വ്യാഴാഴ്‌ച, നവംബർ 25, 2010

അഴിമതിയുടെ പര്യായമായ രണ്ടാം യുപിഎ

കോടികളുടെ അഴിമതിയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ ലക്ഷം കോടികളുടെ കാലമാണ്. ആഗോളവല്‍ക്കരണകാലം അഴിമതിയുടെ നിര്‍വചനങ്ങളെയും സങ്കല്‍പ്പങ്ങളെയും പുതുക്കിയെഴുതിയിരിക്കുന്നു. കൈക്കൂലി ഇന്ന് കാലഹരണപ്പെട്ട ഒരു പദമായി മാറിയിരിക്കുന്നു. ആ വാക്കിന്റെ അര്‍ഥതലങ്ങളില്‍ ഒതുങ്ങുന്ന വലിപ്പമല്ല ഇന്ന് ഈ വിഭാഗത്തില്‍പ്പെടുന്ന പണത്തിനുള്ളത്. രണ്ടാം തലമുറ സ്പെക്ട്രം അഴിമതി 1.76 ലക്ഷം കോടി രൂപയുടെതാണ്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസബജറ്റിന്റെ മൂന്നിലൊന്നു വരുന്ന തുകയാണത്. ഖജനാവിന് നഷ്ടപ്പെട്ട ആ പണമുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് എത്ര സ്കൂളുകള്‍ പുതുതായി ആരംഭിക്കാമായിരുന്നു? എത്ര പുതിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുമായിരുന്നു? അല്ലെങ്കില്‍ എത്ര ആയിരം അധ്യാപകരെ സൃഷ്ടിക്കാമായിരുന്നു? എത്ര ആശുപത്രികള്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു? ഇനിയുമേറെ നീട്ടാന്‍ കഴിയുന്ന താരതമ്യമാണിത്.
അടുത്തിടെ പ്രസിദ്ധീകരിച്ച യുഎന്‍ഡിപി റിപ്പോര്‍ട് പ്രകാരം ദയനീയാവസ്ഥയിലുള്ള രാജ്യത്തിന്റെ സ്ഥിതി ഓര്‍ക്കുമ്പോള്‍ വരുന്ന ചിന്തകളാണിതെല്ലാം. അഴിമതിയുടെ പര്യായമായി പരിഗണിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ദയനീയമാണ് ദാരിദ്യ്രത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ അവസ്ഥ. പോഷകാഹാര കുറവ്മൂലം ഏറ്റവുമധികം കുട്ടികള്‍ മരണപ്പെടുന്ന രാജ്യമാണ് നമ്മുടേത.് ഏറ്റവും അധികം ദരിദ്രര്‍ ജീവിക്കുന്ന രാജ്യത്ത് പണമില്ലായ്മയാണ് പ്രധാന തടസമായി പറയുന്നത്. അപ്പോഴാണ് രാജ്യത്തിന്റെ ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെടുത്തിയ വാര്‍ത്ത വരുന്നത്. അതിനു അരങ്ങൊരുക്കിയവര്‍ക്ക് എത്ര കോടികള്‍ ലഭിച്ചിട്ടുണ്ടാകുമെന്നും അവര്‍ ആരൊക്കെയാണെന്നുമാണ് ഇനി അറിയാനുള്ളത്.
എല്ലാം പ്രധാനമന്ത്രി അറിഞ്ഞിട്ടാണെന്ന് സാധ്യമായ എല്ലായിടങ്ങളിലും രാജ ആവര്‍ത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയുമായി നേരിട്ട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും രാജ പറയുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് എഴുതിയ കത്തിലും രാജ അത് ഓര്‍മിപ്പിക്കുന്നുണ്ട്്. സ്പെക്ട്രം അനുവദിക്കുന്ന രീതി സുതാര്യമായിരിക്കണമെന്ന് പറഞ്ഞ് ശക്തമായി കത്തെഴുതിയ പ്രധാനമന്ത്രിക്കുള്ള മറുപടിയിലാണ് രാജ ഇത് സൂചിപ്പിക്കുന്നത്. ഈ കത്ത് കൈപ്പറ്റിയെന്നു മാത്രം എഴുതി അറിയിച്ച പ്രധാനമന്ത്രി പിന്നീട് എന്തേ നിശബ്ദനായി. മന്ത്രിമാരുടെ സംഘത്തിന്റെ തീരുമാനത്തിനും അറ്റോര്‍ണി ജനറലിന്റെ അഭിപ്രായത്തിനും വിധേയമായി മാത്രമേ ഈ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് കത്തെഴുതിയ നിയമമന്ത്രിയുടെ അഭിപ്രായത്തെയും ധനമന്ത്രാലയത്തിന്റെ പുതിയ മാര്‍ഗം അവലംബിക്കണമെന്ന നിര്‍ദേശത്തെയും പുച്ഛിച്ച് തള്ളുമ്പോഴും മന്ത്രിസഭയുടെ തലവന്‍ എങ്ങനെ നിശബ്ദനായി എന്ന ചോദ്യം പ്രസക്തം. രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതിക്കായുള്ള അപേക്ഷയില്‍ അടയിരുന്ന പ്രധാനമന്ത്രിയുടെ നടപടിയില്‍ സുപ്രീംകോടതി ഞടുക്കം രേഖപ്പെടുത്തിയത് സമീപകാല ചരിത്രത്തിലെ അപൂര്‍വ നടപടിയാണ്.
അഴിമതി ആരോപണത്തിനു വിധേയമായി രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നും രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് രാജ. ആദ്യത്തെയാള്‍ നമ്മുടെ നാട്ടില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശശി തരൂരാണ്. ക്രിക്കറ്റായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഉദാരവല്‍ക്കരണകാലം എല്ലാമേഖലകളെയും അഴിമതിയുടെ കേളീരംഗമാക്കി മാറ്റി. അടിമുടി കച്ചവടവല്‍ക്കരിക്കപ്പെട്ട ക്രിക്കറ്റിന്റെ പുതിയ രൂപമായ ഐപിഎല്‍ ആയിരുന്നു തരൂരിന് കളിക്ക് വേദിയായത്. വിയര്‍പ്പിന്റെ ഓഹരിയെന്ന പദം ചര്‍ച്ചകളില്‍ നിറഞ്ഞു. വിയര്‍പ്പൊഴുക്കിയതിനു പകരം ഓഹരി വാങ്ങിയ സുനന്ദ ഇപ്പോള്‍ ശശിയുടെ മൂന്നാം ഭാര്യയാണ്.

അടുത്ത വിവാദത്തിന്റെ വിഷയം കോമണ്‍വെല്‍ത്ത് ഗെയിംസായിരുന്നു. ഒളിംമ്പിക്സ് സംഘടിപ്പിച്ചതിലെ മികവിലൂടെ ലോകത്തെ അമ്പരപ്പിച്ച ചൈനയുടെ വഴിയിലൂടെ ഇന്ത്യയും നീങ്ങുന്നെന്നായിരുന്നു ആദ്യ പ്രചാരവേല. എന്നാല്‍, രാജ്യത്തിനു അവമതിപ്പ് മാത്രമായി മിച്ചം. ഒരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്ത വിധം എല്ലാ തരത്തിലും അഴിമതി കോമണ്‍വെല്‍ത്തില്‍ കൊടികുത്തി വാണു. വിദ്യാഭ്യാസവ്യാപനത്തിനായുള്ള സര്‍വശിക്ഷ അഭിയാനിലേക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വിഹിതത്തേക്കാളും അധികമാണ് കോമണ്‍വെല്‍ത്തിനായി ചെലവഴിച്ചത്. കല്‍മാഡിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെപ്പിച്ചതാണ് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്്. എന്നാല്‍, കല്‍മാഡിയില്‍ ഒതുങ്ങുന്നതല്ല കോമണ്‍വെല്‍ത്തിന്റെ അഴിമതി. ഇതിനായി ചെലവഴിച്ച തുകയുടെ നല്ലൊരു പങ്കും ചെലവഴിച്ചത് ഡല്‍ഹി സര്‍ക്കാരാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നഗര വികസനമന്ത്രാലയമാണ്. സാധാരണഗതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടത് കായികമന്ത്രാലയമാണ്. ഇവരെല്ലാം അധികാരസ്ഥാനങ്ങളില്‍ തുടരുകയാണ്. പാര്‍ടി സ്ഥാനം രാജിവെച്ച കല്‍മാഡിയോട് താന്‍ വഹിക്കുന്ന കായിക ചുമതലകള്‍ ഒഴിയണമെന്ന് എന്തേ കോണ്‍ഗ്രസ് ആവശ്യപ്പെട്ടില്ല?
രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരെപോലും അഴിമതിക്കായി കരുവാക്കുന്നതില്‍ ഒരു മടിയും കാണിച്ചില്ല കോണ്‍ഗ്രസ് എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് വിവാദത്തില്‍ അതാണ് കണ്ടത്. കാര്‍ഗിലില്‍ ഉള്‍പ്പെടെ രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിന് രൂപികരിച്ച സൊസൈറ്റിയുടെ മറവില്‍ വന്‍ കച്ചവടമാണ് നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മാറ്റിയതിലൂടെ ധാര്‍മികമായി വലിയ എന്തോ കാര്യംചെയ്ത മട്ടിലാണ് കോണ്‍ഗ്രസ്. എന്നാല്‍, ഇതുമായി നേരിട്ട് ബന്ധപ്പെട്ട രണ്ടു മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രിമാരായിട്ടുണ്ട്. അവരെ തൊടാന്‍ എന്തേ കോണ്‍ഗ്രസ് മടികാണിക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നത്. തീരദേശ നിയമപ്രകാരം അനുവദനീയമായതിനേക്കാളും ഏറെ അധികം നിലകളുള്ള കെട്ടിടത്തിന് എങ്ങനെ കേന്ദ്ര അനുമതി ലഭിച്ചു? ഇനി അനുമതി വാങ്ങാതെയാണ് നിര്‍മിച്ചതെങ്കില്‍ എല്ലായിടത്തും വാളുമായി ഇറങ്ങുന്ന ജയറാം രമേശ് എന്തേ കണ്ണടച്ചു? ഇപ്പോള്‍ ക്ളീന്‍ ഇമേജുമായി മുഖ്യമന്ത്രിയായ പൃഥിരാജ് ചൌഹാന്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഫ്ളാറ്റ് സ്വന്തമാക്കിയതിനെ സംബന്ധിച്ച് പുതിയ വിവാദവും തുടങ്ങിയിട്ടുണ്ട്.
പ്രകൃതിവിഭവങ്ങളെയും രാജ്യത്തിന്റെ പൊതുസമ്പത്തിനെയും വിറ്റുതുലച്ച് ലക്ഷം കോടികള്‍ കൊള്ളയടിക്കുന്ന സംഘമായി രണ്ടാം യുപിഎ സര്‍ക്കാര്‍ അധഃപതിച്ചിരിക്കുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ജനങ്ങളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് മുഖംതിരിഞ്ഞുനില്‍ക്കുന്നതിലൂടെ തനിക്കും എന്തോ മറയ്ക്കാനുണ്ടെന്നു തന്നെയാണ് അദ്ദേഹം സ്വയം പ്രഖ്യാപിക്കുന്നത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തിനുശേഷം എന്തെങ്കിലും മാറ്റമുണ്ടോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.
 പി രാജീവ്