ബുധനാഴ്‌ച, സെപ്റ്റംബർ 15, 2010

വരേണ്യവത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ രാഷ്ട്രീയം

രാഷ്ട്രീയം സര്‍ഗാത്മകമാകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ കവിതകളാകുമെന്ന് പറഞ്ഞത് മാവോയാണ്. കാരണം നേരിന്റെ പന്തം കത്തിച്ചുപിടിക്കുന്ന പ്രസ്ഥാനങ്ങളായാണ് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ കണ്ടത്. എന്നാല്‍ ഇന്ന് മുദ്രാവാക്യങ്ങള്‍ കവിതകളാവുന്നില്ലെന്നു മാത്രമല്ല, പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായ മുദ്രാവാക്യങ്ങള്‍ പോലും ഇല്ലാതായിരിക്കുന്നു എന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ ജനാധിപത്യം കാലികമായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്.

ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ ബാധിക്കുന്ന കേന്ദ്ര സമസ്യകളെ മുദ്രാവാക്യങ്ങളുടെ ചെറുശംഖുകളില്‍ നിറച്ച് ഊതാനാവുന്നില്ല. മറിച്ച് സിനിമാ പാട്ടുകളുടെ പേറ്റന്റ് വിലയ്ക്ക് വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് അവ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് വേളയില്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സ്ലംഡോഗ് മില്യണയറിലെ ജയ്‌ഹോ എന്ന ഗാനം ദേശീയ കക്ഷിയായ കോണ്‍ഗ്രസ് വിലയ്ക്ക് വാങ്ങിയ കാര്യം ഓര്‍ക്കുക. അങ്ങനെ 'വില' നമ്മുടെ ജനാധിപത്യത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊണ്ടിരിക്കുകയാണ്. എന്തും വിലയ്ക്ക് വാങ്ങാം, എം പീമാരെവരെ വിലയ്ക്ക് കിട്ടുന്ന കനികളായി മാറുന്നു! ജനാധിപത്യത്തില്‍ നിന്ന് ജനങ്ങള്‍ വിടവാങ്ങുകയും 'ആധിപത്യം' അവശേഷിക്കുകയും ചെയ്യുന്നു-സമ്പന്നരുടെ ആധിപത്യം. ഇക്കാര്യം കൂടുതല്‍ ബോധ്യമാവണമെങ്കില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മാറിവരുന്ന വര്‍ഗഘടന പരിശോധിച്ചാല്‍ മതി.

നമ്മുടെ പരമോന്നത നിയമനിര്‍മാണസഭ കോടീശ്വരന്മാരുടെ പറുദീസയായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. എം പീമാരുടെ (ലോക്‌സഭ) ആകെ ആസ്തി 19,654 കോടി രൂപയാണത്രെ. ശരാശരി 3.6 കോടി രൂപയും. ഇത് പതിനാലാം ലോക്‌സഭയില്‍ വെറും 1.2 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കുക. അഞ്ചുവര്‍ഷത്തിലെ വര്‍ധനവ് 186 ശതമാനം! ആകെ അംഗങ്ങളുടെ 57 ശതമാനവും കോടീശ്വരന്മാരാണ്. ഇതില്‍ 187 പേര്‍ (ആകെ പാര്‍ട്ടി എം പിമാരുടെ 67 ശതമാനം) കോണ്‍ഗ്രസ് അംഗങ്ങളും, 58 പേര്‍ ബി ജെ പിക്കാരും. ശിവസേന അംഗങ്ങളുടെ 82 ശതമാനവും, ബി എസ് പിയുടെ 62 ശതമാനവും ദ്രാവിഡ കഴകത്തിന്റെ 67 ശതമാനവും സമാജ്‌വാദി പാര്‍ട്ടിയുടെ 61 ശതമാനവും ഈ ഗണത്തില്‍പ്പെടുന്നു.

ബിസിനസ്/വ്യവസായ പ്രമുഖരുടെ എണ്ണത്തിലെ വര്‍ധനവു ശ്രദ്ധേയമാണ്. ഇത് പത്താം ലോക്‌സഭയില്‍ 15 ശതമാനമായിരുന്നത് പതിനാലാം ലോക്‌സഭയില്‍ എത്തിയപ്പോള്‍ 20 ശതമാനമായി വളര്‍ന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ പതിനേഴ് ശതമാനം വളര്‍ച്ച. ഏതാണ്ട് നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമാനം. രാജ്യസഭയുടെ കാര്യത്തില്‍ ഇത് പതിനാറ് ശതമാനമാണ്.

നമ്മുടെ പൊതുരംഗം എത്രത്തോളം സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു (വരേണ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന അര്‍ഥവും ഇതിനുണ്ട്) എന്നതിന്റെ തെളിവാണിത്. ഇത് ഏറ്റവുമധികം പ്രകടമായിരിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിയിലാണ്. ജനങ്ങളും പാര്‍ട്ടികളുമായുള്ള ബന്ധം നേര്‍ത്ത് വരുകയും അത് വെറും കൃതൃമമായിത്തീരുകയും ചെയ്തിരിക്കുന്നു. ജലവും മത്സ്യവും പോലെയാണ് ജനങ്ങളും പൊതുപ്രവര്‍ത്തകരും എന്നു പറഞ്ഞ മാവോ എത്രപെട്ടന്നാണ് നമ്മുടെ ജനാധിപത്യത്തില്‍ അപ്രസക്തമായത്!

രാഷ്ട്രീയത്തിന് ഏതാണ്ടൊരു കോര്‍പ്പറേറ്റ് സ്വഭാവം കൈവന്നിരിക്കുന്നു. തെലുങ്കുദേശം പാര്‍ട്ടിയിലെ ഒരിടത്തരം നേതാവ് ഒരിക്കല്‍ സൂചിപ്പിച്ചത് എത്രയോ അന്വര്‍ഥമാണ്: ''ടി ഡി പി അതിന്റെ അണികള്‍ക്ക് നല്‍കുന്ന പരിശീലനം മാനേജീരിയല്‍ സ്വഭാവത്തോടൂകൂടിയതാണ്. പ്രവര്‍ത്തകര്‍ക്ക് ജനങ്ങളുമായി സ്ഥായിയായ ബന്ധം വളര്‍ത്തുവാന്‍ ഉതകുന്നതല്ല ഇത്. അധികാരത്തിലിരിക്കുമ്പോള്‍ ലഭിക്കുന്ന അപ്പകഷണങ്ങള്‍ക്കുവേണ്ടി ശണ്ഠകൂടുന്ന വെറും കൂലിപട്ടാളക്കാരാണ് ഇവര്‍. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഇവര്‍ക്കാവില്ല.'' ഇവിടം കൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നതും പത്രറിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്. ഓരോ അപേക്ഷാര്‍ഥിയും തങ്ങള്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ തെളിവായി പത്രങ്ങളില്‍ വാര്‍ത്തകളുടെ അസല്‍ പതിപ്പ് ഹാജരാക്കണം എന്നര്‍ഥം. ഇവിടെ പ്രവര്‍ത്തകരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം മീഡിയേറ്റ് ചെയ്യുന്നത് പത്രത്താളുകളായി മാറുന്നു. എന്തൊരു വിരോധാഭാസം? ആന്ധ്രായില്‍ പെയ്ഡ് ന്യൂസിന്റെ (paid news)െ ഏറ്റവും വലിയ ഉറവിടം ഇതാണെന്ന വസ്തുതയും അവശേഷിക്കുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ ഇടതുപക്ഷ പാര്‍ട്ടികളെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് കക്ഷികളില്‍ ജൈവബന്ധമുള്ള നേതൃത്വം വളരാത്തതിന്റെ കാരണം ഇതാണ്. ജനങ്ങളെയും നേതൃത്വത്തെയും കൂട്ടി ഇണക്കുന്ന കണ്ണികള്‍ ഇല്ലാതായിരിക്കുന്നു. ഇവരുടെ സ്ഥാനമാണ് വ്യവസായ പ്രമുഖരും കുബേരന്മാരും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതിപുരുഷന്മാരും ചേര്‍ന്ന് കൈയടക്കിയിരിക്കുന്നത്. പണവും വരേണ്യവിദ്യാഭ്യാസവുമാണ് ഈ ഭരണവര്‍ഗ ക്ലബിലെ അംഗത്വത്തിന്റെ മാനദണ്ഡം. ഇവരാണ് ഭാരതസര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത്.

സാമ്പത്തിക ആഗോളവത്ക്കരണത്തില്‍ തുടങ്ങി അമേരിക്കന്‍ കേന്ദ്രീകൃത വിദേശനയത്തില്‍വരെ ഈ സ്വാധീനം പ്രകടമാണ്. അതുകൊണ്ടാണ് റേഷനരിക്ക് സബ്‌സിഡി നല്‍കുന്നത്. ഉത്പാദനക്ഷമമല്ലെന്ന് നമ്മുടെ ഭരണകൂടം നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നതും എന്നാല്‍ അതേസമയം വന്‍കിടക്കാരുടെ കോടിക്കണക്കിനുവരുന്ന കര കുടിശ്ശിക എഴുതിത്തള്ളുന്നതും. 2007 മുതല്‍ 2009 വരെയുള്ള രണ്ടു വര്‍ഷംകൊണ്ട് ഈ ഇനത്തില്‍ എഴുതി തള്ളിയ കിട്ടാക്കടം 6,03,260 കോടി രൂപയാണത്രെ! കടക്കെണിയില്‍ പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകരുടെയും ബാധ്യത എഴുതിത്തള്ളാന്‍ നമുക്ക് ആകെ വേണ്ടുന്നത് വെറും 70,000 കോടി രൂപയാണെന്ന കാര്യംകൂടി ഓര്‍ക്കുക. വിദ്യാഭ്യാസത്തിന് നീക്കിവെയ്ക്കാന്‍ ജി ഡി പിയുടെ 6 ശതമാനം കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ ജി ഡി പിയുടെ 17 ശതമാനം പലവിധ സബ്‌സിഡികളായി ഉപരി-മധ്യവര്‍ഗങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നതും ഇതേ യുക്തിയുടെ അടിസ്ഥാനത്തിലാണ്.

മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍, സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ, വിവാഹം കഴിക്കാന്‍ നിവര്‍ത്തി ഇല്ലാത്ത രണ്ട് ലക്ഷം പെണ്‍കുട്ടികളാണ് ഉള്ളത്. മുഖ്യധാരാ രാഷ്ട്രീയ സമൂഹം, പക്ഷേ, ഇവരെ തൊട്ട് ഒഴിഞ്ഞുകൊണ്ട് നടന്നുപോകുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ജനാധിപത്യം ജനങ്ങളുടേതാണെങ്കിലും ഭരണഘടനയ്ക്ക് പുറത്തുള്ള ജനാധിപത്യം (രാഷ്ട്രീയവും) സമ്പന്നരുടേതായി മാറിക്കൊണ്ടിരിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയിലേയ്ക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 15092010

അഭിപ്രായങ്ങളൊന്നുമില്ല: