
ഡല്‍ഹിയിലെയും ഗുജറാത്തിലെയും ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരകള്‍ക്ക് പിറകെ പൊലീസും പൊലീസിന്റെയും വലതുപക്ഷ ശക്തികളുടെയും മെഗഫോണായി മാറുന്ന മാധ്യമങ്ങളുടെയും ചമല്‍ക്കാരണങ്ങള്‍ ഏറെ കണ്ടവരാണ് നാം. ഇത്തരമൊരു വസ്തുതാ നിര്‍മിതികളാണ് ചില പത്രങ്ങളിലൂടെ സംഘപരിവാര്‍ ശക്തികള്‍ പ്രാവര്‍ത്തികമാക്കുന്നത്. 2800 ലേറെ ഹിന്ദു പെണ്‍കുട്ടികളെ മുസ്ളിം റോമിയോമാര്‍ റാഞ്ചിയെന്നാണ് ബിജെപി മുഖപത്രമായ ജന്മഭൂമി കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയെ മണിക്കൂറുകള്‍ കാണാതായാല്‍പോലും വാര്‍ത്തയാവുന്നതരത്തില്‍ മാധ്യമ ജാഗ്രതയുള്ള കേരളത്തില്‍ മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന പച്ചക്കള്ളം തട്ടിവിടാനും അത് തൊണ്ടതൊടാതെ വിഴുങ്ങാനും ആളുണ്ടായി എന്നതുതന്നെ ഇത്തരം വാര്‍ത്തകള്‍ നമ്മുടെ പൊതുബോധത്തെ അങ്ങേയറ്റം സ്വാധീനിക്കുന്നു എന്നതിന് തെളിവാണ്.
തങ്ങളുടെ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്ന് വിലപിക്കുന്ന എന്‍എസ്എസ്, എസ്എന്‍ഡിപി ക്രിസ്തീയ നേതൃത്വങ്ങള്‍ ഇത്രയും കണക്കുകളുടെ ആധികാരിതയെക്കുറിച്ച് ഒരു മറുചോദ്യം ചോദിക്കാന്‍പോലും തയാറായില്ല എന്നത് കേരളം ചെന്നുപെട്ട വലതുപക്ഷവല്‍ക്കരണത്തിന്റെ കാണാച്ചുഴികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കാസര്‍കോട്ട് സഫിയ എന്ന ബാലികയെ കാണാതായതിന്റെ പേരില്‍ അന്നാട്ടിലുണ്ടായ സമരപരമ്പരകള്‍ക്ക് കേരളത്തിന്റെ സമീപഭൂതകാലം സാക്ഷിയായിരുന്നു. ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ക്കൊടുവിലാണ് ഈ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ഒരു ധനാഢ്യന്‍ മുംബൈയില്‍ പിടിയിലാവുന്നത്. വടകരക്കടുത്ത് ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിയെടുത്ത് മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ നരാധമനുവേണ്ടി കോടതിയില്‍ കേസ് വാദിക്കാന്‍പോലും ആരും തയാറാവാതിരുന്ന നാടാണിത്. ഇങ്ങനെയുള്ള കേരളീയരോടാണ് മൂവായിരത്തോളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന കഥ പറയുന്നത്. ആര്യസമാജത്തിന്റെ രേഖകളില്‍ എത്ര മുസ്ളിം - ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഹിന്ദുമതം സ്വീകരിച്ചെന്ന വിവരം കൃത്യമായി ലഭ്യമാണ്. ഹിന്ദുമത വിശ്വാസികളായ ചെറുപ്പക്കാര്‍ വിവാഹം ചെയ്ത അന്യമതസ്ഥരായ യുവതികള്‍ പലരും ആര്യസമാജത്തില്‍ച്ചെന്ന് ഔദ്യോഗികമായി മതം മാറുന്ന പതിവ് കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. എത്ര ആയിരം പെണ്‍കുട്ടികള്‍ ഇങ്ങനെ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തിരക്കാന്‍ ഇതുവരെ ആരും ശ്രമിച്ചുകണ്ടിട്ടില്ല.

എന്‍ എസ് മാധവന്റെ മുംബയ് എന്ന കഥയിലെ മലപ്പുറം ജില്ലയിലെ പാങ്ങ് സ്വദേശിയായ ചെറുപ്പക്കാരനോട് ചിത്പവന്‍ ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട പ്രമീളാ ഗോഖലെ എന്ന ഉദ്യോഗസ്ഥ പുലര്‍ത്തുന്ന ശത്രുതാ മനോഭാവം കഥാകൃത്തിന്റെ അതിഭാവുകത്വമാണെന്ന് തോന്നിയ ഒരു കാലമുണ്ടായിരുന്നു. ജോലി ആവശ്യാര്‍ഥം 2001ല്‍ ഡല്‍ഹിയില്‍ ചെല്ലുന്നതുവരെ ഈ ചിത്പവന്‍ ബ്രാഹ്മണ സ്ത്രീക്ക് മലപ്പുറം ജില്ലക്കാരനായ മുസ്ലിമിനോടുള്ള ശത്രുത എന്‍ എസ് മാധവന്റെ അതിശയിപ്പിക്കുന്ന ക്രാഫ്റ്റ് മാത്രമാണെന്ന് കണ്ട ഈ ലേഖകന് ഡല്‍ഹി അതിതീക്ഷ്ണമായ അനുഭവങ്ങളാണ് നല്‍കിയത്. ഡല്‍ഹിക്കാര്‍ക്ക് പരിചിതമല്ലാത്ത സജിത് എന്ന പേരും താടിയും പരിചയപ്പെടുന്നവരുടെ കണ്ണില്‍ എന്നെ മുസ്ലിമാക്കി. കേരളത്തിന് പുറത്ത് പരിചിതമല്ലാത്ത എന്റെ പേര് സാജിദ് എന്ന മുസ്ലിം പേരിന്റെ കേരളീയ രൂപമാണെന്നായിരിക്കും അവര്‍ ധരിച്ചത്. താടി കൂടിയായപ്പോള്‍ ഇവന്‍ മുസ്ലിം തന്നെ എന്ന് തീര്‍ച്ചപ്പെടുത്തിയ ഒരോരുത്തരിലും എനിക്ക് കാണാനായത് എന്‍ എസ് മാധവന്റെ കഥാപാത്രത്തെയാണ്.
അമേരിക്കയില്‍ പെന്റഗണിനും ഇരട്ടഗോപുരങ്ങള്‍ക്കും നേരെ തീവ്രവാദി ആക്രമണം നടന്ന 2001ന്റെ തുടക്കത്തിലാണ് ഞാന്‍ ഡല്‍ഹിയില്‍ എത്തുന്നത്. താടിയുള്ള എല്ലാവരും മുസ്ലിമാണെന്നും എല്ലാ മുസ്ലിമും തീവ്രവാദിയാണെന്നുമുള്ള പ്രചാരണം ശക്തമായി നടക്കുന്ന കാലം. പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ റിപ്പോര്‍ട് ചെയ്യാന്‍ ചെല്ലുമ്പോള്‍ മറ്റുപത്രക്കാര്‍ക്കൊന്നുമില്ലാത്ത തരത്തിലുള്ള കര്‍ശന പരിശോധനക്ക് വിധേയമാകേണ്ടി വന്നത് പേരിലെ മുസ്ലിം ചുവയും താടിയും കൊണ്ടായിരുന്നു. പാര്‍ലമെന്റ് കവാടത്തില്‍ നില്‍ക്കുന്ന ആജാനുബാഹുവായ സുരക്ഷാ ഭടന്‍ ഒരു പരിഹാസ ഭാവത്തോടെ എന്റെ ഷൂസ് അഴിച്ച് പരിശോധന നടത്തുന്നത് പതിവാക്കിയിരുന്നു. മറ്റാര്‍ക്കുമില്ലാത്ത ഈ പരിശോധന എന്റെ മേല്‍മാത്രം ആവര്‍ത്തിച്ചപ്പോള്‍ അറിയാവുന്ന ഹിന്ദിയില്‍ ബഹളംവച്ചു. സെക്യൂരിറ്റി മേധാവികള്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയശേഷമാണ് ഷൂസഴിച്ചുള്ള പരിശോധന അവസാനിച്ചത്. രണ്ടുവര്‍ഷം മുമ്പ് കാലത്ത് മകളെ ക്രെഷില്‍ ചേര്‍ത്തപ്പോഴും രസകരമായ മറ്റൊരു അനുഭവമുണ്ടായി. മകളുടെ ഫീസ് നല്‍കുമ്പോള്‍ ആ സര്‍ക്കാര്‍ ക്രെഷില്‍ നിന്ന് നല്‍കിയ റെസീറ്റില്‍ ഫരിഷ്ത എന്ന പേരിനൊപ്പം 'ഖാന്‍' എന്നു കൂടിച്ചേര്‍ത്ത് ഫരിഷ്താ ഖാന്‍ എന്നാക്കി.

തൊപ്പിയും നിസ്കാരത്തഴമ്പും പോലുള്ള മതചിഹ്നങ്ങള്‍ ധരിച്ചവര്‍ മാത്രമല്ല, മുസ്ലിം പേരുകളുമായി സാമ്യമുള്ള പേരുള്ളവര്‍പോലും ഇടയാക്കപ്പെടുന്ന സവിശേഷസാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈയിടെ രാം പുനിയാണി എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ മകനും വിദേശത്ത് എന്‍ജിനിയറുമായ മുരളിക്ക് നേരിടേണ്ട വന്ന ദുര്യോഗത്തെപ്പറ്റി പറയുന്നുണ്ട്. 'മൂര്‍ അലി' എന്ന മുസ്ലിം പേരുമായുള്ള സാമ്യമാണ് മുരളിയെ വലച്ചത്. മാധ്യമങ്ങള്‍ ഈ അപരത്വ നിര്‍മിതിയില്‍ വഹിക്കുന്ന പങ്ക് വിസ്മരിച്ചുകൂടാ. സെപ്തംബര്‍ പതിനൊന്നിന് ശേഷം മുസ്ലിങ്ങള്‍ക്കെതിരെ പാശ്ചാത്യശക്തികള്‍ ആഗോളമായുണ്ടാക്കിയ ദുഷ്പ്രചാരണങ്ങളില്‍ നിന്ന് ഏറ്റവുമധികം മുതലെടുത്തത് ഇന്ത്യയിലെ സംഘപരിവാര്‍ ആണ്. സംഘപരിവാറിന്റെ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളോട് കാര്യമായ എതിര്‍പ്പില്ലാത്ത കോണ്‍ഗ്രസ് ബാബ്രി മസ്ജിദ് പ്രശ്നത്തിലെന്ന പോലെ ഈ പ്രശ്നങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ആഗോള മാധ്യമങ്ങള്‍ ഇറാഖ് യുദ്ധങ്ങളില്‍ സ്വീകരിച്ച സമീപനം തന്നെയായിരുന്നു അവരുമായി ആശയപരമായി ഐക്യപ്പെടുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ പാര്‍ലമെന്റ് ആക്രമണം, ഗുജറാത്ത് വംശഹത്യ, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്നീ പ്രശ്നങ്ങളില്‍ സ്വീകരിച്ചത്.
2002ലെ ദീപാവലിത്തലേന്ന് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസ എന്ന ആഡംബര ഷോപ്പിങ് ചത്വരത്തില്‍ ഒരു 'തീവ്രവാദി'യെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്ന സംഭവം ദേശീയ പത്രങ്ങള്‍ മാത്രമല്ല, മാതൃഭൂമി അടക്കമുള്ള മലയാള മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി ഒന്നു മാത്രം മതി മാധ്യമങ്ങളുടെ ന്യൂനപക്ഷവേട്ടയ്ക്ക് ഉദാഹരണം. ദീപാവലിയുടെ തിരക്കിനിടെ സൌത്ത് ഡല്‍ഹിയിലെ അന്‍സല്‍ പ്ളാസയുടെ ബേസ്മെന്റില്‍ ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയാണ്. ചാനലുകളും പത്രങ്ങളും മത്സരിച്ച് പൊലീസിനെ അഭിനന്ദിച്ചു. അനേകം പേര്‍ മരിക്കാനിടയാവുമായിരുന്ന തീവ്രവാദി ആക്രമണപദ്ധതി തകര്‍ത്ത ഡല്‍ഹി പൊലീസിലെ ഡെയര്‍ ഡെവിള്‍സിനെ മാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണച്ചു. രാജ്യത്തെവിടെയും ഏതു സമയവും ഒരു ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും ബസ്സിലെയും തീവണ്ടിയിലെയും സീറ്റിനടിയില്‍ പൊട്ടാറായ ഒരു ടൈംബോംബ് ഒളിഞ്ഞിരിപ്പുണ്ടെന്നും മറ്റുമുള്ള ധാരണ പടര്‍ത്താനാണ് ഓരോ പത്രവും ശ്രമിച്ചത്.

തുടര്‍ന്നിങ്ങോട്ടുള്ള ഓരോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തീവ്രവാദി ആക്രമണങ്ങളും ന്യൂനപക്ഷത്തെക്കുറിച്ച് പൊതുമനസ്സില്‍ ഭീതിപടര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് സംഘപരിവാര്‍ തീവ്രവാദികള്‍ക്ക് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ ആഹ്വാനം നല്‍കിയ സന്ദേശ്, ഗുജറാത്ത് സമാചാര്‍ പോലുള്ള പത്രങ്ങളുടെ താളുകളില്‍ ചോരക്കറ എത്രകാലം കഴിഞ്ഞാലാണ് മാഞ്ഞുപോകുക.
അന്‍സല്‍ പ്ളാസയിലെ ഏറ്റുമുട്ടലില്‍ കണ്ട അതേ ആവേശം മാലേഗാവിലെ സ്ഫോടനത്തിന്റെ കാര്യത്തിലും മാതൃഭൂമിയടക്കമുള്ള മലയാള പത്രങ്ങള്‍ കാണിച്ചു. മാലേഗാവ് സ്ഫോടനത്തിലും നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനം ആക്രമിച്ച സംഭവത്തിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ ഈ പത്രങ്ങള്‍ ബോധപൂര്‍വം തമസ്കരിക്കുകയായിരുന്നു. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകരും നിയമവിദഗ്ധരും എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് അരുന്ധതി റോയി തയ്യാറാക്കിയ 13 December-A Reader: The Strange Case of the Attack on the Indian Parliament എന്ന പുസ്തകത്തില്‍ അവരുന്നയിക്കുന്ന പതിമൂന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഒരു സുപ്രധാനസംഭവത്തിനു പിന്നിലെ സത്യങ്ങള്‍ മൂടിവെക്കാന്‍ യുപിഎ സര്‍ക്കാരും ആഗ്രഹിക്കുന്നു എന്ന വസ്തുതയാണ് ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നത്. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയി പ്രസക്തമായ പതിമൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അവയിങ്ങനെ:
1. പാര്‍ലമെണ്ടിനുനേരെയുള്ള ആക്രമണ സാധ്യതയെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പ് സര്‍ക്കാരും പൊലീസും പറഞ്ഞിരുന്നു. ഡിസംബര്‍ 12ന് പ്രധാനമന്ത്രി എ ബി വാജ്പേയി വിളിച്ചു ചേര്‍ത്തയോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പും നല്‍കി. എന്നിട്ടും പതിമൂന്നിന് പാര്‍ലമെണ്ടിനു നേരെ ആക്രമണമുണ്ടായി. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടായിട്ടും സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു കാര്‍ബോംബ് എങ്ങനെ പാര്‍ലമെണ്ട് സമുച്ചയത്തില്‍ എത്തി?
2. ജയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തൊയ്യിബ എന്നിവയ്ക്കെതിരെ ശ്രദ്ധാപൂര്‍വം ഒരു ഓപ്പറേഷന് പദ്ധതിയിട്ടതായി ആക്രമണത്തിന് കുറച്ചുനാള്‍ക്കു ശേഷം ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ പറഞ്ഞു. 1998ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം കാണ്ടഹാറിലേക്ക് തട്ടിക്കൊണ്ടുപോവുന്നതില്‍ ഉള്‍പ്പെട്ട 'മുഹമ്മദ് ' എന്നയാളുടെ നേതൃത്വത്തിലാണ് പാര്‍ലമെണ്ടിന് നേരെ ആക്രമണം നടന്നതെന്നും സ്പെഷ്യല്‍ സെല്‍ പറഞ്ഞു. ( ഇക്കാര്യം പിന്നീട് സിബിഐ നിഷേധിച്ചു). ഇക്കാര്യമൊന്നും കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. ഈ അവകാശവാദത്തിനു മേല്‍ സ്പെഷ്യല്‍ സെല്ലിന് എന്തു തെളിവാണുള്ളത്?
3. ആക്രമണം പൂര്‍ണമായും തത്സമയം ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വിയില്‍ റെക്കോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പാര്‍ലമെണ്ട് അംഗങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് പാര്‍ലമെണ്ടംഗം കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ പിന്തുണച്ച രാജ്യസഭാ ഉപാധ്യക്ഷ നജ്മ ഹെപ്ത്തുള്ള ഈ സംഭവത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി പറഞ്ഞു, "ആറുപേര്‍ കാറില്‍ നിന്ന് പുറത്തിറങ്ങുന്നത് ഞാന്‍ കണ്ടു. പക്ഷെ, അഞ്ചു പേര്‍ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവിയില്‍ ആറുപേരെ വ്യക്തമായി കാണുന്നുണ്ട്.'' ദാസ്മുന്‍ഷി പറയുന്നത് ശരിയാണെങ്കില്‍ അഞ്ചുപേര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ എന്ന് പൊലീസ് എന്തിനു പറയണം?ആറാമന്‍ ആര്? അയാളിപ്പോള്‍ എവിടെയുണ്ട്? എന്തുകെണ്ടാണ് ഈ ദൃശ്യങ്ങള്‍ പ്രൊസിക്യൂഷന്‍ ഒരു തെളിവായി വിചാരണാവേളയില്‍ ഹാജരാക്കാതിരുന്നത്? എന്തുകൊണ്ട് ഈ ദൃശ്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നു മറച്ചുവെച്ചു?
4. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പാര്‍ലമെണ്ട് പിരിഞ്ഞതെന്തിനായിരുന്നു?
5. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്നതിന് നിഷേധിക്കാനാവാത്ത തെളിവുണ്ടെന്ന് ഡിസംബര്‍ 13ന് ശേഷം സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നെ കണ്ടത് ഇന്തോ-പാക് അതിര്‍ത്തിയിലേക്ക് അഞ്ചുലക്ഷം പട്ടാളക്കാരുടെ നീക്കമാണ്. ഉപഭൂഖണ്ഡം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തി. എന്തായിരുന്നു നിഷേധിക്കാനാവാത്ത ഈ തെളിവ്?
6. ഡിസംബര്‍ 13ന്റെ ആക്രമണത്തിനു വളരെ മുമ്പുതന്നെ പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കം തുടങ്ങിയിരുന്നുവെന്നത് സത്യമാണോ?
7. ഒരു വര്‍ഷത്തോളം നീണ്ട ഈ സൈനികനീക്കത്തിന് എന്തു ചെലവ് വന്നു? എത്ര പട്ടാളക്കാര്‍ ഇതില്‍ കൊല്ലപ്പെട്ടു. കുഴിബോംബുകള്‍ അലക്ഷ്യമായി ഉപയോഗിച്ചതുമൂലം കൊല്ലപ്പെട്ട സൈനികരും സിവിലിയന്‍മാരും എത്ര? പട്ടാള ട്രക്കുകളും ടാങ്കുകളും കടന്നുപോയപ്പോള്‍ നഷ്ടപ്പെട്ട വീടുകളും കൃഷിഭൂമിയും എത്ര?
8. സംഭവസ്ഥലത്തു നിന്ന് ശേഖരിക്കുന്ന തെളിവുകള്‍ ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍ സുപ്രധാനമാണ്. പൊലീസിന്റെ അന്വേഷണം എങ്ങനെ അഫ്സലില്‍ എത്തി. എസ് എ ആര്‍ ഗീലാനി വഴിയാണ് തങ്ങള്‍ അഫ്സലില്‍ എത്തിയതെന്ന് സ്പെഷ്യല്‍ സെല്‍ പറയുന്നു. അഫ്സലിനെ കണ്ടുപിടിക്കണമെന്ന സന്ദേശം ശ്രീനഗര്‍ പൊലീസിന് കൈമാറുന്നതിനു മുമ്പുതന്നെ ഗീലാനിയെ അറസ്റ്റ് ചെയ്തിരുന്നു. എങ്ങനെയാണ് ഡിസംബര്‍ 13ന്റെ ആക്രമണവുമായി സ്പെഷല്‍ സെല്‍ അഫ്സലിനെ ബന്ധിപ്പിക്കുന്നത്.
9. കീഴടങ്ങിയ തീവ്രവാദിയായ അഫ്സല്‍ ജമ്മു-കാശ്മീരിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അടക്കമുള്ള സുരക്ഷാ സേനകളുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നതായി കോടതികള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സുരക്ഷാ സേനയുടെ സദാനിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് എങ്ങനെ ഒരു സായുധ ഓപ്പറേഷനു വേണ്ടി ഗൂഢാലോചന നടത്തുമെന്ന് സുരക്ഷാസേന എങ്ങനെയാണ് വിശദീകരിക്കുന്നത്.
10. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പീഡനമുറിക്കകത്തും പുറത്തമായി കഴിയുകയും നിരന്തരനിരീക്ഷണത്തിന് വിധേയനാവുകയും ചെയ്യുന്ന ഒരാളെ ഒരു സുപ്രധാന ഓപ്പറേഷനുവേണ്ട സഹായത്തിന് ലഷ്കര്‍, ജയ്ഷെ തുടങ്ങിയ സംഘടനകള്‍ എങ്ങനെ വിശ്വാസത്തിലെടുക്കും?
11. കോടതിയില്‍ നല്‍കിയ സ്റ്റേറ്റ്മെന്റില്‍ അഫ്സല്‍ പറഞ്ഞത് എസ്ടിഎഫുമായി ബന്ധമുള്ള താരിഖ് എന്നയാള്‍ തന്നെ മുഹമ്മദിന് പരിചയപ്പെടുത്തിയെന്നും അയാളെ ദില്ലിക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചുമെന്നുമാണ്. താരിഖിന്റെ പേര് കുറ്റപത്രത്തിലുണ്ട്. ആരാണ് താരിഖ്? അയാളിപ്പോള്‍ എവിടെയാണ്.
12. 2000 നവംബറില്‍ മുംബെയില്‍ വെച്ച് അറസ്റ്റ് ചെയ്തശേഷം ജമ്മു കാശ്മീര്‍ പൊലീസിന് കൈമാറിയ മൊഹമ്മദ് യാസിന്‍ ഫത്തേ മുഹമ്മദ് എന്ന അബു ഹംസയാണ് പാര്‍ലമെണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളെന്ന് ആക്രമണം നടന്ന് ആറുദിവസങ്ങള്‍ക്കുശേഷം താനെയിലെ പൊലീസ് കമീഷണര്‍ എസ് എം ഷങ്കാരി തിരിച്ചറിഞ്ഞിരുന്നു. തന്റെ വാദത്തെ ബലപ്പെടുത്താനുള്ള തെളിവുകളും അദ്ദേഹം നല്‍കി. ശങ്കാരി പറയുന്നത് സത്യമാണെങ്കില്‍ ജമ്മുകാശ്മീര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള മുഹമ്മദ് യാസിന്‍ പാര്‍ലമെണ്ട് ആക്രമണത്തില്‍ ഉള്‍പ്പെട്ടതെങ്ങനെ? അദ്ദേഹം പറയുന്നത് തെറ്റാണെങ്കില്‍ യാസിന്‍ ഇപ്പോള്‍ എവിടെയാണ്?
13. പാര്‍ലമെണ്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് 'തീവ്രവാദികള്‍' ആരൊക്കെയാണെന്ന് നമുക്കറിയാത്തത് എന്തുകൊണ്ട്?


2008 നവംബറില്‍ മുംബൈയില്‍ തീവ്രവാദി ആക്രമണത്തിനുപിന്നില്‍ സിഐഎക്കുള്ള പങ്ക് വസ്തുതകള്‍ സഹിതം ചോസുദോവ്സ്കിയെപ്പോലുള്ള എടുത്തു പറഞ്ഞിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാധ്യമങ്ങള്‍. ഏറ്റവുമൊടുവില്‍ കശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ കിറ്റില്‍ ബോംബുണ്ടെന്ന സംശയത്തില്‍ പല നഗരങ്ങളെയും ഭയവിഹ്വലരാക്കാന്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കാട്ടിയ താല്പര്യം ഗോവയിലെ മഡ്ഗാവില്‍ ദീപാവലി ദിവസം സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളുടെ വസ്തുതകള്‍ പുറത്തറിയിക്കുന്നതില്‍ ഉണ്ടായില്ല. 2008 നവംബറില്‍ ഡല്‍ഹിയിലെ ബട്ലാ ഹൌസില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കൊലപ്പെടുത്തിയ പൊലീസിനെതിരെ രോഷമുയര്‍ന്നപ്പോള്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത് പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുമെന്നാണ് കോടതി പറഞ്ഞത്.
സംഘപരിവാറിന്റെ മെഗാഫോണുകളാവുന്ന മാധ്യമങ്ങള്‍ ലൌജിഹാദിന്റെ കാര്യത്തിലും വ്യത്യസ്ത നിലപാടല്ല കൈക്കൊള്ളുന്നത്. വസ്തുതയുടെ പിന്‍ബലമൊന്നുമില്ലാത്ത ഭോഷ്കുകള്‍ ഏറ്റെടുക്കാന്‍കേരളത്തിലും ആളുണ്ടെന്ന ദയനീയ സത്യമാണ് നമ്മള്‍ ഇപ്പോള്‍ തൊട്ടറിയുന്നത്. പ്രണയം നിഷിദ്ധം, അഥവാ ഇനി പ്രണയിക്കുന്നുണ്ടെങ്കില്‍ തന്നെ അത് സ്വന്തം സമുദായത്തില്‍ പെട്ടവരെ മാത്രം എന്നാണ് ഈ പ്രചാരണത്തിന്റെ പൊരുള്‍. കേരളം ഇതുവരെ പൊരുതി നേടിയ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തരം പ്രചാരണങ്ങള്‍. പ്രണയിക്കും മുമ്പ് ജാതിസര്‍ടിഫിക്കറ്റ് ചോദിച്ചുവാങ്ങാന്‍ ഇനി എന്നാണിവര്‍ പറയുക എന്ന് മാത്രം നോക്കിയിരിക്കുക.