
ലെനിന് ജനിച്ചിട്ട് 122 വര്‍ഷം തികയുകയാണ്. അദ്ദേഹം അന്തരിച്ചിട്ട് 68 വര്‍ഷവും തികഞ്ഞു. (കളമശ്ശേരി സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്‌റ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 'സോഷ്യലിസത്തിന്റെ ഏഴുദശകങ്ങളും ലെനിനിസവും' എന്ന വിഷയത്തെ ആസ്പദമാക്കി 1992 ഏപ്രില്‍ 22ന് എറണാകുളം ടൌണ്‍ഹാളില്‍ ഇ.എം.എസ്. നടത്തിയ പ്രഭാഷണമാണിത്) ഈ സന്ദര്‍ഭത്തില്‍ ലോക ചരിത്രത്തില്‍ ലെനിനുള്ള സ്ഥാനം എന്ത് എന്നൊന്ന് വിലയിരുത്തുന്നത് സഹായകരമായിരിക്കും. വിശേഷിച്ചും ലെനിന്‍ സ്ഥാപിച്ച് വളര്‍ത്തിയെടുക്കാന്‍ തുടങ്ങിയ സോവിയറ്റ് യൂണിയന്‍ തകര്‍ന്നുകഴിഞ്ഞ ഇന്നത്തെ സാഹചര്യത്തില്‍. മാര്‍ക്സിസം - ലെനിനിസം പരാജയപ്പെട്ടു, തകര്‍ന്നു എന്ന് എതിരാളികള്‍ ആര്‍ത്തുവിളിക്കുന്ന ഈ സാഹചര്യത്തില്‍, ലെനിന്‍ ആരായിരുന്നു, അദ്ദേഹം എന്ത് ചെയ്തു, എന്നതിനെ സംബന്ധിച്ച് വസ്തുനിഷ്ഠമായി ഒന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്.
മുഖ്യസംഭാവനലെനിന്റെ ഏറ്റവും വലിയ സംഭാവന 1917 ഫെബ്രുവരിയില്‍ റഷ്യയില്‍ ഒരു ബൂര്‍ഷ്വാ ജനാധിപത്യവിപ്ളവം നടന്നപ്പോള്‍, ബൂര്‍ഷ്വാ ജനാധിപത്യംകൊണ്ട് തൃപ്തിപ്പെടാതെ ബൂര്‍ഷ്വാ ജനാധിപത്യത്തില്‍നിന്ന് സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിവര്‍ത്തനം അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. അതിനുവേണ്ടി സംഘടന അദ്ദേഹം ഉണ്ടാക്കി, എന്നതാണ്. അതിന്റെ പേരില്‍ത്തന്നെയാണ് മുന്‍ സോവിയറ്റ് യൂണിയനിലടക്കം പലയിടത്തുമുള്ള ആളുകള്‍ ഇന്ന് ലെനിനെ കടന്നാക്രമിക്കുന്നത്.
ഫെബ്രുവരി വിപ്ളവം ഒരു ജനാധിപത്യവിപ്ളവമായിരുന്നു. അത് രാജ്യത്തിനാവശ്യമായിരുന്നു, എന്നാല്‍ അതില്‍ നിന്ന് നവംബര്‍ വിപ്ളവം-സോഷ്യലിസ്‌റ്റ് വിപ്ളവം- സംഘടിപ്പിച്ചത് തെറ്റായിരുന്നു എന്ന വ്യാഖ്യാനം ഇന്ന് മുന്‍ സോവിയറ്റ് യൂണിയനിലെ നേതാക്കളില്‍ തന്നെ ഒരു വിഭാഗം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
ഈ അടുത്ത അവസരത്തില്‍ ഹിന്ദു പത്രത്തില്‍ വന്ന ഒരു ലേഖനം, സോവിയറ്റ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പറായിരുന്ന യാക്കോവ് ലെവ് എഴുതിയ ലേഖനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി വിപ്ളവം ശരിയായിരുന്നു, അതിന്റെ ഈ കൊല്ലത്തെ വാര്‍ഷികം സോവിയറ്റ് യൂണിയനില്‍ കൊണ്ടാടിയില്ല എന്നതില്‍ അദ്ദേഹം ദുഃഖിക്കുന്നു. മുമ്പത്തെ സോവിയറ്റ് യൂണിയനില്‍ നവംബര്‍ വിപ്ളവമാണ് കൊണ്ടാടാറുള്ളത്. മുന്‍സോവിയറ്റ് യൂണിയനില്‍ അടുത്ത കാലത്തു നടന്ന സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ നവംബര്‍ വിപ്ളവം ആഘോഷിക്കാതെ ഫെബ്രുവരി വിപ്ളവം ആഘോഷിക്കേണ്ടതായിരുന്നു എന്നതാണ് യാക്കോവ്‌ലെവ് പറയുന്നത്. അതുകൊണ്ട് ഞാന്‍ അവിടം മുതല്‍ക്ക് തുടങ്ങാം.ലെനിന്റെ സംഭാവന റഷ്യയില്‍ നടന്ന ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവത്തില്‍ നിന്ന് പടിപടിയായി, സംഘടിതമായി, സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കി എന്നതാണ് . ഇന്ന് മാത്രമല്ല, അന്നുതന്നെ, ലെനിന്‍ ജീവിച്ചിരുന്ന കാലത്തുതന്നെ, ലെനിന്‍ ചെയ്ത ആ പ്രവൃത്തിയെ ആക്ഷേപിക്കാന്‍ ആളുകളുണ്ടായിരുന്നു.
ലെനിനും കൌത്‌സ്‌കിയും
വിശ്വപ്രശസ്ത മാര്‍ക്സിസ്‌റ്റ് പണ്ഡിതനായി അറിയപ്പെട്ട കൌത്‌സ്‌കി മാര്‍ക്സിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: "റഷ്യയെപ്പോലുള്ള ഒരു പിന്നണിരാജ്യത്ത് സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കാന്‍ സാദ്ധ്യമല്ല.'' അതു മാത്രമല്ല, അദ്ദേഹം വേറൊന്നുകൂടി പറഞ്ഞു: "സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കുക ഏതെങ്കിലും ഒരു ഒറ്റ രാജ്യത്ത് ഒറ്റക്കായിരിക്കില്ല. ലോകത്താകെ, ആഗോളമായി, ഒരുമിച്ചേ സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കുകയുള്ളു എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട് '' എന്ന്. ഈ രണ്ട് കാരണങ്ങളാലാണ് ബൂര്‍ഷ്വാ ജനാധിപത്യവിപ്ളവത്തില്‍ നിന്ന് സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്കുള്ള പരിവര്‍ത്തനം ലെനിന്‍ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തെറ്റായിരുന്നു എന്നു പറയാന്‍ കൌത്‌സ്‌കിയെ പ്രേരിപ്പിച്ചത്. അതിന് ലെനിന്‍ മറുപടി പറഞ്ഞത് കൌത്‌സ്‌കി അഗാധ പണ്ഡിതനാണ്. അദ്ദേഹത്തിന് മാര്‍ക്സും എംഗല്‍സും എഴുതിയിട്ടുള്ളത് മുഴുവന്‍ കാണാപ്പാഠമാണ്. പക്ഷേ, മാര്‍ക്സിസത്തിന്റെ സ്പിരിറ്റ് എന്താണെന്ന് അദ്ദേഹത്തിനറിയില്ല എന്നായിരുന്നു.
എന്താണ് മാര്‍ക്സിസത്തിന്റെ സ്പിരിറ്റ് ?മാര്‍ക്സിസത്തിന്റെ സ്പിരിറ്റ് എന്നുപറഞ്ഞാല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ ജനാധിപത്യവിപ്ളവം നടക്കുക, ആ ജനാധിപത്യ വിപ്ളവത്തില്‍ നിന്ന് സ്ഥല കാല പരിമിതികള്‍ക്ക് വിധേയമായി സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം സാധിക്കുക എന്നതാണ്. അതാണ് മാര്‍ക്സിസത്തിന്റെ ഹൃദയം. ഇത് കൌത്‌സ്‌കിക്കറിയില്ല. കൌത്‌സ്‌കി പറയുന്നത് ശരിയാണ്,. ആഗോളമായാണ് സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കുക എന്ന് മാര്‍ക്സും എംഗല്‍സും പറഞ്ഞിട്ടുണ്ട്. പിന്നണിരാജ്യങ്ങളിലല്ല, മുന്നണിരാജ്യങ്ങളിലാണ് സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കുക എന്നും മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. അതും ശരിയാണ്. പക്ഷേ, മാര്‍ക്സിസം എന്നുപറഞ്ഞാല്‍ ഒരു വേദപ്രമാണമല്ല, മാര്‍ക്സ് എഴുതിവെച്ചത് മുഴുവന്‍ അതേപടി പകര്‍ത്തുക, അതേപടി നടപ്പിലാക്കുക എന്നതല്ല. പിന്നെയോ? മാര്‍ക്സും എംഗല്‍സും എന്തുചെയ്തുവോ, ഏത് ലക്ഷ്യത്തോടുകൂടി അവര്‍ പ്രവര്‍ത്തിച്ചുവോ, അതിന്റെ സാരാംശം മനസ്സിലാക്കി, അത് സ്വന്തം രാജ്യത്ത്, സ്വന്തം കാലഘട്ടത്തില്‍ നടപ്പിലാക്കേണ്ട രീതിയില്‍ നടപ്പില്‍ വരുത്തലാണ് മാര്‍ക്സിസം.
ലെനിനിസത്തിന്റെ കാതല്‍1917-ല്‍ പിന്നണിരാജ്യമായ റഷ്യയില്‍, ബൂര്‍ഷ്വാസിക്ക് ഭരണം നടത്താന്‍ കഴിയാതെയായി. ഭരണം നടത്താന്‍ കഴിയാതെയായ ബൂര്‍ഷ്വാസിയുടെ അധികാരം തകരുന്ന അവസരത്തില്‍ത്തന്നെ, ഒരു പിന്നണിരാജ്യമായ റഷ്യയില്‍ തൊഴിലാളിവര്‍ഗ്ഗം മുന്നണിരാജ്യത്ത് ഉള്ളതിനേക്കാള്‍ സംഘടിതമായിരുന്നു. ഒട്ടേറെ സമരങ്ങള്‍ നടത്തി അതിന്റെ അനുഭവമുള്ള തൊഴിലാളിവര്‍ഗ്ഗമുണ്ട്. ആ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണിയിലാകട്ടെ, വലതുപക്ഷ അവസരവാദത്തില്‍ നിന്ന് മുക്തയായ വിഭാഗമുണ്ടായിരുന്നു. അതാണ് ബോള്‍ഷെവിക് പാര്‍ട്ടി.
അവിടെ തൊഴിലാളിവര്‍ഗ്ഗം മാത്രമല്ല, കൃഷിക്കാരും വിപ്ളവത്തിന്റെ മുന്‍പന്തിയിലെത്തിയിരുന്നു. കൃഷിക്കാരില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള പട്ടാളക്കാര്‍ വിപ്ളവത്തിന്റെ മുന്‍പന്തിയിലായിരുന്നു. ഇവരുടെയെല്ലാം വിപ്ളവകരമായ നീക്കങ്ങളുടെ ഫലമായി സാറിസ്‌റ്റ് സ്വേച്ഛാധിപത്യം തകര്‍ന്നു. ആ തകര്‍ന്ന സ്വേച്ഛാധിപത്യത്തിനുപകരം പുതിയൊരു ഭരണമുണ്ടാക്കാന്‍ കെല്‍പ്പുള്ള ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി വിഭാഗം ഉണ്ടുതാനും. ആ ഘട്ടത്തില്‍ എന്തുചെയ്യണം? അധികാരം ഏറ്റെടുക്കണോ, അതോ അധികാരം ഏറ്റെടുക്കുന്നത് മാര്‍ക്സ് പറഞ്ഞതിനെതിരാണ് എന്ന് പറഞ്ഞ് അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണോ? ഇതാണ് ലെനിനും കൌത്‌സ്‌കിയും തമ്മില്‍ നടന്ന വിവാദത്തിലെ പ്രധാനമായ കാര്യം. ലെനിന്‍ വീണ്ടും പറഞ്ഞു: റഷ്യ ഒരു പിന്നണിരാജ്യമാണെന്നത് ശരിതന്നെ. ഈ പിന്നണിരാജ്യത്തെ മുന്നോട്ട് കൊണ്ടുവന്നല്ലാതെ സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണം പൂര്‍ത്തിയാവുകയില്ല എന്നതും ശരി. പക്ഷേ, അധികാരം കയ്യില്‍ കിട്ടിയ തൊഴിലാളിവര്‍ഗ്ഗം ആ അധികാരം ഉപയോഗിച്ച് ഈ പിന്നണി നില അവസാനിപ്പിച്ച് മുന്നണിയിലേക്ക് കൊണ്ടുവരുമോ, ഇല്ലയോ! ഇതാണ് പ്രശ്നം.
നമ്മുടെ രാജ്യത്ത് സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണം വളരെയേറെ വിഷമമുള്ളതാണ്, വളരെയേറെ പ്രയാസമുള്ളതാണ്. നമ്മുടേത് പോലുള്ള ഒരു പിന്നണിരാജ്യമല്ലാതെ മുന്നണിയില്‍പ്പെട്ട വികസിത രാജ്യങ്ങളിലേതെങ്കിലുമൊന്നിലാണ് തൊഴിലാളിവര്‍ഗ്ഗത്തിന് അധികാരം കിട്ടിയിരുന്നതെങ്കില്‍ നമ്മളേക്കാള്‍ എത്രയോ നന്നായി സോഷ്യലിസം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അത് നടന്നില്ല ഇതാണ് ലെനിന്‍ ചൂണ്ടിക്കാണിച്ചത്.
റഷ്യയും ജര്മ്മനിയുംറഷ്യയില് വിപ്ളവം നടന്ന് ഒരു കൊല്ലത്തിനുള്ളില്‍ ജര്‍മ്മനിയില്‍ വിപ്ളവം നടന്നു. ജര്‍മ്മനി റഷ്യയേക്കാള്‍ എത്രയോ വികസിതമായ ഒരു രാജ്യമാണ്. ജര്‍മ്മനിയിലെ തൊഴിലാളിവര്‍ഗ്ഗം മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാലം മുതലുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ള തൊഴിലാളിവര്‍ഗ്ഗമാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, ആ തൊഴിലാളിവര്‍ഗ്ഗത്തില്‍ മുന്നണിവിഭാഗം വലതുപക്ഷ അവസരവാദത്തിന്റെ പിടിയിലമര്‍ന്നുപോയി. അതുകൊണ്ട് 1917 നവംബറില്‍ റഷ്യയിലെന്ന പോലെ 1918 നവംബറില്‍ ജര്‍മ്മനിയിലും വിപ്ളവം നടന്നുവെങ്കിലും തൊഴിലാളിവര്‍ഗ്ഗത്തിന്റെ കയ്യിലേക്ക് പകര്‍ന്ന അധികാരം തന്നെ കൌത്‌സ്‌കിയാദികളുടെ ഹിതമനുസരിച്ച് ബൂര്‍ഷ്വാസിക്ക് കൊടുക്കുകയാണ് അവര്‍ ചെയ്തത്.
റഷ്യയിലെന്നപോലെതന്നെ വിപ്ളവകാരികളായിട്ടുള്ള ഒരു മുന്നണി വിഭാഗം ജര്‍മ്മനിയിലുണ്ടായിരുന്നുവെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നില്ല. മനുഷ്യചരിത്രമാകെ മാറുമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ലോകത്തില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജര്‍മ്മനിയാകുമായിരുന്നു. പക്ഷേ, ജര്‍മ്മിനിയിലെ വലതുപക്ഷ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗ്ഗം കിട്ടിയ അധികാരം കയ്യൊഴിഞ്ഞു. റഷ്യയില്‍ കിട്ടിയ അധികാരം ഉപയോഗിച്ചു.
ഈ അധികാരം ഉപയോഗിച്ച് സോഷ്യലിസം നിര്‍മ്മിക്കുക എന്നത് വിഷമമാണ്, പ്രയാസമേറിയ ഒട്ടേറെ ജോലികളുണ്ട്. അതെല്ലാം ചെയ്തുകൊണ്ടുവേണം നമുക്കിത് ചെയ്യാന്‍ എന്ന് ബോദ്ധ്യമുണ്ടായിരുന്നു ലെനിന്. എങ്കിലും നാമിത് തുടങ്ങിയാല്‍, ഇവിടെ സോഷ്യലിസം കെട്ടിപ്പടുക്കുന്നത് വിജയിച്ചാല്‍, ഇവിടെ സോഷ്യലിസ്‌റ്റ് സമൂഹം വളര്‍ന്നാല്‍-ബാക്കി മുതലാളിത്ത രാജ്യങ്ങളിലും സോഷ്യലിസ്‌റ്റ് വിപ്ളവം വരും. ഈ കാഴ്ചപ്പാടാണ് ലെനിനുണ്ടായിരുന്നത്. അതുകൊണ്ട് ലെനിന്‍ പറഞ്ഞു: "ഈ കിട്ടിയ അധികാരം ഉപയോഗിച്ച് സോഷ്യലിസം കെട്ടിപ്പടുത്തുതുടങ്ങുക'' എന്ന്. ആ കെട്ടിപ്പടുക്കല്‍ നടന്നു. അതിന്റെ ഫലമായി പിന്നണിയില്‍ കിടന്ന റഷ്യ ഒരു മുന്നണിരാജ്യമായി വന്നു. 1928-മുതല്‍ 2-ആം ലോകമഹായുദ്ധം തുടങ്ങുന്നതുവരെയുള്ള കാലത്ത് - ഒരു പന്തീരാണ്ടുകാലം-നടന്ന ആസൂത്രണത്തിന്റെ ഫലമായി റഷ്യ ഒരു വന്‍കിട വികസിതരാജ്യമായി വളര്‍ന്നു. ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ മുതലാളിത്തരാജ്യങ്ങള്‍ 200ഉം 300ഉം കൊല്ലംകൊണ്ട് നേടിയ പുരോഗതി സോവിയറ്റ് യൂണിയന്‍ 1928മുതല്‍ 1940 വരെയുള്ള കാലത്ത്, ഒരു പന്തീരാണ്ട് കാലത്ത് കൈവരിച്ചു.
അങ്ങനെ നടന്നതിന്റെ ഫലമായി - സാമ്പത്തികമായ വികസനം മാത്രമല്ല, രാഷ്ട്രീയമായ ശക്തി, സൈനികമായ ഒരു ശക്തി.. ഇതെല്ലാം വളര്‍ന്നതിന്റെ ഫലമായി - മനുഷ്യ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ളതിനേക്കാള്‍ ആയുധശക്തിയുണ്ടായിരുന്ന, നാസിപട്ടാളത്തെ തോല്‍പ്പിക്കാന്‍ സോവിയറ്റ് ജനതയ്ക്കും സോവിയറ്റ് പട്ടാളത്തിനും കഴിഞ്ഞു.
ലെനിന്‍ ഒരു കാര്യം കൂടി വ്യക്തമാക്കി: സോഷ്യലിസ്‌റ്റ് നിര്‍മ്മാണം തുടങ്ങിയാല്‍ പിന്നണിയില്‍ കിടക്കുന്ന രാജ്യത്തിന് മുന്നണിയിലേക്ക് വരാന്‍ കഴിയും. സോഷ്യലിസമാണ് മനുഷ്യ പുരോഗതിക്കുള്ള ഏറ്റവും നല്ല ഉപാധിയെന്ന് ലെനിന്‍ പറഞ്ഞത് വളരെ ശരിയായി. സോവിയറ്റ് യൂണിയന്റെ ചരിത്രം, അനുഭവം, കാണിക്കുന്നത് സോഷ്യലിസത്തിന്റെ മേന്മയാണ്.
തകര്‍ച്ചയുടെ കാരണങ്ങള്ഈ സോവിയറ്റ് യൂണിയനിലെ സോഷ്യലിസം പിന്നീട് പ്രശ്നങ്ങള്‍ നേരിട്ടില്ലേ? അത് തകര്‍ന്നില്ലേ? ഇന്നാ സോവിയറ്റ്യൂണിയന്‍ ഉണ്ടോ? എന്നെല്ലാം ചോദിക്കും. ശരിയാണ്. അതുതകര്‍ന്നു. ആ തകര്‍ന്നതിന്റെ കാരണമെന്താണ്? ആ തകര്‍ന്നതിന്റെ കാരണം സോഷ്യലിസം നിര്‍മ്മിച്ചതിന്റെ ഇടയ്ക്ക് നേട്ടങ്ങള്‍ ഉണ്ടായതുപോലെതന്നെ കോട്ടങ്ങളും ഉണ്ടായിരുന്നു എന്നതാണ്. ആ കോട്ടങ്ങള്‍ അന്ന് കാണാന്‍ കഴിഞ്ഞില്ല, എന്നത് വലിയ പിശകായിഭവിച്ചു.
ആ കോട്ടങ്ങളില്‍ പ്രധാനം, സോഷ്യലിസം കെട്ടിപ്പടുക്കണമെങ്കില്‍ അതില്‍ ജനാധിപത്യം അനിവാര്യമാണ് എന്നതാണ്. ലെനിന്‍ ജീവിച്ചകാലത്ത്, ലെനിന്‍ നേതൃത്വം വഹിച്ചകാലത്ത്, സോവിയറ്റ് യൂണിയനില്‍ ജനാധിപത്യം അങ്ങേയറ്റം പുലര്‍ന്നിരുന്നു. സോവിയറ്റ് പാര്‍ട്ടിയില്‍ പാര്‍ട്ടിജനാധിപത്യം ഉണ്ടായിരുന്നു. മാര്‍ക്സും എംഗല്‍സും ലെനിനും എല്ലാം തന്നെ നിര്‍ദ്ദേശിച്ചിരുന്നത് സോഷ്യലിസവും ജനാധിപത്യവും വേര്‍തിരിക്കുവാന്‍ വയ്യ, സോഷ്യലിസമില്ലാതെ ജനാധിപത്യമില്ല, ജനാധിപത്യം പൂര്‍ത്തിയാകണമെങ്കില്‍ സോഷ്യലിസം വേണം എന്നതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ലെനിന്റെ കാലശേഷം സോഷ്യലിസ്‌റ്റ് നിര്‍മ്മാണത്തിനിടയ്ക്ക് ഈ വീക്ഷണം പ്രയോഗത്തില്‍വന്നില്ല. അതിന്റെ ഫലമായി സോവിയറ്റ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിക്കകത്തുള്ള ഉള്‍പാര്‍ട്ടി ജനാധിപത്യവും സോവിയറ്റ് നാട്ടിലെ ജനാധിപത്യവും അപകടത്തില്‍പ്പെട്ടു. ഇതാണ് ഒരുകാര്യം.
കാര്‍ഷിക പ്രശ്നത്തിലെ പാളിച്ചവേറൊരു കാര്യം ലെനിന്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. സോഷ്യലിസത്തിലേക്ക് നീങ്ങാന്‍ കഴിയണമെങ്കില്‍, സോഷ്യലിസം കെട്ടിപ്പടുക്കണമെങ്കില്‍, രാജ്യത്തുള്ള ജനങ്ങളില്‍ ഭൂരിപക്ഷം വരുന്ന കര്‍ഷകജനസാമാന്യത്തെ സോഷ്യലിസത്തിലേക്ക് കൊണ്ടുവരണം. അവര്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത തൊഴിലാളികളല്ല. അവര്‍ ചെറുകിട-സ്വത്തുടമസ്ഥന്‍മാരാണ്. സ്വത്തുടമസ്ഥരുടെതായ ചില സ്വഭാവവിശേഷങ്ങള്‍കൂടി അവര്‍ക്കുണ്ട്. ആ നിലക്ക് തൊഴിലാളികളെ സോഷ്യലിസത്തിലേക്ക് കൊണ്ടുവരുന്നതുപോലെ കൃഷിക്കാരെ വേഗത്തില്‍ കൊണ്ടുവരാന്‍ കഴിയുകയില്ല. ഇത് ലെനിന്‍ ആദ്യം പറഞ്ഞതല്ല. മാര്‍ക്സും എംഗല്‍സും മുമ്പുതന്നെ പറഞ്ഞതാണ്. തൊഴിലാളികളെന്നു പറഞ്ഞാല്‍ സ്വകാര്യസ്വത്തുക്കളില്ലാത്തവരാണ്. സ്വകാര്യസ്വത്തുക്കളോട് ആഭിമുഖ്യം ഇല്ലാത്തവരാണ്. സ്വകാര്യസ്വത്തുണ്ടാക്കാം എന്ന ആശയും പ്രതീക്ഷയും ഇല്ലാത്തവരാണ്. കൃഷിക്കാരുടെ സ്ഥിതി അതല്ല. അവര്‍ ചെറുകിട സ്വത്തുമായി ബന്ധപ്പെട്ടവരാണ്. ആ ചെറുകിട സ്വത്ത് ഉള്ളത് നിലനിര്‍ത്തണമെന്നും കൂടുതല്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ കഴിയണമെന്നും ഉള്ള ആഗ്രഹം അവര്‍ക്കുണ്ട്.
ഇക്കാരണത്താലാണ് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്‌റ്റ് സമൂഹ നിര്‍മ്മാണത്തില്‍ 1921-22 കാലത്ത് ലെനിന്‍ ആവിഷ്കരിച്ച 'പുതിയ സാമ്പത്തികനയ'ത്തില്‍ കൃഷിക്കാര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളില്‍ നല്ലൊരു ഭാഗം കമ്പോളത്തില്‍ വിറ്റഴിക്കാനുള്ള സൌകര്യം നല്‍കിയത്. കമ്പോളവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് ലെനിന്റെ 'പുതിയ സാമ്പത്തികനയം'. ഇതിനെ ലെനിന്‍ ഇങ്ങനെ വിശദീകരിച്ചു:-
കൃഷിക്കാരെ സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണത്തിലേക്ക് കൊണ്ടുവരണമെങ്കില്‍ കൃഷിക്കാര്‍ക്ക് അവരുടെ കയ്യിലുള്ള ചെറുകിട സ്വത്തും ആ സ്വത്ത് ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന സമ്പത്തും നിലനിര്‍ത്താന്‍ കഴിയുമെന്നുള്ള വിശ്വാസം അവര്‍ക്കുണ്ടാകണം. ഈ നിലയ്ക്കുതന്നെയാണ് 1928 മുതല്‍ക്കുള്ള സോവിയറ്റ് പഞ്ചവത്സര പദ്ധതി കാലത്ത് കൂട്ടുകൃഷി സ്ഥലങ്ങളുണ്ടാക്കിയത്. ഈ കൂട്ടുകൃഷി സ്ഥലങ്ങള്‍ ദേശീയവല്‍ക്കരിക്കപ്പെട്ട ഫാക്ടറികളുടെ സ്ഥിതിയിലല്ല. ദേശീയവല്‍ക്കരിക്കപ്പെട്ട ഫാക്ടറികളില്‍ തൊഴിലാളികള്‍ക്ക് സ്വന്തമായി അതില്‍ സ്വത്തൊന്നുമില്ല. അവരതില്‍ പണിയെടുക്കുന്നവരാണ്. നേരെമറിച്ച്, കൂട്ടുകൃഷി സ്ഥലങ്ങളില്‍ കൃഷിക്കാര്‍ക്ക് സ്വത്തവകാശമുണ്ട്. പക്ഷേ കൂട്ടുകൃഷി സ്ഥലങ്ങള്‍ വളര്‍ത്തുന്ന കാര്യത്തില്‍ കൃഷിക്കാരുടെ വികാരം, കൃഷിക്കാരുടെ ആഗ്രഹം, കൃഷിക്കാരുടെ അഭിലാഷം എന്നിവ വേണ്ടത്ര മാനിക്കാത്ത സ്ഥിതി വന്നു.
അതിന്റെ ഒരു ഘട്ടത്തില്‍ കൃഷിക്കാരുടെ മേല്‍ ബലം പ്രയോഗിച്ചുകൊണ്ട് കൂട്ടുകൃഷി സ്ഥലങ്ങളിലേക്ക് അവരെ ചേര്‍ത്തു എന്നുള്ള സ്വയംവിമര്‍ശനം സ്‌റ്റാലിന്റെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. സ്‌റ്റാലിന്‍ അത് തിരുത്തിയെങ്കില്‍പ്പോലും ആ തിരുത്തല്‍ പൂര്‍ണ്ണമായിരുന്നുവോ എന്നുള്ള പ്രശ്നം അവശേഷിക്കുന്നു. കൃഷിക്കാരുടെ സ്വത്തിനെ സംബന്ധിച്ച്, കൃഷിക്കാരെ സോഷ്യലിസത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച്, ലെനിന്‍ നിര്‍ദ്ദേശിച്ചതുപോലെയാണോ സോവിയറ്റ് യൂണിയനില്‍ നടപ്പില്‍ വന്നത് എന്നുള്ള കാര്യത്തില്‍ സംശയമുണ്ട്. അത് സംബന്ധിച്ച് വ്യക്തമായിട്ടുള്ള അഭിപ്രായമൊന്നും ഞാന്‍ പറയുന്നില്ല. അതിനെക്കുറിച്ച് നിഷ്കര്‍ഷമായ പഠനം നടന്നുകഴിഞ്ഞിട്ടില്ല. ഇനിയും നടക്കേണ്ടതായിട്ടാണിരിക്കുന്നത്. പക്ഷേ ലെനിനിസത്തിന്റെ വളരെ പ്രധാനമായ ഒരുവശമാണ് കൃഷിക്കാരുമായുള്ള ബന്ധം. കൃഷിക്കാരുടെ പൂര്‍ണ്ണ സഹകരണത്തോടുകൂടി, അവരുടെയും പൂര്‍ണ്ണ മനസോടുകൂടി അവരെ സോഷ്യലിസത്തിലേക്ക് ആകര്‍ഷിക്കുക എന്നുള്ള കാഴ്ചപ്പാട്- മാര്‍ക്സും - എംഗല്‍സുമെന്നപോലെ ലെനിനും ആ കാഴ്ചപ്പാടംഗീകരിച്ചാണ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതില്‍ വീഴ്ച വന്നു എന്നാണ് തോന്നുന്നത്.
ദേശീയ ജനവിഭാഗപ്രശ്നവും ജനാധിപത്യമില്ലായ്മയും
അതുപോലെ വേറൊരു കാര്യമാണ് ദേശീയ ജനവിഭാഗത്തിന്റെ പ്രശ്നം. ഇത് സംബന്ധിച്ച് ലെനിന് വളരെ വ്യക്തമായ ധാരണയുണ്ടായിരുന്നു. ദേശീയ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പൂര്‍ണ്ണമായ സമത്വത്തിന്റെ അടിസ്ഥാനത്തില്‍ അവരെ അവരുടെ ഇഷ്ടത്തിനനുസരിച്ചുതന്നെ ഏകീകരിക്കുക എന്നതാണ് പരിപാടി. അതിന്റെ കാര്യത്തില്‍ വല്ല പിഴവുകളും പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
എന്നാല്‍, ജനാധിപത്യത്തിന്റെ കാര്യത്തില്‍ വളരെ വ്യക്തമാണ്: സോവിയറ്റ് കമ്യൂണിസ്‌റ്റ് പാര്‍ട്ടി തന്നെ 1956-ല്‍ അത് സംബന്ധിച്ച് സ്വയംവിമര്‍ശനം നടത്തി. ആ സ്വയം വിമര്‍ശനം ഇന്ത്യയിലെ അന്നത്തെ അവിഭക്ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയടക്കം ലോകത്തിലെ തൊഴിലാളിവര്‍ഗ്ഗ വിപ്ളവ പാര്‍ട്ടികളെല്ലാം അംഗീകരിക്കുകയും ചെയ്തു. ആ സ്വയം വിമര്‍ശനത്തില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ സംവിധാനത്തില്‍, പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ കാര്യമായ പിശക്കുകള്‍ പറ്റിയിട്ടുണ്ട് എന്നുള്ളത് സ്വയം വിമര്‍ശനപരമായി സമ്മതിച്ചിരുന്നു. ഇത്, നേരത്തെ ഞാന്‍ പറഞ്ഞതുപോലെ, അന്നത്തെ അവിഭക്ത ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിച്ചതാണ്. ഈ കാര്യമായ പിശകിന്റെ ഫലമായിത്തന്നെ, ജനങ്ങളും തൊഴിലാളിവര്‍ഗ്ഗ ഭരണകൂടവും തമ്മില്‍ ഉണ്ടാകേണ്ട അടുത്ത ബന്ധത്തിനുപകരം അകല്‍ച്ച വന്നു. അത് കാര്യമായ ഒരു പിശകാണ്. ആ കൂട്ടത്തില്‍ നേരത്തെ ഞാന്‍ പറഞ്ഞതു പോലെ, ദേശീയ പ്രശ്നത്തിന്റെ കാര്യത്തിലും കാര്‍ഷിക പ്രശ്നത്തിന്റെ കാര്യത്തിലും പിഴവുകള്‍ പറ്റിയിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ വ്യക്തമായി ഒന്നും പറയാന്‍ കഴിയില്ലെങ്കില്‍പ്പോലും ഒരു കാര്യം വ്യക്തമാണ്. ഈ രണ്ട് പ്രശ്നങ്ങളുടെ കാര്യത്തിലും കാര്യമായ അസംതൃപ്തി ജനങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ആ അസംതൃപ്തിയുടെ കൂടി ഫലമായിട്ടാണ് സോവിയറ്റ് യൂണിയന്‍ ഇപ്പോള്‍ തകര്‍ന്നിട്ടുള്ളത്.
തിരുത്തുകയല്ല, തകര്‍ക്കുയാണ് ചെയ്തത്
ഈ പിഴവിനെ, ഈ പിശകിനെ, തിരുത്താനെന്ന പേരില്‍ 1956 മുതല്‍ 1991 വരെയുള്ള കാലത്ത് സോവിയറ്റ് യൂണിയന്‍ തുടര്‍ന്നുപോന്ന നയം അങ്ങേയറ്റം തൊഴിലാളിവര്‍ഗ്ഗ വിരുദ്ധമായിരുന്നു. ആ തൊഴിലാളിവര്‍ഗ്ഗ വിരുദ്ധനയത്തിന്റെ ഫലമായി സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലുണ്ടായിട്ടുള്ള നേട്ടങ്ങളെയെല്ലാം തള്ളിപ്പറയുക എന്ന സ്ഥിതിവന്നു. സോവിയറ്റ് യൂണിയനില്‍ യാതൊന്നും നടന്നിട്ടില്ല, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസമല്ല കെട്ടിപ്പടുത്തത്, അവിടെ ഫാസിസമാണ് നടപ്പിലായത്, അവിടെ ഒരു പട്ടാളഭരണമാണ് നടപ്പിലായത് എന്നെല്ലാമുള്ള വ്യാഖ്യാനം വന്നു. ആ വ്യാഖ്യാനത്തിന്റെ ഫലമായി സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്‌റ്റ് സമൂഹവും സോവിയറ്റ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുമായി സോവിയറ്റ് ജനതക്ക് ഉണ്ടാവേണ്ട അടുപ്പത്തിനുപകരം അകല്‍ച്ച വന്നു. 1956-ല്‍ ആദ്യം സ്വയം വിമര്‍ശനം നടത്തിയ ക്രൂഷ്‌ചേവ് തൊട്ട് അവസാനം സ്വയം വിമര്‍ശനത്തിലൂടെ സോവിയറ്റ് യൂണിയനെ തകര്‍ത്ത ഗോര്‍ബച്ചേവ് വരെ ഒരു വിഭാഗം സോവിയറ്റ് കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ "കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി'' എന്ന് പറഞ്ഞതുപോലെ, സ്വയം വിമര്‍ശിച്ച്, സ്വയംവിമര്‍ശിച്ച്, സോഷ്യലിസത്തെ തന്നെ തകര്‍ത്തു. അതുകൊണ്ട് സോവിയറ്റ് യൂണിയനില്‍ വന്നിട്ടുള്ള തകര്‍ച്ച നമ്മെ എത്രയേറെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍പോലും അതില്‍ നിന്ന് ഒരു പാഠം പഠിക്കാനുണ്ട്.
ലെനിന്റെ കാലംതൊട്ട് നടന്ന ഈ സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണത്തില്‍ ക്രിയാത്മകമായ വശമെന്നപോലെ തന്നെ നിഷേധാത്മകമായ വശവുമുണ്ട്. ഈ ക്രിയാത്മകമായ വശത്തെ നിഷേധിക്കലാണ് ക്രൂഷ്‌ചേവ് തൊട്ട് ഗോര്‍ബച്ചേവ് വരെയുള്ളവര്‍ ചെയ്തതെങ്കില്‍, നമ്മുടെ കടമ നിഷേധാത്മകമായ വശം അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍തന്നെ, ക്രിയാത്മകമായ വശം ഉയര്‍ത്തിപ്പിടിക്കണം എന്നതാണ്.
നേരത്തെ പറഞ്ഞതുപോലെ, അത്യുജ്വലമായ നേട്ടങ്ങളാണ് സോവിയറ്റ് യൂണിയനില്‍ ഉണ്ടായിട്ടുള്ളത്. ചില്ലറ കാര്യമൊന്നുമല്ല. മുതലാളിത്ത ലോകത്തില്‍ രണ്ടും മൂന്നും നൂറ്റാണ്ടുകാലംകൊണ്ട് നടന്നത് സോവിയറ്റ് യൂണിയനില്‍ 12 വര്‍ഷം കൊണ്ട് നടന്നു എന്നുപറഞ്ഞാല്‍ അത് നിസ്സാര കാര്യമല്ല. അതുകൊണ്ടുതന്നെ സോവിയറ്റ് നാടിനോട് പിന്നണിരാജ്യങ്ങള്‍ക്കെല്ലാം ആഭിമുഖ്യം വന്നു. ചൈന, കൊറിയ, വിയറ്റ്നാം, ക്യൂബ മുതലായ രാജ്യങ്ങള്‍ മാത്രമല്ല, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍പോലും സോവിയറ്റ് നാടിനെ പ്രാത്യാശപൂര്‍വ്വം നോക്കികണ്ടു.
സോവിയറ്റ് സ്വാധീനം ഇന്ത്യയില്‍1954-55 കാലത്ത് ഇന്ത്യയില്‍ ജവാഹര്‍ലാല്‍ നെഹ്റു രണ്ടാം പഞ്ചവത്സരപദ്ധതി ആവിഷ്‌ക്കരിച്ചപ്പോള്‍, അതിന്റെ അഭേദ്യഭാഗമായി ഇന്ത്യയില്‍ ഘനവ്യവസായങ്ങള്‍ കെട്ടിപ്പടുക്കണമെന്നും, ഈ ഘനവ്യവസായങ്ങള്‍ കെട്ടിപ്പടുക്കുന്നത് പൊതുമേഖലയിലായിരിക്കണമെന്നും അതോടൊപ്പം ഇന്ത്യയില്‍ വളര്‍ന്നുവരുന്ന വ്യവസായത്തില്‍ വളരുന്ന കുത്തകകളെ നിയന്ത്രിക്കണമെന്നും എല്ലാമുള്ള ആശയം ജവാഹര്‍ലാല്‍ നെഹ്റു രൂപപ്പെടുത്തിയതില്‍. സോവിയറ്റ് രീതിയുടെ സ്വാധീനം കാണാന്‍ കഴിയും.
പിന്നോക്കരാജ്യങ്ങളായ നമുക്ക് മുതലാളിത്ത രാജ്യങ്ങളെ ആശ്രയിച്ചാല്‍ രക്ഷയില്ല, നമുക്ക് പുരോഗതി ലഭിക്കണമെന്നുണ്ടെങ്കില്‍ മുതലാളിത്ത രാജ്യങ്ങളുമായുള്ള ആശ്രയം വിടണം, മുതലാളിത്ത രാജ്യങ്ങളില്‍ നിന്ന് സ്വതന്ത്രമായി സ്വന്തം കാലില്‍ നിന്നുകൊണ്ട്, സഹായിക്കാന്‍ കഴിയുന്ന മറ്റ് സുഹൃദ് രാജ്യങ്ങളുടെയല്ലാം സഹായം തേടിക്കൊണ്ട് മുന്നോട്ട് പോകണം. അങ്ങനെ മുന്നോട്ട് പോകുമ്പോള്‍ കാര്‍ഷികപരിഷ്‌ക്കാരം, പൊതുമേഖലയുടെ വളര്‍ച്ച മുതലായ ചില തത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണം- ഈ കാഴ്ചപ്പാട് 1950-കളില്‍ ഇന്ത്യയില്‍ ജവഹാര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് ഉണ്ടായതുപോലെ മറ്റ് ചില പിന്നണിരാജ്യങ്ങളിലും ഉണ്ടായി. പിന്നണിരാജ്യങ്ങള്‍ പിന്നണിനില അവസാനിപ്പിച്ച് മുന്നണിയിലേക്കെത്തണമെങ്കില്‍, മുതലാളിത്ത രാജ്യങ്ങളെ ആശ്രയിച്ചിരുന്നാല്‍ പോരെ, സോഷ്യലിസ്‌റ്റ് രാജ്യങ്ങളുമായി സഹകരിച്ച്, അവരുടെകൂടെ സഹായത്തോടെ, അതോടൊപ്പം ആഭ്യന്തരമായി രാജ്യത്തിനകത്തുതന്നെ കാര്‍ഷികപരിഷ്‌ക്കാരം മുതലായ പരിപാടികളിലൂടെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു ആസൂത്രണമായിരിക്കണം എന്ന കാഴ്ചപ്പാട് ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് നടന്നു എന്ന് മാത്രമല്ല, ഇതുപോലെ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും അതുണ്ടായി. 1917-ലെ ഫെബ്രുവരി വിപ്ളവത്തില്‍നിന്ന് ഒക്ടോബര്‍ സോഷ്യലിസ്‌റ്റ് വിപ്ളവത്തിലേക്ക് നീങ്ങാനുള്ള നേതൃത്വം ലെനിന്‍ കൊടുത്തിരുന്നില്ലെങ്കില്‍ ഈ സംഗതി വരുമായിരുന്നില്ല.
അതുപോലെതന്നെ, സോവിയറ്റ് യൂണിയന്‍ ശക്തിപ്പെട്ടതിന്റെ ഫലമായി, പിന്നണിയില്‍ കിടന്ന സോവിയറ്റ് യൂണിയന്‍ ഏതാണ്ട് അമേരിക്കയുടെ അടുക്കല്‍വരെ എത്തി. ലോകത്തില്‍ രണ്ട് വന്‍ കോയ്മകളില്‍ ഒന്ന് സോഷ്യലിസ്‌റ്റ് സോവിയറ്റ് യൂണിയനാണ് എന്ന നിലവന്നു. ആ നില വന്നതിന്റെ ഫലമായാണ് ലോകജനതക്ക് മുഴുവന്‍ ആപത്തായി വന്ന ഫാസിസത്തെ തകര്‍ക്കാന്‍ സോവിയറ്റ് ജനതക്കും സോവിയറ്റ് പട്ടാളത്തിനും കഴിഞ്ഞത്.
നവംബര്‍ വിപ്ളവത്തിന്റെ നേട്ടങ്ങള്‍ഈ നേട്ടങ്ങളെല്ലാം ലെനിന്‍ നവംബര്‍ വിപ്ളവത്തിന് നേതൃത്വം കൊടുത്തതിന്റെ ഫലമാണ്. ഈ നേട്ടങ്ങളെല്ലാം തള്ളിക്കളയുകയാണ് ക്രൂഷ്‌ചേവ് തൊട്ട് ഗോര്‍ബച്ചേവ് വരെയുള്ളവര്‍ ചെയ്തത്. ഇപ്പോള്‍ ലോകത്താകെയുള്ള കമ്മ്യൂണിസ്‌റ്റ് വിരുദ്ധര്‍ ആഗോളവ്യാപകമായി നടത്തുന്ന പ്രചാരവേലയുടെ കാര്യവും അതാണ്. അവര്‍ മറച്ചുവെക്കുന്ന ഒരു കാര്യം 1917 നവംബറിലെ വിപ്ളവം നടന്നിരുന്നില്ലെങ്കില്‍, ലെനിന്റെ നേതൃത്വത്തില്‍ പിന്നണിരാജ്യങ്ങളിലൊന്നായ റഷ്യയില്‍ സോഷ്യലിസ്‌റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ തുടങ്ങിയിരുന്നില്ലെങ്കില്‍, ഹിറ്റ്ലറെ തകര്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഹിറ്റ്ലറെ തകര്‍ത്ത് ലോകജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞത് ഈ സോഷ്യലിസ്‌റ്റ് വിപ്ളവം നടന്നതുകൊണ്ടാണ്.
ഇതെല്ലാം പറയുന്ന അവസരത്തില്‍തന്നെ, നേരത്തെ ഞാന്‍ പറഞ്ഞതുപോലെ സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണത്തില്‍ കാര്യമായ ചില പിശകുകള്‍ പറ്റിയിട്ടുണ്ട്. ആ പിശകുകളില്‍ പ്രധാനം ജനാധിപത്യത്തിന്റെ കാര്യമാണ്. ജനാധിപത്യമില്ലാതെ സോഷ്യലിസമില്ല, ജനാധിപത്യത്തെ മറികടന്നുകൊണ്ട് സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചാല്‍ അത് നമ്മെ എവിടെയും കൊണ്ടെത്തിക്കില്ല. ഈ പാഠവും നാം പഠിക്കേണ്ടതുണ്ട്.
അങ്ങനെ ലെനിന്‍ നേതൃത്വം നല്‍കി തുടങ്ങിയ സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണത്തിലുള്ള ക്രിയാത്മകമായ വശവും നിഷേധാത്മകമായ വശവും രണ്ടും കണ്ടുകൊണ്ടുള്ള ഒരു കാഴ്ചപ്പാട് വേണം നമുക്ക്. അതിന് ലെനിന്‍ നല്‍കിയ നേതൃത്വത്തെ സംബന്ധിച്ചുള്ള ഓര്‍മ്മ നമ്മെ സഹായിക്കും.
മാര്‍ക്സ്-എംഗല്‍സ്-ലെനിന്‍ നേതൃത്വം
ഇനി വേറൊരു കാര്യം പറയാനുള്ളത്, ലെനിന്‍ 54 കൊല്ലമേ ജീവിച്ചുള്ള. ആ 54 കൊല്ലത്തിനുള്ളിലാണ് അദ്ദേഹം ഒരു മനുഷ്യായുസില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്തത്. എന്നാല്‍, അദ്ദേഹം ഒരു മനുഷ്യനായിരുന്നു. നമുക്ക് സാധാരണ ഒരു പതിവുണ്ട്. "മഹാന്‍മാരെല്ലാം സര്‍വ്വജ്ഞന്‍മാരാണ്, ഋഷിമാരാണ്. വള്ളത്തോള്‍ പറഞ്ഞതുപോലെ "ഭാരതദേശത്തിലെ പൂര്‍വ്വരാമൃഷീന്ദ്രന്‍മാര്‍ പാരിന്നുള്ളടിത്തട്ടു കണ്ടറിഞ്ഞവര്‍'' ആയിരുന്നു. ആ പദവിയിലേക്ക് നമ്മള്‍ മാര്‍ക്സിനെയും എംഗല്‍സിനെയും ലെനിനെയും ഉയര്‍ത്താറുണ്ട്. മാര്‍ക്സും എംഗല്‍സും ലെനിനും മനുഷ്യരല്ല. അമാനുഷരാണ് എന്ന ധാരണ തെറ്റാണ്. അവര്‍ മനുഷ്യരായിരുന്നു, മനുഷ്യര്‍ക്കുള്ളതായ എല്ലാ ഗുണങ്ങളും ദോഷങ്ങളും അവര്‍ക്കുമുണ്ടായിരുന്നു. അവരുടെ ജീവിതംതന്നെ ഒരു വളര്‍ച്ചയാണ്. അവര്‍ ആദ്യം തുടങ്ങിയത് ബൂര്‍ഷ്വാ ജനാധിപത്യവാദികളായിട്ടാണ്. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ജീവിതം തുടങ്ങിയത് ബൂര്‍ഷ്വാ ജനാധിപത്യ വിപ്ളവത്തില്‍ പങ്കെടുത്തുകൊണ്ടാണ്. അതില്‍നിന്നാണ് അവര്‍ കമ്യൂണിസ്റുകാരായി മാറിയത്.
ഞാന്‍ പറഞ്ഞുവന്നത് മാര്‍ക്സും എംഗല്‍സും ലെനിനും മനുഷ്യരായിരുന്നു. മനുഷ്യരുടെ ഇടയില്‍നിന്നാണ് അവരും ഉയര്‍ന്നുവന്നത്. നേരത്തെ ഞാന്‍ പറഞ്ഞതുപോലെ ബൂര്‍ഷ്വാ ജനാധിപത്യപ്രസ്ഥാനത്തിലൂടെ വളര്‍ന്ന് അവസാനം കമ്യൂണിസ്‌റ്റുകാരായി മാറിയതാണവര്‍. അവരുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍, ബൃഹദ്ഗ്രന്ഥങ്ങള്‍ എന്നിവപോലെ പ്രധാനമാണ് അവരുടെ പ്രവൃത്തി. മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ജീവചരിത്രം ഞാന്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ടിലും ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത് മാര്‍ക്സും എംഗല്‍സും ലെനിനും അവരുടെ സിദ്ധാന്തങ്ങളും തത്വങ്ങളും ദര്‍ശനങ്ങളും ആവിഷ്കരിച്ചിട്ടുള്ളത് വിപ്ളവകരമായ പ്രവര്‍ത്തനത്തിലൂടെയാണ്. അവരുടെ പ്രശസ്ത കൃതികളില്‍ പലതും അവരുടെ പ്രവര്‍ത്തനത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. വിപ്ളവ പ്രവര്‍ത്തനത്തിന് താത്വികമായ ഒരു നിലവാരം നല്‍കുകയാണ് അവര്‍ രചിച്ച കൃതികളിലെല്ലാം ചെയ്യുന്നത്.
ലോക തൊഴിലാളി പ്രസ്ഥാനംമാര്ക്സിന്റെയും എംഗല്‍സിന്റെയും ഏറ്റവും വലിയ സംഭാവന എന്താണ് എന്ന് ചോദിച്ചാല്‍ നമ്മള്‍ പലരും മാര്‍ക്സും എംഗല്‍സും എഴുതിയിട്ടുള്ള കുറെ പുസ്തകങ്ങളുടെ പേര് പറയും. എന്നാല്‍, ഈ പുസ്തകങ്ങളേക്കാള്‍ ഒട്ടും കുറയാതെ വിലപിടിച്ച സംഭാവനയുണ്ട്.
ആദ്യം കമ്മ്യൂണിസ്‌റ്റ് ലീഗ്, പിന്നെ ഒന്നാം ഇന്റര്‍ നാഷണല്‍, പിന്നെ രണ്ടാം ഇന്റര്‍നാഷണല്‍, ഈ മൂന്ന് സംരംഭങ്ങളില്‍കൂടി അന്ന് യൂറോപ്പില്‍ മാത്രമായി ഒതുങ്ങി നിന്ന ലോക തൊഴിലാളിവര്‍ഗ്ഗത്തെ സംഘടിപ്പിക്കുന്നതില്‍ മാര്‍ക്സും എംഗല്‍സും നല്‍കിയിട്ടുള്ള പ്രായോഗിക നേതൃത്വം. ഈ പ്രായോഗിക നേതൃത്വത്തില്‍ നിന്ന് അടര്‍ത്തിയെടുത്തുകൊണ്ട് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കൃതികളെ പരിശോധിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുപോലെ ലെനിന്റെ കൃതികളെ പരിശോധിക്കുന്ന അവസരത്തില്‍, ലെനിന്‍ എഴുതിയിട്ടുള്ള കൃതികളേക്കാള്‍ ഒട്ടുംതന്നെ കുറയാത്ത പ്രാധാന്യമുള്ളതാണ് രണ്ടാം ഇന്റര്‍നാഷണലില്‍ അദ്ദേഹം നടത്തിയ സമരം; ആ സമരത്തിന്റെ അവസാനം അദ്ദേഹം രൂപം നല്‍കിയ മൂന്നാം ഇന്‍ര്‍നാഷണല്‍; എല്ലാറ്റിനും മീതെ, സോവിയറ്റ് യൂണിയന്‍ കെട്ടിപ്പടുത്തത്.
1917-ല്‍ നവംബര്‍ വിപ്ളവം സംഘടിപ്പിച്ചത് തെറ്റാണെന്ന് പറഞ്ഞ കൌത്‌സ്‌കി പ്രഭൃതികളുടെ അഭിപ്രായങ്ങളെ തള്ളിമാറ്റിക്കൊണ്ട് ലെനിന്‍ സോഷ്യലിസ്‌റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ തുടങ്ങി. ആ സോഷ്യലിസ്‌റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതില്‍ത്തന്നെ മുഖ്യമായ രണ്ട് പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി.
ആദ്യം 'യുദ്ധകാല കമ്മ്യൂണിസ' മായിരുന്നു. അന്നത്തെ സ്ഥിതിയില്‍ അത് വേണമായിരുന്നു. സോവിയറ്റ് യൂണിയനെ നശിപ്പിക്കുന്നതിനുവേണ്ടി സോവിയറ്റ് യൂണിയന് വെളിയില്‍ നിന്നും സോവിയറ്റ് യൂണിയന്റെ അകത്തുനിന്നും ശത്രുക്കള്‍ ആഞ്ഞടിക്കുന്ന കാലം. ആ ആഞ്ഞടിക്കലിനെതിരായി ജനങ്ങളെ സംഘടിപ്പിക്കുക എന്ന ജോലിയാണ് ലെനിന്‍ ആ കാലത്ത് ചെയ്തത്. അതിന് സാമ്പത്തിക ജീവിതത്തിലെല്ലാം തന്നെ ഗവണ്‍മെന്റിന്റെയും പാര്‍ട്ടിയുടെയും കര്‍ശനമായ നിയന്ത്രണമുള്ള ഒരു വ്യവസ്ഥ വേണമായിരുന്നു. അതാണ് ലെനിന്‍ നടത്തിയ ആദ്യത്തെ പരീക്ഷണം.
പക്ഷേ, ആ പരീക്ഷണത്തിന്റെ ഫലമായി പുറത്തുനിന്നും അകത്തുനിന്നും വന്ന എല്ലാ ശത്രുക്കളെയും തുരത്തിയോടിച്ച് സോഷ്യലിസത്തെ രക്ഷിക്കാന്‍ കഴിഞ്ഞ അവസരത്തില്‍ ഒരു "പുതിയ സാമ്പത്തികനയം'' ആവിഷ്‌ക്കരിച്ചു. ലെനിന്‍ നടത്തിയ രണ്ടാമത്തെ പരീക്ഷണമാണത്. ആ രണ്ടാമത്തെ പരീക്ഷണം പൂര്‍ത്തിയാകാന്‍ വേണ്ടിടത്തോളം അദ്ദേഹം ജീവിച്ചില്ല. പക്ഷേ, സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്‌റ്റ് സമൂഹനിര്‍മ്മാണം അന്നാണാവിഷ്കരിച്ചത്.
സ്‌റ്റാലിന്റെ സംഭാവനകള്‍ ക്രിയാത്മകവും നിക്ഷേധാത്മകവുംപരീക്ഷണമാണ് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും ജീവിതം. അവരുടെ പ്രവര്‍ത്തനമാകെ പരീക്ഷണമാണ്. ആ പരീക്ഷണംപോലെ തന്നെയാണ് ലെനിനുശേഷമുള്ള നേതാക്കളുടെ, വിശേഷിച്ച് സ്‌റ്റാലിന്റെ, ജീവിതവും.
സ്‌റ്റാലിന്റെ കാലത്തുവന്ന ചില പിശകുകളെപ്പറ്റി ഞാന്‍ പറഞ്ഞുവല്ലോ. ജനാധിപത്യനിഷേധം അതില്‍ പ്രധാനമാണ്. പക്ഷേ, ജനാധിപത്യ നിഷേധി മാത്രമാണ് സ്റാലിന്‍ എന്ന് പറയുന്നത് ശരിയല്ല. സ്‌റ്റാലിന്‍ ചെയ്ത കാര്യം നേരത്തെ ഞാന്‍ പറഞ്ഞു. മുതലാളിത്ത രാജ്യങ്ങളില്‍ രണ്ടും മൂന്നും നൂറ്റാണ്ടുകള്‍കൊണ്ട് നടന്ന പുരോഗതി സോവിയറ്റ് യൂണിയനില്‍ ഒരു പതിറ്റാണ്ടുകൊണ്ട് വന്നു. ഈ പതിറ്റാണ്ടുകൊണ്ട് വന്ന കാര്യങ്ങളില്‍ വിലപ്പെട്ട സംഭാവന സ്‌റ്റാലിന്‍ നല്‍കി. സ്‌റ്റാലിനാണ് അതിനെ നയിച്ചത്.
അതുപോലെ തന്നെ സോവിയറ്റ് യൂണിയനെ നശിപ്പിക്കുന്നതിനുവേണ്ടി ലോക മുതലാളിത്തകോയ്‌മകളെല്ലാംകൂടി പടച്ചുവിട്ട നാസിപ്പട്ടാളത്തെ തുരത്തിയോടിച്ച് സോവിയറ്റ് യൂണിയനെയും ലോക ജനതയെയാകെയും രക്ഷിച്ചതില്‍ സ്‌റ്റാലിന് വലിയ പങ്കുണ്ട്. അതുകൊണ്ട് മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍ സ്‌റ്റാലിന്‍ മുതലായ എല്ലാ കമ്മ്യൂണിസ്‌റ്റ് നേതാക്കളെയും കുറിച്ച് ക്രിയാത്മകവും നിഷേധാത്മകവുമായ പലതുമുണ്ട്, അതാണ് ഞാന്‍ ഊന്നിപ്പറഞ്ഞത്.
മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും കാര്യത്തില്‍ നിഷേധാത്മകമായ വശം കാര്യമായി വന്നിട്ടില്ല. സ്‌റ്റാലിന്റെ കാര്യത്തില്‍ നിഷേധാത്മകവശം വന്നു. പക്ഷേ നിഷേധാത്മകവശം കണ്ട് സ്‌റ്റാലിന്റെ ജീവിതവും പ്രവര്‍ത്തനവും നിഷേധാത്മകം മാത്രമാണ് എന്നു പറയുന്നത് സത്യവിരുദ്ധമാണ്. ലെനിന്റെ കാലത്തിനും സോവിയറ്റ് യൂണിയനും ലോകകമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനും വന്ന പുരോഗതി നോക്കുക. ആ പുരോഗതിയില്‍ അതിപ്രധാനമായ ഒരു പങ്ക് സ്‌റ്റാലിനുണ്ട്. അതായത്, സി.പി.ഐ(എം) സ്‌റ്റാലിനെ ദൈവമായി ആരാധിക്കുന്നില്ല; പിശാചായി തള്ളിക്കളയുന്നുമില്ല. നേരത്തെ ഞാന്‍ പറഞ്ഞതുപോലെ, മാര്‍ക്സും എംഗല്‍സും ലെനിനും മനുഷ്യരാണ് എന്നതുപോലെതന്നെ സ്‌റ്റാലിനും മനുഷ്യനായിരുന്നു. സ്‌റ്റാലിന്റെ കാലത്ത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനം വന്നതിന് ചരിത്രപരമായ ഒരു കാരണമുണ്ട്. ആ കാരണമെന്താണ്?
ജനാധിപത്യനിഷേധത്തിന്റെ ചരിത്രപശ്ചാത്തലംസോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള വമ്പിച്ച ഗുഢാലോചന ലോകത്താകെ നടക്കുന്നു. ആ ഗൂഢാലോചനയില്‍നിന്ന് സോവിയറ്റ് യൂണിയനെ രക്ഷപ്പെടുത്തണം. ഈ രക്ഷപ്പെടുത്തല്‍ എന്നത് വളരെ പ്രധാനമായ ഒരു കടമയായിരുന്നു. നവംബര്‍ വിപ്ളവത്തെ തുടര്‍ന്നുള്ള കാലത്ത് റഷ്യയുടെ അകത്തുനിന്നും വെളിയില്‍ നിന്നും വന്ന ആക്രമണത്തെ നേരിടുന്നതിന് ലെനിന് എന്തെല്ലാം ചെയ്യേണ്ടിവന്നുവോ, അതെല്ലാം സ്‌റ്റാലിന്‍ ചെയ്യേണ്ടിവന്നു. 'യുദ്ധകാല കമ്മ്യൂണിസം' എന്നു പറയുന്ന ആ കാലത്ത് പൂര്‍ണ്ണമായ ജനാധിപത്യമായിരുന്നു എന്നൊന്നും പറയേണ്ട. അന്ന് ലെനിന്‍ പറഞ്ഞു:-
കര്‍ശനമായ നിയന്ത്രണം വേണം. ഈ കര്‍ശനമായ നിയന്ത്രണത്തില്‍ സാമ്പത്തികമായ നിയന്ത്രണം വരും, രാഷ്ട്രീയമായ നിയന്ത്രണം വരും, ഭരണപരമായ നിയന്ത്രണം വരും, സൈനികമായ നിയന്ത്രണം വരും. ഈ നിയന്ത്രണങ്ങളില്‍ക്കൂടിയല്ലാതെ റഷ്യക്കുള്ളില്‍ നിന്നും റഷ്യക്ക് വെളിയില്‍ നിന്നും വരുന്ന ആക്രമണകാരികളെ തുരത്തിയോടിക്കാന്‍ കഴിയില്ല.
ഒന്നാം പഞ്ചവത്സര പദ്ധതി തുടങ്ങിയ കാലത്ത് സ്‌റ്റാലിന്‍ ചെയ്ത ഒരു പ്രസംഗമുണ്ട്: " നമുക്ക് കുറച്ചേ സമയമുള്ളു, നമ്മെ നശിപ്പിക്കുന്നതിനുവേണ്ടി ഇവര്‍ വേലയെടുത്തുകൊണ്ടിരിക്കുകയാണ്.'' ഹിറ്റ്ലര്‍ ചെയ്യുന്നത്, ഹിറ്റ്ലര്‍ക്ക് പിന്നില്‍നിന്ന് സഹായം ചെയ്യുന്നത് അതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്‌റ്റാലിന്‍ പറഞ്ഞു: "നമ്മുടെ വ്യവസായവല്‍ക്കരണം, നമ്മുടെ സാമ്പത്തിക പുരോഗതി, ഒരു പത്തുകൊല്ലത്തിനിടക്ക് സാധിച്ചിട്ടില്ലെങ്കില്‍, നമ്മെ അവര്‍ തകര്‍ക്കും'' ആ പത്തുകൊല്ലം കൊണ്ടാണ് സ്‌റ്റാലിന്‍ അത് സാധിച്ചത്. അത് സാധിച്ചതിന്റെ ഫലമായാണ് നാസിപ്പട്ടാളത്തെ തുരത്തിയോടിക്കാന്‍ കഴിഞ്ഞത്. ഇത് സ്‌റ്റാലിന്റെ നേട്ടമാണ്.
നവംബര്‍ വിപ്ളവത്തെ തള്ളിപ്പറയല്‍
ഈ നീക്കത്തെ തള്ളിപ്പറയുന്നതിന്റെ പേരിലാണ്, നേരത്തെ ഞാന്‍ പറഞ്ഞതുപോലെ, സോവിയറ്റ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്നു യാക്കോവ്‌ലെവ് ഈയിടെ എഴുതിയിട്ടുള്ള ലേഖനത്തില്‍ ഫെബ്രുവരി വിപ്ളവത്തെ ഉയര്‍ത്തിപ്പറയുന്നത്. ഫെബ്രുവരി വിപ്ളവത്തിന്റെ വാര്‍ഷികം കൊണ്ടാടാത്തതില്‍ അദ്ദേഹത്തിന് സങ്കടം. ഫെബ്രുവരി വിപ്ളവത്തില്‍ നിന്ന് നവംബര്‍ വിപ്ളവത്തിലേക്ക് ലെനിന്‍ വരുത്തിയ മാറ്റത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നില്ല എന്നാണതിന്റെ അര്‍ത്ഥം. ആ സ്ഥിതിക്ക് റഷ്യന്‍ വിപ്ളവം, ഫെബ്രുവരിയിലും നവംബറിലും കൂടി എന്തു ചെയ്തു എന്നുനമുക്ക് നോക്കാം.
വളരെ വളരെ പിന്നണിയില്‍ കിടന്ന ഒരു രാജ്യമായിരുന്നു റഷ്യ. പക്ഷേ, വളര്‍ച്ചയെത്തിയ ഒരു തൊഴിലാളിവര്‍ഗ്ഗം അവിടെയുണ്ട്. ആ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണി വിഭാഗമായി വിപ്ളവകരമായ ഒരു ബോള്‍ഷെവിക് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി നേതൃത്വവുമുണ്ട്. ഈ സാഹചര്യത്തില്‍, വിശേഷിച്ചും യുദ്ധത്തിന്റെ ഫലമായി, സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം മൂർച്ഛിച്ച് ജനങ്ങളുടെ ഇടയിലെ അസംതൃപ്തി അങ്ങേയറ്റം വര്‍ദ്ധിച്ച സ്ഥിതിയില്‍ തൊഴിലാളിവര്‍ഗ്ഗത്തിന് അധികാരമേറ്റെടുക്കാന്‍ കഴിഞ്ഞു. അധികാരമേറ്റതിനെ തുടര്‍ന്ന് സോഷ്യലിസ്‌റ്റ് സമൂഹം കെട്ടിപ്പടുക്കാന്‍ തുടങ്ങി.
സോഷ്യലിസ്‌റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നേരത്തെ ഞാന്‍ പറഞ്ഞതുപോലെ, അത്യുജ്വലമായ വിജയങ്ങള്‍ ഉണ്ടായി. അതേപോലെ തന്നെ, ദുഃഖകരമായ ചില ദോഷങ്ങളുമുണ്ടായി. അതില്‍ അത്യുജ്വലമായ വിജയമൊന്നും കാണാതെ നിഷേധാത്മകമായ വശങ്ങള്‍ മാത്രം ഊന്നിക്കൊണ്ടുള്ള സമീപനത്തിന്റെ ഫലമായി ഇപ്പോള്‍ ലെനിനെപ്പോലും തള്ളിപ്പറയുന്നു. ലെനിന്റെ നേതൃത്വത്തെപ്പോലും തള്ളിപ്പറയുന്നു.ഈ സന്ദര്‍ഭത്തില്‍ നമ്മളെ സംബന്ധിച്ചിടത്തോളം ലെനിനെ മനസ്സിലാക്കുക മാത്രമല്ല, ആ സംഭാവനകള്‍ എങ്ങനെ വളര്‍ന്നു, ആ വളര്‍ച്ച എവിടംവരെ എത്തി എന്നെല്ലാം അറിയേണ്ടതുണ്ട്.
സോവിയറ്റ് തകര്ച്ചക്കുശേഷംസോവിയറ്റ് യൂണിയന് തകര്‍ന്നു. കിഴക്കന്‍ യൂറോപ്പ് തകര്‍ന്നു. പക്ഷേ, സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും കൂടിയാലുള്ളതിനേക്കാള്‍ എത്രയോ അധികം ആളുകള്‍ താമസിക്കുന്ന ചൈനയില്‍ സോഷ്യലിസ്‌റ്റ് വിപ്ളവം ഉണ്ട്, ചൈനയില്‍ മാത്രമല്ല, വിയറ്റ്നാമിലുണ്ട്, കൊറിയയിലുണ്ട്, ക്യൂബയിലുണ്ട്. ഈ നാല് സോഷ്യലിസ്‌റ്റ് രാജ്യങ്ങളിലെയും കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ വളരെ ഉച്ചത്തില്‍ വിളിച്ചു പറയുന്നു: "ഞങ്ങള്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് ''
ഈ നാല് സോഷ്യലിസ്‌റ്റ് രാജ്യങ്ങളില്‍ മാത്രമല്ല ലോകത്തെല്ലാ രാജ്യങ്ങളിലും സോവിയറ്റ് യൂണിയന്റെ ഉജ്ജ്വലമായ നേട്ടങ്ങളെ തള്ളിപ്പറയാത്ത സ്‌റ്റാലിനെന്നയാള്‍ പിശാചായിരുന്നു എന്ന കാഴ്ചപ്പാട് അംഗീകരിക്കാത്ത മാര്‍ക്സിസ്‌റ്റ്-ലെനിനിസ്‌റ്റുകാരുണ്ട്. ഇന്ത്യയില്‍ സി.പി.ഐ.(എം) ആ തരത്തിലുള്ള ഒരു പാര്‍ട്ടിയാണ്. സി.പി.ഐയും കുറെ ആടിക്കളിക്കലോടു കൂടിയാണെങ്കിലും ആ വഴിക്ക് നീങ്ങുന്നുണ്ട്. സോഷ്യലിസ്‌റ്റ് സമൂഹ നിര്‍മ്മാണത്തില്‍ പറ്റിയ പിശക്കുകള്‍ തിരുത്തി, നേടാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മാര്‍ക്സിസ്‌റ്റ്-ലെനിനിസ്‌റ്റ് പാര്‍ട്ടികള്‍ ലോകത്തെല്ലായിടത്തുമുണ്ട്. മുന്‍സോവിയറ്റ് യൂണിയനില്‍ പോലുമുണ്ട്.
ഇന്നത്തെ റഷ്യയിലെ നേതാവായ യെട്സിനെതിരായ ഒരു പ്രസ്ഥാനം വളര്‍ന്നുവരുന്നുണ്ട്. യെട്സിനെതിരായി പ്രവര്‍ത്തിക്കുന്ന ഏഴെട്ടു സംഘങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ഐക്യമുന്നണി ഉണ്ടാക്കിയിട്ടുണ്ട്. ഈ ഐക്യമുന്നണി സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഐക്യമുന്നണിയാണ്.
കിഴക്കന്‍ യൂറോപ്പിലാണെങ്കില്‍ സോഷ്യലിസം വിട്ട് മുതലാളിത്തത്തിലേക്ക് ചെല്ലുകയാണെങ്കില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്നു കരുതിയ ആളുകള്‍ ഇപ്പോള്‍ കുഴപ്പങ്ങള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. കിഴക്കന്‍ ജനര്‍മ്മനിയില്‍ സോഷ്യലിസം തകര്‍ത്ത്, ജര്‍മ്മനിയെ കേന്ദ്രീകരിച്ചു എന്ന് അഹങ്കരിച്ചു നടക്കുന്ന ജര്‍മ്മന്‍ നേതാക്കള്‍ അവിടെ ഇന്നു കാണുന്നത് ജര്‍മ്മനിയിലെ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിച്ചു വരുന്നതാണ്.
ഈ വിധത്തില്‍, നേരത്തെ ഞാന്‍ പറഞ്ഞതുപോലെ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. സോവിയറ്റ് യൂണിയന്‍ മുന്‍സോവിയറ്റ് യൂണിയനായി മാറി. കിഴക്കന്‍ യൂറോപ്പ് തകര്‍ന്നു. എങ്കില്‍പ്പോലും മാര്‍ക്സിസം-ലെനിനിസം തകര്‍ന്നിട്ടില്ല. മാര്‍ക്സിസം-ലെനിനിസത്തെ പിശകു തിരുത്തി നവീകരിക്കേണ്ടതുണ്ട്. ആ ജോലിയില്‍ ലോകത്തിലെ എല്ലാ മാര്‍ക്സിസ്‌റ്റ്-ലെനിനിസ്റുകാരും ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ വിധത്തില്‍ മാര്‍ക്സിസം-ലെനിനിസം ഇനിയും മുന്നോട്ട് പോകും. അതിന്റെ പ്രവര്‍ത്തനത്തില്‍ കടന്നുകൂടിയിട്ടുള്ള ദൌര്‍ബ്ബല്യങ്ങളും വൈകല്യങ്ങളും ഇല്ലാതാക്കി അത് മുന്നോട്ട് പോകുക തന്നെ ചെയ്യും.
****ഇ.എം.എസ്., 1992- ഏപ്രില്‍ 22ന് എറണാകുളം ടൌണ്‍ഹാളില്‍ നടത്തിയ പ്രഭാഷണംകടപ്പാട് : പി എ ജി ബുള്ളറ്റി