വ്യാഴാഴ്‌ച, ഏപ്രിൽ 01, 2010

ഒരേയൊരു ബദല്‍ മാത്രം....സോഷ്യലിസ്‌റ്റ് ജനാധിപത്യം

ചരിത്രത്തിന്റെയും, പ്രത്യയ ശാസ്ത്രത്തിന്റെയും അന്ത്യം കുറിച്ചുവെന്ന് ആഗോള മുതലാളിമാര്‍ ഓരിയിടുന്നു. ദേശീയതകളും, രാജ്യാതിര്‍ത്തികളും അവസാനിച്ചുവെന്നും, ഭൂഗോളം ഒരു ഗ്രാമമായെന്നും അവര്‍ വീമ്പിളക്കുന്നു. 500 കൊല്ലം മുമ്പ് രാഷ്ട്രങ്ങള്‍ വെട്ടിപിടിച്ച കോളനി വാഴ്ചക്കാലത്തും, ഇവരുടെ മുതുമുത്തച്ഛന്‍മാര്‍, "ചരിത്രം കോളനിയാധിപത്യത്തോടെ അവസാനിച്ചു''വെന്ന് വീമ്പ് പറഞ്ഞ് നടന്നിട്ടുണ്ട്. അപ്പോഴാണ് കോളനി വാഴ്ചക്ക് അതിരുകളിട്ട സോഷ്യലിസ്‌റ്റ് വിപ്ളവം തോട് പൊട്ടിച്ചു പുറത്ത് വന്നത്. ലോക മഹായുദ്ധങ്ങളിലൂടെ, ഭൂമിക്ക് മേല്‍ അശനിപാതം ചൊരിഞ്ഞ ഫാസിസത്തെ ഉപയോഗിച്ച് സോഷ്യലിസം അട്ടിമറിക്കാമെന്നും, ലോകം കീഴടക്കാമെന്നും അവര്‍ വ്യാമോഹിച്ചു. എന്നാല്‍ 2 കോടി പൌരന്മാരുടെ ജീവന്‍ ബലി കൊടുത്തുകൊണ്ട് ഫാസിസത്തെ സോവിയറ്റ് യൂണിയന്‍ പിടിച്ചു കെട്ടിയെന്ന് നാം അറിയുന്നു.

അനേകായിരം യുദ്ധങ്ങള്‍ക്കും, കൂട്ടകൊലകള്‍ക്കും വഴിമരുന്നിട്ടുകൊണ്ട് സോഷ്യലിസത്തെ തകര്‍ക്കുവാനുള്ള നിരന്തര സമരമാണ് ഇവര്‍ പിന്നെ ഏറ്റെടുത്തത്. 1945 മുതല്‍ 90 വരെ 200ല്‍ പരം യുദ്ധങ്ങളും, അത്രതന്നെ ആഭ്യന്തര കലാപങ്ങളും, ആഗോള മുതലാളിത്തത്തിന്റെ കാര്‍മ്മികത്വത്തില്‍ ലോകത്ത് അരങ്ങേറി. ദേശീയ വിമോചന പോരാട്ടങ്ങളെ അട്ടിമറിക്കുവാന്‍ അവര്‍ കെട്ടിയേല്‍പ്പിച്ചവയായിരുന്നു ഇവയെല്ലാം. അംഗോള മുതല്‍ ചിലി വരെ...... ക്യൂബയും, വിയറ്റ്നാമിലെ തെരുവീഥികളും വരെ അവര്‍ യുദ്ധക്കളങ്ങളാക്കി. രാഷ്ട്രങ്ങളുടെ പരമാധികാരവും ജനതയുടെ സ്വയം നിര്‍ണ്ണയാവകാശങ്ങളും ഇവര്‍ ഒരു കാലത്തും അനുവദിച്ചു കൊടുത്തിട്ടില്ലെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു തന്നെ ഭാവിതലമുറകളെ പിടികൂടി, അവരുടെ അടിയാളരായി പരുവപ്പെടുത്തുവാനുള്ള സാംസ്‌ക്കാരികവും, സാങ്കേതികവുമായ ചൂഷണോപാധികളുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ട്, ഇപ്പോഴവര്‍ ലോകമാകെ ആസ്തികള്‍ വാരിക്കൂട്ടുകയാണ്. അനശ്വരതയുടെ പരിവേഷമണിയുകയും ലോകത്തെ മുഴുവന്‍ നിരായുധമാക്കുവാന്‍ "പാടുപെടുകയും'' ചെയ്യുന്ന ഇവര്‍ സ്വന്തം ആയുധപുരകളില്‍ ആണവായുധങ്ങള്‍ കുത്തി നിറക്കുന്നതെന്തിനാണ്.......? വിത്തുകളുടെ, സാങ്കേതിക വിദ്യയുടെ, മരുന്നുകളുടെ, ഉല്‍പന്നങ്ങളുടെയെല്ലാം ഉടമസ്ഥത പിടിച്ചു വാങ്ങുന്നതെന്തിനാണ്.......? തങ്ങള്‍ക്ക് ബദലുകളില്ലെന്ന് ഓരിയിടുമ്പോഴും ആയുധങ്ങളുമായി ഉറക്കമിളച്ച് ലോകം ചുറ്റുന്നതെന്തിനാണ്......? ആരെയാണിവര്‍ ഭയപ്പെടുന്നത്......?

എന്ത്കൊണ്ട് സോഷ്യലിസം?

സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശത്തിനും വേണ്ടി അറിഞ്ഞും അറിയാതെയും നടന്ന അനേകമനേകം പോരാട്ടങ്ങളുടെ രണഭൂമിയില്‍ നിന്നുമാണ് സോഷ്യലിസ്‌റ്റ് ആശയത്തിന്റെ ഉദയം. ഫ്രഞ്ച് വിപ്ളവത്തിന്റെ (18-ആം നൂറ്റാണ്ട്) മൂശയില്‍ നിന്ന് പിറവിയെടുത്ത സോഷ്യലിസ്‌റ്റ് ദര്‍ശനം 19-ആം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും ലോകജനതയുടെ ജീവിതം തന്നെ മൌലികമായി പരിഷ്കരിക്കുവാന്‍ പ്രാപ്തമായ സിദ്ധാന്തമായും ശാസ്ത്രീയ അടിത്തറയുള്ള പോരാട്ടങ്ങളുടെ മാര്‍ഗ്ഗരേഖയായും വികസിച്ചു. കാറല്‍ മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഈ ആശയത്തെ ദേശീയ വിമോചനത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും ചരിത്രപരമായ തുടര്‍ച്ചയായി പരിവര്‍ത്തനപ്പെടുത്തി. ലോകമാകെയുള്ള ചൂഷിതരുടെ ഐക്യമാണ് ഈ ദര്‍ശനം നെഞ്ചിലേറ്റിയത്.

ഇന്നത്തേതിന് സമാനമായ സാമ്രാജത്വാധിപത്യം നിലനിന്ന കാലഘട്ടത്തിലാണ്, 1917ല്‍ റഷ്യയില്‍ "ബോള്‍ഷെവിക്'' വിപ്ളവം നടന്നത്. ബോള്‍ഷെവിക് അധികാര വ്യവസ്ഥ, കോളനി വാഴ്ചക്കെതിരായി നാവുയര്‍ത്തിയപ്പോള്‍ കോളനി വിരുദ്ധ വികാരങ്ങള്‍ ആളിപടരുകയും ഇന്ത്യയടക്കം, നൂറുകണക്കിന് കോളനികള്‍ വിമോചിതമാവുകയും ചെയ്തു. സോവിയറ്റ് യൂണിയനെന്ന ഏക സോഷ്യലിസ്‌റ്റ് രാജ്യത്തിന്റെ സ്ഥാനത്ത് 12-ഓളം യൂറോപ്യന്‍ നാടുകളും, ചൈന, ക്യൂബ, വിയറ്റ്നാം തുടങ്ങിയ രാഷ്ട്രങ്ങളും ചേര്‍ന്ന് ലോകജനതയുടെ മൂന്നിലൊന്ന് ഭാഗം സോഷ്യലിസ്‌റ്റ് മാനവീകതയുടെ പതാകവാഹകരായി മാറി. സോഷ്യലിസം ഒരു യൂറോപ്യന്‍ പ്രതിഭാസമെന്ന നിലയില്‍ നിന്നും ആഗോള മുതലാളിത്തത്തിന്റെ യഥാര്‍ത്ഥ ബദലിലേക്കുള്ള വളര്‍ച്ചയായിരുന്നു അത്. യുദ്ധത്തിനു പകരം സാമാധാനവും, സാമ്പത്തിക ചൂഷണത്തിനു പകരം സമത്വവും, വ്യക്ത്യാധിഷ്ടിത ഉല്‍പാദനത്തിനു പകരം സാമൂഹ്യ ഉടമസ്ഥതയും, പ്രായോഗികമാണെന്ന് സോഷ്യലിസം തെളിയിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും സാമൂഹ്യ ഉത്തരവാദിത്വങ്ങളായി സോഷ്യലിസം പ്രഖ്യാപിച്ചു. കമ്പോളത്തിന്റെ ആഗോളവല്‍ക്കരണത്തിനു പകരം സമത്വത്തിന്റെ സാര്‍വ്വദേശീയതയാണ് സോഷ്യലിസം ഉയര്‍ത്തി പിടിക്കുന്നത്.

സാര്‍വ്വദേശീയ വീക്ഷണമുള്ള മാനവസംസ്‌ക്കാരമായി സോഷ്യലിസ്‌റ്റ് ബദല്‍ ഉയര്‍ന്നു വന്നപ്പോള്‍, "ചൂഷണത്തിന്റെയും വിഭാഗീയതയുടേയും ലോക''മെന്നും "സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ലോക''മെന്നും ഭൂമി വിഭജിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏതാണ്ടെല്ലാ മാനവിക അഭിലാഷങ്ങളും, സംഘര്‍ഷങ്ങളും, സോഷ്യലിസമെന്ന സത്തയുടെ ചുറ്റും ഭ്രമണം ചെയ്യുകയായിരുന്നു....! പീഢനങ്ങളേറ്റു വാങ്ങുന്നവരുടെ മുഴുവന്‍ ഹൃദയാഭിലാഷങ്ങളുടെയും പ്രതീകമായി തീര്‍ന്ന സോഷ്യലിസമെന്ന ബദലിനെയല്ലാതെ അവര്‍ ആരെ ഭയപ്പെടണം?

സോവിയറ്റ്് യൂണിയന്‍ എന്ന മാതൃക

1965 വരെ സാമ്പത്തിക വളര്‍ച്ചാനിരക്കിലും, വരുമാനം, ഉത്പാദനം, ഉപഭോഗം എന്നിവയിലും ലോകത്തിന്റെ മുന്‍നിരയില്‍.
സ്വകാര്യ ഉത്പാദനവും, ഉടമസ്ഥതക്കും പകരം സാമൂഹ്യ ഉത്പാദനവും, ഉടമസ്ഥതയും. സൌജന്യവും സാര്‍വ്വത്രികവുമായി വിദ്യാഭ്യാസം, ആരോഗ്യരക്ഷ, തൊഴില്‍ എന്നിവ പൌരാവകാശം. വിപണിയുടെ അനിശ്ചിതത്വങ്ങള്‍ക്കും, മത്സരങ്ങള്‍ക്കും പൌരന്മാരുടെ ജീവിതം എറിഞ്ഞു കൊടുക്കുന്നതിന് പകരം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്വമായി അംഗീകരിച്ച ചരിത്രത്തിലെ ഒരേയൊരു സാമൂഹ്യ വ്യവസ്ഥ. സംസ്‌ക്കാരം - ശാസ്‌ത്രം - കല തുടങ്ങിയ മേഖലകളിലെല്ലാം സമൂഹത്തിന്റെ സര്‍ഗ്ഗാത്മക പങ്കാളിത്തം ഉറപ്പു വരുത്തിയ വ്യവസ്ഥയായിരുന്നു അത്.

പരാജയത്തിന്റെ കാരണങ്ങള്‍....?

ജനാധിപത്യമര്യാദ പോലും ലഭിക്കാതെ, ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട, സാറിന്റെ ബ്യൂറോക്രസിയേ വച്ച് ഭരണം തുടങ്ങിയ സോവിയറ്റ് ഭരണകൂടം അധികാരകേന്ദ്രീകരണത്തിലേക്ക് വഴുതി വീണു..... മാര്‍ക്സിസം വിഭാവനം ചെയ്യുന്ന സോഷ്യലിസ്‌റ്റ് ജനാധിപത്യ രീതിക്ക് പകരം, ഉത്പാദനക്ഷമതയുടെ ഒറ്റ മാനദണ്ഡത്തില്‍, യുദ്ധകാലാടിസ്ഥാനത്തിലുള്ള രാഷ്ട്ര പുനഃര്‍നിര്‍മ്മാണമാണ് നടന്നത്.

ചരിത്രപരമായ നിര്‍ബന്ധത്തിന്റെയും അനിവാര്യതയുടേയും ഫലമായി അംഗീകരിക്കേണ്ടിവന്ന മാതൃകകളും രീതികളും പിന്നീട് സ്ഥിരമായി ഉള്‍ക്കൊള്ളപ്പെട്ടു. സോഷ്യലിസ്‌റ്റ് വേരുകള്‍ ജീര്‍ണ്ണമായി. പാര്‍ട്ടിയും ഭരണകൂടവും പൂര്‍ണ്ണമായി താദാത്മ്യം പ്രാപിച്ചു. അഴിമതിയും ഉദാസീനതയും അധികാരകേന്ദ്രീകരണവുമായി അത് പരിണമിച്ചു. ലോകമാകെയുള്ള വിമോചന പോരാട്ടങ്ങളെ സഹായിക്കുന്ന സോവിയറ്റ് യൂണിയന്റെ നിലപാട് തദ്ദേശീയരുടെ ജീവിത നിലവാരം തകര്‍ക്കുകയാണെന്ന അഭിപ്രായം ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് വിത്തുപാകി.......മാതൃകാപരമായ ഉത്പാദനവും വിതരണവും ഉറപ്പുവരുത്തിയിരുന്നെങ്കിലും ഉത്പാദന പ്രക്രിയ നവീകരിക്കാനും ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കാനും ശ്രമിച്ചില്ല...... ഉത്പാദന മേഖലകളിലും രാഷ്ട്രീയ വ്യവസ്ഥയിലും വരെ സര്‍ഗ്ഗാത്മക പങ്കാളിത്തത്തിന് പകരം യാന്ത്രികമായ ഉള്‍ചേരലാണ് നടന്നത്.

അര നൂറ്റാണ്ടിലധികം ക്രൂരമായ യുദ്ധക്കെടുതികള്‍ക്കും, പീഢനങ്ങള്‍ക്കും വിധേയമായ സോവിയറ്റ് ജനതയുടെ ത്യാഗനിര്‍ഭരമായ ഭൂതകാലം പുതിയ തലമുറകളിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ പരാജയം.

സോവിയറ്റ് സോഷ്യലിസ്‌റ്റ് പരീക്ഷണം തകര്‍ന്നതിന്റെ ചരിത്രപശ്ചാത്തലം

1917-ല്‍ സോഷ്യലിസ്‌റ്റ് വിപ്ളവം നടക്കുമ്പോള്‍ ദയനീയ പിന്നോക്കാവസ്ഥയിലുള്ള കോളനിയായിരുന്നു റഷ്യ. ആഭ്യന്തര കലാപങ്ങളും വിദേശ ഇടപെടലുകളും ചവച്ചു തുപ്പിയ റഷ്യന്‍ സമ്പദ്ഘടന സങ്കല്‍പ്പിക്കാനാവാത്തവിധം തകര്‍ന്നിരുന്നു.
ഒന്നാം ലോകമഹായുദ്ധം റഷ്യയെ വീണ്ടും തകര്‍ത്തു. 80 ശതമാനം പടയാളികള്‍ കൊല്ലപ്പെട്ടിരുന്നു.... വിദ്യാഭ്യാസമുള്ള 20 ലക്ഷം പൌരന്മാര്‍ രാജ്യം വിട്ടുപോയി.... വിപ്ളാവാനന്തരം സാര്‍ ചക്രവര്‍ത്തിയുടെ ബ്യൂറോക്രസിയേ വച്ചുകൊണ്ടാണ് സോഷ്യലിസ്‌റ്റ് പുനര്‍നിര്‍മ്മാണം നടത്തേണ്ടി വന്നത്.

സാമ്രാജ്യത്വ വിരുദ്ധ നിലപാടുകള്‍ സോവിയറ്റ് യൂണിയനെ ആഗോളമായി ഒറ്റപ്പെടുത്തി.... 1933ലാണ് അമേരിക്ക സോവിയറ്റ് യൂണിയനെ അംഗീകരിക്കുന്നത്. നിരന്തരമായ ആക്രമണ ഭീഷണിയില്‍ ജീവിക്കുകയെന്നതായിരുന്ന സോവിയറ്റ് യൂണിയന്റെ ഗതികേട്. രണ്ടാം ലോകയുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ പിച്ചിചീന്തപ്പെട്ടു. 2 കോടി സോവിയറ്റ് പടയാളികളാണ് മൃതിയടഞ്ഞത്...... 5 കോടി സോവിയറ്റ് പൌരന്മാര്‍ പരിക്കേറ്റവരായി അവശേഷിച്ചു.......!

അമേരിക്ക നേതാവായതെങ്ങനെ.....?

അര സഹസ്രാബ്ദം നീണ്ടു നിന്ന കോളനിവാഴ്ചയിലൂടെ നെടുനായകത്വം വഹിച്ച, ഭൂഖണ്ഡങ്ങള്‍ വരുതിയിലാക്കിയ സാമ്രാജ്യത്വം 19-ആം നൂറ്റാണ്ടിന്റെ പകുതിയോടെ, ആഫ്രിക്കയേ വിഭജിച്ചു കൊണ്ടാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയത്. 20-ആം നൂറ്റാണ്ടിന്റെ ആരംഭത്തോടെ വേലിയിറക്കമായി.

യൂറോപ്പില്‍ ശക്തിപ്രാപിച്ച തൊഴിലാളി പ്രസ്ഥാനങ്ങളും ബോള്‍ഷവിക്ക് വിപ്ളവത്തിന്റെ വിജയവും, ദേശീയവിമോചന പോരാട്ടങ്ങളുടെ മുന്നേറ്റമായി പരിണമിച്ചു. ഇത് സാമ്രാജ്യത്വത്തെ ഏറെ ഭീകരഭാവമുള്ള ഫാസിസമായി രൂപാന്തരപ്പെടുത്തി....... ലോകത്തിന് മേല്‍ അധീശത്വമുറപ്പിക്കുവാനുള്ള ലോകമഹായുദ്ധങ്ങള്‍...... ആണവായുധങ്ങളുടെ പൈശാചികത്വം...... ഹതഭാഗ്യരായ കോടാനുകോടി മനുഷ്യരെ അരുംകൊലചെയ്തുകൊണ്ടത് സാമ്രാജ്യത്വം ഉറഞ്ഞുതുള്ളി.
യുദ്ധങ്ങളും, കോളനിയധികാരികളുടെ കിടമത്സരങ്ങളും, പരാധീനതകളായി പരിണമിച്ചപ്പോള്‍ ഇതൊന്നും ബാധിക്കാതിരുന്ന അമേരിക്കയ്ക്ക് ലോക മുതലാളിത്തത്തിന്റെ നായക പദവി വീണുകിട്ടുകയായിരുന്നു..... രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം കോളനി വാഴ്ചയുടെ തകര്‍ച്ച പൂര്‍ണ്ണമായപ്പോള്‍... അമേരിക്കയുടെ നേതൃത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നു.... പക്ഷെ അതിശക്തമായൊരു ബദല്‍ സാമൂഹ്യ സംവിധാനം - സോഷ്യലിസം - കൂടുതല്‍ ജനവിഭാഗങ്ങളുടെ അംഗീകാരം നേടികൊണ്ട് മറുപക്ഷത്ത് ശക്തിപ്പെടുകയും ചെയ്തു.

സാമ്രാജ്യത്വം അതിന്റെ ഭീകരതയുടെ മൂന്നാം ഘട്ടത്തില്‍ പ്രവേശിക്കുന്നത് 90കളിലാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വെല്ലുവിളികളില്ലാത്ത മേധാവിത്വം അവരെടുത്തണിയുകയാണ്........ U.N, I.M.F, W.T.O, World Bank എല്ലാം സാമ്രാജത്വ ചൂഷണത്തിന്റെ ആയുധങ്ങളാക്കികൊണ്ട്, രാഷ്ട്രങ്ങള്‍ തീറെഴുതിവാങ്ങുന്ന ആഗോളവല്‍ക്കരണത്തിന്റെ കാലം.

ഉത്പാദന വ്യവസ്ഥകളില്‍, പ്രാദേശിക വിഭവങ്ങളില്‍, തൊഴില്‍ മേഖലകളില്‍, വാര്‍ത്താവിതരണ സംവിധാനങ്ങളില്‍, സ്കൂള്‍ വിദ്യാഭ്യാസത്തില്‍ തുടങ്ങി സംസ്‌ക്കാരത്തിന്റെ അനന്തസീമകള്‍ വരെ പരസ്പരം കോര്‍ത്ത ചങ്ങല കണ്ണികളിലൂടെ മനുഷ്യചരിത്രം ഇന്നു വരെ കണ്ടിട്ടില്ലാത്ത ; അധിനിവേശ തന്ത്രമാണ് സാമ്രാജത്വം ഇന്ന് പയറ്റുന്നത്!

ജനാധിപത്യത്തിന്റെ സാക്ഷാത്കാരമായി സോഷ്യലിസത്തെ പരിവര്‍ത്തനപ്പെടുത്തുക

ഭ്രാന്തമായ "സങ്കുചിത ദേശാഭിമാന''ത്തില്‍ നിന്നും, മതഭ്രാന്തില്‍ നിന്നും ദേശീയതയെ രക്ഷിക്കുവാനും, അതിന് സാര്‍വ്വദേശീയതയുടെ ഉള്ളടക്കം നല്‍കുവാനും സോഷ്യലിസത്തിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ചേരി ചേരാ പ്രസ്ഥാനം പോലും സോഷ്യലിസത്തിന്റെ സംഭാവനയായിരുന്നുവെന്ന് സോഷ്യലിസ്‌റ്റ് പിന്നോടടിയുടെ ഈ നാളുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഒരു നൂറ്റാണ്ടിന്റെ മുഴുവന്‍ ഹൃദയാഭിലാഷങ്ങളേയും, പോരാട്ടങ്ങളേയും ത്രസിപ്പിച്ച സോഷ്യലിസ്‌റ്റ് രാഷ്ട്രങ്ങള്‍ക്ക് ഏറ്റ തിരിച്ചടികള്‍ എന്തെന്നും, എങ്ങിനെയെന്നും, തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ആഗോള മുതലാളിത്തത്തിന് യഥാര്‍ത്ഥ ബദലായി സോഷ്യലിസത്തെ നമുക്ക് പരിവര്‍ത്തനപ്പെടുത്താനാവൂ.

കേവലമായ 'ജനാധിപത്യം' പോലും ഇരുപതാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. ഇതുപോലും നമുക്ക് നേടിതന്നത് കോളനി അധികാരികളോ; ആഗോള മുതലാളിത്തമോ അല്ലെന്നും, ദേശീയ വിമോചന പോരാട്ടങ്ങള്‍ പകര്‍ന്നു തന്ന ദര്‍ശനമാണതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. സോഷ്യലിസത്തിനും ദേശീയ വിമോചനത്തിനും വേണ്ടിയുള്ള സമരങ്ങളുടെ പ്രതിഫലമാണ് ജനാധിപത്യം. ജനാധിപത്യമെന്നാല്‍ കമ്പോളത്തിന്റെ സ്വാതന്ത്ര്യമോ, കേവലമായ വോട്ടവകാശമോ അല്ല. മാനവരാശിയുടെ ഏറ്റവും പുരാതനമായ ഒരഭിലാഷമാണ് ജനാധിപത്യം. സാമ്പത്തിക സമത്വം വിളക്കിച്ചേര്‍ത്ത സാമൂഹ്യ വംശീയ വേര്‍തിരിവില്ലാത്ത സമത്വദര്‍ശനവുമായി ഉള്‍ചേരുമ്പോഴെ ജനാധിപത്യം സാക്ഷാത്കരിക്കുകയുള്ളൂ. സോഷ്യലിസത്തെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ (കാറല്‍ മാര്‍ക്സ് വിഭാവനം ചെയ്തതുപോലെ) "ജനാധിപത്യത്തിന്റെ സാക്ഷാത്കാര''മായി വീണ്ടെടുത്ത് കൊണ്ട് മാത്രമേ സാമ്രാജത്വ അധിനിവേശത്തെ ആഗോളമായി ചെറുക്കാന്‍ കഴിയുന്ന ബദല്‍ സാമൂഹ്യ സംവിധാനം പടുത്തുയര്‍ത്താനാവൂ. ദിശാബോധമുള്ള അത്തരം പോരാട്ടങ്ങള്‍ക്കായി കാലം കാതോര്‍ക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: