ഞായറാഴ്‌ച, മേയ് 02, 2010

ഫെമിനിസത്തിന്റെ ഇന്ത്യന്‍ രുചിഭേദങ്ങള്‍

നമ്മുടെ മുറ്റത്തെ പെണ്‍ പ്രസ്ഥാനം പ്രബുദ്ധ ദേശീയതയുടെ, സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ അരികുപറ്റിയാണ് പിച്ചവെച്ചത്. രാജ്യത്തിന് രാഷ്ട്രീയമുക്തി കൈവരുന്നതോടെ സ്ത്രീവിമോചനവും സംഭവിക്കുമെന്ന മൂഢവിശ്വാസം പാവം പെണ്ണുങ്ങള്‍ക്കിടയില്‍ പരക്കെ ഉണ്ടായിരുന്നു. പായസച്ചെമ്പ് പൊതുവായി വെക്കുമെന്നും തങ്ങളുടെ വീതം കോരിയെടുക്കാന്‍ ഉടപ്പിറന്നവന്‍മാര്‍ തങ്ങളെയും ക്ഷണിക്കുമെന്നും പെങ്ങന്മാര്‍ വ്യാമോഹിച്ചു. വിളിവന്നത് വിരലിലെണ്ണാവുന്നവര്‍ക്കായിരുന്നു. വിജയലക്ഷ്മി പണ്ഡിറ്റ് അംബാസിഡറായി; സരോജിനി നായിഡു -ഗവര്‍ണര്‍, രാജ്കുമാരി അമൃത് കൌര്‍- മന്ത്രി. തീര്‍ന്നു, പങ്കുവെപ്പ്.

ലിംഗസമത്വം പുതിയ നാടുവാഴികള്‍ അംഗീകരിച്ചില്ലെന്ന് പറയാനാവില്ല. കൊടുത്തു വോട്ടവകാശം: ആണിനും പെണ്ണിനും.ഇരുപത്തൊന്നു പിറന്നാളുണ്ടാല്‍ പോളിങ്ബൂത്തില്‍ പോകാം. ഇഷ്ടമുള്ള ചിഹ്നത്തില്‍ ചാപ്പകുത്തി ചാരിതാര്‍ഥ്യത്തോടെ കുടിപൂകാം. ഇംഗ്ളണ്ടിലും ഫ്രാന്‍സിലും ജര്‍മനിയിലും അമേരിക്കയിലുമൊക്കെ സമ്മതിദാനവകാശത്തിനുവേണ്ടി പെണ്ണുങ്ങള്‍ക്ക് പട നടത്തേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ത്യാ മഹാരാജ്യത്ത് അംബേദ്കര്‍ എഴുതിയുണ്ടാക്കിയതും കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി അംഗീകരിച്ചതുമായ ഭരണഘടന ഈ അവകാശം എല്ലാ പൌരന്മാര്‍ക്കും പൌരകള്‍ക്കും കനിഞ്ഞുനല്‍കുകയായിരുന്നു. അതിന്റ പേരില്‍ തെരുവിലിറങ്ങാനോ തല്ലുകൊള്ളാനോ ഭാരതസ്ത്രീക്ക് അവസരമുണ്ടായില്ല എന്ന് സാരം. വോട്ട് എന്ന തോട്ട കൈയില്‍ കിട്ടിയതുകൊണ്ട് മാത്രം കാര്യമായില്ലല്ലോ. സാമൂഹ്യവും സാമ്പത്തികവും സാംസ്കാരികവുമായ ഒരുപാട് അവശതകള്‍, അവഗണനകള്‍, പക്ഷഭേദങ്ങള്‍ ഇന്ത്യന്‍ സ്ത്രീക്ക് അനുഭവിക്കേണ്ടിവന്നിരുന്നു. സ്ത്രീധനസമ്പ്രദായം, വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ, സാമ്പത്തിക പരാധീനത, പൊതുവേദികളില്‍നിന്നുള്ള ഒഴിവാക്കല്‍, തൊഴില്‍ നിഷേധം, ഗാര്‍ഹികപീഡനം: ഇവയൊക്കെ സ്വാതന്ത്ര്യാനന്തര കാലത്തും നിലനിന്നു. സംഘം ചേര്‍ന്നും ശക്തിനേടിയും ഈ ദുരവസ്ഥയെ ദൂരീകരിക്കണമെന്ന ആശയം പ്രബലമായത് അക്കാലത്താണ്. അരുണ അസഫലിയെപ്പോലുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ സ്ത്രീസംഘടനാരംഗത്ത് സജീവമായതോടെ പുതിയൊരുണര്‍വ് കാണായി.

1920 മുതല്‍ക്കാണ് വനിതാ കൂട്ടായ്മകള്‍ പലേടത്തും സാന്നിധ്യമറിയിച്ചത്. ഇവക്കൊക്കെ ഒരു ഉപരിമധ്യവര്‍ഗസ്വഭാവവും സ്വരവുമായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അധ്വാനങ്ങളുടെ ഭാഗമായാണ് ഈ പെണ്‍ പ്ളാറ്റ്ഫോമുകള്‍ പ്രവര്‍ത്തിച്ചത്. ദേശീയ ബൂര്‍ഷ്വാസിയുടെ സാംസ്കാരിക മൂല്യങ്ങള്‍തന്നെയാണ് അവയെ ഭരിച്ചത്. കാലം ചെന്നാറെ വനിതാ ക്ളബുകള്‍ എന്ന നിലയില്‍നിന്ന് പെണ്‍കൂട്ടായ്മകള്‍ കൂടുതല്‍ ജനകീയമായ സംഘടനാ രൂപങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. രാഷ്ട്രീയവത്കരണത്തിന് വേഗം കൂടി. സ്ത്രീ ആരെന്ന അന്വേഷണവും വളരെ മിതമായ തോതിലാണെങ്കിലും, ആരംഭിച്ചു. പോയ നൂറ്റാണ്ടിന്റെ മുപ്പതുകളിലും നാല്‍പ്പതുകളിലും സമത്വവാദത്തിന്റെ സിദ്ധാന്തപാഠങ്ങളും റാഡിക്കല്‍ സംവാദങ്ങളും ശക്തിപ്പെട്ടതോടെ സ്ത്രീപക്ഷ ചിന്തയും പുതിയൊരു സത്വബോധത്തോടെ സഞ്ചരിച്ചുതുടങ്ങി. പെണ്ണിന് സ്വന്തമായ ഒരിടം എന്ന ആശയം ശീലാവതിയുടെ അനുജത്തിമാരെ ആകര്‍ഷിക്കുന്ന അവസ്ഥവന്നു. അഹല്യയെ, രേണുകയെ, സീതയെ, ദ്രൌപദിയെ, കൈകേയിയെ, സ്ത്രീപക്ഷത്തുനിന്നുകൊണ്ട് വ്യത്യസ്തമായി വായിക്കാമെന്ന് മനസ്സുതുറന്നുവച്ച മഹിളകള്‍ക്ക് ബോധ്യപ്പെട്ടു. പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ കൊടുംകാട്ടിലുപേക്ഷിച്ച ഭര്‍ത്താവോ മാതൃകാപുരുഷന്‍ എന്ന ചോദ്യം ചില പെണ്‍ചുണ്ടുകളില്‍ ചൂളംകുത്തി. പെണ്‍കൊടികള്‍ പൈലറ്റായാലും വിമാനം പറക്കുമെന്ന് മാഡം ചിയാങ് കൈഷേക് തെളിയിച്ചപ്പോള്‍ ഇന്ത്യന്‍ വനിതയും പുളകിതഗാത്രയായി.

ഇതൊക്കെ വലിയ മാറ്റങ്ങളായിരുന്നു. ഭര്‍ത്താവ്, കുട്ടികള്‍, കുടുംബം എന്നീ വൃത്തങ്ങള്‍ക്ക് പുറത്ത് കടന്ന്, വിശാലമായ ലോകത്തെയും അതിനെ ഉത്തേജിപ്പിക്കുകയും പ്രകമ്പനംകൊള്ളിക്കുകയും പെയ്യുന്ന മനുഷ്യാവേഗങ്ങളെയും കുറിച്ച് ആലോചിക്കാനുള്ള പ്രേരണകള്‍ നമ്മുടെ പെണ്‍സമൂഹത്തില്‍ അങ്ങിങ്ങ് തലപൊക്കി. യാഥാസ്ഥിതികമായ ഘടനകളോടും ചിട്ടവട്ടങ്ങളോടും മൂല്യവിചാരങ്ങളോടും കലഹിക്കാനുള്ള വാസന, രാഷ്ട്രീയവത്കരണം കാര്യമായി നടന്ന ചില പ്രദേശങ്ങളിലെ സ്ത്രീവിഭാഗങ്ങളിലെങ്കിലും പ്രകടമായി. ഈ ഉണര്‍വിന് നന്ദിപറയേണ്ടത് നമ്മുടെ നാട്ടിലെ വിപ്ളവപ്രസ്ഥാനത്തോടും അതിന്റെ സാര്‍ഥവാഹക സംഘത്തോടുമാണ്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ തോളത്ത് കൈവെച്ചുനിന്ന കാലത്ത് ഒ വി വിജയന്‍ കൃത്യമായി നിരീക്ഷിച്ചതുപോലെ "അച്ചിയോര്‍ക്കും ഉണ്ണിയോര്‍ക്കും അനുസരണക്കേടിന്റെ സുവിശേഷം എത്തിച്ചുകൊടുത്തത് അവരാണ്.''

പടിഞ്ഞാറന്‍ നാടുകളിലെ ഫെമിനിസ്റ്റ് ആശയവേദാന്തവുമായി, അവിടത്തെ പോരാട്ടചരിത്രങ്ങളുമായി, ഇന്ത്യന്‍ ഫെമിനിസ്റ്റ് അനുഭവങ്ങളെയും അധ്വാനങ്ങളെയും കാഴ്ചപ്പാടുകളെയും 'ബ്രാക്കറ്റ്' ചെയ്യാന്‍ പുറപ്പെടുന്നത് അവതാളത്തിലേ കലാശിക്കൂ. ഭാരതീയ നാരീ സങ്കല്‍പ്പമെന്നത് പ്രത്യേകമായ പരിശോധനയും അപഗ്രഥനവും ആവശ്യപ്പെടുന്നുണ്ട്. പെണ്ണ് കെട്ടിയാടുന്ന രണ്ടു തെയ്യങ്ങളെ -ഭാര്യ, അമ്മ -ആദര്‍ശവത്കരിക്കാനും ഉദാത്തവത്കരിക്കാനും പുരുഷാധിപത്യം വേദകാലം മുതല്‍ക്കേ ശ്രമിച്ചുപോന്നിട്ടുണ്ട്. സ്ത്രീയുടെ അയഥാര്‍ഥമായ ബിംബങ്ങളാണ് ആണൊരുക്കിയ കൊലുസുകളില്‍ പ്രത്യക്ഷപ്പെട്ടത്. നീ ശക്തിയാണ്, പ്രകൃതിയാണ്, സര്‍വംസഹയാണ്, വരപ്രദയാണ്, സ്വയംപ്രഭയാണ്, പ്രപഞ്ചരഹസ്യമാണ് എന്നൊക്കെ ഗീര്‍വാണം പറഞ്ഞ് പെണ്ണിനെ സുഖിപ്പിക്കുകയും കബളിപ്പിക്കുകയുമായിരുന്നു ആണും അവന്റെ കോയ്മക്ക് കുഴലൂതിയ ജടയുടെ സംസ്കാരവും ചെയ്തുപോന്നത്. ഒരു കുലസ്ത്രീയുടെ, ധര്‍മപത്നിയുടെ, ഗുണഗണങ്ങളെന്തെന്ന് ശ്ളോകത്തില്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. കാര്യക്ഷമതയില്‍ മന്ത്രിയെപ്പോലെ, സേവനത്തില്‍ ദാസിയെപ്പോലെ, ലാവണ്യത്തില്‍ ലക്ഷ്മിയെപ്പോലെ, ക്ഷമയില്‍ ഭൂമിദേവിയെപ്പോലെ, സ്നേഹവാത്സ്യങ്ങളില്‍ അമ്മയെപ്പോലെ, കിടപ്പറയില്‍ വേശ്യയെപ്പോലെ.

ഗാര്‍ഗി, മൈത്രേയി എന്നീ ബുദ്ധിരാക്ഷസികളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രാചീനഭാരതത്തില്‍ പെണ്ണിന് പുരുഷനുതുല്യമായ പദവിയും പത്രാസും അനുവദിച്ചിരുന്നുവെന്ന് ചിലര്‍ വാദിക്കുന്നു. വേദകാലത്ത് ഇഷ്ടമുള്ള ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അവള്‍ക്കുണ്ടായിരുന്നുവെന്നും ഇക്കൂട്ടര്‍ പറയുന്നു. ഇതൊക്കെ ഒരുതരം കാല്‍പ്പനീകരണത്തിന്റെ ഭാഗമാണ്. ചരിത്രസത്യത്തിന്റെ അടിയാധാരം ഇവയ്ക്കില്ല. പരിമിതമായ ചില അവകാശങ്ങള്‍ അക്കാലത്ത് സ്ത്രീക്ക് നല്‍കപ്പെട്ടിരുന്നുവെന്ന് വരാം. അത്രതന്നെ.

സ്മൃതികളുടെ കാലത്താണ് അതായത് ബി സി 500 ല്‍, ഇന്ത്യയില്‍ പെണ്‍വര്‍ഗത്തിന്റെ താഴ്ത്തിക്കെട്ടല്‍ തുടങ്ങിയത്. സ്ത്രീയുടെ, ക്ളിപ്തപ്പെട്ട സ്വാതന്ത്ര്യത്തിനുപോലും കോടാലിയായത് മനുമൂപ്പനും ടിയാന്റെ കുപ്രസിദ്ധമായ സ്മൃതിയുമത്രെ. 'നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന് കാര്‍ന്നോപ്പാട് വിധിച്ചു. കൌമാരത്തില്‍ കഞ്ഞിയും പുഴുക്കും ഇടക്ക് പപ്പടം ചുട്ടതും തരാന്‍ തന്തയുണ്ട്; താരുണ്യത്തിന്റെ ചങ്ങമ്പുഴക്കാലത്ത് അരയ്ക്ക് മുണ്ടും തലയ്ക്ക് എണ്ണയും തരാന്‍ സംബന്ധക്കാരനുണ്ട്; പല്ലുകൊഴിയും കാലത്ത് കുഴമ്പ് വാങ്ങിത്തരാന്‍ നൊന്തുപെറ്റ മകനുണ്ട്. പിന്നെന്തിനാണ് തത്തമ്മേ, നിങ്ങള്‍ക്ക് സ്വാതന്ത്ര്യം? എന്നാണ് മനുത്തമ്പ്രാക്കള്‍ ചോദിച്ചത്. ഒന്നും ഉരിയാടാതെ ഭാരതസ്ത്രീ മുളംകൂട്ടില്‍ കയറി. 'കൂടെ നമുക്ക് ഗതി' എന്ന് മെല്ലെയൊന്ന് മൂളിയോ? തീര്‍ച്ചയില്ല.

പേട്രിയാര്‍ക്കി പിടിമുറുക്കിയതോടെ സമൂഹം, സെക്സ്, വിവാഹം, കുടുംബം, ദാമ്പത്യം, സ്വത്തവകാശം എന്നിവയൊക്കെ പുരുഷനു പ്രയോജനപ്പെടുംവിധം പുനര്‍നിര്‍വചനത്തിന്, പുനര്‍നിര്‍ണയത്തിന് വിധേയമായി. സദാചാരമെന്ന് വ്യവഹരിക്കപ്പെടുന്ന ഏര്‍പ്പാടിന് ഒരാണ്‍പക്ഷ വ്യാകരണമുണ്ടായി. ഇന്ത്യന്‍ സ്ത്രീപ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിച്ചെയ്തത് വംശീയ വഴക്കങ്ങളും ജാതി വ്യവസ്ഥയുമായിരുന്നു. ജാതികള്‍ക്കും ഉപജാതികള്‍ക്കും വ്യത്യസ്തമായ ജന്‍ഡര്‍ സമീപനങ്ങളാണ് രൂപപ്പെട്ടത്.

പുരുഷമേധാവിത്വത്തിന് ധര്‍മശാസ്ത്രപരമായ സാധ്യതയും അപ്രമാദിത്വവും കല്‍പ്പിച്ചു നല്‍കിയത് പൂണൂലിന്റെ സംസ്കാരമാണ്. തന്തയുടെ തീരുമാനം എന്തായാലും ശരി, അത് അന്തിമമെന്ന് വന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ കഴുത്തുവെട്ടാന്‍ അച്ഛന്‍ ആജ്ഞാപിച്ചപ്പോള്‍ ഭാര്‍ഗവരാമന്റെ വെണ്‍മഴുവേന്തിയ വലംകൈ ഒട്ടും വിറയ്ക്കാതിരുന്നത്. പുരുഷോത്തമന്മാരുടെ ഗ്യാലറിയില്‍ തായാരെക്കൊന്ന താപസന്റെ ചിത്രവും ആരോ അനാച്ഛാദനം ചെയ്തു. താലിയറ്റ പെണ്ണിന്റെ തല മുണ്ഡനംചെയ്യുന്ന, അവളെ വെള്ള വസ്ത്രവും ഭസ്മക്കുറിയുമായി ശിഷ്ടകാലം ഗോവിന്ദനാമ സങ്കീര്‍ത്തനങ്ങളില്‍ കഴിയാന്‍ വിധിക്കുന്ന, അമംഗളകാരിയായി, അപശകുനമായി അവളെ കരിപൂശുന്ന, ആചാര വൈകൃതങ്ങള്‍ക്ക് ബ്രാഹ്മണിസമാണ് ആഢ്യത്വം നല്‍കിയത്.

സതി അഥവാ ഉടന്തടിച്ചാട്ടം, പുരുഷാധിശീസമൂഹം അവതരിപ്പിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്ത ഒരനുഷ്ഠാനമായിരുന്നു. പരലോകത്തെത്തുന്ന കണവനെ പരിചരിക്കാന്‍ പതിവ്രതയായ പൊണ്ടാട്ടിയും പോകണ്ടേ? ആയതിനാല്‍ മിന്നുകെട്ടിയവന്റെ പട്ടടയില്‍ ഒരു വധുവിന്റെ എല്ലാ വേഷവിധാനങ്ങളോടുംകൂടി ചാടി മരിക്കാന്‍ സമൂഹം ഭാര്യയെ പ്രേരിപ്പിക്കുന്നു. ഈ പ്രേരണ ഫലംചെയ്തില്ലെങ്കില്‍ അതൊരു നിര്‍ബന്ധമായി മാറും. വലിയൊരു ഘോഷയാത്രയോടുകൂടിയാണ് പെണ്ണിനെ തീച്ചാട്ടത്തിന് കൊണ്ടുവന്നിരുന്നത്. കൊമ്പും കുഴലും ആനയും അമ്പാരിയുമൊക്കെ അകമ്പടി സേവിക്കും. കത്തിത്തീരുന്നതോടെ കുലസ്ത്രീ ഒരു രണ്ടാം ഗ്രേഡ് ഭഗവതിയായി മാറുമായിരുന്നു. അവള്‍ക്ക് അമ്പലം കെട്ടാന്‍ ഒട്ടും വൈകില്ല. രാജസ്ഥാനിലെ രജപുത്രര്‍ക്കിടയില്‍ ഏറെക്കാലം നിലനിന്നിരുന്ന ഒരേര്‍പ്പാടായിരുന്നു 'ജൌഹര്‍'. അവരുടെ മൂപ്പന്മാര്‍ യുദ്ധത്തില്‍ തോല്‍ക്കുകയും വീരസ്വര്‍ഗംപ്രാപിക്കുകയും ചെയ്താല്‍ അന്തഃപുര നാരിമാര്‍ കൂട്ടത്തോടെ അഗ്നിപ്രവേശം ചെയ്യുന്ന അനുഷ്ഠാനത്തെയാണ് ഈ പദംകൊണ്ട് സൂചിപ്പിക്കുന്നത്. ഈ സമ്പ്രദായങ്ങളൊക്കെ ആണ്‍കോയ്മ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചവയായിരുന്നു. പെണ്ണിനെ ഒരു commodity (ചരക്ക്) ആയി കാണുന്നതുകൊണ്ടാണ് ആ വസ്തു അന്യാധീനമാവാതിരിക്കാന്‍ അതിനെ നശിപ്പിക്കുക എന്ന രീതിയുണ്ടായത്. പല മാര്‍ക്സിസ്റ്റ് സാമൂഹ്യശാസ്ത്രജ്ഞന്മാരും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.

ദൈവത്തിന്റെ നാമത്തില്‍ പെണ്ണിന്റെ ചൂഷണവും കമ്പോളവത്കരണവും ചന്തമായി നടത്താമെന്ന് ആണാധിപത്യവും അതിന് ശിങ്കിടി പാടുന്ന പൌരോഹിത്യവും മനസ്സിലാക്കി. അങ്ങനെയാണ് ദേവദാസി സമ്പ്രദായം ചിട്ടപ്പെട്ടത്. പണ്ട് യവന- റോമന്‍ സമൂഹങ്ങളില്‍, ദേവതാമണ്ഡപങ്ങളെ ചുറ്റിപ്പറ്റി 'Vestal Virgin' -വിശുദ്ധകന്യകകള്‍ -എന്നൊരു വിഭാഗമുണ്ടായിരുന്നു. (Vesta {(Roman mythology) goddess of the hearth and its fire whose flame was tended by vestal virgins; counterpart of Greek Hestia} ചാരിത്രത്തിന്റെ ഇഷ്ടദേവതയായിരുന്നു) വ്രതശുദ്ധിയോടെ ഭഗവല്‍ സേവ നടത്തുക എന്നതായിരുന്നു ഇവരുടെ ജോലി. ഏതാണ്ടതേ രൂപത്തിലായിരിക്കണം ദേവദാസി സമ്പ്രദായവും സംവിധാനം ചെയ്തത്. തേവരെ ആട്ടമാടി, പാട്ടുപാടി പ്രീതിപ്പെടുത്തി, കോവില്‍ക്കെട്ടില്‍ നേദ്യച്ചോറുണ്ട് കഴിയുക. ആണ്‍ചൂര് തട്ടരുത്- ഇതൊക്കെ ആയിരുന്നു 'തിയറി'. എന്നാല്‍ അമ്പലങ്ങളിലെ ശാന്തിക്കാരും കാര്യസ്ഥന്മാരും നാട്ടുപ്രമാണികളും ദൈവത്തിന്റെ ദാസിമാരെ വെപ്പാട്ടികളും വാരനാരികളുമാക്കി വെച്ചു. ഈശ്വരനെ താലികെട്ടുന്ന ദേവദാസിക്ക് മറ്റൊരു ഭര്‍ത്താവ് പാടില്ല. പക്ഷേ ആരുമായും സഹശയനമാവാം. ആരില്‍നിന്നും ഗര്‍ഭവും ധരിക്കാം. അങ്ങനെ പല മഹാക്ഷേത്രങ്ങള്‍ക്കു ചുറ്റും ചുകന്ന തെരുവുകള്‍ ഉണ്ടായി. സവര്‍ണപുരുഷമേധാവിത്വം വ്യഭിചാരത്തെ ഒരു കുലത്തൊഴിലാക്കി. വൈശികതന്ത്രവും കുട്ടിനീമതവും എഴുതപ്പെട്ടു. സ്ത്രീയെ വാണിയായി, വരദയായി, മഹിഷാസുരമര്‍ദിനിയായി, പരാശക്തിയായി സ്തുതിച്ചവര്‍ ആവശ്യം വന്നപ്പോള്‍ സങ്കോചലേശമെന്യേ അവളെ പീഠത്തില്‍നിന്ന് വലിച്ച് ഓവുചാലിലേക്കിട്ടു. ആവുംവിധം അപമാനിച്ചു. അവളെ വാണിജ്യവല്‍ക്കരിച്ചു. ഇതാണ് ആണ്‍കോയ്മയുടെയും അതിന്റെ അവിഹിതസന്തതിയായ മുതലാളിത്ത വ്യവസ്ഥയുടെയും സ്വഭാവം. ഇന്ത്യയില്‍ സ്ത്രീയുടെ അധോഗതിക്ക്, അഭിമാന ക്ഷയത്തിന് ജാതിവ്യവസ്ഥയും വര്‍ണവര്‍ഗീകരണവും കൂട്ടുനിന്നു.

ഹിന്ദുമതത്തില്‍ പരിഷ്കരണപ്രസ്ഥാനങ്ങളായി പൊട്ടിവിടര്‍ന്ന ജൈനിസവും ബുദ്ധിസവുമാണ് വലിയ ഒരളവില്‍, സ്ത്രീക്ക് നഷ്ടപ്പെട്ട അന്തസ്സും ബഹുമാനവും പുനരാനയിക്കാന്‍ പരിശ്രമിച്ചത്. അറിവുകളുടെയും ആശയങ്ങളുടെയും അക്ഷരങ്ങളുടെയും ലോകങ്ങളില്‍നിന്ന് തന്ത്രപൂര്‍വം മാറ്റിനിര്‍ത്തപ്പെട്ട വനിതയെ ആ ദീപ്ത മേഖലകളിലേക്ക് വീണ്ടും വിളിച്ചുകയറ്റാന്‍ തയാറായത് ഈ പുരോഗമനസ്വഭാവമുള്ള വിശ്വാസപദ്ധതികളത്രെ.

ക്ളൈവും അയാളുടെ കൊടിയും ഇന്ത്യയിലെത്തിയതോടെ നാടിന്റെ അഷ്ടൈശ്വര്യങ്ങളും നഷ്ടപ്പെട്ടുവെന്ന് ചില ആര്‍ഷന്മാര്‍ ഇന്നും വിലപിക്കാറുണ്ടെങ്കിലും സത്യമതല്ല. ഇന്ത്യന്‍ സമൂഹത്തില്‍ ദുര്‍ഗന്ധം പരത്തിയിരുന്ന പല ജീര്‍ണിപ്പുകളും കരിച്ചൊടുക്കിയത് ആംഗ്ളോ- സാക്സണ്‍ ദൊരയാണ്. പല ദുരാചാരങ്ങളും വെള്ളക്കാരന്‍ പിഴുതെറിഞ്ഞു. വെള്ള ഏമാന്റെ നടപടികളില്‍ പലതും സ്ത്രീ സമൂഹത്തെ നേരിട്ട് ബാധിക്കുന്നതുമായിരുന്നു. സതി കര്‍ശനമായി നിരോധിച്ചു; ബാലികാ വിവാഹം നിയമവിരുദ്ധമായി; പെണ്‍കുട്ടികള്‍ക്ക് പള്ളിക്കൂടങ്ങളുണ്ടാക്കി; വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും താത്വികമായെങ്കിലും പെണ്ണിന് തുല്യത അനുവദിച്ചു.

പടിഞ്ഞാറുനിന്നുവന്ന ആശയങ്ങളുടെ കാറ്റുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ബംഗാളിലും മറ്റും വിചാരവിപ്ളവങ്ങള്‍ സംഭവിച്ചത്. രാജാറാം മോഹന്‍ റായ്, കേശബ് ചന്ദ്രസെന്‍, മഹര്‍ഷി ദേവേന്ദ്രനാഥ് ടാഗോര്‍ എന്നീ പ്രബുദ്ധതയുടെ പ്രചാരകന്മാര്‍ സാമൂഹ്യപരിഷ്കരണത്തില്‍ സ്ത്രീവിമോചനത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനുമുള്ള സ്ഥാനം വ്യക്തമായി അടയാളപ്പെടുത്തുകയുണ്ടായി. മഹര്‍ഷി കാര്‍വെ, മഹാത്മാ വൂലേ എന്നീ സാമൂഹ്യപരിഷ്കര്‍ത്താക്കളും സ്ത്രീ- പുരുഷസമത്വം എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുകയും വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ വിനിതാ വിമോചനം സാധ്യമാകൂ എന്ന് പ്രചരിപ്പിക്കുകയും ചെയ്തവരാണ്.

രാഷ്ട്രീയ സ്വഭാവമുള്ള മഹിളാ സംഘടനകള്‍ പലതും ഇവിടെ വേര് പിടിച്ചുവെങ്കിലും സ്ത്രീപക്ഷ സൈദ്ധാന്തിക വാദങ്ങള്‍ക്കുവേണ്ട പ്ളാറ്റ്ഫോമുകള്‍ എന്തുകൊണ്ടോ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അക്കാദമിക് തലങ്ങളില്‍പ്പോലും ഉണ്ടായില്ല. ആണ്‍വാഴ്ചയുടെ ശര്‍ക്കര പുരട്ടിയ പെണ്‍നിര്‍വചനങ്ങളെ, കപടമായ സദാചാരവിചാരങ്ങളെ, ആഭാസമായ ശീലങ്ങളെ, പെണ്ണടിമത്തം അരക്കിട്ടുറപ്പിക്കുന്ന ഘടനകളെ, മൊത്തത്തില്‍ അംഗീകരിക്കുകയോ, അവയോട് ചെറിയൊരു പരിഭവത്തിന്റെ കവിള്‍ച്ചുവപ്പോടെ ഒത്തുപോവുകയോ ചെയ്യുന്ന അതിദുര്‍ബലമായ നിലപാടാണ് സ്ത്രീസമാജങ്ങള്‍ ഇതഃപര്യന്തം സ്വീകരിച്ചുപോന്നത്. confrontational- സംഘട്ടനാത്മകം - എന്ന് വ്യവഹരിക്കാവുന്ന സമീപനങ്ങളില്‍നിന്ന് അവ സൌകര്യപൂര്‍വം ഒഴിഞ്ഞുമാറി. അലംഭാവത്തില്‍, സ്വയം സംതൃപ്തിയില്‍ ഊഞ്ഞാലാടുന്ന സ്ത്രീസംഘങ്ങളുടെ സ്വരം സ്വാഭാവികമായും അനുരഞ്ജനത്തിന്റേതും നീക്കുപോക്കിന്റേതും ആയിരുന്നു. സ്ത്രീ എന്ന വിഷയത്തെക്കുറിച്ച് താതകേന്ദ്രിത സമൂഹം കാലങ്ങളായി കൃഷിചെയ്തുവരുന്ന മിത്തുകളുണ്ടല്ലോ, അവയുടെ മരതക കാന്തിയില്‍ നമ്മുടെ അംഗനാവര്‍ഗം ഇപ്പോഴും മുങ്ങി നില്‍ക്കുകയാണ്. ചന്ദ്രേട്ടന്‍ അനുവദിക്കുന്ന അളവില്‍ മാത്രമേ ചന്ദ്രമതിച്ചേച്ചി സമരോത്സുകത ഉള്‍ക്കൊള്ളുന്നുള്ളൂ.

മറ്റിടങ്ങളിലെന്നപോലെ ഇന്ത്യയിലും പെണ്ണെഴുത്തിനെ പിന്‍ബെഞ്ചിലിരുത്താന്‍ വിജയകരമായ പരിശ്രമങ്ങളുണ്ടായി. ആണനുഭവമാണ് ശ്രേഷ്ഠതരമെന്ന വാദത്തിന്റെ വ്യാപനവുമുണ്ടായി. ആണെഴുത്തിന്റെ വിഷയങ്ങള്‍ക്ക് ആഴവും കനവും കൂടുമെന്നും പെണ്ണെഴുത്തിന്റെ പരിധി തുലോം പരിമിതമാണെന്നും പറഞ്ഞുണ്ടാക്കി. നിരുത്സാഹപ്പെടുത്തുന്ന ഒരുപാട് സാഹചര്യങ്ങളോട് പൊരുതിക്കൊണ്ടും പരാധീനതകളെ വകഞ്ഞുമാറ്റിയുമാണ് ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെ സ്ത്രീരചന പുരോഗമിച്ചത്.

ഇന്‍ഡോ- ആംഗ്ളിയന്‍ സാഹിത്യത്തില്‍ കമലാദാസ് (നമ്മുടെ സ്വന്തം മാധവിക്കുട്ടി) സുനിതി നാം ജോഷി, ചിത്ര നരേന്ദ്രന്‍, ഗൌരിദേശ്പാണ്ഡെ, മീന അലക്സാണ്ടര്‍, താരാപട്ടേല്‍, അരുന്ധതി റോയ്, അനിതാ നായര്‍, ഗീത ഹരിഹരന്‍, ജുംപലഹ്രി, അനിതാദേശായ്, കിരണ്‍ദേശായ്, ഭാരതി മുഖര്‍ജി, ഉമപരമേശ്വരന്‍ എന്നീ പ്രതിഭകള്‍ സ്ത്രീ അനുഭവത്തിന്റെ, പെണ്‍ത്വരകളുടെ സാഹസികമായ ആഖ്യാനമാണ് സാധിച്ചത്. നിശ്ശബ്ദതയെന്നത് അടിച്ചമര്‍ത്തലിന്റെ അംഗീകാരമാകുന്നു. അത് കീഴാളന്റെ ജിഹ്വാനഷ്ടമാകുന്നു. ആ നിശ്ശബ്ദതയില്‍നിന്ന് പെണ്ണിനെ മോചിപ്പിക്കാനാണ് ഈ എഴുത്തുകാരികള്‍ ഉദ്യമിച്ചത്. വിവസ്ത്രമാവുന്ന പെണ്ണനുഭവത്തിന്റെ കവിതയും കഥയും അവര്‍ കണ്ടെത്തി.

മാഡം ബിക്കാജികാമയും സരോജിനി നായിഡുവും അരുണ ആസഫലിയും ക്യാപ്റ്റന്‍ ലക്ഷ്മിയും അഹല്യരങ്കനേക്കറും ഗോദാവരി പരുലേക്കറും ഇന്ദിരാഗാന്ധിയും അക്കാമ്മ ചെറിയാനും കെ ആര്‍ ഗൌരിയും സുശീലാഗോപാലനും വന്ദനാശിവയുമൊക്കെ ഇവിടെയുണ്ടായി. എണ്ണംപറഞ്ഞ പെണ്ണെഴുത്താളര്‍ അരങ്ങത്ത് വന്നു. എന്നിട്ടും സ്ത്രീപക്ഷ വിചാരവിപ്ളവത്തിന് സിദ്ധാന്തപരമായ സംഭാവനകള്‍: അതുണ്ടായില്ല. നമുക്ക് കാത്തിരിക്കാം.

*
വി സുകുമാരന്‍ കടപ്പാട്: ദേശാഭിമാനി വാരിക