ബുധനാഴ്‌ച, ഡിസംബർ 30, 2009

എന്തും മറച്ചു വയ്ക്കാം



പ്രചാരണം ഏതാനും വിഷയങ്ങളിലേക്ക് പരിമിതപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. അസത്യം, ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍, അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി പരിണമിക്കും. ഗീബല്‍സ് പറഞ്ഞതുപോലെ സ്വര്‍ഗം നരകവും നരകം സ്വര്‍ഗവുമായി മാറും! ജനങ്ങള്‍ യുക്തിയേക്കാള്‍ വികാരത്തെ ആശ്രയിക്കുന്നവരും വലിയ മറവിക്കാരുമായതുകൊണ്ട്, ഏത് യുദ്ധം ജയിക്കാനും ആദ്യം പ്രചാരണം, പിന്നെയും പിന്നെയും പ്രചാരണം എന്ന കാഴ്ചപ്പാടാണ് മുമ്പെന്നപോലെ ഇന്നും സാമ്രാജ്യത്വവും ഫാസിസവും കൈക്കൊള്ളുന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും
അമേരിക്കന്‍ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രീതി പിടിച്ചുപറ്റി മുന്‍നിരയില്‍ നില്‍ക്കുക, അതിലൂടെ പരമാവധി പരസ്യം കൊയ്യുക-ലാഭംകൊയ്യുക-എന്ന ഒറ്റ അജണ്ട മാത്രമാണ് ഇവിടുത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ളത് എന്ന് കണ്ണടച്ച് പറയാനാകില്ല. കാരണം ലാഭമുണ്ടാക്കുകയെന്നതിനൊപ്പം തന്നെ, അല്ലെങ്കില്‍ അതിനേക്കാളേറെ പ്രാധാന്യം പൊതുതെരഞ്ഞെടുപ്പ് വരുമ്പോള്‍ചില പ്രത്യേക പാര്‍ടിയെ അല്ലെങ്കില്‍ സഖ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തിന് ഇവര്‍ നല്‍കുന്നുണ്ട്. അവിടെ ഒരു താല്‍പ്പര്യം ജനിക്കുന്നു: ഈ നാട് ആര് ഭരിക്കണമെന്ന താല്‍പ്പര്യം. അതിനുള്ള തയ്യാറെടുപ്പും മറ്റു സമയങ്ങളിലെല്ലാം വളരെ ആസൂത്രിമായി വിദേശി-സ്വദേശി മാധ്യമ മുതലാളിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങള്‍ അഥവാ ദൃശ്യമാധ്യമ മുതലാളിമാര്‍ സ്വമേധയാ ഇങ്ങനെയൊരു നിലപാടെടുക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ചില രാഷ്‌ട്രീയ പാര്‍ടികള്‍ മാധ്യമങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യാന്‍ കോടിക്കണക്കിന് രൂപ അങ്ങോട്ടെറിയുന്നത്. തങ്ങളെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതിച്ചും പറയിപ്പിച്ചും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇവര്‍ ശ്രമിച്ചത് മാധ്യമങ്ങള്‍ക്ക് പണം വാരിക്കോരിയെറിഞ്ഞാണ്. അതായത് മാധ്യമപ്രവര്‍ത്തകരെയല്ല അക്ഷരാര്‍ത്ഥത്തില്‍ മാധ്യമങ്ങളെ തന്നെ വിലയ്ക്കെടുക്കുന്നു,പത്രങ്ങളെയും ചാനലുകളെയും. ഒരുതരം കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ. ഒരു പക്ഷേ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഹീനമായ മാധ്യമമുഖമാണ് ദൃശ്യമാവുന്നത്.

'നിശബ്ദനാക്കപ്പെട്ടവന്റെ ആത്മഗതം' (A Mute's Soliloquy) എന്ന ഓര്‍മക്കുറിപ്പുകളില്‍ ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യപോരാളിയും പത്രപ്രവര്‍ത്തകനുമായ പ്രമോദ്യ അനന്ത ടോര്‍ തന്റെ ജയില്‍വാസകാലത്ത് മാധ്യമങ്ങള്‍ ആശ്വാസം പകര്‍ന്ന കഥ പറയുന്നുണ്ട്. കൂട്ടത്തോടെ കൊന്നൊടുക്കിയാല്‍ പോലും ലോകമറിയാത്ത ദ്വീപിലെ ജയിലറകളില്‍ നടന്ന ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിച്ച് ലോകത്തോട് പറഞ്ഞതും കുറെയധികം പേരെ മോചിപ്പിക്കാന്‍ കഴിഞ്ഞതും മറ്റും. അത് ആ രാജ്യത്തിന്റെ വിമോചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകവുമായി. അതേസമയം വെനിസ്വേലയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ജനതയുടെ കഷ്ടപ്പാടുകളെ മറച്ചുവയ്‌ക്കുകയും ജനകീയ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളെ താറടിച്ചുകാണിക്കുകയും ചെയ്‌ത മാധ്യമങ്ങളെ പ്രേക്ഷകരായ ജനങ്ങള്‍ തന്നെ തിരുത്തിയ സംഭവം. അത്തരം ചാനലുകളെയും പത്രങ്ങളെയും മാത്രമല്ല അവയില്‍ പരസ്യം വരുന്ന ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കാന്‍ വെനീസുലയിലെ ജനങ്ങള്‍ പരിശീലിച്ചു. "മാധ്യമങ്ങള്‍ വിഷം പകരുന്നതു നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കായില്ല'' എന്നാണ് ഹ്യൂഗോ ഷാവേസ് അതേക്കുറിച്ച് പറഞ്ഞത്. ജനകീയ ബഹിഷ്‌ക്കരണം മൂലം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അനുഭവം വന്‍ സര്‍ക്കുലേഷനുണ്ടായിരുന്ന 'ക്വിന്റോ ദിയ' പത്രവും മികച്ച റേറ്റിങ്ങില്‍ നിന്ന 'ഗ്ളോബോവിഷന്‍' ചാനലും പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
ചാനല്‍ യുഗം പിറക്കുന്നതും ആഗോളവല്‍ക്കരണത്തിന്റെ പമ്പ് തുറക്കുന്നതും ഏതാണ്ട് ഒരേകാലത്താണ്. സ്വന്തമെന്ന പദത്തിനര്‍ഥമില്ല എന്ന് സൌമ്യമായി പറഞ്ഞുകൊണ്ടാണ് ആഗോളവല്‍കരണം ഇന്ത്യയിലേക്ക് കടന്നുവന്നത്. സ്വത്വമെന്ന ചിന്തയെ പടിയടച്ചു പിണ്ഡം വയ്‌ക്കണമെന്നും ആഗോളവല്‍ക്കരണ വക്താക്കള്‍ മൊഴിഞ്ഞു, ഇന്ത്യ കേട്ടു. കാറുകള്‍, വസ്‌ത്രങ്ങള്‍, വിവിധ മോഡലുകള്‍, കംപ്യൂട്ടര്‍ സോഫ്‌ട്‌വെയറുകള്‍, കണ്ടെയ്‌നര്‍ കമ്പനികള്‍, സൂപ്പര്‍-ഡ്യൂപ്പര്‍ മാര്‍ക്കറ്റുകള്‍, മലയെ മറിച്ചിട്ട് എലികളുടെ വലുപ്പത്തിലാക്കി തരാന്‍ കെല്‍പ്പുള്ള കൂറ്റന്‍ യന്ത്രങ്ങള്‍... തൊണ്ണൂറുകളുടെ പകുതിയായപ്പോഴേക്കും ഇന്ത്യന്‍ നഗരങ്ങളുടെ മുഖഛായ മാറിത്തുടങ്ങി. ഈ കുത്തൊഴുക്കിന് കുടപിടിച്ചുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ വിന്ധ്യഹിമാലയ യമുനാ ഗംഗകളില്‍ കണ്ണിനും കാതിനും ഒരു മാത്ര പോലും വിശ്രമം നല്‍കാതെ സ്വയം വിറ്റഴിയാന്‍ തുടങ്ങിയത്. അതോടെ സൌമ്യത പരണത്തു വച്ച് ഇവ തനിസ്വരൂപം വെളിയില്‍ കാണിക്കുകയും ചെയ്‌തു.
ഒരു വ്യക്തിയെകുറിച്ചോ, ഒരു താരത്തെപ്പറ്റിയോ, ഒരെഴുത്തുകാരനെക്കുറിച്ചോ ഒക്കെ ദൃശ്യമാധ്യമങ്ങള്‍ വിചാരിച്ചാല്‍ പ്രേക്ഷനുമുന്നില്‍ നേരിട്ടു പറയാതെ തന്നെ മോശക്കാരനായി അവതരിപ്പിക്കാം. ഇതൊന്നും പ്രേക്ഷകര്‍ പൂര്‍ണമായി വിശ്വസിക്കുകയില്ലെന്ന് ചാനലുകള്‍ക്കറിയാം. പക്ഷേ ഒരാളെക്കുറിച്ച് ഒരു ബോധം അല്ലെങ്കില്‍ ഒരു ഇമേജ് സൃഷ്‌ടിച്ചിടുകയാണ്. വരാന്‍ പോകുന്ന എല്ലാ വാര്‍ത്തകള്‍ക്കും ഈ ഇമേജുകള്‍ പ്രയോജനപ്പെടുമെന്ന് ഇവര്‍ക്കറിയാം. പലപ്പോഴും പല കള്ളവാര്‍ത്തകള്‍ക്കൊപ്പം കൂട്ടിവായിക്കാനാവശ്യമായ ദൃശ്യരൂപങ്ങളും ശബ്‌ദഭാഗങ്ങളും ഇതിനകം തന്നെ ചാനലുകള്‍ പ്രേക്ഷകരില്‍ നിക്ഷേപിച്ചുകഴിഞ്ഞു. നമ്മുടെ മനസ്സിലുള്ള ഇമേജുമായി, സങ്കല്‍പ്പനവുമായി ബന്ധമുള്ള എന്തു കണ്ടാലും കേട്ടാലും ആ പഴയ ഇമേജുമായി സ്വമേധയാ കൂട്ടിവായിക്കപ്പെടും എന്നാണ് മനഃശാസ്‌ത്ര പഠനങ്ങള്‍ പറയുന്നത്.ദൃശ്യമാധ്യമ സാധ്യതയെ സമര്‍ഥമായി ദുരുപയോഗം ചെയ്യുന്നു ഇത്. അത് ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും തിരിച്ചറിയാനും കഴിയുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇത് ഗുരുതരമായ ദോഷം തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിനു പരിഹാരമായി ടെലിവിഷന്‍ തല്ലിപ്പൊളിക്കാമെങ്കിലും പ്രേക്ഷകന്റെ ബോധത്തില്‍ ഒരു മാറ്റവും സൃഷ്‌ടിക്കാനാവില്ല. എന്നാല്‍, വെനിസ്വേലയിലുണ്ടായതു പോലെ പ്രേക്ഷകന്‍ ഒരു നാള്‍ ബോധവാനായാല്‍ ചരിത്രം മറ്റൊരു വഴിക്കാകുമെന്നതില്‍ തര്‍ക്കവുമില്ല.