തിങ്കളാഴ്‌ച, ഏപ്രിൽ 26, 2010

ആല്‍ബര്‍ട്ട് ഐൻ‌സ്‌റ്റീനും സോഷ്യലിസവും

ശാസ്‌ത്രം ഒറ്റമൂലിയല്ല

സാമ്പത്തിക - സാമൂഹിക വിഷയങ്ങളില്‍ വിദഗ്ധനല്ലാത്ത ഒരാള്‍ സോഷ്യലിസത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാവുമോ എന്ന് സംശയമുയരാം.... ജോതിശാസ്‌ത്രമോ സാമ്പത്തിക ശാസ്‌ത്രമോ മറ്റേതൊരു ശാസ്‌ത്രശാഖയോ ആവട്ടെ ഒരേ മാര്‍ഗ്ഗമാണ് പിന്‍തുടരുന്നത്. സവിശേഷമായ പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കുകയും അവയുടെ പരസ്പരബന്ധങ്ങള്‍ ശാസ്‌ത്രീയമായി കണ്ടെത്തുകയും പൊതുസമ്മതിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങള്‍ നടത്തുകയുമാണ് ശാസ്‌ത്രരീതി. എന്നാല്‍ സാമ്പത്തിക ശാസ്‌ത്രവും ഇതര ശാസ്‌ത്രശാഖകളും തമ്മില്‍ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങള്‍ ഉണ്ട്. പ്രത്യേകം പ്രത്യേകമായ പരിശോധന അസാദ്ധ്യമാക്കുന്ന സങ്കീര്‍ണ്ണമായ ഒട്ടനവധി ഘടകങ്ങള്‍ സാമ്പത്തിക പ്രതിഭാസങ്ങളില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. മനുഷ്യസംസ്‌ക്കാരത്തിന്റെയും നാഗരികതകളുടെയും തുടക്കം മുതലുള്ള, തികച്ചും സാമ്പത്തികേതരമായ ഒട്ടേറെ ഘടകങ്ങളുടെ സ്വാധീനവും സാമ്പത്തിക ശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്നു.

സഹജീവികളുടെ മേല്‍ കായികമായ അധീശത്വം നേടിയ മനുഷ്യര്‍, അവരുടെ നിലനില്‍പ്പ് സുരക്ഷിതമാക്കുന്ന നിയമങ്ങളും സാമ്പത്തിക സദാചാര ക്രമങ്ങളും വ്യവസ്ഥാപിതമാക്കി, പ്രത്യേക അവകാശങ്ങളുള്ളവരായിതീര്‍ന്നു. ഭൂമിക്ക് മേല്‍ കുത്തകാവകാശം സ്ഥാപിച്ചെടുക്കുന്ന പ്രക്രിയയില്‍, അവരില്‍ നിന്നു തന്നെ പൌരോഹിത്യവും ഉയര്‍ന്നുവന്നു. അറിവിന്റെ മേല്‍ നിയന്ത്രണാവകാശങ്ങളുള്ള ഇതേ പുരോഹിതരാണ് മനുഷ്യനെ വിവിധ വര്‍ഗ്ഗങ്ങളായി വിഭജിച്ചതും മൂല്യസംഹിതകള്‍ വ്യവസ്ഥാപിതമാക്കിയതും. അവര്‍ കോറിയിട്ട പെരുമാറ്റ സംഹിതകള്‍ സമൂഹം അറിയാതെ പിന്‍തുടരുകയും അത് മനുഷ്യസംസ്‌ക്കാരത്തിന്റെ അതിരുകളായി തീരുകയും ചെയ്തു. (സാമൂഹ്യ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ഈ നിയമങ്ങള്‍ മാത്രമല്ല സ്വാധീനിച്ചിട്ടുള്ളത്). ചരിത്രാതീത കാലംമുതലുള്ള പാരമ്പര്യങ്ങള്‍ മറികടന്നുകൊണ്ട് വ്യത്യസ്ത രൂപത്തില്‍ മാനവപുരോഗതി ലക്ഷ്യമാക്കുന്നുവെന്നതാണ് സോഷ്യലിസത്തിന്റെ പ്രത്യേകത. നിലനില്‍ക്കുന്ന സാമ്പത്തിക ക്രമവും വളര്‍ച്ചാരീതിയും സോഷ്യലിസ്‌റ്റ് ആശയങ്ങളോട് യാതൊരു പൊരുത്തവും പ്രഖ്യാപിക്കുന്നില്ലെന്നതാണ് വസ്തുത.

