തിങ്കളാഴ്‌ച, ഏപ്രിൽ 05, 2010

'മൊസാദി'നെ ഭക്ത്യാദരപൂര്‍വം കാണുന്നവര്‍ അറിയാന്‍

1951ലാണ് ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് രൂപീകരിക്കുന്നത്. 1948ല്‍ നിലവില്‍വന്ന ജൂതരാഷ്ട്രമായ ഇസ്രയേലിന് 'ആദ്യനിര പ്രതിരോധം' തീര്‍ക്കുക എന്നതായിരുന്നു മൊസാദിന്റെ പ്രഖ്യാപിതലക്ഷ്യം. 1960ല്‍, മൊസാദ് അതിന്റെ 'ബാല്യ'ത്തിലൂടെ കടന്നുപോകുമ്പോള്‍ത്തന്നെ ആഗോളമാധ്യമശ്രദ്ധ നേടി. അര്‍ജന്റീനയില്‍ ഒളിവിലായിരുന്ന നാസി യുദ്ധക്കുറ്റവാളി അഡോള്‍ഫ് ഐക്മാനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയി ഇസ്രയേലില്‍ എത്തിച്ച് വിചാരണചെയ്ത് തൂക്കിക്കൊന്നതോടെയായിരുന്നു അത്. തങ്ങളുടെ പരമാധികാരത്തിലുള്ള കടന്നുകയറ്റമായി അര്‍ജന്റൈന്‍ സര്‍ക്കാര്‍ ഈ സമാനതകളില്ലാത്ത ഓപ്പറേഷനെ കണ്ടു. (ജൂതവംശഹത്യയുടെ കാര്‍മികരിലൊരാളായ ഐക്മാന് ഉചിതമായ ശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ ഫാസിസത്തെ കൈമെയ് മറന്ന് എതിര്‍ക്കുന്നവര്‍ക്ക് അന്നും ഇന്നും അഭിപ്രായവ്യത്യാസമില്ല) ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി അന്ന് ഇസ്രയേലിനെതിരെ ഒരു പ്രമേയം പാസാക്കിയിരുന്നു. അന്താരാഷ്ട്രനിയമങ്ങളെ അഗണ്യകോടിയില്‍ തള്ളിയുള്ള ഇത്തരം കൃത്യങ്ങള്‍ രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നായിരുന്നു പ്രമേയത്തിന്റെ സാരാംശം. എന്നാല്‍, പിന്നീട് മൊസാദ് നടത്തിയ വധപരമ്പരകള്‍ സുരക്ഷാസമിതിയുടെ പ്രമേയങ്ങള്‍ക്കോ അന്താരാഷ്ട്രാ നിയമങ്ങള്‍ക്കോ ഇസ്രയേല്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന വസ്തുതയ്ക്ക് അടിവരയിടുന്നതായിരുന്നു.

'പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൌത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന' എന്ന മൊസാദിന്റെ പ്രതിച്ഛായക്ക് 1997ല്‍ ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ കരിപുരണ്ടു. അമേരിക്കയുടെ സിഐഎയെപ്പോലും നിഷ്ഠുരതയിലും ഭീകരതയിലും കാര്യശേഷിയിലും നിഷ്പ്രഭമാക്കുന്ന ചാരസംഘടനയാണ് മൊസാദ് എന്നത് ഹോളിവുഡ് സിനിമകളുടെയും പാശ്ചാത്യമാധ്യമങ്ങളുടെയും നിര്‍മിതിമാത്രമാണെന്ന് വിളംബരം ചെയ്യുന്നതായിരുന്നു പാളിപ്പോയ ജോര്‍ദാന്‍ ഓപ്പറേഷന്‍. അമ്മാനില്‍ പ്രവാസജീവിതം നയിച്ചിരുന്ന ഹമാസ് നേതാവ് ഖാലിദ് മെഷാലിനെ വധിക്കാന്‍ വ്യാജ കനേഡിയന്‍ പാസ്പോര്‍ട്ടില്‍ രണ്ടംഗ മൊസാദ് സംഘമാണ് എത്തിയത്. ചര്‍മത്തിലൂടെ ആഗിരണം ചെയ്യപ്പെടുന്ന മാരകമായ ഒരു ഞരമ്പുവിഷമാണ് മൊസാദ് ഏജന്റുമാര്‍ ഖാലിദ് മെഷാലിന്റെ ചെവിയിലേക്ക് സ്പ്രേചെയ്തത്. (ഇത്തരത്തിലുള്ള വിഷപ്രയോഗങ്ങള്‍ മൊസാദിന്റെ ട്രേഡ് മാര്‍ക്കാണ്) മൊസാദിന്റെ ഈ രണ്ടംഗസംഘത്തെ തല്‍ക്ഷണം ജോര്‍ദാന്‍ പിടികൂടി. അന്ന് ജോര്‍ദാന്‍ ഭരണാധികാരിയായിരുന്ന ഹുസൈന്‍ രാജാവ് ഉടനെ പ്രതിവിഷം എത്തിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നും ടെല്‍ അവീവ് മനസ്സില്‍ കാണാത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ ശക്തമായ ഭാഷയില്‍ ഹുസൈന്‍ രാജാവ് അറിയിച്ചു. ജോര്‍ദാന്‍ പിടികൂടിയ മൊസാദ് ഏജന്റുമാരെ കൈമാറാമെന്ന വ്യവസ്ഥയില്‍ നെതന്യാഹു താമസംവിനാ പ്രതിവിഷം അമ്മാനില്‍ എത്തിച്ചു. മാത്രമല്ല, ഇസ്രയേല്‍ ജയിലിലായിരുന്ന ഹമാസിന്റെ ആത്മീയനേതാവ് ശൈഖ് മുഹമ്മദ് യാസീനെ വിട്ടയക്കുകയും ചെയ്തു. ഖാലിദ് മെഷാലിനുനേരെ നടന്ന വധശ്രമത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് പരസ്യമായി നെതന്യാഹുവിന് സമ്മതിക്കേണ്ടിയും വന്നു. 'ഉഗ്രചാരസംഘം' എന്ന മൊസാദിന്റെ പ്രതിച്ഛായക്ക് ഈ സംഭവം വന്‍ വിള്ളല്‍വീഴ്ത്തി. ഖാലിദ് മെഷാല്‍ അതോടെ ലോകം അറിയുന്ന വ്യക്തിയായി.

എത്രയോ നിരപരാധികളും മൊസാദിന്റെ ഹീനകൃത്യങ്ങള്‍ക്കിടെ വധിക്കപ്പെട്ടിട്ടുണ്ട്. നോര്‍വെയില്‍വച്ച് 1973ല്‍ അഹമ്മദ് ബൌച്ചിക്കി എന്ന മൊറോക്കന്‍ പൌരനെ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയുടെ മുമ്പില്‍വച്ച് വധിച്ചത് ഒരു ഉദാഹരണം. അഹമ്മദ് ബൌച്ചിക്കി 'ബ്ളാക് സെപ്തംബര്‍' എന്ന പലസ്തീന്‍സംഘത്തിന്റെ നേതാവ് അലി ഹസ്സന്‍ സലാമിഹാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആ നിഷ്ഠുരവധം. 1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഇസ്രയേല്‍ കായികതാരങ്ങളെ വധിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് ബ്ളാക് സെപ്തംബറായിരുന്നു. അന്ന് മൊസാദ് ഏജന്റുമാര്‍ ഉപയോഗിച്ചത് വ്യാജ നോര്‍വീജിയന്‍ പാസ്പോര്‍ട്ടുകളായിരുന്നു.

മൊസാദ് നടത്തിയ മറ്റൊരു സുപ്രധാന കൊലപാതകം പലസ്തീന്‍ വിമോചനസംഘടനയുടെ സൈനികമേധാവിയായിരുന്ന ഖലീല്‍ അല്‍ വസീറിന്റേതായിരുന്നു. യാസര്‍ അറഫാത്ത് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തുള്ള പലസ്തീന്‍ നേതാവായിരുന്നു 'അബുജിഹാദ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഖലീല്‍ അല്‍ വസീര്‍. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് പലസ്തീന്‍ ഭരണകൂടത്തിന്റെ അമരക്കാരനാകേണ്ട വ്യക്തി. അദ്ദേഹത്തെ 1988ല്‍ ടൂണിസില്‍വച്ചാണ് വധിച്ചത്. ഭാര്യയുടെയും കുട്ടികളുടെയും മുമ്പില്‍വച്ച് മൊസാദ് ഏജന്റുമാര്‍ 70 വെടിയുണ്ടയാണ് അബു ജിഹാദിന്റെ ശരീരത്തില്‍ വര്‍ഷിച്ചത്. ഇപ്പോഴും ബഹുഭൂരിപക്ഷം പലസ്തീന്‍കാരും ദൃഢമായി വിശ്വസിക്കുന്നത് യാസര്‍ അറഫാത്തിനെ മൊസാദ് വിഷപ്രയോഗത്തിലൂടെ അവസാനിപ്പിച്ചതാണെന്നാണ്. 'വിഷബാധയ്ക്കുള്ള സാധ്യത വളരെ അധികമാണെന്ന്' അറഫാത്തിന്റെ സ്വകാര്യ ഡോക്ടര്‍ അന്നു പറഞ്ഞിരുന്നു.

മൊസാദ് കൊന്നുതള്ളിയ പലസ്തീന്‍ നേതാക്കളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല.

1996ല്‍ ഗാസയില്‍വച്ച് ഹമാസ് നേതാവായിരുന്ന യാഹ്യ അയ്യാഷിനെയും 2004ല്‍ ഡമാസ്കസില്‍വച്ച് ശൈഖ് ഖലീലിനെയും 2008ല്‍ ഹിസ്ബുല്ല നേതാവായിരുന്ന ഇമദ് മുഗ്നിയയെയും മൊസാദ് വകവരുത്തിയിരുന്നു. മൊസാദ് നടത്തിയ വധപരമ്പരകളില്‍ ചിലതിനെക്കുറിച്ച് പ്രതിപാദിച്ചത് ഈ കുപ്രസിദ്ധ ചാരസംഘം 2010 ജനുവരി 20ന് ദുബായില്‍വച്ച് നടത്തിയ 'പാതി ആസൂത്രിതവും പാതി അനാസൂത്രിതവുമായ' മറ്റൊരു 'ഹൈ പ്രൊഫൈല്‍' കൊലപാതകത്തെക്കുറിച്ച് പറയാനാണ്. ഹമാസിന്റെ സൈനിക കമാന്‍ഡറായ മഹ്മൂദ് അല്‍ മബ്ഹൂഹിനെയാണ് ദുബായിലെ ഒരു ഹോട്ടലില്‍വച്ച് പട്ടാപ്പകല്‍ മൊസാദ് ഏജന്റുമാര്‍ വധിച്ചത്. പാതി ആസൂത്രിതമെന്നു പറയാന്‍ കാരണം, മബ്ഹൂഹിന്റെ യാത്രാപഥങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അദ്ദേഹത്തെ വധിക്കുന്നതില്‍ വിജയിച്ച മൊസാദ് കൊലയാളിസംഘം ദുബായ് അധികൃതരുടെ പിടിയിലാകാതെ രക്ഷപ്പെട്ടു എന്നതാണ്. പാതി അനാസൂത്രിതമെന്നു പറയാന്‍ കാരണം ദുബായ് പൊലീസ് ഏതാനും ദിവസങ്ങള്‍ക്കകം ഈ ഓപ്പറേഷനില്‍ പങ്കെടുത്ത മൊസാദ് ഏജന്റുമാരുടെ ഫോട്ടോകളടക്കമുള്ള സകലവിവരവും വെളിപ്പെടുത്തി ഇസ്രയേലിനെയും മറ്റ് ലോകരാഷ്ട്രങ്ങളെയും അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിച്ചു എന്നതും. ഇരുപത്താറംഗ കൊലയാളിസംഘമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് മബ്ഹൂഹിനെ വധിക്കാന്‍ ദുബായില്‍ എത്തിച്ചേര്‍ന്നത്. അവരില്‍ നാലഞ്ച് സ്ത്രീകളും ഉണ്ടായിരുന്നു. അവരുടെ കൈവശം ഇംഗ്ളണ്ടിന്റെയും ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും അയര്‍ലന്‍ഡിന്റെയും ഓസ്ട്രേലിയയുടെയും വ്യാജ പാസ്പോര്‍ട്ടാണ് ഉണ്ടായിരുന്നത്.

1987ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന് മൊസാദ് ഏജന്റുമാര്‍ ബ്രിട്ടന്റെ വ്യാജ പാസ്പോര്‍ട്ട് മേലില്‍ ഉപയോഗിക്കില്ലെന്ന് ഇസ്രയേല്‍ ഉറപ്പുകൊടുത്തിരുന്നു. വാഗ്ദാനലംഘനം നടത്തിയതിനാലാകാം ബ്രിട്ടനിലെ ഇസ്രയേല്‍ എംബസിയിലെ ഒരു ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസം ബ്രിട്ടന്‍ പുറത്താക്കിയത്. ഓസ്ട്രേലിയയും രോഷം പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രയേലിന്റെ അഭ്യുദയകാംക്ഷികളായ ഈ രാഷ്ട്രങ്ങളുടെയെല്ലാം പ്രതിഷേധം വെറും വാചകക്കസര്‍ത്താണെന്നും യഥാര്‍ഥത്തില്‍ മബ്ഹൂഹ് വധിക്കപ്പെട്ടതില്‍ അവര്‍ സന്തുഷ്ടരാണെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ എഴുതുന്നത്. ഫത്താ പാര്‍ടിയിലും ഹമാസിലും മൊസാദ് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മബ്ഹൂഹ് വധം വ്യക്തമാക്കുന്നു. കാരണം, മബ്ഹൂഹിന്റെ ദുബായ് യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ മൊസാദിന് കൈമാറുന്നത് ഡമാസ്കസിലെ ഒരു സുപ്രധാന ഹമാസ് പ്രവര്‍ത്തകന്‍തന്നെയാണ്.

മബ്ഹൂഹിനെ വധിക്കാന്‍ മൊസാദിന് ഒത്താശ ചെയ്തുകൊടുത്ത മൂന്ന് ഫത്താ പാര്‍ടിപ്രവര്‍ത്തകരെ ദുബായ് പൊലീസ് അറസ്റുചെയ്തിട്ടുണ്ട്. ദുബായ് പൊലീസിന്റെ കാര്യക്ഷമതയെ വിലകുറച്ച് കണ്ട മൊസാദും ഇസ്രയേലും നടുറോഡില്‍വച്ച് തുണിയുരിയപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍. മൊസാദിന്റെ തലവന്‍ മെയ്ര്‍ ദാഗന്‍ സ്ഥാനമൊഴിയണമെന്ന ആവശ്യം ഇസ്രയേലില്‍നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു. ഒരു തീവ്രവാദസംഘടനയായിട്ടാണ് ഹമാസ് അറിയപ്പെടുന്നതെങ്കിലും പലസ്തീന്‍ജനത അവരെ വോട്ടുചെയ്ത് അധികാരത്തില്‍ ഏറ്റിയിട്ടുണ്ടെന്ന വസ്തുത കാണാതിരുന്നുകൂടാ. ഏതായാലും മബ്ഹൂഹിന്റെ കൊലപാതകത്തിലൂടെ ഇസ്രയേല്‍ ഒരു കാര്യം ആവര്‍ത്തിച്ച് ഉറപ്പിച്ചിരിക്കുന്നു; അന്താരാഷ്ട്രനിയമങ്ങളെയും രാജ്യാന്തരമര്യാദകളെയും തങ്ങള്‍ ഒട്ടും മാനിക്കുന്നില്ലെന്ന ധിക്കാര പ്രസ്താവമാണത്.

അമേരിക്കയും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളും ചില മുറുമുറുപ്പ് ഉയര്‍ത്തുമെങ്കിലും ആത്യന്തികമായി അവര്‍ ടെല്‍ അവീവിനെ പരിരംഭണം ചെയ്യുമെന്ന് ജൂത ഫാസിസത്തിന്റെ പ്രണേതാക്കള്‍ക്ക് നന്നായി അറിയാം. ഇന്ത്യയുടെ 'റോ' മൊസാദിനെ മാതൃകയാക്കണമെന്നു പറയുന്ന ഫാസിസ്റുകള്‍ നമുക്കിടയിലുമുണ്ട്. അവര്‍ മൊസാദ് ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അപഹാസ്യ അവസ്ഥയെക്കുറിച്ച് വിശകലനം ചെയ്യാന്‍ പറ്റാത്തവിധത്തില്‍ ബുദ്ധിമാന്ദ്യമുള്ളവരാണെന്നുമാത്രം പറഞ്ഞുവയ്ക്കട്ടെ.

എ എം ഷിനാസ്

അഭിപ്രായങ്ങളൊന്നുമില്ല: