ എന്‍.ജി.ഒകള്‍ക്ക് സാധിച്ചില്ല. മാത്രവുമല്ല നിയോലിബറല്‍ സാമ്പത്തിക നയങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സാമ്രാജ്യത്വത്തിന്റെ ഈ ഘട്ടവുമായി ബന്ധിപ്പിച്ച് ഒരന്വേഷണവും ഗൌരവമായി നടത്താന്‍ അവര്‍ തയ്യാറായില്ല. പുറമെ നിന്നുള്ള ഫണ്ടിംഗിന്റെ സാധ്യതകളാവും ഇത്തരമൊരു വിമര്‍ശനത്തിന്റെയും മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയും പരിമിതിക്കിടയാക്കിയത്.

1980കളില്‍ വളര്‍ന്നുവന്ന നിയോലിബറലിസത്തോടുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ ഗവണ്‍മെന്റുകളും ലോകബാങ്കും എന്‍.ജി.ഒകള്‍ക്കുള്ള ഫണ്ടിന്റെ തോത് വര്‍ധിപ്പിച്ചു. നിയോലിബറല്‍ മാതൃകക്കെതിരെയുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കൊപ്പം തന്നെ അവയെ അട്ടിമറിക്കുന്നതിന് എന്‍.ജി.ഒകളെ ഉപയോഗിച്ച് ബദല്‍ സാമൂഹ്യപ്രവര്‍ത്തനം സംഘടിപ്പിക്കുന്ന രീതിയും വികസിച്ചു. ഗവണ്‍മെന്റിതര സംഘടനകളും ലോകബാങ്കും തമ്മിലുള്ള അടിസ്ഥാനപരമായ അഭിപ്രായൈക്യം ഭരണകൂടത്തോടുള്ള സമീപനത്തിലാണ് ദൃശ്യമായത്. രണ്ടുകൂട്ടര്‍ക്കും ഭരണകൂടത്തോട് കടുത്ത എതിര്‍പ്പുണ്ട്. ഉപരിതലത്തില്‍ ഇടതുപക്ഷനിലപാടെന്നുതോന്നും മട്ടില്‍ ഗവണ്‍മെന്റിതര സംഘടനകള്‍ പൌരസമൂഹത്തിന്റെ പക്ഷത്തുനിന്ന് ഭരണകൂടത്തെ വിമര്‍ശിച്ചു. വലതുപക്ഷം കമ്പോളത്തിന്റെ പേരുപറഞ്ഞും ഇതേവിമര്‍ശനങ്ങള്‍ ഉന്നയിച്ചു. യഥാര്‍ത്ഥത്തില്‍ ലോകബാങ്കും നിയോലിബറല്‍ ഭരണകൂടങ്ങളും പാശ്ചാത്യഫൌണ്ടേഷനുകളും ഒത്തുചേരുകയും ഗവണ്‍മെന്റിതരസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ദേശീയ ക്ഷേമരാഷ്‌ട്രമെന്നതിനെ ചുരുക്കിക്കാണാനും ബഹുരാഷ്‌ട്രകുത്തകകളുടെ ഇരകള്‍ക്ക് സാമൂഹ്യസേവനം ഉറപ്പാക്കാനും ഇതിലൂടെ കഴിഞ്ഞു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മേല്‍തട്ടിലെ നിയോലിബറല്‍ ഭരണകൂടങ്ങള്‍ രാജ്യത്തെ ജനസമൂഹങ്ങളെ കുറഞ്ഞനിരക്കിലുള്ള ഇറക്കുമതിയിലൂടെയും ആഭ്യന്തരകടം തിരിച്ചടക്കലിലൂടെയും തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിലൂടെയും തുച്‌ഛമായ കൂലിക്കു ജോലി ചെയ്യുന്നവരുടെയും തൊഴില്‍രഹിതരുടെയും കൂട്ടമാക്കി മാറ്റി. ഗവണ്‍മെന്റിതര സംഘടനകളാകട്ടെ വലിയ തോതില്‍ ഫണ്ടുകൈപ്പറ്റി സ്വയം സഹായപദ്ധതികളും ജനകീയ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നടപ്പാക്കി താല്‍ക്കാലികമായെങ്കിലും ദരിദ്രരുടെ ചെറുസംഘടനകളെയും പ്രാദേശികയ രാഷ്‌ട്രീയ നേതൃത്വത്തെയും സ്വാംശീകരിച്ചു. വ്യവസ്ഥാ വിരുദ്ധ പോരാട്ടത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. നിയോലിബറലിസത്തിന്റെ സാമൂഹ്യമുഖമായി ഗവണ്‍മെന്റിതരസംഘടനകള്‍ മാറി.

തുടക്കത്തില്‍ മേല്‍ത്തട്ടില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന അപകടകരമായ പ്രവര്‍ത്തനങ്ങള്‍ താഴെതട്ടിലെ പ്രോജക്ടുകളിലൂടെ അവര്‍ വ്യാപകമാക്കി. ഫലത്തില്‍ നിയോലിബറലുകള്‍ ദ്വിമുഖമായ പ്രവര്‍ത്തനശൈലി നടപ്പാക്കി. നിര്‍ഭാഗ്യവശാല്‍ ഇടതുപക്ഷം നിയോലിബറലിസത്തെ മേല്‍തട്ടിലും രാജ്യങ്ങള്‍ക്ക് പുറത്തും (ഐ.എം.എഫ്, ലോകബാങ്ക്) കേന്ദ്രീകരിച്ച് ആക്രമിക്കാനാണ് ശ്രമിച്ചത്. താഴെതട്ടില്‍ നടപ്പാക്കപ്പെടുന്ന നിയോലിബറലിസത്തെ (സന്നദ്ധസംഘടനകള്‍, മൈക്രോ സംരംഭങ്ങള്‍ തുടങ്ങിയവ) അവര്‍ അവഗണിച്ചു. ഈ കാഴ്‌ചയില്ലായ്‌മയുടെ കാരണം പല മുന്‍മാര്‍ക്‌സിസ്‌റ്റുകളും എന്‍.ജി.ഒ ഫോര്‍മുലയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിവര്‍ത്തിക്കപ്പെട്ടതുമാകാം.

വര്‍ഗ്ഗരാഷ്‌ട്രീയത്തില്‍ നിന്നും കമ്മ്യൂണിറ്റി വികസനത്തിലേക്കുള്ള പ്രത്യയശാസ്‌ത്രപരമായ യാത്രക്കുള്ള ടിക്കറ്റ് നല്‍കുന്നത് പോസ്‌റ്റ് മാര്‍ക്‌സിസമാണ്. മാര്‍ക്‌സിസത്തില്‍ നിന്നും എന്‍.ജി.ഒ കളിലേക്കുള്ള യാത്രയാണിത്. നിയോലിബറലുകള്‍ അത്യപൂര്‍വ്വമായ സര്‍ക്കാര്‍ സ്വത്തുക്കള്‍ സ്വകാര്യമേഖലയിലെ ധനികര്‍ക്ക് കൈമാറുമ്പോള്‍ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ഭാഗമാകാന്‍ എന്‍.ജി.ഒകള്‍ തയ്യാറല്ല. മറുവശത്താകട്ടെ ഇവര്‍ പ്രാദേശികമായി സ്വകാര്യപദ്ധതികളില്‍ സജീവവുമാണ്. സ്വകാര്യസംരംഭകത്വവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളില്‍ അവര്‍ ആഴ്ന്നിറങ്ങന്നു. സ്വയം സഹായത്തിന്റെ പേരിലാണീ പ്രവര്‍ത്തനം. മൈക്രോസംരംഭങ്ങളുടെ മേല്‍ കേന്ദ്രീകരിച്ചാണ് പ്രാദേശിക സമൂഹങ്ങളില്‍ ഈ പ്രവര്‍ത്തനം നടത്തുന്നത്.

ചെറുകിട മുതലാളിമാര്‍ക്കും സ്വകാര്യവല്‍ക്കരണത്തിലൂടെ വന്‍ലാഭം കൊയ്യുന്ന കുത്തകകള്‍ക്കുമിടയില്‍ ആശയപരമായ ഒരു പാലം പണിയുകയാണ് എന്‍.ജി.ഒകള്‍ ചെയ്യുന്നത്. ഭരണകൂടത്തോടുള്ള എതിര്‍പ്പ് മറയാക്കിയും പൌരസമൂഹംസൃഷ്‌ടിച്ചുമാണ് ഇത് നടപ്പാക്കുന്നത്. വന്‍കിടക്കാരായ സമ്പന്നര്‍ക്ക് വലിയ സാമ്പത്തികസാമ്രാജ്യങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി ലഭിക്കുമ്പോള്‍ എന്‍.ജി.ഒകളില്‍ അണിചേരുന്ന ഇടത്തരക്കാരായ പ്രൊഫഷണലുകള്‍ക്ക് ഓഫീസുകളുടെ നടത്തിപ്പിനും യാത്രാച്ചെലവിനും ചെറുകിട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെറിയ തുക ലഭിക്കും.

അരാഷ്‌ട്രീയവല്‍ക്കരണവും, മധ്യവര്‍ഗ്ഗവല്‍ക്കരണവും പോസ്‌റ്റ് മാര്‍ക്‌സിസം ഏറ്റെടുത്തതിന്റെ അനുഭവങ്ങള്‍?

എന്‍.ജി.ഒ പ്രവര്‍ത്തനത്തിലൂടെ പ്രകടമാവുന്ന രാഷ്‌ട്രീയ പ്രശ്‌നം സുപ്രധാനമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഗവണ്‍മെന്റിതരസംഘടനകള്‍ അരാഷ്‌ട്രീയവല്‍ക്കരിച്ചു എന്നതാണത്. പൊതുമേഖലയിലെ തൊഴിലിനോടുള്ള പ്രതിബദ്ധതയെ അവര്‍ കുറച്ചു. രാഷ്‌ട്രീയബോധമുള്ള നേതൃത്വത്തെ ചെറുപദ്ധതികളില്‍ അവ തളച്ചിട്ടു. പൊതുവിദ്യാഭ്യാസത്തെയും അവിടത്തെ ജീവനക്കാരെയും തകര്‍ക്കുന്നതിനെതിരെ പൊതുമേഖലയിലെ അധ്യാപകര്‍ പ്രക്ഷോഭം നടത്തുമ്പോള്‍ ഗവണ്‍മെന്റിതര സംഘടനകള്‍ അതില്‍നിന്നും വിട്ടുനില്‍ക്കും. ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിനെതിരെയും കൂലികുറയ്‌ക്കുന്നതിനെതിരെയും പ്രക്ഷോഭം ഉയര്‍ന്ന ഒരിടത്തും എന്‍.ജി.ഒകള്‍ അതിനെ പിന്താങ്ങിയ അനുഭവമില്ല. പ്രായോഗികമായി ഗവണ്‍മെന്റിതര സംഘടനകള്‍ പൊതുവായ ചെലവുകള്‍ വെട്ടിക്കുറക്കാനുള്ള നടപടികളെ പിന്തുണയ്‌ക്കുകയും നിയോലിബറലുകളുടെ ഫണ്ടിന്റെ സിംഹഭാഗവും സ്വതന്ത്രമാക്കി വന്‍കിട കയറ്റുമതിക്കാര്‍ക്ക് സബ്‌സിഡിയായിട്ടുറപ്പാക്കുകയും ഇതിനു പ്രതിഫലമായി എന്‍.ജി.ഒകള്‍ക്ക് ചെറിയ തുക ഉറപ്പുവരുത്തുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റിതര സംഘടകനകള്‍ ഗവണ്‍മെന്റിതരമല്ല. അവര്‍ വിദേശ ഗവണ്‍മെന്റുകളില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്നവരോട് പ്രാദേശികസര്‍ക്കാരുകളുടെ സ്വകാര്യ സബ് കോണ്‍ട്രാക്‌ടര്‍ ജോലി ഏറ്റെടുക്കുന്നവരോ ആണ്.

രാജ്യത്തിനകത്തും പുറത്തും നിരന്തരമായി പരസ്യമായിത്തന്നെ ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിക്കുന്നവരാണ് അവര്‍. ഈ സബ് കോണ്‍ട്രാക്‌ട് പ്രൊഫഷണലുകളുമായുള്ള ഉറച്ച കോണ്‍ട്രാക്‌ടുകളെ പിന്തള്ളുന്നു. ആവശ്യാനുസരണം ഇക്കൂട്ടര്‍ പകരം വെക്കപ്പെടുന്നു. ക്ഷേമരാഷ്‌ട്രങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദീര്‍ഘകാല ക്ഷേമപരിപാടികളൊന്നും ഗവണ്‍മെന്റിതര സംഘടനകള്‍ക്കു നിര്‍വ്വഹിക്കാനാകില്ല. സമൂഹത്തിലെ ചെറുസംഘങ്ങള്‍ക്ക് പരിമിതമായ സേവനം നല്‍കാനേ അവയ്‌ക്കു സാധിക്കൂ. ഇതിനേക്കാള്‍ പ്രധാനമാണ് പ്രാദേശിക തലത്തിലെ ജനങ്ങളോടല്ല, വിദേശത്തെ ഫണ്ടിംഗ് മുതലാളിമാരോടാണ് അവര്‍ക്ക് കടപ്പാട് എന്നത്. സാമൂഹ്യപ്രവര്‍ത്തനരംഗത്തെ പ്രാദേശികതലങ്ങളിലെ ജനങ്ങളില്‍നിന്നും തട്ടിയെടുക്കുന്നതിലൂടെ ജനാധിപത്യപ്രക്രിയ തന്നെ ചെറുതാക്കുകയാണ് ഗവണ്‍മെന്‍രിതര സംഘടനകള്‍ ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കുപകരം ആരും തെരഞ്ഞെടുക്കാത്ത വിദേശത്തെ ഉദ്യോഗസ്ഥരുമായും പ്രാദേശികമായി അവര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുമായാണ് എന്‍.ജി.ഒ കള്‍ ബന്ധപ്പെടുന്നത്. ദേശീയ ബജറ്റ് അടക്കമുള്ള ഗൌരവാവഹമായ പ്രശ്‌നങ്ങളില്‍നിന്നും എന്‍.ജി.ഒകള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും പ്രക്ഷോഭത്തിനുപകരം പ്രാദേശിക സേവനങ്ങള്‍ക്കായി സ്വയം ചൂഷണത്തിന് ജനതയെ വിധേയമാക്കുകയും ചെയ്യുന്നു. നിയോലിബറലുകള്‍ക്ക് സാമൂഹ്യബജറ്റ് വെട്ടിച്ചുരുക്കാന്‍ അവസരം കിട്ടുന്നു. രാജ്യത്തിന്റെ ധനം കടം തിരിച്ചടക്കാത്തവര്‍ക്കും സ്വകാര്യബാങ്കുകള്‍ക്കും കയറ്റുമതിക്കാര്‍ക്കും ഒക്കെ നേട്ടമുണ്ടാക്കാന്‍ വഴിതിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. സ്വയം ചൂഷണം (സ്വയംസഹായം) എന്നതിനര്‍ത്ഥം ഗവണ്‍മെന്റിനു നികുതികൊടുക്കുന്നതിനുപകരമായി യാതൊന്നും കിട്ടുന്നില്ല എന്നാണ്. തൊഴിലാളികള്‍ക്ക് കുറഞ്ഞനിരക്കില്‍ അധികം ജോലി ചെയ്യേണ്ടിവരുന്നു. മുതലാളിമാര്‍ക്ക് ഇന്ധനവും സേവനങ്ങളുമൊക്കെ ഗവണ്‍മെന്റില്‍ നിന്ന് സൌജന്യമായി ലഭിക്കുന്നു.
അടിസ്ഥാനപരമായി എന്‍.ജി.ഒ പ്രത്യയശാസ്‌ത്രമായ സ്വകാര്യ സന്നദ്ധപ്രവര്‍ത്തനം ഗവണ്‍മെന്റിന് പൌരന്മാരെ സംരക്ഷിക്കാനും സമത്വവും ആഹ്ളാദകരമായ ജീവിതാവസ്ഥയും ഉറപ്പാക്കാനുമുള്ള ചുമതലയുണ്ടെന്ന് ധാരണയെ തിരുത്തുന്നതിനാണ് പരിശ്രമിക്കുന്നത്.

പൌരന്മാരുടെ ക്ഷേമത്തിന് ഭരണകൂടത്തിന്റെ രാഷ്‌ട്രീയമായ ഉത്തരവാദിത്വം അത്യാവശ്യമാണ്. പൊതുവായ ഈ ഉത്തരവാദിത്വത്തിന് പകരം ഗവണ്‍മെന്റിതര സംഘടനകള്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് സ്വകാര്യ ഉത്തരവാദിത്തവും അവ പരിഹരിക്കാന്‍ സ്വകാര്യവിഭവങ്ങളും എന്ന നിയോലിബറല്‍ ആശയമാണ് മുന്നോട്ടുവെക്കുന്നത്. ഫലത്തില്‍ ദരിദ്രര്‍ക്കുമേല്‍ രണ്ടുതരം ഭാരമാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്. അവര്‍ക്ക് നിയോലിബറല്‍ ഭരണകൂടങ്ങല്‍ക്ക് നികുതി നല്‍കി ധനികരെ സേവിക്കുന്നതോടൊപ്പം സ്വന്തം കാര്യങ്ങള്‍ക്ക് സ്വകാര്യ ചൂഷണത്തെ ആശ്രയിക്കേണ്ടതായും വരുന്നു.

എന്‍.ജി.ഒ.കള്‍ സാമൂഹികവിരുദ്ധ പ്രസ്ഥാനങ്ങളായി നീങ്ങുന്നതിനെക്കുറിച്ച് ?

ഗവണ്‍മെന്റിതര സംഘടനകള്‍ ഊന്നല്‍ നല്‍കുന്നത് പ്രസ്ഥാനങ്ങള്‍ക്കല്ല പ്രോജക്‌ടുകള്‍ക്കാണ്. അവര്‍ ജനങ്ങളെ സംഘടിപ്പിക്കുന്നത് പരിമിതമായ ഉല്പാദനത്തിനാണ്. അല്ലാതെ അടിസ്ഥാനപരമായ ഉല്പാദനോപാധികളെയും സമ്പത്തിനെയും നിയന്ത്രിക്കാനുള്ള പോരാട്ടത്തിനല്ല. ജനങ്ങളുടെ നിത്യജീവിതത്തെ രൂപപ്പെടുത്തുന്ന ഘടനകളുടെ വ്യവസ്ഥയിലല്ല അവര്‍ കേന്ദ്രീകരിക്കുന്നത്. പകരം സാമ്പത്തികവും സാങ്കേതികവുമായ സഹായത്തിലൂടെ പ്രോജക്‌ടുകള്‍ മെച്ചപ്പെടുത്തുന്നതിലാണ്. ഇടതുപക്ഷത്തിന്റെ ഭാഷ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ജനകീയാധികാരം', 'ശാക്തീകരണം', 'ലിംഗപരമായ തുല്യത', 'സുസ്ഥിര വികസനം', കീഴ്‌തട്ടില്‍ നിന്നുള്ള നേതൃത്വം' തുടങ്ങിയവ ദൃഷ്‌ടാന്തം, ഇവിടുത്തെ പ്രശ്‌നം ഈ ഭാഷാപ്രയോഗങ്ങള്‍ ബന്ധപ്പെടുന്നത് ഫണ്ടുനല്‍കുന്നവരുമായും ഗവണ്‍മെന്റ് ഏജന്‍സികളുമായുള്ള സഹകരണത്തിന്റെ ചട്ടക്കൂടിലാണ് എന്നതാണ്. ഏറ്റു മുട്ടലുകളില്ലാത്ത രാഷ്‌ട്രീയ പ്രയോഗത്തിന്റെ പ്രാദേശികതലമായ ശാക്തീകരണം സാമൂഹ്യജീവിതത്തിന്റെ ചെറിയ മേഖലയെ സ്വാധീനിക്കുന്നതിനപ്പുറം മുന്നേറുന്നില്ല. നിയോലിബറല്‍ രാഷ്‌ട്രവും സ്ഥൂലസമ്പദ് വ്യവസ്ഥയും അനുവദിക്കുന്നതിനപ്പുറം ശാക്തീകരണം വളരുന്നില്ല.

എന്‍.ജി.ഒകളും അവരുടെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പ്രൊഫഷണലുകളും ദരിദ്രര്‍, സ്‌ത്രീകള്‍, വംശീയമായി അവഗണന അനുഭവിക്കുന്നവര്‍ തുടങ്ങിയവരുടെ പിന്തുണ നേടാന്‍ സാമൂഹ്യ - രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി നേരിട്ടു മത്സരിക്കുന്നു. അവരുടെ പ്രത്യശാസ്‌ത്രവും പ്രയോഗവും ദാരിദ്ര്യത്തിന്റെ സ്രോതസ്സുകളില്‍ നിന്നും പരിഹാരങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചു വിടാനാണ് ലക്ഷ്യംവെക്കുന്നത്. ദിരിദ്രര്‍ താഴേക്കും അകത്തേക്കും നോക്കുകയും മുകളിലോട്ടും പുറത്തോട്ടും നോക്കാതിരിക്കുകയും ചെയ്യുന്നു. വിദേശബാങ്കുകളുടെ കൊള്ളയെ സംബന്ധിച്ച് നിശബ്‌ദത പാലിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോ സംരംഭങ്ങള്‍ മതിയെന്നു തീരുമാനിക്കുകയും ചെയ്യുന്നനത് വ്യക്തികളുടെ മുന്‍കൈയാണ്, സമ്പത്തിന്റെ കൈമാറ്റത്തിലെ സുതാര്യതയില്ലായ്‌മയല്ല പ്രശ്‌നമെന്ന് ഉറപ്പിക്കുകയാണ്.

എന്‍.ജി.ഒകളുടെ സഹായം ജനസംഖ്യയിലെ തീരെ ചെറിയ വിഭാഗത്തിലെ എത്തിച്ചേരുകയുള്ളൂ. തുച്‌ഛമായ വിഭവങ്ങള്‍ക്കായി സമൂഹത്തില്‍ കിടമത്സരം വര്‍ദ്ധിപ്പിക്കാനേ ഇതു സഹായിക്കൂ. വലിയ തോതിലുള്ള അകല്‍ച്ചയുണ്ടാക്കുകയും സമൂഹത്തിനുള്ളില്‍ പരസ്‌പരവൈരം വര്‍ധിപ്പിക്കുകയും വര്‍ഗ്ഗൈക്യം തകര്‍ക്കുകയുമാണ് ഇതിന്റെ ഫലം. പ്രൊഫഷണലുകള്‍ക്കിടയിലും ഇതുതന്നെ സംഭവിക്കുന്നു. ഓരോരുത്തരം വിദേശത്തുനിന്നുള്ള സമ്പത്തില്‍ കണ്ണുനട്ട് എന്‍.ജി.ഒ കള്‍ രൂപീകരിക്കുന്നു. വിദേശത്തുനിന്നുള്ള ദാതാക്കളുടെ താല്‍പ്പര്യത്തിനൊപ്പിച്ച് ഓരോരോതരം പ്രോജക്‌ടുകള്‍ തയ്യാറാക്കുന്നു. കുറഞ്ഞനിരക്കു നിശ്ചയിക്കുമ്പോള്‍ തന്നെ കൂടുതല്‍ പിന്തുണക്കാരുണ്ടെന്നും വാദിക്കുന്നു. ഇതിന്റെ ആന്ത്യന്തികഫലം എന്‍.ജി.ഒ കളുടെ പെരുപ്പത്തോടെ ദരിദ്രസമൂഹങ്ങള്‍ കൂടുതല്‍ ശിഥിലീകരിക്കപ്പെടുകയും ശകലീകൃതസംഘങ്ങള്‍ക്ക് വിശാലമായ സാമൂഹ്യസ്ഥിതി മനസ്സിലാക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു എന്നതാണ്. ഇതോടെ വ്യവസ്ഥക്കെതിരെ യോജിച്ച സമരം അസാധ്യമാക്കുന്നു.

അതായത് എന്‍.ജി.ഒ.കള്‍ നിയോലിബറലിസത്തിന്റെ 'കപട ജനകീയ മുഖ'മാണെന്ന് പറയാം?

ഗവണ്‍മെന്റിതര സംഘടനകള്‍ പുതിയൊരുതരം സാംസ്‌ക്കാരിക - രാഷ്‌ട്രീയ കോളനിവല്‍ക്കരണവും അടിമത്വവും സൃഷ്‌ടിക്കുന്നുണ്ട്. പ്രോജക്‌ടുകള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും സാമ്രാജ്യത്വകേന്ദ്രങ്ങള്‍ നിശ്ചയിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ്. അവ മേല്‍നോട്ടത്തിനു വിധേയമാക്കപ്പെട്ടശേഷം ചെറുസമൂഹങ്ങള്‍ക്ക് വില്‍ക്കപ്പെടുന്നു. മൂല്യനിര്‍ണ്ണയം നടത്തുന്നതു സാമ്രാജ്യത്വ സ്ഥാപനങ്ങളാണ്. അവര്‍ക്കുവേണ്ടിയാണ് മൂല്യനിര്‍ണ്ണയം. ഫണ്ടിംഗ് മുന്‍ഗണനകളിലെ മാറ്റത്തിന്റെയും തെറ്റായ മൂല്യനിര്‍ണ്ണയത്തിന്റേയും ഫലം ഗ്രൂപ്പുകളുടെയും കമ്മ്യൂണിറ്റികളുടെയും കൃഷിയിടങ്ങളുടെയും സഹകരണസംഘങ്ങളുടെയും നിശബ്‌ദമാക്കലാണ്. എല്ലാ കാര്യങ്ങളും, എല്ലാ വ്യക്തികളും കൂടുതല്‍ കൂടുതല്‍ അച്ചടക്കുള്ളവരായി ധനദാതാക്കളുടെ ആവശ്യങ്ങള്‍ക്കും അവര്‍ നിശ്ചയിച്ച പ്രോജക്‌ട് മൂല്യനിര്‍ണ്ണയവിദഗ്ദ്ധരുടെ താല്‍പ്പര്യങ്ങള്‍ക്കും പിറകില്‍ ക്യൂ നില്‍ക്കുന്നു. പുതിയ വൈസ്രോയിമാര്‍ മേല്‍നോട്ടം നിര്‍വ്വഹിക്കുകയും ലക്ഷ്യങ്ങള്‍ നേടിയോ എന്നും ധനദാതാക്കളുടെ മൂല്യങ്ങളും പ്രത്യയശാസ്‌ത്രവും പാലിക്കപ്പെട്ടുവോ എന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു. എവിടെയാണോ വിജയം ഉറപ്പാക്കപ്പെട്ടത് അവിടമാണ് പുറമെ നിന്നുള്ള സഹായത്തെ ഏറ്റവുമധികം ആശ്രയിക്കേണ്ടിവരിക. ഇങ്ങനെ ആശ്രയിക്കുന്നില്ലെങ്കില്‍ അവിടം പൂര്‍ണ്ണമായും തകരും.

ഇതില്‍നിന്ന് വ്യത്യസ്‌തമായ അനുഭവമുണ്ടോ?

ഗവണ്‍മെന്റിതര സംഘടനകള്‍ സംഘടിപ്പിച്ചിട്ടുള്ള ജനങ്ങള്‍ നിയോലിബറലിസത്തിന്റെ ഉപകരണങ്ങളായി തുടരുമ്പോള്‍ തന്നെ ചെറിയൊരു ന്യൂനപക്ഷം ഒരു ബദല്‍ തന്ത്രം വികസിപ്പിക്കുന്നതിനും വര്‍ഗ്ഗസമരത്തെയും സാമ്രാജ്യത്വവിരുദ്ധ രാഷ്‌ട്രീയത്തെയും പിന്തുണക്കാനും പരിശ്രമിക്കുന്നുണ്ട്. ഇവരിലൊരാള്‍പോലും ലോകബാങ്കില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളിലെ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്നോ ഫണ്ടു സ്വീകരിക്കുന്നില്ല. അവര്‍ പ്രാദേശികാധികാരത്തെ ഭരണകൂടാധികാരത്തിനുള്ള സമരവുമായി ബന്ധപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പ്രാദേശിക പ്രോജക് ‌ടുകളെ ദേശീയമായ സാമൂഹ്യ- രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്നു. വന്‍കിട എസ്റേറ്റുകള്‍ പിടിച്ചെടുക്കുന്നതിനും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനും ബഹുരാഷ്‌ട്ര കുത്തകകള്‍ക്കെതിരെ ദേശീയ ഉടമസ്ഥതക്കുവേണ്ടിയും പോരാടുന്നു. അവര്‍ ലാറ്റിനമേരിക്കയില്‍ ഉള്‍പ്പെടെ ഭൂമി പിടിച്ചെടുക്കാന്‍ പൊരുതുന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് രാഷ്‌ട്രീയമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവര്‍ വര്‍ഗ്ഗപരമായ കാഴ്‌ചപ്പാടോടെയുള്ള സ്‌ത്രീ സമരങ്ങളെ പിന്തുണക്കുന്നു. അവര്‍ രാഷ്‌ട്രീയത്തെ നേതൃസ്ഥാനത്തു നിലനിര്‍ത്തുകയും പ്രാദേശികവും അടിയന്തിരവുമായ പോരാട്ടങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു. പ്രാദേശിക പ്രസ്ഥാനങ്ങള്‍ ദേശീയതലത്തില്‍ സമരസജ്ജരാകണമെന്നും ദേശീയ നേതാക്കള്‍ പ്രാദേശിക രാഷ്‌ട്രീയ പ്രവര്‍ത്തകരോട് ഉത്തരവാദിത്തമുള്ളവരാകണമെന്നും അവര്‍ കരുതുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇവരാരും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളല്ല.
*****
മുഖാമുഖം : ഡോ. ജെയിംസ് പെട്രാസ്
കടപ്പാട് : പി എ ജി ബുള്ളറ്റിന്‍