വ്യാഴാഴ്‌ച, മാർച്ച് 11, 2010

ഭാഗവതിന് പാദപൂജയോ?

പുള്ളിപ്പുലിയുടെ പുള്ളി ഒരുനാളും മായില്ലെന്ന് ആര്‍എസ്എസിന്റെ ആറാമത്തെ സര്‍സംഘചാലകായി സ്ഥാനമേറ്റ മോഹന്‍ ഭാഗവതിന്റെ ആദ്യകേരള സന്ദര്‍ശനവും പ്രഖ്യാപനങ്ങളും ബോധ്യപ്പെടുത്തി. ഹെഡ്ഗേവാര്‍, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവരേക്കാള്‍ വിഷം കൂടിയിട്ടേയുള്ളൂവെന്ന് പിന്‍ഗാമി വാക്കുകൊണ്ടും ശരീരഭാഷകൊണ്ടും അടയാളപ്പെടുത്തി. എന്നിട്ടും അതിനെ മറച്ചുവച്ചുള്ള സ്തുതിഗീതത്തിലാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. കുട്ടികളെ കൊല്ലാന്‍ കംസന്‍ പൂതനയെ അയച്ചത് മോഹിനിവേഷത്തിലാണ്. അവള്‍ കുഞ്ഞുങ്ങളെ ആകര്‍ഷിച്ച് മടിയിലിരുത്തി വിഷം പുരട്ടിയ മുലക്കണ്ണ് വായില്‍വെച്ചുകൊടുത്തു. എന്നാല്‍, ആര്‍എസ്എസ് ചീഫ് മോഹിനിയായല്ല പൂതനയുടെ യഥാര്‍ഥ രൂപത്തില്‍ത്തന്നെയാണ് ചലിച്ചത്. ഹിന്ദുത്വശ്രേഷ്ഠതയില്‍ അഭിരമിക്കുക, മുസ്ളിങ്ങളെ വെറുക്കുക, ക്രിസ്ത്യാനിയോട് ശത്രുത പുലര്‍ത്തുക, കമ്യൂണിസത്തെയും കമ്യൂണിസ്റ്റുകാരെയും ഉന്മൂലനം ചെയ്യുക- അതാണ് ആര്‍എസ്എസ് എന്ന് ഭാഗവത് ബോധ്യപ്പെടുത്തി. ഭാഗവത് പോയി ആഴ്ച ഒന്നര കഴിഞ്ഞിട്ടും മാധ്യമങ്ങള്‍ പാദപൂജ തുടരുകയാണ്. കൊല്ലത്തെ ആര്‍എസ്എസിന്റെ സംസ്ഥാനസമ്മേളനത്തിന് എന്ത് ചന്തം, പരിശീലനം സിദ്ധിച്ച സ്വയംസേവകരുടെ പരേഡിന് എന്ത് അച്ചടക്കം, ഭാഗവതിന്റേത് എത്ര സുതാര്യമായ ചിന്ത- ഇങ്ങനെ പോകുന്നു പുകഴ്ത്തലുകള്‍. രാമഭക്തനായ മഹാത്മാഗാന്ധിയെ അരുംകൊലചെയ്ത സംഘടനയാണിത്. മുസ്ളിം ഗര്‍ഭിണിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ നിലത്തെറിഞ്ഞത് താനാണെന്ന് അഭിമാനത്തോടെ പറയുന്ന ഗുജറാത്തിലെ ബാബു ബജ്രംഗി ഉള്‍പ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകനാണ് ഭാഗവത്. അത് അരണബുദ്ധിയുള്ള മാധ്യമങ്ങള്‍ മറന്നു. സ്തുതിഗീതത്തിനായി ആര്‍എസ്എസ് പദങ്ങള്‍ മനോരമ, മാതൃഭൂമിയാദികള്‍ കടംകൊണ്ടു. കൊല്ലത്ത് പ്രാന്ത സാംഘിക് നടന്നുവെന്നാണ് 'മ' പത്രം പറഞ്ഞത്. മേഖലാ ഒത്തുചേരല്‍ അഥവാ കേരള സംസ്ഥാന സമ്മേളനം എന്നതാണ് സംഭവിച്ചത്. സര്‍സംഘചാലകിന്റെ ആഗമനം, പ്രണാമം, ധ്വജാരോഹണം തുടങ്ങിയവ നടന്നതായി ഈ പത്രങ്ങള്‍ വിവരിച്ചു. സാധാരണ വായനക്കാരന്‍ ഇരുട്ടിലായാലും സംഘപരിവാറിനെ അവരുടെ ഭാഷയില്‍ സുഖിപ്പിക്കുകയെന്ന കര്‍മമാണ് ഈ മാധ്യമങ്ങള്‍ അനുഷ്ഠിച്ചത്. ബ്രാഹ്മണന്റെ രണ്ടാം ജന്മത്തിനാണ് ധ്വജാരോഹണം എന്നു പറയുക. ഒരുലക്ഷം ഗണവേഷധാരികള്‍ അച്ചടക്കത്തോടെ ഡ്രില്‍ നടത്തിയെന്നും മാധ്യമങ്ങള്‍ പെരുപ്പിച്ചുപറഞ്ഞു. 4000 ബസിലാണ് അവര്‍ വന്നതെന്നു പറയുന്നത് സത്യമാണെങ്കില്‍ പങ്കെടുത്തത് 25,000 പേരാണ്. മതനിരപേക്ഷതയുടെ കാഴ്ചപ്പാട് എത്രവേഗമാണ് നമ്മുടെ ഒരുവിഭാഗം മാധ്യമങ്ങള്‍ നഷ്ടമാക്കുന്നത്.

കൊല്ലത്തെ പ്രസംഗത്തിലോ അടുത്ത ദിവസം തിരുവനന്തപുരം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി പ്രസിലോ ആര്‍എസ്എസ് നേതാവ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ നേരിടുന്ന ജീവിതപ്രശ്നങ്ങളെപ്പറ്റി ഒരക്ഷരവും ഉരിയാടിയില്ല. ഇന്ത്യക്കാരില്‍ 35 ശതമാനം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. അവരുടെ ജീവിതത്തെ വിലക്കയറ്റം കൂടുതല്‍ ദുസ്സഹമാക്കി. പാവപ്പെട്ടവരുടെ മാത്രമല്ല, ഇടത്തരക്കാര്‍ക്കും വിലക്കയറ്റ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല. ഇതേപ്പറ്റി മിണ്ടാത്ത ഭാഗവത് ഹിന്ദുത്വമേന്മയെപ്പറ്റിയാണ് ഉപന്യസിച്ചത്. "ഹിന്ദുത്വം പൌരാണികമെന്നപോലെ ആധുനികോത്തരവുമാണ്. കഴിഞ്ഞ 85 വര്‍ഷമായി ഹിന്ദുക്കളെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയസ്വയംസേവാസംഘം ചെയ്യുന്നത്. ബാഹ്യമായിട്ടല്ല, അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ മനസ്സിലാക്കേണ്ടത്. ഹിന്ദുധര്‍മം, സംസ്കാരം, സമാജം എന്നിവയെ ശക്തിപ്പെടുത്തിയേ ഭാരതത്തെ സംരക്ഷിക്കാനാകൂ''-

ഭാഗവതിന്റെ ഈ കാഴ്ചപ്പാടില്‍ തെളിയുന്ന ഹിന്ദുത്വമെന്താണ്?

ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും നാടുവാഴിത്തവും മുതലാളിത്തവും പുത്തന്‍ സാമ്പത്തിക നയവുമല്ല, മുസ്ളിങ്ങളും ക്രിസ്ത്യാനികളും ദളിതരും കമ്യൂണിസ്റ്റുകാരുമാണെന്ന സംഘപരിവാര്‍ സമീപനമാണ് ഭാഗവതിന്റെ ഹിന്ദുത്വ തിയറിയില്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 82 ശതമാനം ഹിന്ദുക്കളും ബാക്കിവരുന്ന 18 ശതമാനത്തില്‍ മുന്നില്‍ മുസ്ളിങ്ങളുമാണ്. പിന്നെ ക്രിസ്ത്യാനികളും. ആര്‍എസ്എസ് നേതാവിന്റെ ഹിന്ദുത്വത്തില്‍ മുസ്ളിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരുമൊന്നും ഇല്ലല്ലോ. ഹിന്ദുത്വത്തിന്റെ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ് ഇന്ത്യാവിഭജനം. ഹിന്ദുത്വത്തിന്റെ തനിനിറം സ്വാതന്ത്ര്യദിനപുലരിയില്‍ കണ്ടതാണ്. അന്നൊഴുകിയ ചോരയുടെ കണക്ക് ഇനിയുമെടുത്തുതീര്‍ന്നിട്ടില്ല.

തന്റെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷംമുമ്പ് ഗാന്ധിജി 'ഹരിജന്‍' വാരികയില്‍ ഇങ്ങനെയെഴുതി:

"ഈ രാജ്യത്ത് ജനിക്കുകയും ഇത് സ്വന്തം മാതൃഭൂമിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന എല്ലാവരും, അവര്‍ ഹിന്ദുവോ മുസ്ളിമോ പാഴ്സിയോ ജൈനമതക്കാരോ സിഖുകാരനോ ആകട്ടെ, മാതൃഭൂമിയുടെ മക്കളാണ്. അതുകൊണ്ടുതന്നെ രക്തബന്ധത്തേക്കാള്‍ പ്രബലമായ ഒരു കണ്ണിയില്‍ യോജിക്കപ്പെട്ട സഹോദരന്മാരുമാണ് അവര്‍.‍''

രാഷ്ട്രപിതാവിന്റെ സങ്കല്‍പ്പമല്ല, അന്യമതക്കാരന്റെ ആരാധനാലയം പൊളിക്കുകയും അവരുടെ ചങ്ക് പിളര്‍ത്തുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ആര്‍എസ്എസിന് താല്‍പ്പര്യമെന്ന് ഭാഗവത് വ്യക്തമാക്കി.

ഹിറ്റ്ലറോട് ആദരവ് കാട്ടുന്നതാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും സൈദ്ധാന്തിക ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും സിദ്ധാന്തം. അഞ്ചരക്കോടി ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്ലറുടെ വഴി സ്വീകരിച്ച് ഇന്ത്യയില്‍ ഹിന്ദുത്വം സ്ഥാപിക്കാന്‍ പാടുപെടുകയാണ് ഭാഗവതിന്റെ പ്രസ്ഥാനം. ഗുജറാത്തും ഒറീസയുമെല്ലാം അതു തെളിയിക്കുന്നതാണ്. ആര്‍എസ്എസും ഹിന്ദുപരിവാറും വിഭാവനചെയ്യുന്ന രാഷ്ട്രത്തില്‍ മുസ്ളിമും ക്രിസ്ത്യാനിയും ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൌരാവകാശമുണ്ടാകില്ല. ഹിന്ദുത്വത്തെ ദേശീയതയായി അവതരിപ്പിക്കുന്ന ഭാഗവതിന്റെ നാട്യംകൊണ്ടൊന്നും അപ്രത്യക്ഷമാകുന്നതല്ല ആര്‍എസ്എസിന്റെ മതാധിഷ്ഠിതരാഷ്ട്രമെന്ന സങ്കല്‍പ്പം. പൂതനയുടെ മോഹിനിവേഷം മറച്ചുവച്ചാണ് മനോരമ, മാതൃഭൂമിയാദികള്‍ ആര്‍എസ്എസ് സംസ്ഥാനസമ്മേളനം വര്‍ണവിസ്മയം തീര്‍ത്തെന്ന് കൊട്ടിഘോഷിച്ചത്.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അധിനിവേശനയങ്ങളുടെ മുന്നില്‍ കണ്ണടയ്ക്കുന്ന ഭാഗവത് ചൈനാവിരോധം നന്നായി ഉല്‍പ്പാദിപ്പിക്കുന്നു. നമ്മുടെ രാജ്യം ആന്തരികമായി പരിതാപകരമാണെന്നും ചൈനയും പാകിസ്ഥാനും പലതവണ കടന്നുകയറുന്നെന്നും ചൈന ഉയര്‍ത്തുന്ന ഭീഷണിയും പാകിസ്ഥാന്റെ മുഷ്കും രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം കിട്ടിയാല്‍ ഹിറ്റ്ലറുടെ പാതയിലൂടെതന്നെ രാജ്യത്തെ നീക്കുമെന്ന മുന്നറിയിപ്പാണ് ആര്‍എസ്എസ് മേധാവി നല്‍കുന്നത്. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ യുദ്ധം വെട്ടുന്നതിലേക്കും മറ്റൊരു ലോകമഹായുദ്ധത്തിലേക്ക് തള്ളിവിടുന്നതിലേക്കും ഇടയാക്കുന്നതാണ് ചൈനയെ ശത്രുവായി പ്രഖ്യാപിക്കുന്ന നയം.

ഏകരൂപമായ ആര്യന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മനിയില്‍ ഹിറ്റ്ലര്‍ ശ്രമിച്ചു. അന്ന് ലക്ഷക്കണക്കിനു ജൂതന്മാരെ കശാപ്പ് ചെയ്തു. ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഏകാധിപത്യം ലോകത്തെ ഒരു മഹായുദ്ധത്തിന്റെ കെടുതിയിലേക്ക് നയിച്ചു. ആ നടുക്കുന്ന ഓര്‍മ, മതനിരപേക്ഷ വിശ്വാസികളും സമാധാനപ്രേമികളും ഭാഗവതിന്റെ മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ പുതുക്കണം. അയോധ്യയില്‍ രാമക്ഷേത്രം സ്ഥാപിക്കുന്നതിനുവേണ്ടി അണിചേരാനുള്ള ആഹ്വാനവും ഭാഗവത് നല്‍കി. രാമജന്മഭൂമി-ബാബറി മസ്ജിദ് പ്രശ്നം ഇത്ര വഷളാക്കിയത് ആര്‍എസ്എസും മറുഭാഗത്ത്മൃദുല ഹിന്ദുത്വനയം സ്വീകരിച്ച കോണ്‍ഗ്രസുമാണ്. ഇങ്ങനെയുള്ള ഒരു പതനം ഉണ്ടാകുമായിരുന്നെങ്കില്‍ ആദികവി വാല്‍മീകി രാമായണം എന്ന മഹാകാവ്യംതന്നെ രചിക്കുമായിരുന്നോ എന്നു സംശയിക്കണം.
"മുസ്ളിങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ വലിച്ചിഴയ്ക്കപ്പെടാന്‍ ഞാനനുവദിക്കില്ല. ആയിരം അമ്പലങ്ങള്‍ തവിടുപൊടിയായാലും ഒരൊറ്റ പള്ളിപോലും ഞാന്‍ തൊടില്ല''-
എന്ന ഗാന്ധിജിയുടെ വാക്കുകള്‍ (യംഗ് ഇന്ത്യ, ആഗസ്ത് 28, 1924) അരോചകമായി തോന്നിയപ്പോള്‍ യഥാര്‍ഥ രാമഭക്തനായിരുന്ന ഗാന്ധിജിയെ വെടിവച്ചുകൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ രാമന്‍ റഹീമാണെന്ന് ഒരുവേള പ്രഖ്യാപിച്ച ഗാന്ധിജിയുടെ രാമരാജ്യവും ഹിന്ദുപരിവാറിന്റെ രാമരാജ്യവും രണ്ടാണ്. അതുകൊണ്ടാണല്ലോ, അയോധ്യയിലെ ബാബറി പള്ളി പൊളിച്ചത്.

ഇതിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് എം എഫ് ഹുസൈനെതിരായുള്ളത്. എം എഫ് ഹുസൈന്‍ ഇന്ത്യയില്‍ തിരിച്ചുവരുന്നതിന് എതിരല്ലെന്നു പറയുന്ന ഭാഗവത് ജനാധിപത്യത്തില്‍ എല്ലാ സ്വാതന്ത്ര്യത്തിനും പരിധിയുണ്ടെന്നും വേദനിപ്പിച്ച ജനങ്ങളോട് അദ്ദേഹം മാപ്പുപറയണമെന്നും ശഠിക്കുന്നു. പ്രശസ്ത ചിത്രകാരനായ ഹുസൈന് ഖത്തര്‍ സര്‍ക്കാര്‍ അവരുടെ പൌരത്വംനല്‍കി. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്റെ ദുരവസ്ഥയ്ക്കു കാരണം ആര്‍എസ്എസാണ്. 1970 കാലഘട്ടത്തില്‍ ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദുദൈവങ്ങളെ നഗ്നരായി വരച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തുന്ന ലേഖനം 1996ല്‍ ഒരു ഹിന്ദിമാസികയില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹുസൈന്റെ പെയിന്റിങ്ങുകള്‍ നശിപ്പിക്കുകയും ഇന്ത്യയില്‍ ഒരിടത്തും പെയിന്റിങ് പ്രദര്‍ശനം നടത്താന്‍ സമ്മതിക്കാതിരിക്കുകയും നിരവധി ക്രിമിനല്‍ കേസുള്‍പ്പെടെ ഹുസൈനെതിരെ കൊണ്ടുവരികയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പ്രവാസിയായി കഴിയുന്നത്. ആര്‍എസ്എസിന്റെ അസഹിഷ്ണുതയും യുക്തിഹീനതയുമാണ് ഈ സംഭവത്തില്‍ തെളിയുന്നത്.

പിന്നോക്ക മുസ്ളിമിന് സംവരണം ഏര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം, ആര്‍എസ്എസ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനംചെയ്ത പത്മലോചനനെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മേയര്‍സ്ഥാനം ഒഴിയാന്‍ നിര്‍ദേശിക്കകയും ചെയ്ത പാര്‍ടി അച്ചടക്ക നടപടി- എന്നിവയുടെ പേരില്‍ ഭാഗവത് സിപിഐ എമ്മിനെ വിമര്‍ശിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ മുസ്ളിംവിഭാഗത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റം കുറിക്കാനാണ് ബംഗാളില്‍ സംവരണം കൊണ്ടുവന്നത്. അല്ലാതെ ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കാനല്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ ചോരക്കളമായിരുന്ന ബംഗാളിനെ മതനിരപേക്ഷതയുടെ മാതൃകാസ്ഥാനമാക്കിയ ഇടതുപക്ഷം ആ മതനിരപേക്ഷപാത ഉറപ്പിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് അണുവിട വിട്ടുവീഴ്ച കമ്യൂണിസ്റ്റുകാര്‍ കാട്ടില്ലെന്ന സന്ദേശമാണ് പത്മലോചനന് എതിരായ അച്ചടക്കനടപടിയിലൂടെ സിപിഐ എം കൈക്കൊണ്ടത്. അതിനെ രാഷ്ടീയ അസഹിഷ്ണുതയായി ഭാഗവത് കാണുമെങ്കിലും മതനിരപേക്ഷ വിശ്വാസികളും മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും സിപിഐ എം തീരുമാനത്തിന്റെ രാഷ്ട്രീയ വിശുദ്ധിയെ മാനിക്കും. അതും മുഖ്യധാരാമാധ്യമങ്ങള്‍ മറച്ചുവച്ചു.

ആര്‍ എസ് ബാബു ദേശാഭിമാനി