ഉസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ ശമ്പളം പറ്റുന്ന ഏജന്റാണെന്ന് ഫിദല്‍ കാസ്‌ട്രോ തുറന്നടിച്ചിരിക്കുന്നു. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരിലൊരാളും വിപ്ളവ ഇതിഹാസവുമായ കാസ്‌ട്രോ ഒരു ലിത്വാനിയന്‍ എഴുത്തുകാരനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബുഷിന് ലാദന്റെ പിന്തുണ എക്കാലത്തും ലഭിച്ചിരുന്നു എന്നും ലാദന്‍ ബുഷിന്റെ കീഴ് ജീവനക്കാരനായിരുന്നു എന്നും കാസ്‌ട്രോ വിശദീകരിക്കുന്നു. വിക്കിലീക്‌സ് പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് അഫ്‌ഗാന്‍ യുദ്ധരഹസ്യങ്ങളില്‍ നിന്ന് ലാദന്‍ ഒരു സി ഐ എ ഏജന്റാണെന്ന് തെളിയുന്നുണ്ട്. അമേരിക്കയിലെ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന് ലോകത്തെ ഭയപ്പെടുത്തണം എന്ന് തോന്നുന്ന അവസരങ്ങളിലാണ് ലാദന്‍ ഭീഷണി ഉയര്‍ത്തിയിട്ടുള്ളതെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തലുകളില്‍ നിന്ന് വ്യക്തമാകുന്നതായി കാസ്‌ട്രോ പറയുന്നു.

നമ്മുടെ ചാനല്‍ ചര്‍ച്ചകളിലെ വിദേശ കാര്യ-നയതന്ത്ര വിദഗ്ദ്ധര്‍ ഈ പ്രസ്‌താവനയുടെ വാച്യാര്‍ത്ഥവും വ്യാകരണവും ചികഞ്ഞ് ഇതൊരു കള്ള പ്രസ്‌താവനയാണെന്നോ അഥവാ ഗൌരവമില്ലാത്ത വിടുവായത്തമാണെന്നോ ഇതിനകം വിധിച്ചു കഴിഞ്ഞു. അഫ്‌ഗാനിസ്‌ഥാനില്‍ സോവിയറ്റനുകൂല ഭരണകൂടം നിലനിന്നിരുന്ന കാലത്ത്, അവിടത്തെ ഗോത്രജനതയെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിച്ചത് അമേരിക്കയും സി ഐ എയും തന്നെയായിരുന്നു എന്നത് അന്ന് പലരും അംഗീകരിച്ചിരുന്നില്ലെങ്കിലും ഇന്ന് എല്ലാവരും അംഗീകരിക്കുന്ന സംഗതിയാണ്. അന്ന് താലിബാന്‍കാരെ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചത് 'നമ്മുടെ സ്വാതന്ത്ര്യപ്പോരാളികള്‍' എന്നായിരുന്നു. കാസ്‌പിയന്‍ മേഖലയിലെ പെട്രോളിയം താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി, ഡോ. നജീബുള്ള സര്‍ക്കാരിനെതിരെ മതതീവ്രവാദികളുടെ കളിക്കളമാക്കി അഫ്‌ഗാനിസ്ഥാനെ മാറ്റി തീര്‍ക്കുന്നതിന് സി ഐ എ വഴിയും അല്ലാതെയും അറുപതിനായിരം കോടി ഡോളറാണ്(ഇന്ത്യന്‍ കണക്കില്‍ പന്ത്രണ്ട് ലക്ഷം കോടി രൂപ) ജനപ്രതിനിധി സഭയായ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെ യാങ്കി സര്‍ക്കാര്‍ ചെലവഴിച്ചത്.
ഏറ്റവും അവസാനം സപ്‌തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്ക് നടന്ന അതിരൂക്ഷമായ ആക്രമണം അമേരിക്കന്‍ സര്‍ക്കാര്‍ കൂടി അറിഞ്ഞുകൊണ്ട് നടത്തിയ ഒന്നായിരുന്നു എന്ന് സമര്‍ത്ഥിക്കുന്ന നിരവധി വാദങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മത-ദൈവശാസ്‌ത്രജ്ഞനായ പ്രൊഫസര്‍ ഡേവിഡ് റേ ഗ്രിഫിന്‍ ഈ വാദത്തിന്റെ മുഖ്യ വക്താക്കളിലൊരാളാണ്. സപ്‌തംബര്‍ 11ന് ശേഷം സൈനികവത്ക്കരണവും പൊലീസ് രാജും യുദ്ധോത്സുകതയും ലോകത്തെമ്പാടും വര്‍ദ്ധിച്ചു. ഇതിനെ തുടര്‍ന്ന് ആയുധവ്യാപാരത്തിലുണ്ടായ വര്‍ദ്ധന വിവരണാതീതമാണ്. സൌദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ബിന്‍ ലാദന്‍ കുടുംബക്കാര്‍ വന്‍ ആസ്‌തി കൈമുതലായുള്ള ഒരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ്. അഞ്ചു ബില്യന്‍ യു എസ് ഡോളറിന്റെ വാര്‍ഷിക വാണിജ്യമാണവര്‍ നടത്തുന്നത്. നിര്‍മാണ കോണ്‍ട്രാക്‌ടുകള്‍, ഇക്വിറ്റി മാനേജ്‌മെന്റ് പോലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് കോര്‍പ്പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്‌റ്റ്, ബോയിംഗ് അടക്കമുള്ള കമ്പനികളില്‍ വന്‍ ഷെയര്‍ നിക്ഷേപങ്ങളുണ്ട്. വിഖ്യാത ഡോക്കുമെന്ററി സംവിധായകനായ മൈക്കിള്‍ മൂറിന്റെ പ്രസിദ്ധ ചിത്രമായ ഫാരന്‍ഹീറ്റ് 9/11(2004), അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ കുടുംബവുമായി ബിന്‍ ലാദന്‍ കുടുംബം നടത്തിക്കൊണ്ടിരുന്ന ആയുധവ്യാപാരത്തെ നേരിട്ട് വിചാരണ ചെയ്യുന്ന ഒന്നാണ്. സപ്‌തംബര്‍ 11 ആക്രമണത്തിനു ശേഷം, അമേരിക്കയിലെ വിമാനത്താവളങ്ങള്‍ അടച്ചിടുകയോ കടുത്ത നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയോ ചെയ്‌തിരുന്ന സമയത്ത് ബിന്‍ലാദന്‍ കുടുംബാംഗങ്ങള്‍ മാത്രം സഞ്ചരിച്ചിരുന്ന ഒരു സ്വകാര്യ വിമാനത്തിന് രാജ്യം വിട്ടുപോകാന്‍ അനുമതി ബുഷ് നേരിട്ട് നല്‍കിയതു പോലുള്ള ഞെട്ടിപ്പിക്കുന്ന വസ്‌തുതകളാണ് ഈ സിനിമയിലുള്ളത്.

ചരിത്ര ബോധമുള്ള ആര്‍ക്കും താലിബാന്‍, അല്‍ ഖ്വയ്‌ദ പോലുള്ള ഭീകരപ്രസ്ഥാനങ്ങളെ അമേരിക്കയും സി ഐ എയും ഊട്ടി വളര്‍ത്തിയതാണെന്ന കാര്യം ബോധ്യപ്പെടാവുന്നതേ ഉള്ളൂ. ആഗോള ഭീകരതക്കെതിരായ അമേരിക്കയുടെ തുറന്ന യുദ്ധത്തിന്റെ കാലത്താണ് ലോകത്ത് ഭീകരാക്രമണങ്ങള്‍ ക്രമാതീതമായും നിയന്ത്രണാതീതമായും വര്‍ദ്ധിച്ചു വന്നിരിക്കുന്നത്. ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളാല്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലനില്‍പിനെയും അഫ്‌ഗാന്‍-ഇറാഖ് ആക്രമണങ്ങളെയും സാധൂകരിക്കാന്‍ ലോകത്തിന്റെ പലയിടത്തുമായി നിരന്തരം ഭീകരാക്രമണങ്ങള്‍ നടന്നുകൊണ്ടേ ഇരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലെ, തിരക്കഥയും സംഭാഷണവും രചിക്കപ്പെട്ട, മുന്‍ കൂട്ടി അമേരിക്കക്കറിയാവുന്ന ആക്രമണങ്ങളാണ് മിക്കപ്പോഴും നടക്കുന്നത്. അമേരിക്ക നടത്തുന്ന കടുത്ത ഭീകരവിരുദ്ധ യുദ്ധത്തെ തുടര്‍ന്ന് പ്രകോപിതരായ ജനത പല തരത്തിലുള്ള പ്രതിരോധാക്രമണങ്ങള്‍ സ്വാഭാവികമായി സംഘടിപ്പിക്കാനുള്ള സാധ്യതകളും തള്ളിക്കളയേണ്ടതില്ല. അത്തരം ആക്രമണങ്ങളുടെ വാര്‍ത്തകള്‍ അതിശയോക്തിപരമായി വിവരിക്കുന്നതോടെ വീണ്ടും സാമ്രാജ്യത്വാക്രമണങ്ങള്‍ക്കുള്ള ന്യായീകരണം ചമക്കപ്പെടുകയും ചെയ്യുന്നു. മൈക്കിള്‍ മൂറിന്റെ സിനിമയില്‍, സപ്‌തംബര്‍ 11ന് ആദ്യത്തെ വിമാനം വേള്‍ഡ് ട്രേഡ് സെന്ററിലിടിച്ചു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു എലിമെന്ററി വിദ്യാലയത്തില്‍ എന്തോ നിസ്സാര പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പ്രസിഡണ്ട് ബുഷ് ഫ്ളോറിഡയിലെ ആ സ്‌കൂളില്‍ കൊച്ചുകുട്ടികളോടൊപ്പം കളിക്കുന്ന പരിഹാസ്യമായ ദൃശ്യം കാണിക്കുന്നുണ്ട്. രണ്ടാമത്തെ വിമാനവും ഇടിച്ചു എന്നു പറയുമ്പോള്‍, ദ പെറ്റ് ഗോട്ട് എന്ന കുട്ടിക്കഥ വായിച്ച് കുട്ടികളോടൊപ്പം ചിരിച്ചുല്ലസിക്കുന്ന ബുഷിനെയാണ് കാണുന്നത്. ഏഴു മിനുറ്റോളം ഈ ഉല്ലാസം തുടരുന്നു. ഒന്നുകില്‍ പ്രസിഡണ്ട് ബുഷ് ഒരു മന്ദബുദ്ധിയോ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'ട്യൂബ് ലൈറ്റോ' ആയിരിക്കണം. അല്ലെങ്കില്‍ താന്‍ ഉദ്ദേശിച്ചതും നിര്‍ദ്ദേശിച്ചതുമായ കാര്യങ്ങള്‍ നടന്നത് അറിയുമ്പോള്‍ സന്തോഷം മൂടിവെക്കാന്‍ എന്തു ചെയ്യണം എന്നറിയാന്‍ പാടില്ലാത്ത ഒരു പാവം ചെകുത്താനായിരിക്കണം ബുഷ്.

താലിബാന്റെയും അല്‍ ഖ്വയ്‌ദയുടെയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വികസിത-അവികസിത വ്യത്യാസമില്ലാതെ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഇസ്ളാം ഭീതിയും പരന്നു. കുരിശു യുദ്ധ കാലത്തെന്നതു പോലെ ഇസ്ളാം-കൃസ്‌ത്യന്‍ സംഘര്‍ഷം നിര്‍മിച്ചെടുക്കാനും മൂര്‍ഛിപ്പിക്കാനുമുള്ള നീക്കങ്ങളും സജീവമാണ്. ഹണ്ടിംഗ്‌ടണ്‍ സിദ്ധാന്തം പോലെ, സംസ്‌ക്കാരങ്ങളുടെ സംഘര്‍ഷം എന്ന പേരില്‍ ഈ അവസ്ഥയെ തത്വവത്ക്കരിക്കാനും അപ്രകാരം ചരിത്രത്തില്‍ സാധൂകരിക്കാനുമുള്ള പ്രവണതകളും സജീവമാണ്.
ഇത്തരത്തിലുള്ള ഗൂഢാലോചനാപദ്ധതിക്കാര്‍ക്കും ആക്രമണോത്സുകരായ 'ജനാധിപത്യ പുനസ്ഥാപകര്‍'ക്കും ഫിദലിന്റെ തുറന്നടിച്ചുള്ള വിമര്‍ശനം തിരിച്ചടിയായിരിക്കുമെന്നതുറപ്പാണ്. വലിക്കുന്ന ചുരുട്ടില്‍ വരെ ബോംബ് വെച്ച് നിരവധി തവണ അദ്ദേഹത്തെ നിഷ്‌ക്കാസനം ചെയ്യാന്‍ കോടിക്കണക്കിന് ഡോളറാണ് സി ഐ എ ഒഴുക്കിയത്. എന്നിട്ടും ജീവിച്ചിരുന്ന്, അമേരിക്കക്ക് പ്രായോഗികമായും സൈദ്ധാന്തികമായും കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നത് ലോകമെമ്പാടുമുള്ള സാമ്രാജ്യത്വ വിരോധികള്‍ക്ക് അത്യധികം ആവേശം പകരുന്ന ഒരു കാര്യമാണ്.
*****
ജി. പി. രാമചന്ദ്രന്‍