ശാസ്‌ത്രത്തിന് പ്രഖ്യാപിതമായോ അല്ലാതെയോ ഒരു 'അന്തിമലക്ഷ്യ'മില്ല. ലക്ഷ്യസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ശാസ്‌ത്രത്തിന്റെ പരിധിയില്‍ വരുന്നത്.. സോഷ്യലിസ്‌റ്റ് സാമൂഹ്യക്രമത്തെക്കുറിച്ച് അതിന്റെ ദാര്‍ശനികവും പ്രായോഗികവുമായ രൂപങ്ങളെക്കുറിച്ച് പരിവര്‍ത്തനം ആഗ്രഹിക്കുന്ന സമൂഹത്തിന് വ്യക്തമായ ധാരണയുണ്ടെങ്കില്‍, ശാസ്‌ത്രത്തെ സോഷ്യലിസം കൈവരിക്കാനുള്ള ഒരു വഴികാട്ടിയായി സ്വീകരിക്കാമെന്നുമാത്രം. അതു കൊണ്ട് തന്നെ, കേവലമായ ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രീയ നിഗമനങ്ങളും മാത്രമടിസ്ഥാനമാക്കി സാമൂഹ്യപ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലി കണ്ടെത്തുക സാദ്ധ്യമല്ലെന്ന് വരുന്നു.

മനുഷ്യവംശത്തെക്കുറിച്ച് എന്തിന് ഉല്‍ക്കണ്ഠപ്പെടണം....?

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ഗുരുതരമായി അപകടപ്പെടുന്നുവെന്നെ മുറവിളി ഉയരുന്ന കാലമാണിത്... ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ വ്യക്തികള്‍ നിരുത്സാഹിതരാവുകയും തന്റെ ഏറ്റവുമടുത്ത ചെറുസമൂഹത്തിനോടു പോലും വെറുപ്പുള്ളവരായി തീരുകയും ചെയ്യുക സ്വാഭാവികമാണ്. ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു സംഭവം ഞാന്‍ പറയാം. വരാന്‍ സാദ്ധ്യതയുള്ള മറ്റൊരു യുദ്ധം മനുഷ്യകുലത്തിന്റെ വേരുകള്‍ പോലും കരിച്ചുകളയുമെന്നും ഒരാഗോള സമാധാനപ്രസ്ഥാനത്തിന് മാത്രമേ ഇനി ലോകത്തെ രക്ഷിക്കാനാവൂ എന്നും വളരെ ഉന്നതനും പ്രഗല്‍ഭനുമായ ഒരു സുഹൃത്തിനോട് ഞാന്‍ പറഞ്ഞപ്പോള്‍, ഒട്ടും താല്‍പര്യമില്ലാതെ തണുപ്പന്‍ മട്ടില്‍ അദ്ദേഹം എന്നോട് ചോദിച്ചതിങ്ങനെയായിരുന്നു - "മനുഷ്യവംശം അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് താങ്കള്‍ ഇത്ര ഗൌരവപൂര്‍വ്വം ഉല്‍കണ്ഠപ്പെടുന്നതെന്തിനാണ്......?''

ഞാനുറച്ചു വിശ്വസിക്കുന്നു അരനൂറ്റാണ്ടിനപ്പുറമുള്ള കാലഘട്ടത്തില്‍ ഇങ്ങനെ നിഷേധാത്മകവും ക്രൂരവുമായൊരു ചോദ്യം ഉയര്‍ന്നുവരികയേ ഇല്ല.

ദുരിതങ്ങളില്‍ ആഴ്ന്നുകിടക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ വേദനകളില്‍ നിന്നും അകന്നുമാറി തന്റേതായൊരു തുരുത്തില്‍ ഒതുങ്ങികൂടുകയെന്ന അഭിവാഞ്ചയുടെ ബഹിര്‍ സ്‌ഫുരണമാണ് ഈ പ്രതികരണം! തന്റേതായൊരു ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതിന്റെ പ്രതിഫലനമാണിത്..... ഒരു മഹായുദ്ധംപോലെ തന്നെ വിനാശകരമായ ഇത്തരം സാമൂഹ്യവിരുദ്ധ നിലപാടുകള്‍ എങ്ങനെ നാം മുറിച്ചുകടക്കും....? ചോദ്യം ചോദിച്ചത് പോലെ എളുപ്പം ഒരുത്തരം കണ്ടെത്തുക പ്രയാസമാണ്.... വിരുദ്ധകാഴ്‌ചപ്പാടുകളും വികാരവിചാരങ്ങളുമുള്ള നമുക്കെല്ലാം ഒരു പോലെ സമ്മതമായൊരു ഉത്തരം പറയുക വളരെ പ്രയാസമാണ്..... എങ്കിലും ഞാന്‍ പരമാവധി ശ്രമിക്കാം...

വ്യക്തിയും സമൂഹവും

മനുഷ്യന്‍ ഒരേസമയം ഏകാന്ത ജീവിയും സാമൂഹ്യജീവിയുമാണ്.... സ്വന്തം നിലനില്‍പ്പിനും തന്റെ ഏറ്റവുമടുത്തവരുടെ നന്മക്കും വ്യക്തിയെന്ന നിലയില്‍ മനുഷ്യന്‍ തീവ്രമായി യത്നിക്കുന്നു..... സാമൂഹ്യജീവിയെന്ന നിലയില്‍ സഹജീവികളുടെ സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി ശ്രമിക്കുകയും അവരുടെ നൊമ്പരങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുന്നു. വ്യക്തിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ സമൂഹത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ ഓരോ മനുഷ്യനും തന്റേതായ സംഭാവനകള്‍ ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഇടപെടുവാനുള്ള മനുഷ്യന്റെ താല്‍പര്യം പാരമ്പര്യമായി ലഭിച്ചതാണ്. എന്നാല്‍ അവസാനമായി അവനാര്‍ജിക്കുന്ന വ്യക്തിത്വം അവന്‍ ജീവിക്കുന്ന കാലത്തിന്റെയും വ്യവസ്ഥിതിയുടേയും പ്രതിഫലമായിരിക്കും! അവനിടപെടുന്ന സമൂഹത്തിന്റെ ഘടനക്കും മൂല്യങ്ങള്‍ക്കും അനുസൃതമായിരിക്കും അത് !

വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനും നിഗമനങ്ങളിലെത്തിച്ചേരാനും, അതിനനുസൃതമായി വികാരം കൊള്ളാനും പ്രവര്‍ത്തിക്കാനും കഴിയുമെങ്കിലും, അയാളിതിനെല്ലാം സമൂഹത്തെ ഒരുപാടൊരുപാട് ആശ്രയിക്കേണ്ടിവരുന്നു! ഭൌതികവും, ബുദ്ധിപരവും വൈകാരികവുമായ അവന്റെ നിലനില്‍പ്പ് സമൂഹത്തിന്റെ പരിധിക്ക് പുറത്ത് ആലോചിക്കാന്‍ പോലും ആവില്ല.
ഭക്ഷണവും, വസ്‌ത്രവും വീടും, പണിയായുധങ്ങളും, ഭാഷയും, ചിന്താരൂപങ്ങളും അതിനുള്ള വിഷയങ്ങളും എല്ലാമടങ്ങിയ അനേകായിരം തലമുറകളുടെ അധ്വാനഫലങ്ങളുടെ മഹാസഞ്ചയമാണ് സമൂഹമെന്ന ചെറിയ വാക്കില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്.

ഒരു കാര്യം ഇതില്‍ നിന്നും തെളിയുന്നു - വ്യക്തിയുടെ സാമൂഹ്യ ആശ്രിതത്വം ഒരു സനാതന സത്യമാണ്. ഉറുമ്പും ഈച്ചയും പോലെ അത് ആത്മബന്ധിതമാണ് ! എന്നാല്‍ ഉറുമ്പിന്റെയും ഈച്ചയുടെയും ജീവിതചക്രം പോലെ ഏറ്റവും ചുരുങ്ങിയ പാരമ്പര്യത്തിന്റെ തലത്തിലേക്ക് മനുഷ്യജീവിതത്തെ വലിച്ചിറക്കികൊണ്ടുചെന്നാല്‍ അതിന്റെ സാമൂഹ്യാടിസ്ഥാനവും, പരസ്പരബന്ധവും എല്ലാം നഷ്ടപ്പെടും. ഓര്‍മ്മിച്ചുവെക്കാനും, പുതിയത് നിര്‍മ്മിക്കാനും, സംസാരിക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി മനുഷ്യന് മാത്രമാണുള്ളതെന്നും ഒരു ജീവിയെന്ന നിലയില്‍ ഇതൊന്നും ജീവശാസ്‌ത്രപരമായ അത്യാവശ്യങ്ങളേ അല്ലെന്നും നമുക്ക് ഓര്‍മ്മിക്കാം. ഈ തനത് സവിശേഷതകളും അതിന്റെ വികാസപരിണാമങ്ങളുമാണ് കേവലമായ ജൈവ പാരമ്പര്യങ്ങളെ മഹത്തായ മാനവിക ദര്‍ശനമായി വളര്‍ത്തിയത്. ശാസ്‌ത്രവും സാഹിത്യവും കലയും സംസ്‌ക്കാരവും സാങ്കേതിക ശാസ്‌ത്രവുമെല്ലാം ബ്രഹത് ശേഖരങ്ങളും പ്രസ്ഥാനങ്ങളുമായി വളര്‍ന്നത്.... ഒരര്‍ത്ഥത്തില്‍ മനുഷ്യന് അവന്റെ ചിന്തകളും അതിന്റെ പ്രയോഗവും ജീവിതത്തിന്റെ ഗതിതന്നെ മാറ്റാന്‍ പോരുന്ന വിധത്തില്‍ വികസിപ്പിച്ചെടുക്കാനാവുമെന്നതിന്റെ ദൃഷ്ടാന്തമാണിത്. മനുഷ്യ വംശത്തിന് ജീവശാസ്‌ത്രപരമായി തന്നെ ലഭിച്ച പ്രത്യേകതകളും, പ്രകൃതി നല്‍കിയ തനത് സവിശേഷകതകളും മാറ്റമില്ലാത്തതാണ്..... ഇതിനു പറുമെ സാമൂഹ്യജീവിതത്തില്‍ നിന്നും വൈവിദ്ധ്യമാര്‍ന്ന രൂപത്തിലും ഭാവത്തിലും മനുഷ്യര്‍ നേടുന്ന സാംസ്‌ക്കാരിക സവിശേഷതകളും കൂടി കൂട്ടിച്ചേര്‍ക്കപ്പെടുന്നു... മനുഷ്യ ജീവിതത്തിലെ ഈ സാംസ്‌ക്കാരിക ഉള്ളടക്കം കാലം കഴിയും തോറും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇടപെടല്‍, ഐക്യം, വിനിമയം എന്നിവകൊണ്ട് നിരന്തരം പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.....
ആധുനിക നരവംശശാസ്‌ത്രം; മനുഷ്യസംസ്‌ക്കാരങ്ങളും നാഗരികതകളും മുന്‍നിര്‍ത്തി നടത്തിയ നിരവധി പഠനങ്ങളിലൂടെ ഒരു വസ്തുതക്ക് അടിവരയിട്ടിട്ടുണ്ട്.... അതിതാണ്, മനുഷ്യന്റെ സാമൂഹ്യ ധാരണകളും സ്വഭാവങ്ങളും നിലനില്‍ക്കുന്ന പ്രബല സാമൂഹ്യവ്യവസ്ഥിതിക്കും അതൊരുക്കുന്ന സാംസ്‌ക്കാരിക ഭൂമികക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു.....! ഈ സത്യം മനസ്സിലാക്കുന്നതു കൊണ്ടാവും മനുഷ്യനന്മയിലും പുരോഗതിയിലും പ്രതീക്ഷയര്‍പ്പിച്ച് കുറ്റപ്പെടുത്തലുകള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും പകരം ഒരുമിച്ച് നില്‍ക്കുന്നവരുണ്ടാവുന്നത് ! പരസ്പരം ആക്രമിച്ച് കീഴ്പ്പെടുത്തുകയെന്ന മൃഗതൃഷ്ണക്കും നിയോഗത്തിനുമപ്പുറം, ക്രൂരതയുടെ മുമ്പില്‍ ദയക്കിരക്കുകയെന്ന വിധിക്കെതിരെ നിലകൊള്ളുന്നവരുണ്ടാവുന്നത്...!

മനുഷ്യജീവിതം തൃപ്തികരമായി പുനഃസംവിധാനം ചെയ്യാന്‍ വേണ്ടി വ്യവസ്ഥിതിയുടെ സാമൂഹ്യ സാമ്പത്തിക ഘടനയിലും സാംസ്‌ക്കാരിക ഉള്ളടക്കത്തിലും മാറ്റം വരുത്തണമെന്നാഗ്രഹിക്കുമ്പോഴും മാറ്റിമറിക്കാനാവാത്തതായി പലതും നിലനില്‍ക്കുന്നതായി കാണാം.

മനുഷ്യന്റെ ജീവശാസ്‌ത്രപരമായ സവിശേഷതകള്‍ അതിലൊന്നാണ്. പിന്നിട്ട നൂറ്റാണ്ടുകളിലൂടെ നാം നേടിയ ശാസ്‌ത്രസാങ്കേതിക വൈജ്ഞാനിക നേട്ടങ്ങളും വലിച്ചു മാറ്റാനാവില്ല... തിങ്ങി നിറഞ്ഞ ജനപഥങ്ങളും തൊഴില്‍ വിഭജനവും വ്യവസായങ്ങളുടെ കേന്ദ്രീകരണവുമൊന്നും പിടിച്ചുലക്കാനാവില്ല...

തിരിഞ്ഞുനോക്കിയാല്‍ വ്യക്തികളോ ചെറുസമൂഹങ്ങളോ അങ്ങിങ്ങ് സ്വയം പര്യാപ്തരായിട്ടുണ്ടെന്ന് പറയാമെങ്കിലും, ആഗോളമായി മനുഷ്യസമൂഹം വെറും ഉപഭോഗത്തിനായി ഉത്പാദനം നടത്തുന്നതിലപ്പുറമെത്തിയിട്ടില്ല...

ആരാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്?

ഈ കാലഘട്ടത്തിലെ പ്രധാന പ്രതിസന്ധിയെന്താണെന്ന് പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്... വ്യക്തിക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വമെന്താണെന്ന ഉത്കണ്ഠയാണ് ഞാന്‍ അനുഭവിക്കുന്നത്..... സമൂഹത്തോട് വ്യക്തികള്‍ക്കുള്ള ആശ്രിതത്വത്തിന്റെ വലിപ്പം എത്രയെന്ന് ഏതു കാലത്തേയുംകാള്‍ ബോദ്ധ്യം വന്നിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, സാമൂഹ്യാശ്രിതത്വം ഒരു മഹത്വമായി മനുഷ്യനിനിയും അംഗീകരിക്കാന്‍ മടിക്കുന്നു... വംശത്തിന്റെ ഐക്യം സുരക്ഷിതത്വത്തിന്റെ താവളമായി കാണുന്നതിന് പകരം സമൂഹം തന്റെ ജന്മാവകാശത്തിനും സാമ്പത്തിക ഉന്നതിക്കും തടസ്സം നില്‍ക്കുകയാണെന്ന് മനുഷ്യര്‍ കരുതുന്നു.... അടിക്കടി അന്യവല്‍ക്കരിക്കപ്പെടുകയും സ്വന്തം കൂടാരങ്ങളില്‍ കൂടുകെട്ടിപാര്‍ക്കുകയും ചെയ്യുന്നവരുടെ സാമൂഹ്യപങ്കാളിത്തം സ്വാഭാവികമായും ദുര്‍ബലമായി തീരുന്നു.

എത്ര ഉന്നതസ്ഥാനത്തിരിക്കുന്നവരായാലും ഈ ദൌര്‍ബല്യം പിടികൂടാവുന്നതാണ്.... ഞാനെന്ന ഭാവം മാത്രം കൈമുതലാക്കി ഏകാന്തതയുടെ അരക്ഷിത തുരുത്തുകളില്‍ ജീവിതത്തിന്റെ അതിലളിതമായ ജീവശാസ്‌ത്ര സമസ്യകളിലും അര്‍ത്ഥശൂന്യമായ അതിസങ്കീര്‍ണ്ണതകളിലും സ്വയം കുടുങ്ങിയൊടുങ്ങുകയാണവര്‍...... സമൂഹത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടു മാത്രമേ ചെറുതും ദുരന്തപൂര്‍ണ്ണവുമായ ജീവിതത്തിന് അര്‍ത്ഥവും വ്യാപ്തിയും നല്‍കാനാവൂ എന്ന സത്യം അവന്‍ തിരിച്ചറിയുന്നില്ല. ആരാണ് ഈ പ്രതിസന്ധിയുടെ പിന്നിലുള്ളത്....? നിലവിലുള്ള മുതലാളിത്ത സമൂഹത്തിന്റെ സാമ്പത്തിക സാമൂഹ്യ അരാജകത്വമാണ് പ്രധാന പ്രതിയെന്ന് ഞാന്‍ കരുതുന്നു...

ചൂഷണം നിയമാനുസൃതമാവുന്നു!

നിയമപ്രകാരം തന്നെ ചൂഷണം ചെയ്യപ്പെടുന്ന; തങ്ങളുടെ അധ്വാനത്തിന് ലഭിച്ച വളരെ ചെറിയ പ്രതിഫലം പരസ്‌പരം പങ്കിട്ടെടുക്കുന്നവരുമായ വളരെ വലിയൊരു സമൂഹം; യഥാര്‍ത്ഥ ഉല്‍പാദകര്‍, നമ്മുടെ മുന്നിലുണ്ട്. ഉല്‍പാദകരായിരിക്കുകയും ഉത്പാദനഉപകരണങ്ങള്‍ തങ്ങള്‍ക്ക് അന്യമായിരിക്കുകയും ചെയ്യുന്ന ഈ ജനതയാണ് തൊഴിലാളികള്‍. അടിസ്ഥാന ഉല്‍പന്നങ്ങളും ഉപഭോഗസാധനങ്ങളും ഉല്‍പ്പാദിപ്പിക്കുന്നവരില്‍ നിന്നും ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം നിയമാനുസൃതം തന്നെ സ്വകാര്യസ്വത്തായി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നതും നാം കാണുന്നു. ഉല്‍പ്പാദന ഉപകരണങ്ങള്‍ കൈവശപ്പെടുത്തിയവര്‍ തൊഴിലാളികളുടെ അധ്വാനശേഷി വിലക്കെടുക്കുന്നു. അവരുല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ 'നിയമാനുസൃതം'തന്നെ തൊഴിലുടമയുടെ സ്വകാര്യ സ്വത്തായി തീരുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യമിതാണ് - ഉല്‍പ്പാദനം നടത്തുന്ന തൊഴിലാളിക്ക് ലഭിക്കുന്ന മൂല്യവും ഉല്‍പ്പാദിപ്പിച്ച സാധനങ്ങളുടെ മൂല്യവും തമ്മിലൊരു ബന്ധവുമില്ല... ഇവ രണ്ടും അവയുടെ യഥാര്‍ത്ഥ മൂല്യങ്ങളുടെ പ്രതിഫലനമേയല്ല... തൊഴിലാളി - തൊഴിലുടമാ ഉടമ്പടി ഉത്പാദിപ്പിച്ച സാധനങ്ങളുടെ (യഥാര്‍ത്ഥ മൂല്യത്തിന്റെ) വിലയുടെ അടിസ്ഥാനത്തിലല്ല രൂപപ്പെടുത്തുന്നത്. മറിച്ച് തൊഴില്‍ക്കമ്പോളത്തിലെ തൊഴിലാളികളുടെ ലഭ്യതയും അവരുടെ പരിമിത ജീവിതാവശ്യങ്ങളും അടിസ്ഥാനമാക്കിയാണ് കൂലി നിശ്ചയിക്കുന്നത്... പ്രായോഗികമായി തീര്‍ന്നില്ലെങ്കില്‍പോലും സിദ്ധാന്തപരമായിപ്പോലും തൊഴിലാളികള്‍ ഉത്പാദിപ്പിച്ച സാധനത്തിന്റെ മൂല്യം അവര്‍ക്ക് ലഭിക്കുന്ന കൂലിയുമായി യാതൊരു പൊരുത്തവും ഇല്ലെന്ന വസ്‌തുത വളരെ ഗൌരവമുള്ള സംഗതിയാണ്.....

സ്വകാര്യമൂലധനം രാജ്യാധികാരം പിടിച്ചെടുക്കുന്നു

മൂലധനം കുറച്ചു പേരില്‍ വീണ്ടും വീണ്ടും കേന്ദ്രീകരിക്കുന്നതിന്റെ കാരണം, മുതലാളിമാര്‍ തമ്മിലുള്ള മല്‍സരവും തൊഴില്‍ വിഭജനവും സാങ്കേതിക വളര്‍ച്ചയും ചെറുകമ്പനികളുടെ ചെലവില്‍ വന്‍ വ്യവസായങ്ങള്‍ തഴച്ചുവരുന്നതും കൊണ്ടാണ്. സ്വകാര്യമൂലധനം അതീവ ഭീകരമായ വിധം അധികാര ശക്തിയുടെ ഉറവിടമായിതീരുമ്പോള്‍ ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഭരണകൂടങ്ങള്‍ക്ക് പോലും ഈ സാമ്പത്തികശക്തിയെ നിയന്ത്രിക്കാനാവുന്നില്ല...... വന്‍ കുത്തകകളുടെ സാമ്പത്തിക സഹായം വാങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനിക്കുന്നവരെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുകയും അവര്‍ ഭരണാധികാരികളാവുകയും ചെയ്യുന്നതോടെ, വോട്ടര്‍മാരായ പൌരന്മാര്‍ നിയമനിര്‍മ്മാണ സഭകളുടെ പരിധിയില്‍ നിന്നും വേര്‍പെടും... സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരുടെ വളരെ ചെറിയ ജീവിതാവശ്യങ്ങള്‍ പോലും ജനപ്രതിനിധികള്‍ക്കോ, നിയമനിര്‍മ്മാണ സഭക്കോ ഭരണകൂടത്തിനോ നിറവേറ്റാനാവില്ലെന്ന് വരുന്നു.... കൂടാതെ പത്രം, റേഡിയോ, വിദ്യാഭ്യാസം തുടങ്ങി വിവര വിനിമയ സാസ്‌ക്കാരിക ശൃംഖലകളാകെ പ്രത്യക്ഷമായും പരോക്ഷമായും സ്വകാര്യമൂലധനവും അതിന്റെ ഉടമകളായ വന്‍ മുതലാളിമാരും കയ്യടക്കി നിയന്ത്രിക്കുന്നതോടെ പൌരാവകാശങ്ങളും ജനാധിപത്യ സ്വാതന്ത്ര്യവും ജനങ്ങള്‍ക്കന്യമാവുന്നു..... സ്വകാര്യമൂലധനവും ഉടമസ്ഥതയും നിയന്ത്രിക്കുന്ന സമ്പദ് ഘടനകള്‍ പ്രധാനമായും രണ്ട് തത്വങ്ങളെയാണ് മുറുകെപിടിക്കുന്നത്.....

ഉത്പാദന ഉപകരണങ്ങളും മൂലധനവും പൂര്‍ണ്ണമായി സ്വകാര്യമായിരിക്കുകയും അതിന്റെ വിനിമയാവകാശങ്ങള്‍ അവരില്‍ നിക്ഷിപ്‌തമായിരിക്കുകയും ചെയ്യും. രണ്ടാമതായി, തൊഴിലാളിയുടെ അവകാശങ്ങളും കൂലിനിര്‍ണ്ണയവും വരെ നടത്തുന്നത് സ്വകാര്യ സ്വത്തുടമകളായിരിക്കും. ചില പ്രത്യേക രംഗങ്ങളില്‍ തൊഴിലാളികളുടെ നിരന്തരമായ സമരങ്ങളും ഇടപെടലും വഴി അല്‍പ്പം മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ടാവാം. എന്നാല്‍ മൊത്തത്തില്‍ സമകാലീന സമ്പദ്ഘടനകള്‍ യഥാര്‍ത്ഥ മുതലാളിത്തത്തിന്റെ പ്രതിരൂപങ്ങള്‍ തന്നെയാണ്...

മുതലാളിത്തത്തില്‍ ഉത്പാദനം ഉപഭോഗത്തിനോ ജനങ്ങളുടെ ഉപയോഗത്തിനോ അല്ല ലക്ഷ്യമിടുന്നത്... ലാഭം മാത്രമാണ് ഒരേയൊരു ലക്ഷ്യം. അതുകൊണ്ട് തന്നെ പണിയെടുക്കാനാവുന്നവര്‍ക്കെല്ലാം പണി കൊടുക്കാനോ, തൊഴിലന്വേഷകര്‍ക്ക് അത് ലഭ്യമാക്കാനോ മുതലാളിത്തം ശ്രമിക്കുന്നില്ല.... പണിയുള്ളവര്‍ അത് നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ പെട്ട് കഴിയുമ്പോള്‍ പണി ലഭിക്കാത്ത തൊഴിലില്ലാപ്പടയും രൂപം കൊള്ളുന്നു... തൊഴില്‍ രഹിതരും വളരെ തുച്‌ഛമായി കൂലി ലഭിക്കുന്നവരുമുള്ള ലോകത്ത്, ലാഭം കൊയ്യുന്ന കമ്പോളത്തിന്റെ വികാസം പ്രായോഗികമല്ലെന്ന് മുതലാളിത്തം മനസ്സിലാക്കുന്നത് കൊണ്ട് തന്നെ അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം അവര്‍ മരവിപ്പിക്കുന്നു... ഫലമോ ദാരിദ്ര്യവും ദുരിതങ്ങളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു...

സാങ്കേതിക വളര്‍ച്ച തൊഴില്‍ ലഭ്യതക്കു പകരം തൊഴില്‍ നഷ്‌ടവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കുന്ന. അമിതലാഭത്തിനു വേണ്ടിയുള്ള കുത്തകവ്യാപാരികളുടെ മല്‍സരം മൂലധനനിക്ഷേപത്തിനും അതിന്റെ വിതരണത്തിനും വിലങ്ങുതടിയാവുമ്പോള്‍ വന്‍വ്യാവസായിക മാന്ദ്യം തുടര്‍കഥയാവുന്നു... അമിതമായ മല്‍സരവും ലാഭകേന്ദ്രീകൃതമായ സാമൂഹ്യധാരണകളും വ്യക്തികളുടെ അന്യവല്‍ക്കരണമായും സാമൂഹ്യ കടമകളോട് വെറുപ്പുള്ള സമൂഹത്തെ സൃഷ്‌ടിക്കുന്നതിലേക്കും ചെന്നെത്തുന്നു. അതിശയോക്തി കലര്‍ന്ന മല്‍സരാന്തരീക്ഷം വിദ്യാര്‍ത്ഥികളിലേക്കുപോലും സന്നിവേശിക്കപ്പെടുന്നു... വ്യക്തിനൈപുണ്യത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കരിയറിസ്‌റ്റുകളുടെ തലമുറയായി അവര്‍ പരിണമിക്കുന്നു.

എന്തുകൊണ്ട് സോഷ്യലിസം?

ഈ വലിയ തിന്മകളെ നേരിടാന്‍ ഒരേയൊരു വഴിയേയുള്ളുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു..... സോഷ്യലിസ്‌റ്റ് സമ്പദ്ഘടനയും സാമൂഹ്യലക്ഷ്യങ്ങളും മുഖ്യ അജണ്ടയാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കുകയാണ് ഏക വഴി. സോഷ്യലിസ്‌റ്റ് സാമൂഹ്യവ്യവസ്ഥയില്‍ ഉത്പാദന ഉപകരണങ്ങള്‍ പൊതു ഉടമസ്ഥതയിലാവുമ്പോള്‍ ആസൂത്രിതമായ രീതിയില്‍ അവയുടെ വികസനം നടക്കുമെന്നത് കൊണ്ട് സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പാദനരീതി പിന്‍തുടരാന്‍ സമ്പദ്ഘടനയെ പ്രേരിപ്പിക്കും. ലഭ്യമായ തൊഴില്‍ തൊഴിലെടുക്കാനാവുന്നവര്‍ക്കെല്ലാമായി പങ്കുവെയ്ക്കപ്പെടുമ്പോള്‍ അത് ജനങ്ങളുടെ മുഴുവന്‍ ഉപജീവനത്തിന്റെ മാര്‍ഗ്ഗമൊരുക്കുകയാണ് ചെയ്യുക! വ്യക്തികളുടെ തനത് സവിശേഷകള്‍ പോഷിപ്പിക്കപ്പെടുമ്പോള്‍തന്നെ, താനടങ്ങുന്ന സമൂഹത്തിന്റെ വളര്‍ച്ചയും വികാസവും ഉന്നമനവും തന്റെ കൂടി ബാദ്ധ്യതയാണെന്ന തിരിച്ചറിവാണ് സോഷ്യലിസം വ്യക്തികള്‍ക്ക് പ്രദാനം ചെയ്യുന്നത്... വ്യക്തികേന്ദ്രീകൃത വികസന രീതിക്കും സ്വകാര്യ മൂലധനത്തിന്റെ ശക്തിപ്രകടനത്തിന്റേയും സ്ഥാനത്ത് കേവലമൊരു ആസൂത്രിത സമ്പദ് ഘടന പ്രതിഷ്ഠിച്ചാല്‍ സോഷ്യലിസമാവുമെന്ന ധാരണ തെറ്റാണ്... സമ്പദ്ഘടന ആസൂത്രിതമാവുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ വ്യക്തികളുടെ തനിമയും വ്യക്തിത്വവും ചോര്‍ന്നു പോവുകയെന്ന ദുരന്തവും സംഭവിക്കാം.. രാഷ്‌ട്രീയ വ്യവസ്ഥയുടെ മേല്‍ അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥ മേധാവിത്വവും പിടിമുറുക്കുകയും ചെയ്യാം. ജനങ്ങളുടേയും വ്യക്തികളുടേയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സാമൂഹ്യവ്യവസ്ഥ പുനഃസംഘടിപ്പിക്കാതെ ഒരു ആസൂത്രിത സോഷ്യലിസ്‌റ്റ് സമ്പദ്ഘടനയെന്ന ലക്ഷ്യം നേടുക സാദ്ധ്യമല്ല.

പരിവര്‍ത്തനത്തിന്റെ ഈ ഘട്ടത്തില്‍ സോഷ്യലിസത്തിന്റെ മഹത്തായ ലക്ഷ്യങ്ങളെക്കുറിച്ചും അതിന് നേരിടേണ്ടിവരാവുന്ന പരിമിതികളെക്കുറിച്ചും വ്യക്തത ഉണ്ടാവുകയാണ് ആവശ്യം... വര്‍ത്തമാനകാല സാഹചര്യങ്ങള്‍ പഠിച്ചു കൊണ്ട് സ്വതന്ത്രവും, നിരന്തരവുമായ അന്വേഷണങ്ങള്‍ ഈ ദിശയില്‍ നടത്തണമെന്നതാണ് നമുടെ അടിയന്തിരമായ കര്‍ത്തവ്യം എന്ന് ഞാന്‍ കരുതുന്നു!

ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ , കടപ്പാട് : പി എ ജി ബുള്ളറ്റിൻ

( ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍ 1949 ല്‍ Monthly Reviewല്‍ എഴുതിയ ലേഖനത്തിനെ അധികരിച്ച് തയ്യാറാക്കിയത് )

അഭിപ്രായങ്ങളൊന്നുമില്ല: