തിങ്കളാഴ്‌ച, ഏപ്രിൽ 12, 2010

നിങ്ങളുടെ പഴഞ്ചൊല്ലുകളില്‍ ഞങ്ങള്‍ പതിരു വിളയിക്കും

നാരീ ഭരിച്ചിടം രണ്ടും മുടിയു''മെന്നാണത്രെ പ്രമാണം. എന്നാലീ നാട് മുടിയുമോ എന്ന് നമുക്കൊന്നു നോക്കാം! കേരളത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ ബഹുഭൂരിപക്ഷവും വരുന്ന ആഗസ്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പോടുകൂടി 'നാരീഭരണ'ത്തിന്‍ കീഴിലാവാന്‍ പോവുകയാണ്! 2009 സെപ്തംബര്‍ 16ന് കേരള നിയമസഭ പാസാക്കിയ സ്ത്രീസംവരണബില്‍ പകുതിസീറ്റുകളും പകുതി അധ്യക്ഷസ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യുന്നു. സംവരണേതര വാര്‍ഡുകളിലെ പ്രാതിനിധ്യം കൂടിയാവുമ്പോള്‍ സ്ത്രീ പ്രാതിനിധ്യം 50 ശതമാനത്തില്‍ കൂടുമെന്നുറപ്പ്. അതുകൊണ്ട് ജയിക്കുന്നത് ഏതുപക്ഷമായാലും (മുന്നണി) സ്ത്രീപക്ഷമായിരിക്കും എന്ന് ഇപ്പോഴേ ഉറപ്പിക്കാം; ഭരിക്കുന്നതും.

പക്ഷേ നമ്മുടെ മൂല്യബോധവും കാഴ്ചപ്പാടുകളും ഒരു രാത്രി ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ഇല്ലാതാവുന്നതല്ലല്ലോ. പഴഞ്ചൊല്ലുകളും നാട്ടുനടപ്പും ആചാരങ്ങളും അനുശാസനങ്ങളും സാമാന്യബോധവും എല്ലാം കൂടിച്ചേര്‍ന്ന് നിര്‍മിച്ച സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രവേരുകള്‍ എളുപ്പം അറ്റുപോകുന്നതല്ല. "നാരി നടിച്ചാല്‍ നാടു മുടിയും' എന്നാണ് ഒരു പഴഞ്ചൊല്ല് പറയുന്നത്. ഭരിക്കുന്നതുപോയിട്ട് നടിക്കുന്നതുപോലും ഉള്‍ക്കൊള്ളാനാവാത്തതാണ് നമ്മുടെ സാമാന്യബോധം. ഒന്നു കണ്ണോടിച്ചാല്‍ നമ്മുടെ ഈ പഴഞ്ചൊല്ലുകളില്‍ സ്ത്രീവിരുദ്ധതയുടെ എത്രയെത്ര പതിരുകളാണ് വിളഞ്ഞുകിടക്കുന്നത് എന്നു കാണാം! പൊതുപ്രവര്‍ത്തനം പോയിട്ട് കലാ സാഹിത്യ വിഷയങ്ങളില്‍പ്പോലും സ്ത്രീ ഇടപെടുന്നത് പുരുഷാധിപത്യ സമൂഹം വകവച്ചുകൊടുക്കുന്നില്ല.

ബലവത്തായ ചങ്ങലകള്‍പോലെ സ്ത്രീയുടെ പൊതുപ്രവേശനം അസാധ്യമാക്കുന്ന പഴഞ്ചൊല്ലുകള്‍ എത്ര വേണം! "ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ'' "അഴിഞ്ഞ പെണ്ണിന് ആചാരമില്ല'' "ആയിരം ആണു പിഴച്ചാലും അര പെണ്ണു പിഴയ്ക്കരുത്'' എന്നിട്ടും "ഒരുമ്പെടാന്‍'' തന്നെയാണോ പുറപ്പാട്. എന്നാല്‍ അവരോട് ഒരുവാക്ക്. എങ്ങനെ നിങ്ങള്‍ 'തുള്ളിയാലും' നിങ്ങള്‍ക്ക് പുരുഷനൊപ്പം എത്താനാവില്ല. നിങ്ങള്‍ക്കതിനുള്ള 'കഴിവില്ല'. അതായത്, 'അമ്മായി മീശവച്ചാല്‍ അമ്മാവനാവില്ല'' എന്ന് സാരം. എന്തിന് നാം പൊതുപ്രവര്‍ത്തനത്തിന്റെയൊക്കെ ഉയര്‍ന്ന മേഖലകളിലേക്ക് കടക്കണം! സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ സഹജവികാരങ്ങള്‍പോലും പ്രതിഫലിപ്പിക്കുന്നതിന് (പൊട്ടിക്കരയാനും പൊട്ടിച്ചിരിക്കാന്‍പോലും) പുരുഷാധിപത്യ വ്യവസ്ഥക്ക് കപ്പം കൊടുക്കേണ്ടിവന്നു. "ഉറക്കെ ചിരിക്കുന്നവളെ ഉലക്കകൊണ്ടടിക്കണം'' എന്ന പഴഞ്ചൊല്ലിന്റെ അര്‍ഥം സൂചിപ്പിക്കുന്നത് മറ്റെന്താണ്? അതുകൊണ്ട് വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാതെ കല്‍ത്തുറുങ്കുകളില്‍ മനസ്സു തൂക്കിയിട്ടു ജീവിക്കുന്നവരെ 'ഉത്തമ'സ്ത്രീകളായി കണ്ട് പുരുഷാധിപത്യം മാല ചാര്‍ത്തി സ്വീകരിക്കുമെന്ന് കരുതേണ്ടതില്ല.

പെണ്ണ് എന്ന ആദ്യശബ്ദത്തില്‍ തന്നെ മുന്‍വിധിക്ക് തയ്യാറായിക്കൊള്ളാനുള്ള അനുശാസനങ്ങളാണ് പല പഴഞ്ചൊല്ലുകളും. "മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ'' "പെബുദ്ധി പിന്‍ബുദ്ധി'' സ്ത്രീയുടെ ലൈംഗികതയും "ചാരിത്ര''മെന്ന മുതലാളിത്ത പരികല്‍പ്പനയും പഴഞ്ചൊല്ലുകളുടെ ഗവേഷണ വിഷയം തന്നെയാണ്. പുരുഷാധിപത്യം എന്നും സ്ത്രീയുടെ ലൈംഗികതയെ ഭയപ്പെട്ടുപോന്നു എന്നത് വസ്തുതയാണ്. സ്ത്രീ ലൈംഗികതയെ മാത്രമല്ല; മാതൃത്വത്തെപ്പോലും നിന്ദിക്കാന്‍ ഈ പഴഞ്ചൊല്ലുകള്‍ തയ്യാറാവുന്നതു കാണാം. "വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്'' "ആനക്ക് അരക്കാതം അറുവാണിക്ക് മുക്കാകാതം'' "മച്ചിപ്പശു തൊഴുത്തുമാറിയാലും പ്രസവിക്കില്ല'' "നട്ടുണങ്ങിയ പെണ്ണും പെറ്റുണങ്ങിയ പെണ്ണും നന്നാവില്ല''
ജന്മംകൊണ്ടതു മുതല്‍ അടക്കം ചെയ്യപ്പെടുന്നതുവരെ വ്യവസ്ഥ അവളെ കഴുത്തില്‍ ഞെരിച്ച് ശ്വാസം മുട്ടിക്കുന്നുണ്ട്. ഒന്നു പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനുമാവാതെ... പുറത്തിറങ്ങാനും പുറത്തുപറയാനുമാവാതെ... നിന്ദിക്കപ്പെടാനും പരിഹസിക്കപ്പെടാനുമായിട്ട്..... ഒരു സ്ത്രീജീവിതം! ഈ ആത്മനിന്ദയുടെയും ആത്മനഷ്ടത്തിന്റെയും പരകോടിയില്‍ കുരലുപൊട്ടി പിറന്നുവീണതാകാം ഈ പഴഞ്ചൊല്ല്; "മണ്ണായി പിറന്നാലും പെണ്ണായി പിറക്കരുത്''

ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയുമായി നാം ഈ പഴഞ്ചൊല്ലുകളെ ഒന്നു തുലനം ചെയ്തു നോക്കുക. ചില അതിശയോക്തികളായി തോന്നിയേക്കാവുന്ന (ഉദാ: ഉലക്കകൊണ്ടടിക്കണം) പ്രയോഗങ്ങളെ വ്യവകലനം ചെയ്തു കഴിഞ്ഞാല്‍ ആന്തരികഘടന പരിക്കേല്‍ക്കാത്ത പുരുഷാധിപത്യ മൂല്യങ്ങള്‍ക്കുള്ളില്‍ സുഭദ്രമാണ് എന്നു കാണാം. "സംഗതിയൊക്കെ ശരി, പക്ഷേ നിന്റെ ഒരു വിമോചനവും ഇവിടെ ചെലവാക്കാന്‍ നോക്കണ്ട'' എന്ന്. ഇപ്പോഴും കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിരവധി വനിതകള്‍ അദൃശ്യരായിക്കൊണ്ടിരിക്കുക തന്നെയാണ്. വിവാഹശേഷം അഭിനയം നിര്‍ത്തിയ നായികമാരെക്കുറിച്ചുമാത്രം നാം ഉല്‍ക്കണ്ഠപ്പെട്ടാല്‍ പോര; വിവാഹശേഷഷം പൊതുപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും നിര്‍ത്തിയ എണ്ണമറ്റ സ്ത്രീനേതൃത്വങ്ങളെക്കുറിച്ചുകൂടി നാം ആശങ്കപ്പെടേണ്ടതുണ്ട്. ഇന്നും വീട് 'സ്ത്രീ'യെ സംബന്ധിച്ചിടത്തോളം മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജം നല്‍കുന്നുണ്ടെന്നു പറയാനാവില്ല. മറിച്ച് പൊതുജീവിതത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭവിഷ്യത്തുകളെകുറിച്ചുള്ള പ്രബന്ധങ്ങളാണ് അവിടെ സ്വാഭാവികമായും രചിച്ചുകൊണ്ടിരിക്കുന്നത്.

ഒന്നു ചോദിക്കട്ടെ; എങ്ങനെയാണ് ഒരു പെണ്‍കുട്ടി ആത്മവിശ്വാസത്തോടെ ഒരടി മുന്നോട്ടുവയ്ക്കുക? ഇവിടെയാണ് പഴഞ്ചൊല്ലുകള്‍ ഉള്‍പ്പെടെയുള്ള വ്യവസ്ഥാനുകൂല ശാസ്ത്രങ്ങളെ നാം പുനര്‍വായനക്ക് വിധേയമാക്കേണ്ടതിന്റെ പ്രസക്തി. അപ്പോള്‍ ഒരു ചൊല്ലും വ്യവസ്ഥയെ ധിക്കരിച്ച് പിറന്നുവീഴുന്നില്ല എന്നു തിരിച്ചറിയാനാവും. സ്ത്രീയുടേതു മാറ്റി അടയാളപ്പെടുത്തപ്പെട്ട സാമൂഹിക സ്ഥാനമാണെന്നത് ഇന്ന് ഏതു നരവംശ ശാസ്ത്ര വിദ്യാര്‍ഥിക്കും അറിയാവുന്ന കാര്യമാണ്. സാമൂഹിക ജീവിതത്തില്‍ തുല്യതയോ മുന്‍തൂക്കം പോലുമോ ഉണ്ടായിരുന്ന ലിംഗവിഭാഗം തന്നെയായിരുന്നു സ്ത്രീ. സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടുകൂടി സ്ത്രീയുടെ ലൈംഗികതയ്ക്ക് നിയന്ത്രണങ്ങള്‍ വരികയും കുടുംബം എന്ന പരികല്‍പ്പന രൂപം കൊള്ളുകയും എല്ലാം ചെയ്യുന്നത് എംഗല്‍സ് തന്റെ വിഖ്യാതമായ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയുടെ ഈ അവസ്ഥയുടെ പാപക്കറ മുതലാളിത്തത്തിന്റെ ആസുരമായ കൈകളില്‍ത്തന്നെയാണ് പുരണ്ടു കിടക്കുന്നത്. നാടുവാഴിത്തവും അതിന്റെ കൊമ്പുകുലുക്കിയ പുരുഷാധിപത്യമൂല്യങ്ങളും ഈ വ്യവസ്ഥക്ക് ആവോളം വെള്ളവും വളവും പകര്‍ന്നു നല്‍കി. നാളെയിലേക്ക് കുതിക്കുന്ന ഒരു തലമുറയെയാണ് നമുക്കാവശ്യം. ഇന്നിന്റെ പരാധീനതകളില്‍ അവരിനിയും ഒരു നിമിഷംപോലും സ്തംഭിച്ചു നില്‍ക്കരുത്. ചരിത്രം ഇനിയെങ്കിലും അവരുടെ മുമ്പില്‍ വഴിമുടക്കികളായി നില്‍ക്കരുത്. അതുകൊണ്ട് നമുക്ക് ഈ പഴഞ്ചൊല്ലുകളിലെ വിഷവിത്തുക്കളെ തച്ചുകൊഴിക്കാതെ വയ്യ. അവയുടെ ഇരുണ്ട പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങളുടെ വിഷപ്പാലൂറ്റിയെടുത്ത് അവയെ പതിരാക്കാതെ വയ്യ. മുന്നോട്ടേക്ക് ആത്മവിശ്വാസത്തോടെ കുതിക്കുന്ന ഒരു തലമുറയെ നമുക്ക് കിനാവു കാണാന്‍ കഴിയണം. തന്റെ സ്വത്വത്തെക്കുറിച്ചുള്ള ഒരാശങ്കയും ഇനി അവളെ അലട്ടരുത്. ഓരോ ചവിട്ടടിയിലും ഓരോ കുതിപ്പിലും ഓരോ തലയെടുപ്പിലും ആത്മവിശ്വാസം മാത്രം കൈമുതലാക്കിയ ഒരു തലമുറയെങ്കിലും ഇവിടെ സാന്നിധ്യമറിയിക്കണം; എണ്ണമറ്റ 'അസംബന്ധ'ങ്ങള്‍ ചൊല്ലിക്കേട്ട് സ്വത്വപരമായ ആശങ്കകളുമായി ജീവിക്കുന്നവരായല്ല, പകരം ചരിത്രത്തെ ധീരമായി മുന്നോട്ടു നയിച്ച മനുഷ്യരില്‍നിന്ന് ആവേശപൂര്‍വം വരുംകാലത്തിന്റെ പതാക ഏറ്റുവാങ്ങുന്നവരായി.

*വി കെ ദിലീപ് കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്